കേരളത്തിൽ മൊബൈൽ ഫോൺ സേവനം ആരംഭിച്ചിട്ട് ഇന്നേക്ക് 25 വർഷം തികയുന്നു. മൊബൈൽ ഫോൺ എന്നത് ആഡംബര വസ്തുവായിരുന്ന ഒരു കാലമുണ്ടായിരുന്നു. കയ്യിൽ മൊബൈലുമായി ഗമയിൽ നടന്നുപോകുന്നവരെ അതിശയത്തോടെ നോക്കിയിരുന്ന മലയാളികൾ. എന്നാൽ ഇന്ന് പഠനം പോലും ഓൺലൈനായി മാറിയ കാലത്ത് കൊച്ചുകുട്ടികൾ വരെ മൊബൈൽ ഉപഭോക്തക്കളായി കഴിഞ്ഞു. അത്യാവശ്യ കാര്യങ്ങൾ വിളിച്ചറിയിക്കാനുള്ള ഉപകരണം എന്ന നിലയിൽ മൊബൈൽ ഫോൺ രൂപാന്തരപ്പെട്ട് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാൻ കഴിയാത്ത അവിഭാജ്യ ഘടകമായി മാറി. കയ്യിൽ മൊബൈൽ ഇല്ലെങ്കിൽ ഏറ്റവും അടുപ്പമുള്ളയാൾ ഒപ്പമില്ലാത്ത അവസ്ഥ. 25 വർഷത്തിനിടയിൽ മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യർക്കും മൊബൈൽ ഫോൺ എല്ലാമെല്ലാമായി മാറിക്കഴിഞ്ഞു.
കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സർവീസ്
കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിൽ വെച്ചായിരുന്നു കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസായ എസ്കോട്ടെലിന്റെ ഉദ്ഘാടനം. സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ എസ്കോട്ടെലിന്റെ ഫോണിൽ വിളിച്ചാണ് മലയാളികളുടെ വിപ്ലവകരമായ മാറ്റത്തിന്റെ ആരംഭം. 25 വർഷങ്ങൾക്ക് മുമ്പ് 1996 ലായിരുന്നു ഈ സംസാരം. 2004 ൽ പുറത്തിറങ്ങിയ കൂട്ട് എന്ന സിനിമയിലെ സുപ്രസിദ്ധമായ ഗാനം തുടങ്ങുന്നത് തന്നെ 'എസ്കോട്ടെല്ലോ ബിപിഎല്ലോ' എന്നായിരുന്നു.
Also Read-BH Registration| ബിഎച്ച് സംവിധാനത്തിൽ രജിസ്ട്രേഷൻ പ്ലേറ്റ് പ്രവർത്തിക്കുന്നത് എങ്ങനെ?
കാൽനൂറ്റാണ്ടിനിടയിലുള്ള മാറ്റം
25 കൊല്ലത്തിനിടയിൽ നിരന്തരം രൂപമാറ്റം സംഭവിച്ച നിത്യോപയോഗ വസ്തു മൊബൈൽ ഫോണായിരിക്കണം. വിലകൂടിയ ആഡംബര വസ്തുവിൽ നിന്ന് നിത്യജീവിതത്തിൽ അനിവാര്യമായ നിത്യോപയോഗ വസ്തുവായി മാറിയ മൊബൈൽ ഫോണിന്റെ രൂപത്തിൽ മാത്രമല്ല വിലയിലും വലിയ മാറ്റങ്ങളാണ് ഇക്കാലത്തുണ്ടായത്. ഇഷ്ടികയോളം വലുപ്പവും ഭാരക്കൂടുതലും ഉള്ള ഒരു കോളിന് വമ്പൻ ചാർജുമായിരുന്നു ആദ്യകാലത്തെ മൊബൈൽ ഫോൺ. ഇന്ന് 4000 രൂപ മുതൽ സ്മാർട്ഫോണുകൾ ലഭിക്കുമെങ്കിൽ 25 കൊല്ലങ്ങൾക്ക് മുമ്പ് ഒരു ഫോണിന് 40,000-50,000 രൂപയായിരുന്നു വില. ഫോണിൽ ഒരു മിനുട്ട് സംസാരിക്കണമെങ്കിൽ 24 രൂപയെങ്കിലും ചെലവ്. ഔട്ട്ഗോയിങ്ങിന് 16 രൂപയും ഇൻകമിങ്ങഇന് 8 രൂപയുമായിരുന്നു ആദ്യ കാലത്ത് ചാർജ് ഈടാക്കിയിരുന്നത്. 1996 ൽ ജനിച്ച യുവാക്കൾക്ക് ഇന്ന് ഒരു ദിവസം തട്ടിമുട്ടി പോകാൻ മിനിമം ഒരു ജിബി ഡാറ്റയെങ്കിലും വേണ്ടി വരുമെന്ന് പറയുന്നയിടത്താണ് 25 കൊല്ലം കൊണ്ട് മൊബൈൽ ഫോണിനും മൊബൈർ ചാർജിനും ഉണ്ടായ മാറ്റങ്ങൾ ശ്രദ്ധേയമാകുന്നത്.
