കോട്ടയം (Kottayam) മണിമല പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് വിവാഹ തട്ടിപ്പ് (Marriage Fraud) നടന്നത്. അഭിഭാഷകൻ എന്ന് പരിചയപ്പെടുത്തിയ ശേഷം ആണ് പ്രതി തട്ടിപ്പു നടത്തിയത്. സംഭവത്തിൽ എറണാകുളം തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി അയ്യപ്പദാസ് (31) പോലീസ് പിടിയിലായി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മണിമല പോലീസാണ് അയ്യപ്പദാസിനെ അറസ്റ്റ് ചെയ്തത്. മണിമല പഴയിടത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് പറ്റിക്കുകയായിരുന്നു പ്രതി.
ഒരു സ്വകാര്യ മാട്രിമോണി വെബ്സൈറ്റിൽ പരസ്യം കണ്ടാണ് അയ്യപ്പദാസ് പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് ഇയാൾ അറിയിക്കുകയായിരുന്നു. അഭിഭാഷകൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയ്യപ്പദാസ് പഴയിടം സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളെ സമീപിച്ചത്. അങ്കമാലിയിൽ ഒരു ലോ കോളജിൽ
നിയമം പഠിപ്പിക്കുന്ന ആളാണെന്നും അയ്യപ്പദാസ് പെൺകുട്ടിയുടെ ബന്ധുക്കളെ ധരിപ്പിച്ചു. തന്റെ മാതാപിതാക്കൾ മരിച്ചു പോയെന്നും സഹോദരങ്ങൾ ആരും ഇല്ലെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് അയ്യപ്പദാസ് പറഞ്ഞു പറ്റിക്കുകയായിരുന്നു. പെൺകുട്ടിയുടേത് പുനർവിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് സമീപിക്കുന്നതെന്നും അയ്യപ്പദാസ് ബന്ധുക്കളെ അറിയിച്ചു. തുടർന്നാണ് നാടകീയ തട്ടിപ്പ് നടന്നത്.
മുൻപു നടന്ന വിവാഹത്തിന്റെ ഭാഗമായി സ്വർണം തിരികെ ലഭിക്കാനുണ്ടെന്ന് പെൺകുട്ടിയുടെ വീട്ടുകാർ അയ്യപ്പദാസിനെ അറിയിച്ചു. എന്നാൽ അഭിഭാഷകൻ എന്ന നിലയ്ക്ക് ഇക്കാര്യത്തിൽ വേണ്ട നിയമ സഹായം നൽകാമെന്ന് അയ്യപ്പദാസ് പെൺകുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഹൈക്കോടതിയിൽ തന്നെ ഇതിനായി കേസ് ഫയൽ ചെയ്യാമെന്ന് അയ്യപ്പദാസ് പെൺകുട്ടിയുടെ ബന്ധുക്കളെ പറഞ്ഞു പറ്റിച്ചു. എന്നാൽ കോടതിയിൽ ഹാജരാക്കാനായി കുറച്ചു സ്വർണം വേണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതുപ്രകാരം പെൺകുട്ടിയുടെ പിതാവിന്റെ കയ്യിൽ നിന്നും 17. 25 ഗ്രാം സ്വർണ്ണം വാങ്ങി എടുക്കുകയായിരുന്നു. അതിനുശേഷം താലിമാല കൂടി വേണമെന്ന് അയ്യപ്പദാസ് ആവശ്യപ്പെട്ടു. ഇതിനിടെ തന്നെ ചില സുഹൃത്തുക്കളോട് പെൺകുട്ടിയുടെ പിതാവ് വിവരമറിയിച്ചു. സംശയം തോന്നിയ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് പൊലീസിനെ സമീപിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. കേസന്വേഷണം നടത്തിയ മണിമല പൊലീസാണ് നാടകീയ നീക്കങ്ങളിലൂടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. താലിമാല നൽകാമെന്നു പറഞ്ഞ പെൺകുട്ടിയുടെ പിതാവ് അയ്യപ്പ ദാസിനെ ചെറുവള്ളിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചെറുവള്ളിയിൽ കാത്തുനിന്ന പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് മണിമല പോലീസ്. ഇയാൾ സമാനമായ രീതിയിൽ മറ്റേതെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യമാണ് മണിമല പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇയാൾക്ക് മറ്റേതെങ്കിലും തരത്തിൽ തട്ടിപ്പുകൾ നടത്തുന്ന രീതികൾ ഉണ്ടോയെന്നും പോലീസ് പരിശോധിക്കും. ഏതായാലും തട്ടിപ്പ് പുറത്തുവന്ന ഉടൻതന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ആയതിന്റെ ആശ്വാസത്തിലാണ് മണിമല പോലീസ്. മണിമല സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാജി മോന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.