തിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യംചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് അടിച്ച് കാഴ്ചശക്തി നഷ്ടപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മാറനല്ലൂര്‍ കൂവളശ്ശേരി നവോദയ ലെയ്നില്‍ വിഷ്ണു എന്നുവിളിക്കുന്ന ആര്.ജോണിയെ(26)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ രാത്രി പത്തരയോടെ കാട്ടുവിളയിലായിരുന്നു അക്രമം. പനയറവിളാകം സജി ഭവനില്‍ ആര്.സജി(44)യ്ക്കാണ് അക്രമത്തില്‍ ഇടതുകണ്ണിന്റെ കാഴ്ചനഷ്ട്ടപ്പെട്ടത്. മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ട സജിയെ മർദിക്കുകയായിരുന്നു. അതിനുശേഷം ബിയര്‍ കുപ്പികൊണ്ട് തലയ്ക്കടിക്കുമ്പോള്‍ ഒഴിഞ്ഞുമാറിയപ്പോഴാണ് കണ്ണില്‍ പരിക്കേറ്റത്. രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാഴ്ച നഷ്ടപ്പെട്ടു.
Also Read-ഫേസ്ബുക്ക് പ്രണയം: മലപ്പുറത്ത് വീട്ടമ്മയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച മൂന്നുപേർ പിടിയിൽ
കാട്ടാക്കട ഡിവൈഎസ്പി എസ്. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം വിളപ്പിൽശാല പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇയാളെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിക്കെതിരേ സമാനമായ കേസുകളുണ്ടെന്നും ഇയാള്‍ കുറ്റസമ്മതം നടത്തിയതായും പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.