മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോർട്ടം നടത്തുന്ന വെർച്വൽ ഓട്ടോപ്സി ഇന്ത്യയിൽ ആരംഭിച്ചു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് (AIIMS) കഴിഞ്ഞ ദിവസം ഈ രീതി ആദ്യമായി ആരംഭിച്ചത്. തെക്ക്-കിഴക്കൻ ഏഷ്യയിൽ വിർച്വൽ ഓട്ടോപ്സി നടത്തുന്ന ആദ്യത്തെ ആശുപത്രി എയിംസാണ്. പോസ്റ്റ്‌മോർട്ടങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ശരീരത്തിൽ മുറിവുകളില്ലാതെ പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുമാണ് “ വെർച്വൽ പോസ്റ്റ്‌മോർട്ടം” ആരംഭിക്കുന്നത്. മൃതശരീരം മാന്യമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനാണ് വെർച്വൽ പോസ്റ്റ്‌മോർട്ടങ്ങൾ നടത്തുന്നതെന്ന് എയിംസ് ഫോറൻസിക് വിഭാഗം അറിയിച്ചു. വെർച്വൽ പോസ്റ്റ്‌മോർട്ട സേവനം അടുത്തിടെയാണ് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ ഉദ്ഘാടനം ചെയ്തത്.
എന്താണ് വെർച്വൽ ഓട്ടോപ്സി?
മാഗ്‌നെറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) അല്ലെങ്കിൽ ഡിജിറ്റൽ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി (സിടി) സ്കാനുകളിലൂടെ ഡോക്ടർമാർക്ക് മൃതദേഹങ്ങളിൽ പോസ്റ്റ്‌മോർട്ടം നടത്താനും മരണകാരണം നിർണ്ണയിക്കാനും സാധിക്കുന്ന സാങ്കേതികവിദ്യയാണ് വെർച്വൽ പോസ്റ്റുമോർട്ടം. രണ്ട് പരിശോധനകളും ശരീരത്തിന്റെ വിവിധ അവയവങ്ങളെ നിരവധി കോണുകളിൽ നിന്ന് പഠിക്കാൻ അനുവദിക്കുന്നു. ഇത്
മരണ കാരണം നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിക്കും.
വെർച്വൽ ഓട്ടോപ്സി നടത്തുന്നത് എങ്ങനെ?
സ്കാനിംഗ്, ഇമേജിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് വെർച്വൽ പോസ്റ്റുമോർട്ടം നടത്തുന്നത്. സിടി സ്കാൻ മെഷീൻ ഉപയോഗിച്ചുള്ള വിവിധ കോശങ്ങളുടെയും ആന്തരിക അവയവങ്ങളുടെയും പരിശോധന ഇതിൽ ഉൾപ്പെടുന്നു. സിടി സ്കാൻ മെഷീനിൽ മൃതദേഹം കിടത്തി ശരീരത്തിന്റെ 25,000 ത്തോളം ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ സൃഷ്ടിക്കുന്നു. ഇത് ഡോക്ടർമാർക്ക് പരിശോധിക്കാൻ സാധിക്കും.
എയിംസിലെ വെർച്വൽ ഓട്ടോപ്‌സി
എംയിസിൽ ഇന്നലെ മുതൽ വെർച്വൽ ഓട്ടോപ്‌സി നടപ്പിലാക്കി. ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കാതെ തന്നെ വിവിധ ഗവേഷണങ്ങൾ നടത്താനും വ്യക്തികളുടെ മരണത്തിന് കാരണമായതെന്തെന്ന് കണ്ടെത്താനും ഇതുവഴി സാധിക്കുമെന്ന് എയിംസ് ഫോറൻസിക് വിഭാഗം മേധാവി സുധീർ ഗുപ്ത പറഞ്ഞു.
എന്തുകൊണ്ട് വെർച്വൽ ഓട്ടോപ്സി?
വെർച്വൽ പോസ്റ്റ്‌മോർട്ടത്തിലേയ്ക്ക് മാറുന്നതിനുള്ള ഒരു പ്രധാന കാരണം ഇതിന് സമയം കുറച്ച് മതിയെന്നുള്ളതാണ്. ഫിസിക്കൽ പോസ്റ്റുമോർട്ടത്തേക്കാൾ വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന് വെറും 10 മിനിറ്റ് സമയം മാത്രമേ എടുക്കൂ. സാധാരണ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കാൻ കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും എടുക്കുമെന്നും പരമ്പരാഗത പോസ്റ്റ്‌മോർട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ വെർച്വൽ പോസ്റ്റ്‌മോർട്ടങ്ങൾക്ക് വളരെ കുറച്ച് സമയം മാത്രമേ എടുക്കൂവെന്നും സുധീർ ഗുപ്ത കൂട്ടിച്ചേർത്തു. ഡോ. ഗുപ്ത സൂചിപ്പിച്ചതുപോലെ മറ്റൊരു കാരണം ശരീരത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുക എന്നതാണ്. സാധാരണ പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹമാണ് ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്. എന്നാൽ വെർച്വൽ ഓട്ടോപ്സി നടപ്പിലാക്കിയതോടെ ബന്ധുക്കളുടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.
വെർച്വൽ ഓട്ടോപ്സി ലോകത്ത് എല്ലായിടത്തും നടപ്പിലാക്കിയിട്ടുണ്ടോ?
യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ് തുടങ്ങി നിരവധി വികസിത രാജ്യങ്ങളിൽ ഇതിനകം നടപ്പിലാക്കിയിട്ടുള്ള സാങ്കേതിക വിദ്യയാണ് വെർച്വൽ പോസ്റ്റുമോർട്ടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AIIMS, Aiims delhi, Autopsy, Postmortem