ഇൻകമിങ് കോളുകൾക്ക് ചാർജ് ഈടാക്കിയിരുന്ന കാലം
2003 വരെ മൊബൈലിലേക്കുള്ള ഇൻകമിങ് കോളുകൾക്ക് ചാർജ് ഈടാക്കിയിരുന്നു എന്ന് പറഞ്ഞാൽ പുതിയ കുട്ടികൾക്കെങ്കിലും അൽപം അതിശയോക്തി തോന്നാം. 2003 ലാണ് മൊബൈലിൽ നിന്നും മൊബൈലിലേക്കുള്ള ഇൻകമിങ് കോളുകൾ സൗജന്യമാക്കുന്നത്. കേരളത്തിലെ മൊബൈൽ ഫോൺ യുഗത്തിലെ വഴിത്തിരിവായിരുന്നു ഇത്. മൊബൈൽ ഫോൺ കൂടുതൽ സ്വീകാര്യത നേടുന്നതിന് ഇത് കാരണമായി. സ്മാർട്ഫോണുകൾ സജീവമായതോടെ ഫോൺ വിളിയുടെ വിലയും കുറഞ്ഞു.
മൊബൈൽ ഫോൺ എത്തിയതോടെ പടിയിറങ്ങിയ ഉപകരണങ്ങൾ
മുമ്പ് സ്ഥിരമായി ഉപയോഗിച്ചിരുന്ന പല ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാർട്ഫോണിന്റെ രംഗപ്രവേശനത്തോടെ അരങ്ങൊഴിഞ്ഞിട്ടുണ്ട്. ടോർച്ച്, കാൽകുലേറ്റർ, റേഡിയോ, അലാം ക്ലോക്ക്, ഡയറി, അങ്ങനെ അങ്ങനെ വീടുകളിൽ മുമ്പ് കണ്ടിരുന്ന പല ഉപകരണങ്ങളും ഇന്ന് മറവിയുടെ മറനീക്കി അകന്നുകൊണ്ടിരിക്കുകയാണ്. പഠനം മുതൽ സിനിമകൾ വരെ കയ്യിലുള്ള കുഞ്ഞൻ ഫോണിന്റെ സഹായാത്താൽ ആയിക്കഴിഞ്ഞു.
ഇന്ന് രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ശരാശരി വേഗം 17.96 എംബിപിഎസ് ആണ്. ഫിക്സ്ഡ് ബ്രോഡ്ബാൻഡ് ലൈനുകളിൽ ഇത് 62.45 എംബിപിഎസും. 2014 വരെ 1 ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് ശരാശരി 225 രൂപയായിരുന്നെങ്കിൽ ഇന്നത് 6.6 രൂപയായി കുറഞ്ഞു. 1995 ഓഗസ്റ്റ് 15നാണ് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് വഴി രാജ്യത്ത് ആദ്യമായി ഇന്റർനെറ്റ് എത്തുന്നത്. അന്ന് വേഗത 9.6 കെബിപിഎസ്. ഇതിനായി അടക്കേണ്ടിയിരുന്നത് 5000 രൂപയും! വാണിജ്യ ആവശ്യങ്ങൾക്കെങ്കിൽ ഇത് 25,000 രൂപയാകും.
കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാത്രം മൊബൈൽ കണക്‌ഷനുകളുടെ വർധനവ് 1.12 കോടിയാണ്. 2016 ൽ റിലയൻസ് ജിയോ സേവനമാരംഭിച്ചതിന് ശേഷം മാത്രം 71 ലക്ഷത്തിന്റെ വർധനയുണ്ടായി. ഇന്ന് രാജ്യത്തെ മൊബൈൽ കണക്‌ഷനുകളുടെ 3.81 ശതമാനം കേരളത്തിലാണ്.
വിസ്മൃതിയിലേക്ക് മറയുന്ന ലാൻഡ് ലൈൻ
ലാൻഡ് ലൈൻ ഫോണുകൾ പോലും ആഡംബരമായിരുന്ന ഒരു കാലം മലയാളികൾക്കുണ്ടായിരുന്നു. ലാൻഡ് ലൈൻ കണക്ഷനുള്ള വീടുകൾ അപൂർവം. ഈ വീടുകളിൽ ഫോൺ ചെയ്യുന്നതിനും പ്രവാസികളടക്കമുള്ളവരുടെ വിളിക്കായും അയൽകൂട്ടങ്ങളിലുള്ളവർ കാത്തിരുന്ന കാലം. മൊബൈൽ ഫോണിന്റെ രംഗപ്രവേശനത്തോടെ വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ഉപകരണമാണ് ലാൻഡ് ലൈൻ. പത്ത് വർഷത്തിനിടയിൽ ലാൻഡ്‍ലൈൻ കണക്‌ഷനുകളിൽ 18.61 ലക്ഷത്തിന്റെ കുറവാണുണ്ടായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mobile phone, Mobile phone using