ഇന്ത്യൻ കോടതികളിൽ 4.5 കോടി കേസുകൾ തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രമണ ഒരു ജുഡീഷ്യൽ കോൺഫറൻസിൽ പറഞ്ഞു. ഇത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കഴിവില്ലായ്മയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും എൻ.വി. രമണ വ്യക്തമാക്കി. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിവിധ തലങ്ങളിൽ തീർപ്പുകൽപ്പിക്കാത്ത കോടിക്കണക്കിന് കേസുകളുണ്ട്. എന്നാൽ കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കേണ്ടത് അടിയന്തരമായ ആവശ്യം തന്നെയാണ്.
തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം
ഇന്ത്യ-സിംഗപ്പൂർ മധ്യസ്ഥ ഉച്ചകോടിയിലെ മുഖ്യ പ്രഭാഷണത്തിലാണ് ഇന്ത്യൻ കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത 4.5 കോടി കേസുകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കിയത്. കോവിഡിനെ തുടർന്നുള്ള ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും കൂടിയായപ്പോൾ ഇന്ത്യയിലെ എല്ലാ കോടതികളിലെയും തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം 4.4 കോടി മറികടക്കുകയായിരുന്നുവെന്നും രമണ പറഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ ഇത് 19 ശതമാനം ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി.
നാഷണൽ ജുഡീഷ്യൽ ഡാറ്റാ ഗ്രിഡിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽ ജില്ലാ, സബോർഡിനേറ്റ് കോടതികളിലായി 3.9 കോടി കേസുകളും വിവിധ ഹൈക്കോടതികളിൽ 58.5 ലക്ഷം കേസുകളും സുപ്രീം കോടതിയിൽ 69,000 കേസുകളും കെട്ടിക്കിടക്കുന്നുണ്ട്.
“പുതിയ കേസൊന്നും ഫയൽ ചെയ്തിട്ടില്ലെങ്കിൽ, ഇന്ത്യയിലെ നിലവിലുള്ള മുഴുവൻ കേസുകളും തീർപ്പു കൽപ്പിക്കാൻ 360 വർഷമെടുക്കുമെന്ന്” മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (റിട്ട.) മർക്കണ്ഡേയ കട്ജു 2019 ൽ ദി ട്രിബ്യൂണിലെ ഒരു ലേഖനത്തിൽ വ്യക്തമാക്കിയിരുന്നു. തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം ഏകദേശം 3.3 കോടി ആയ സമയത്താണ് അദ്ദേഹം ഇങ്ങനെ കുറിച്ചത്.
കേസുകൾ കെട്ടിക്കിടക്കാൻ കാരണം
കോടതി വിധികളുടെ കാലതാമസത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളിൽ ഒന്നാണ് “ആഡംബര വ്യവഹാരം” എന്ന ഇന്ത്യൻ പ്രതിഭാസമെന്നും രമണ പറഞ്ഞു. “ഇത് ഒരു പ്രത്യേകതരം വ്യവഹാരമാണ്, ഇത്തരം സംഭവങ്ങളിൽ കക്ഷികൾ ജുഡീഷ്യൽ പ്രക്രിയയെ തടസ്സപ്പെടുത്താനും കാലതാമസം വരുത്താനും പല നടപടികളും സ്വീകരിക്കാറുണ്ട്. കേസ് നീട്ടികൊണ്ടു പോകുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. നിലവിലെ മഹാമാരിയും കെട്ടിക്കിടക്കുന്ന കേസുകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീതിന്യായ വ്യവസ്ഥയിലുടനീളം ഒഴിവുകൾ നിലനിൽക്കുന്നതാണ് പലപ്പോഴും കാലതാമസത്തിന് കാരണമാകുന്ന മറ്റൊരു ഘടകം. 25 ഹൈക്കോടതികളിലായി 400 ലധികം ജഡ്ജിമാരുടെ ഒഴിവുകളാണ് നിലവിലുള്ളത്. കീഴ് കോടതികളിൽ 5,000 ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുപ്രീം കോടതിയിലും നാല് ഒഴിവുകളുണ്ട്. 2021 ഏപ്രിൽ ഒന്നിന് സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാരുടെ ഒഴിവുണ്ടെന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
സബോർഡിനേറ്റ് കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കേസുകൾ കെട്ടിക്കിടക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. “രാജ്യത്തെ നിരവധി കോടതികൾക്ക് അടിസ്ഥാന സൗകര്യങ്ങളില്ല. മിക്ക സബോർഡിനേറ്റ് കോടതികളിലും ജഡ്ജിമാർക്കും കോടതി ജീവനക്കാർക്കും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്ന്” അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര 2018 ൽ വ്യക്തമാക്കിയിരുന്നു.
