• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: Ahmad Reza Jalali | ആരാണ് അഹമദ് ജലാലി? ഇറാനിൽ വധശിക്ഷ കാത്തിരിക്കുന്ന സ്വീഡിഷ് ഡോക്ടറെക്കുറിച്ച് അറിയാം

Explained: Ahmad Reza Jalali | ആരാണ് അഹമദ് ജലാലി? ഇറാനിൽ വധശിക്ഷ കാത്തിരിക്കുന്ന സ്വീഡിഷ് ഡോക്ടറെക്കുറിച്ച് അറിയാം

50കാരനായ ഈ ഡോക്ടർ ഇസ്രയേലിൻെറ ചാരനാണെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ ജലാലിയുടെ സഹപ്രവർത്തകർക്ക് അദ്ദേഹം ഏറെ ബഹുമാന്യനായ ഫിസിഷ്യനാണ്

അഹമദ് റെസ ജലാലി

അഹമദ് റെസ ജലാലി

  • Share this:
വിദ മെഹ്റാനിയ എന്ന സ്ത്രീ ഇറാനിൽ (Iran) വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുള്ള തൻെറ ഭർത്താവിൻെറ ജീവൻ രക്ഷിക്കാനായി എല്ലാ വാതിലുകളും മുട്ടുകയാണ്. സ്വീഡിഷ് ഡോക്ടറായ അഹമദ് റെസ ജലാലിയെ (Ahmad Reza Jalali) മെയ് 21ന് ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കും. 50കാരനായ ഈ ഡോക്ടർ ഇസ്രയേലിൻെറ ചാരനാണെന്നാണ് (Israel Spy) ഇറാൻ പറയുന്നത്. എന്നാൽ ജലാലിയുടെ സഹപ്രവർത്തകർക്ക് അദ്ദേഹം ഏറെ ബഹുമാന്യനായ ഫിസിഷ്യനാണ്. അധികം ആളുകൾ സ്പെഷ്യലൈസ് ചെയ്തിട്ടില്ലാത്ത ഡിസാസ്റ്റർ മെഡിസിനാണ് (Disaster Medicine) അദ്ദേഹത്തിൻെറ മേഖല. മെഹ്റാനിയയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പ്രിയപ്പെട്ട ഭർത്താവാണ്.

“ഇതെനിക്ക് ദു:സ്വപ്നമാണ്. എൻെറ ഭർത്താവിനെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം” വിദ മെഹ്റാനിയ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 10 വയസ്സുള്ള ആൺകുട്ടിയും 19 വയസ്സുള്ള പെൺകുട്ടിയുമാണ് വിദയ്ക്കും ജലാലിക്കുമുള്ളത്. കുട്ടികൾ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത് വരെ പിതാവിനെ കണ്ടിട്ടില്ല. ആറ് വർഷം മുമ്പാണ് ജലാലിയുടെ അറസ്റ്റ് നടന്നത്. ജലാലിയുടെ സ്വീഡിഷ് പൗരത്വത്തിലാണ് മെഹ്റാനിയയുടെയും മക്കളുടെയും പ്രതീക്ഷ. മോചനത്തിനായി സ്റ്റോക്ഹോമിൽ നിന്ന് കാര്യമായ ശ്രമങ്ങൾ നടക്കുന്നുണ്ട്.

സ്വീഡൻെറ വിദേശകാര്യമന്ത്രി കഴിഞ്ഞയാഴ്ച ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ജലാലിയെ മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വധശിക്ഷ റദ്ദാക്കണമെന്ന് യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതൊക്കെ ഫലം കാണുമോയെന്ന് കണ്ടറിയണം. വിദേശികളെ രാഷ്ട്രീയപരമായി എതിർക്കുന്ന രീതി ഈയടുത്തായി ഇറാനിലുണ്ടെന്ന് വിദഗ്ദർ പറയുന്നു. ലോക ശക്തികളുമായുള്ള ആണവ കരാർ പദ്ധതി തകർന്നതോടെ ഇറാനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം തന്നെ രണ്ട് യൂറോപ്യൻമാരെ തടവിലാക്കിയതായി ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇരട്ട പൗരത്വമുള്ള ഒരു ഡസനിലധികം ആളുകളെ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇറാൻ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ആളുകളെയും ചാരപ്രവൃത്തി ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാൽ തന്നെ സ്വീഡനുമായുള്ള ജലാലിയുടെ ബന്ധം ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും കരുതുന്നവരുണ്ട്.

ജലാലിയുടെ കേസ് തുടങ്ങുന്നത് എങ്ങനെ?

ഇറാൻെറ വടക്കുകിഴക്കൻ നഗരമായ തബ്രിസിലാണ് ജലാലിയുടെ ജനനം. ഡോക്ടറെന്ന നിലയിൽ ഇറ്റലിയിലും സ്വീഡനിലുമായാണ് അദ്ദേഹം തൻെറ കരിയറിൽ വളർച്ച നേടിയെടുത്തത്. ഏകദേശം 40ഓളം ലേഖനങ്ങൾ വിവിധ മെഡിക്കൽ ജേർണലുകളിലായി പബ്ലിഷ് ചെയ്തിട്ടുണ്ട്. യൂറോപ്പിലെ പല രാജ്യങ്ങളിലും അദ്ദേഹം ക്ലാസുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. 2016 ഏപ്രിലിൽ ഒരു ഇറാനിയൻ യൂണിവേഴ്സിറ്റി ക്ലാസെടുക്കാൻ ക്ഷണിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് അദ്ദേഹം എത്തിയത്. എന്നാൽ ആ വരവിന് ശേഷം പിന്നീട് അദ്ദേഹത്തിന് സ്വന്തം കുടുംബത്തെ കാണാൻ സാധിച്ചിട്ടില്ല.

ഇറാനിലെത്തിയ ഉടനെ ജലാലിയെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പിടികൂടി. മൊസാദ് കൊലപ്പെടുത്തിയ ഇറാൻെറ ആണവ ശാസ്ത്രജ്ഞൻമാരെ കുറിച്ചുള്ള രഹസ്യങ്ങൾ ചോർത്താനെത്തിയ ചാരനാണെന്ന് മുദ്രകുത്തി. അധികം വൈകാതെ തന്നെ അദ്ദേഹത്തെ ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിലേക്ക് മാറ്റി. ഇപ്പോൾ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. ഇതേസമയത്ത് തന്നെ ഇറാൻ - ഇറാഖ് യുദ്ധത്തിലെ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട് ഒരു മുൻ ഇറാനിയൻ ഉദ്യോഗസ്ഥനെ സ്വീഡനും അറസ്റ്റ് ചെയ്തിരുന്നു. ഹമീദ് നൗറിയെന്ന ഈ ഇറാൻകാരനെതിരായ വിചാരണ സ്വീഡനിൽ നടന്നുകൊണ്ടിരിക്കുകയാണ്. ടെഹ്റാനിൽ സ്വീഡനെതിരെ ഈ കേസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.

ഇറാനും സ്വീഡനും തമ്മിൽ എന്താണ് പ്രശ്നം?

ഇറാൻ-ഇറാഖ് യുദ്ധത്തിൽ കുറ്റവാളികളെന്ന് ആരോപിക്കപ്പെടുന്ന നിരവധി പേരുടെ വിചാരണ സ്വീഡനിലെ കോടതിയിൽ നടക്കുന്നുണ്ട് എന്നത് യാഥാർഥ്യമാണ്. ജലാലിയുടെ വധശിക്ഷയും സ്വീഡനിൽ നടക്കുന്ന വിചാരണകളും തമ്മിൽ യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്നാണ് ഇറാൻ പറയുന്നത്. സ്വീഡനിലെ വിചാരണകളുമായി ബന്ധപ്പെട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻെറ ജുഡീഷ്യറി വക്താവ് ജലാലിയുടെ വധശിക്ഷയിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജലാലിയുടെ കുടുംബം അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആവർത്തിക്കുന്നു.