കാലതാമസത്തിന് കാരണമായ മറ്റൊരു ഘടകം “കേസ് മാറ്റിവയ്ക്കൽ സംസ്കാരം”ആണ്. ഈ സമ്പ്രദായം തടയാൻ ജുഡീഷ്യറി ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് രാം നാഥ് കോവിന്ദ് 2018ൽ പറഞ്ഞിരുന്നു.
കെട്ടിക്കിടക്കുന്ന കേസുകളിൽ എങ്ങനെ തീർപ്പ് കൽപ്പിക്കാം?
“നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്” എന്നത് കേസുകളുടെ തീർപ്പുകൽപ്പിക്കലിനെക്കുറിച്ച് സംസാരിക്കുമ്പോൾ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒരു പഴഞ്ചൊല്ലാണ്. നീതി നടപ്പാക്കലിലെ കാലതാമസം കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്ര നീതിന്യായ മന്ത്രാലയം “കേസുകൾ വേഗത്തിൽ തീർപ്പാക്കാനും കേസുകളുടെ കെട്ടിക്കിടക്കൽ കുറയ്ക്കാനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്ന്” പറഞ്ഞിരുന്നു. ഇതിനായി നിയമ മന്ത്രാലയം ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ജില്ലാ, സബോർഡിനേറ്റ് കോടതികളിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കോടതി മുറികളുടെ എണ്ണം 2014ലെ 16,000 ൽ നിന്ന് 2020ൽ 19,500 മുറികളായി ഉയർത്തി. 3800 കോടതി മുറികൾ വർദ്ധിപ്പിച്ചതായി നിയമ മന്ത്രാലയം അറിയിച്ചു. കേസുകൾ തീർപ്പാക്കുന്നതിന് സഹായിക്കുന്ന ഡിജിറ്റൽ പരിഹാരങ്ങളുടെ കാര്യത്തിലാണ് മറ്റൊരു സുപ്രധാന നീക്കം നടത്തിയിരിക്കുന്നത്. രാജ്യത്തുടനീളം ഇ-കോർട്ട് മിഷൻ മോഡ് പദ്ധതി നടപ്പാക്കുന്നുണ്ടെന്നും കമ്പ്യൂട്ടർവത്കൃത ജില്ലാ, സബോർഡിനേറ്റ് കോടതികളുടെ എണ്ണം 2014 നും 2020 നും ഇടയിൽ 13,672 ൽ നിന്ന് 16,845 ആയി വർദ്ധിച്ചതായും കേന്ദ്രം അറിയിച്ചു.
“അഞ്ചുവർഷത്തിലേറെയായി നിലനിൽക്കുന്ന കേസുകൾ തീർപ്പാക്കുന്നതിന്” ഹൈക്കോടതികളിൽ പ്രത്യേക ‘കുടിശ്ശിക സമിതികൾ’ രൂപീകരിച്ചിട്ടുണ്ടെന്നും നിയമ മന്ത്രാലയം അറിയിച്ചു. ജില്ലാ ജഡ്ജിമാരുടെ കീഴിലും ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന കേസുകൾ പരിഗണിക്കുന്നതിനുള്ള സമിതികൾ രൂപീകരിച്ചിട്ടുണ്ട്. “ഹൈക്കോടതികളിലും ജില്ലാ കോടതികളിലും കേസുകൾ തീർപ്പുകൽപ്പിക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചതിന് ഒപ്പം സുപ്രീം കോടതിയിൽ വരെ ഇത്തരം സമിതികളെ രൂപീകരിച്ചു”.
ശക്തമായ ഒരു ഇതര തർക്ക പരിഹാര സംവിധാനം വികസിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. കെട്ടിക്കിടക്കുന്ന കേസുകൾക്ക് പരിഹാരം കാണാൻ യുഎസിൽ "ബദൽ തർക്ക പരിഹാര സംവിധാനങ്ങളായ വ്യവഹാരങ്ങൾ, മധ്യസ്ഥത, അനുരഞ്ജനം മുതലായവ മാർഗങ്ങളിലൂടെ സമൂലമായ നടപടി സ്വീകരിച്ചിട്ടുള്ളതായി" റിട്ട. ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അഭിപ്രായപ്പെട്ടു. പലപ്പോഴും സിവിൽ, ചെറിയ ക്രിമിനൽ തർക്കങ്ങൾ എന്നിവ ഇത്തരം ബദൽ മാർഗങ്ങളിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സമയപരിധി നിശ്ചയിച്ച് തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന്” 1996 ൽ മദ്ധ്യസ്ഥവും അനുരഞ്ജന നിയമവും ഭേദഗതി ചെയ്തതായി കേന്ദ്രം വ്യക്തമാക്കി.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.