1988ൽ ഇറാൻ-ഇറാഖ് യുദ്ധത്തിൻെറ അവസാനഘട്ടത്തിൽ നടന്ന ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇപ്പോൾ ഹമീദ് നൗറിയുടെ വിചാരണ നടക്കുന്നത്. ഏകദേശം 5000ത്തോളം പേരെ കൂട്ടക്കൊല ചെയ്തതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം. വിചാരണ ജൂലൈയിൽ അവസാനിക്കുമെന്നാണ് കരുതുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നൗറിക്ക് വധശിക്ഷ ലഭിക്കാനാണ് സാധ്യത. ഇറാൻ ഈ വിചാരണയോട് സമ്പൂർണമായി വിയോജിക്കുകയാണ്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് വിചാരണ നടക്കുന്നതെന്നാണ് ഇറാൻെറ ആരോപണം. അതേസമയം കഴിഞ്ഞയാഴ്ച ഇറാനിൽ സന്ദർശനം നടത്താനെത്തിയ ഒരു സ്വീഡീഷ് ടൂറിസ്റ്റിനെയും ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തുവെന്ന് സ്വീഡൻ വിദേശകാര്യ വക്താക്കൾ വ്യക്തമാക്കുന്നുണ്ട്.

എന്തിനാണ് ഇറാൻ വിദേശികളെ തടവിലാക്കുന്നത്?

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് യുവ ഇറാനിയൻ വിപ്ലവകാരികൾ യു.എസ്. എംബസിയിലേക്ക് കടന്നുകയറുകയും 52 അമേരിക്കക്കാരെ തടവിലാക്കുകയും ചെയ്തിരുന്നു. 444 ദിവസം കഴിഞ്ഞ് 1981ലാണ് ഇവരെ പുറത്ത് വിട്ടത്. എന്നാൽ ഇപ്പോഴും സമാനമായി വിദേശികളെ തടവിലാക്കുന്ന രീതി ഇറാൻ തുടരുകയാണെന്ന് വിദഗ്ദർ പറയുന്നു. “ഇറാൻ സാധാരണ ഗതിയിൽ വിദേശികളെ തടവിലാക്കുന്നത് ഒന്നുകിൽ സ്വാധീനം ചെലുത്താൻ വേണ്ടിയോ അല്ലെങ്കിൽ എതിർ രാജ്യത്ത് നിന്ന് എന്തെങ്കിലും ലഭിക്കാൻ വേണ്ടിയോ ആണ്,” വിദേശകാര്യ വിദഗ്ദനായ റെയ് ടാകേയ് പറഞ്ഞു.

2016ൽ ഇറാൻെറ ആണവപരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കവേ നാല് അമേരിക്കക്കാരെ ഇറാൻ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു. ബാരക് ഒബാമയുടെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ അമേരിക്കൻ ഭരണകൂടം 400 മില്യൺ ഡോളറാണ് അന്ന് ഇറാന് പകരം നൽകിയത്. അഞ്ച് വർഷത്തിലേറെ ഇറാൻ ജയിലിൽ കഴിഞ്ഞ രണ്ട് ബ്രിട്ടീഷ് പൗരൻമാരുടെ മോചനം സാധ്യമായത് പഴയ കടം തീർക്കാൻ ബ്രിട്ടൺ തയ്യാറായപ്പോഴാണ്.

തടവിലാക്കുന്നവരെ കൊല്ലുന്ന ഇറാൻെറ ചരിത്രം

തടവിലാക്കുന്നവരെ വധിക്കുന്ന കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും മുന്നിലുള്ള രാജ്യം ഇറാനാണ്. പ്രായപൂർത്തിയാവാത്ത മൂന്ന് പേരെയടക്കം 280 പേരെ കഴിഞ്ഞ വർഷം ഇറാനിൽ വധിച്ചിട്ടുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലിൽ വന്നിട്ടുള്ള റിപ്പോർട്ട്. എന്നാൽ ഇത് ഇറാനിയൻ പൗരൻമാരെയാണ്. വിദേശികളുടെ വധശിക്ഷ നടപ്പാക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഒരു വിദേശ പൗരൻ പോലും ഇറാനിൽ വധശിക്ഷ നേരിടേണ്ടി വന്നിട്ടില്ല. ഇരട്ട പൗരത്വമുള്ള രണ്ട് പേരുടെ ശിക്ഷ ഇറാൻ വെട്ടിക്കുറച്ചിരുന്നു. ജലാലിയുടെ കാര്യത്തിലും അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം ഇറാനിയൻ ജയിലിൽ അതിക്രൂരമായ പീഡനങ്ങൾക്കാണ് ജലാലി ഇരയാവുന്നതെന്നാണ് റിപ്പോർട്ടുകൾ.
Published by:user_57
First published: