• HOME
  • »
  • NEWS
  • »
  • explained
  • »
  • ഒന്നിലും രണ്ടിലും പിഴച്ചു, മൂന്നില്‍ ടാറ്റയെ ഭാഗ്യം തുണയ്ക്കുമോ? എയര്‍ ഇന്ത്യയുടെ ഭാവി എന്ത്?

ഒന്നിലും രണ്ടിലും പിഴച്ചു, മൂന്നില്‍ ടാറ്റയെ ഭാഗ്യം തുണയ്ക്കുമോ? എയര്‍ ഇന്ത്യയുടെ ഭാവി എന്ത്?

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 23,000 കോടി രൂപയുടെ കടബാധ്യതയുമായിട്ടായിരിക്കും എയര്‍ ഇന്ത്യ പുതിയ ഉടമയുടെ കൈകളിലേക്ക് എത്തിച്ചേരുക.

News18

News18

  • Share this:
പതിറ്റാണ്ടുകളായി നടന്ന സംഭവവികാസങ്ങള്‍ക്ക് ശേഷം, എയര്‍ ഇന്ത്യയുടെ കഥ പൂര്‍ണ്ണതയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യ, ടാറ്റ കുടുംബത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരങ്ങള്‍. ടാറ്റ സണ്‍സ്, എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നുവെന്ന ചില റിപ്പോര്‍ട്ടുകള്‍ അനൌദ്യോഗികമായി പുറത്തു വന്നു. 'ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയ - ലോകത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന' എയര്‍ലൈന്‍ എന്ന നിലയില്‍ ഉയര്‍ച്ചയും താഴ്ചയും അടയാളപ്പെടുത്തിയ ഒന്‍പത് പതിറ്റാണ്ട് യാത്രയുടെ ചരിത്രമാണ് എയര്‍ ഇന്ത്യക്കുള്ളത്. 'മറ്റുള്ള എയര്‍ലൈനുകള്‍ കണ്ടുപഠിക്കൂ' എന്ന അംഗീകാരങ്ങളില്‍ നിന്ന്, ദേശീയ ഖജനാവിനെ ചോരയിലാഴ്ത്തി - നടത്തിപ്പ് മുതല്‍ ധനകാര്യങ്ങളില്‍ വരെ പ്രതികൂല കാലാവസ്ഥയിലേക്ക് എത്തിനില്‍ക്കുകയും കാലങ്ങളായി യാത്രക്കാരെ കണ്ടെത്താന്‍ കഴിയാതിരിക്കുന്നതിന്റെ അവസ്ഥയുമൊക്കെ എയര്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ട്.

എയര്‍ ഇന്ത്യ വില്‍ക്കുന്നത് എന്തുകൊണ്ട്?
ദേശീയ വിമാന കമ്പനി വില്‍ക്കാനുള്ള മൂന്നാമത്തെ ശ്രമമാണ് ഇത്. ഇത്തവണ കേന്ദ്രം അതിന്റെ മുഴുവന്‍ ഓഹരികളും ഏറ്റവും കൂടുതല്‍ ലേലം വിളിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഈ വര്‍ഷം മാര്‍ച്ചില്‍ പറഞ്ഞത് - ''എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഓഹരി വിറ്റഴിക്കണോ വേണ്ടയോ എന്നതിനിടയിലുള്ള ഒരു തിരഞ്ഞെടുക്കല്‍ ഇപ്പോള്‍ ഇല്ല. ഓഹരി വിറ്റഴിക്കലിനും അടച്ചുപൂട്ടലിനുമിടയിലാണ് കാര്യങ്ങള്‍'' എന്നാണ്. എയര്‍ലൈന്‍ ഒരു 'ഫസ്റ്റ്-റേറ്റ് അസറ്റ്' ആയി തുടരുന്നു പക്ഷെ അത് ഒഴിവാക്കേണ്ട ആവശ്യമുണ്ട്. കാരണം അത് ഇപ്പോള്‍ 60,000 കോടി രൂപയുടെ കടബാധ്യതയില്‍ പെട്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യയുടെ വില്‍പ്പനയുടെ കഥകള്‍ക്ക് രണ്ട് പതിറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. 2000ല്‍ അത്തരമൊരു നീക്കം ആദ്യമായി നടത്തിയതിന് ശേഷം നിരവധി വഴിത്തിരിവുകള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ''എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുകയോ അല്ലെങ്കില്‍ അടച്ചുപൂട്ടുകയോ ചെയ്യാതെ മറ്റൊരു വഴിയുമില്ല. എയര്‍ ഇന്ത്യ ഇപ്പോള്‍ പണം സമ്പാദിക്കുന്നുണ്ടെങ്കിലും ദിവസവും 20 കോടി രൂപയുടെ നഷ്ടം നേരിടുന്നു. കാരണം കെടുകാര്യസ്ഥതയുടെ ഫലമായി 60,000 കോടി രൂപയുടെ കടബാധ്യതയുണ്ടായി,'' പുരി പറഞ്ഞു.

2017ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എയര്‍ലൈന്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 24 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണ് വാങ്ങുന്നവര്‍ ആരും മുന്നോട്ട് വരാത്തതിന് കാരണം. അതിനുമുമ്പ്, അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2001ല്‍ എയര്‍ലൈനിലെ 40 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. പല പ്രമുഖരും താത്പര്യം കാണിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും, ഓഹരി വില്‍പ്പന ഒടുവില്‍ നടപ്പായില്ല.

പുതുക്കിയ വാഗ്ദാനങ്ങള്‍
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയുടെ 100 ശതമാനം ഉടമസ്ഥാവകാശത്തോടൊപ്പം ഗ്രൗണ്ട്-ഹാന്‍ഡ്‌ലിംഗ് കമ്പനിയായ ഐസാറ്റ്‌സ് (AISATS)ന്റെ 50 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. കമ്പനിയുടെ എന്റര്‍പ്രൈസ് മൂല്യത്തിലാണ് ലേലം ക്ഷണിച്ചിരിക്കുന്നത്. അതില്‍ ഹ്രസ്വകാല, ദീര്‍ഘകാല കടങ്ങളും കമ്പനിയുടെ ബാലന്‍സ് ഷീറ്റിലെ പണവും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 23,000 കോടി രൂപയുടെ കടബാധ്യതയുമായിട്ടായിരിക്കും എയര്‍ ഇന്ത്യ പുതിയ ഉടമയുടെ കൈകളിലേക്ക് എത്തിച്ചേരുക. കമ്പനിയുടെ ശേഷിക്കുന്ന കടം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (അകഅഒഘ) ഏറ്റെടുക്കും. മുംബൈയിലെ എയര്‍ ഇന്ത്യ കെട്ടിടം, ഡല്‍ഹിയിലെ എയര്‍ലൈന്‍സ് ഹൗസ് തുടങ്ങിയ ആസ്തികള്‍ കൈവശം വയ്ക്കാനും പുതിയ ഉടമകള്‍ക്ക് കഴിയും. സാമ്പത്തിക നഷ്ടം ഉണ്ടാക്കിയാലും പുതിയ ഉടമകള്‍ക്ക് നേട്ടമായിരിക്കും എയര്‍ലൈന്‍ ഇടപാടുകള്‍ക്കൊണ്ട് ഉണ്ടാവുക. കാരണം വാങ്ങുന്നയാള്‍ക്ക് എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വലിയ ഇന്‍ഫ്രാസ്ട്രക്ചറിലേക്കാണ് പ്രവേശനം ലഭിക്കുക.

കൂടാതെ ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാന സേവന ദാതാക്കളാവാം. അത് തല്‍ക്ഷണം പുതിയ ഉടമകളെ വ്യോമയാന റോയല്‍റ്റി ലീഗിലേക്കാണ് നയിക്കുക. എയര്‍ ഇന്ത്യയുടെ മേലുള്ള നിയന്ത്രണം ലഭിക്കുമ്പോള്‍ തന്നെ 4,400 ആഭ്യന്തര, 1800 അന്തര്‍ദേശീയ ലാന്‍ഡിംഗുകളുടെയും ആഭ്യന്തര വിമാനത്താവളങ്ങളിലെ പാര്‍ക്കിംഗ് സ്ലോട്ടുകളുടെയും വിദേശ വിമാനത്താവളങ്ങളിലെ 900 സ്ലോട്ടുകളുടെയും നിയന്ത്രണവും ലഭിക്കും. ഈ ഇന്റര്‍നാഷണല്‍ സ്ലോട്ടുകളിലൊന്നിന് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവാകും, അതേസമയം ഇന്ത്യയില്‍ എയര്‍ ഇന്ത്യയ്ക്ക് മാത്രമുള്ള റിയല്‍ എസ്റ്റേറ്റ് നൂറുകണക്കിന് കോടിയാണ്. ഈ വര്‍ഷമാദ്യം പാര്‍ലമെന്റിനുള്ള മറുപടിയില്‍, വ്യോമയാന മന്ത്രാലയം പറഞ്ഞത്, എയര്‍ ഇന്ത്യയുടെ സ്ഥിര ആസ്തികളുടെ മൊത്തം മൂല്യം - അതിന്റെ ഭൂമിയും കെട്ടിടങ്ങളും, വിമാനവാഹിനിക്കപ്പലുകളും ഉൾപ്പെടെ 2020 മാര്‍ച്ചില്‍ 45,000 കോടി രൂപയിലധികമുണ്ടെന്നാണ്.

എയര്‍ ഇന്ത്യയുടെ ചരിത്രം
എയര്‍ലൈനിന്റെ ചരിത്രം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തേക്കാള്‍ പഴയതാണ്. 1932ലാണ് എയര്‍ ഇന്ത്യയുടെ ആദ്യ പറക്കല്‍ നടന്നത്. പൈലറ്റ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരനായ ജെഹാംഗീര്‍ രത്തന്‍ജി ദാദാഭോയ് ടാറ്റ (ജെആര്‍ഡി ടാറ്റ) കറാച്ചിക്കും ബോംബെയ്ക്കും ഇടയില്‍ ഒരു എയര്‍മെയില്‍ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചത്തോടെയാണ് അത് സാധ്യമായത്. ടാറ്റ സണ്‍സിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന സര്‍ ഡോറാബ്ജി ടാറ്റ നല്‍കിയ രണ്ട് ലക്ഷം രൂപയുടെ ചെറിയ മൂലധനത്തോടൊണ് ജെആര്‍ഡി ടാറ്റ, എയര്‍ലൈനുകള്‍ സ്ഥാപിച്ചത്. അന്ന്, എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍മെയില്‍ പറത്തിയ ജെആര്‍ഡിയുടെ അനുഭവം ടാറ്റാ ആര്‍ക്കൈവ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ''1932 -ലെ ഒരു ആവേശകരമായ ഒക്ടോബറിലെ ഒരു പ്രഭാതത്തില്‍ ഞാന്‍, ബോംബെയിലേക്കുള്ള ഉദ്ഘാടന വിമാനത്തില്‍ ഞങ്ങളുടെ ആദ്യത്തെ വിലയേറിയ മെയില്‍ ലോഡുമായി കറാച്ചിയില്‍ നിന്ന് സന്തോഷത്തോടെ പറന്നുയര്‍ന്നു. മണിക്കൂറില്‍ നൂറു മൈല്‍ ദൂരത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോള്‍, ഞങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനും അതിനായി പ്രവര്‍ത്തിച്ചവരുടെ സുരക്ഷയ്ക്കും വേണ്ടി ഞാന്‍ ഒരു നിശബ്ദ പ്രാര്‍ഥന നടത്തി. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ഒരു ചെറിയ ടീമായിരുന്നു. ഞങ്ങള്‍ വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും തലവേദനകളും ഒരുമിച്ച് പങ്കവെച്ചു, ഒരുമിച്ച് ഞങ്ങള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ ഇന്റര്‍നാഷണലും ആയി വളര്‍ന്ന സംരംഭം കെട്ടിപ്പടുത്തു.'' എന്നാണ് അതില്‍ പറഞ്ഞിരിക്കുന്നത്.

ജെആര്‍ഡി ടാറ്റയുടെ നേതൃത്വത്തില്‍ എയര്‍ലൈനിന്റെ സേവനങ്ങള്‍ വിപുലീകരിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 1948ല്‍ യാത്രക്കാരുമായുള്ള വിമാന സര്‍വ്വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1946ല്‍ ടാറ്റ സണ്‍സിന്റെ വ്യോമയാന വിഭാഗത്തെ എയര്‍ ഇന്ത്യയായി പട്ടികപ്പെടുത്തി. 1948ല്‍ എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂറോപ്പിലേക്കുള്ള വിമാനങ്ങളുമായി ആരംഭിച്ചു. ഇന്റര്‍നാഷണല്‍ സര്‍വീസ് ഇന്ത്യയിലെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ഒന്നായിരുന്നു അത്. അതില്‍ സര്‍ക്കാര്‍ 49% ഓഹരിയും ടാറ്റ 25% ഓഹരികളും ബാക്കി പൊതുജനങ്ങളും സ്വന്തമാക്കി. 1953ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിച്ചു. മിര്‍സിയ റയാനുവിന്റെ സമീപകാല പുസ്തകം 'ടാറ്റ: ഗ്ലോബല്‍ കോര്‍പ്പറേഷന്‍ ബില്‍റ്റ് ഇന്ത്യന്‍ ക്യാപിറ്റലിസം'ത്തില്‍ ജെആര്‍ഡിയ്ക്ക് അന്നുണ്ടായ ഞെട്ടലിനെക്കുറിച്ച് രേഖപ്പെടുത്തിയിരുന്നു. ''ജെആര്‍ഡിയുടെ പ്രതികരണം മനസ്സിലാക്കാന്‍ കഴിയാതിരുന്ന നെഹ്‌റുവിനോട് അദ്ദേഹം (ജെആര്‍ഡി) തന്റെ രോഷം പ്രകടിപ്പിച്ചു. പൊതുനയം എന്ന നിലയില്‍, മിക്കവാറും എല്ലാ തരത്തിലുള്ള ഗതാഗത സേവനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും കരുതിയിരുന്നു എന്ന് പ്രധാനമന്ത്രി (ജവഹര്‍ലാല്‍ നെഹ്റു) അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.'' എന്നാണ് പുസ്തകത്തിൽ റയാനു എഴുതിയത്.

ഇന്ത്യന്‍ സര്‍ക്കാര്‍ എയര്‍ലൈന്‍സ് ദേശസാല്‍ക്കരിക്കാന്‍ തീരുമാനിച്ചതിനുശേഷവും, ജെആര്‍ഡി ടാറ്റ അതിന്റെ തലപ്പത്ത് തന്നെ തുടര്‍ന്നു. അതിനാല്‍ പിന്നീടും എയര്‍ലൈന്‍ അതിന്റെ സേവനം മികച്ച രീതിയില്‍ തന്നെയായിരുന്നു നടത്തി വന്നിരുന്നത്. മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടി സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം 1978ല്‍ ജെആര്‍ഡി ടാറ്റ എയര്‍ ഇന്ത്യ തലപ്പത്ത് നിന്ന് പുറത്താക്കപ്പെട്ടു. പിന്നീട് ഇന്ദിരാ ഗാന്ധി, എയര്‍ ഇന്ത്യ ബോര്‍ഡില്‍ ഇടംപിടിച്ചു. 2007ലെ അന്നത്തെ യുപിഎ സര്‍ക്കാര്‍ എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈനും ലയിപ്പിക്കുകയും വിമാനങ്ങള്‍ക്കായി ഒരു വലിയ ഓര്‍ഡര്‍ നല്‍കുകയും ചെയ്തപ്പോള്‍ വിമാന കമ്പനിയുടെ കടബാധ്യത പതിനായിരക്കണക്കിന് കോടിയായി വര്‍ദ്ധിച്ചു. അവിടം മുതലാണ് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അപ്പോഴേക്കും ആഭ്യന്തര വ്യോമയാന മേഖല ഒരു പരിവര്‍ത്തനത്തിന് വിധേയമായി. പക്ഷേ എയര്‍ ഇന്ത്യക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല. കൂടാതെ പുതിയ അവസരത്തില്‍ ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ മറ്റ് പുതുമുഖങ്ങളായ വിമാന കമ്പനികള്‍ ഇന്ത്യന്‍ വ്യോമയാനത്തിന്റെ പല ഭാഗങ്ങളും സ്വന്തമാക്കുകയും ചെയ്തു. ലഭ്യമായ സൂചനകള്‍ പ്രകാരം ഇപ്പോള്‍ എയര്‍ ഇന്ത്യ അതിന്റെ തുടക്കകാരിലേക്ക് തന്നെ എത്തുന്നുവെന്നാണ് വിവരങ്ങള്‍. അതോടെ എയര്‍ ഇന്ത്യ അതിന്റെ പ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്നും പ്രതീക്ഷിക്കാം.

എന്താണ് എയര്‍ ഇന്ത്യയുടെ പാരമ്പര്യം?
ലോകരാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധങ്ങള്‍ ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വളരെ കുറവായിരുന്ന ഒരു സമയത്ത് എയര്‍ ഇന്ത്യ, ഇന്ത്യയുടെ ആഗോള അഭിലാഷങ്ങള്‍ക്ക് ചിറക് നല്‍കി രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ പ്രതീകാത്മക അംബാസഡര്‍ ആണെന്ന് തെളിയിച്ചു. 1933-34ലെ ഇന്ത്യയിലെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിഎ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ കമ്പനിയുടെ എയര്‍മെയില്‍ സേവനത്തിന്റെ കാര്യക്ഷമതയെ അഭിനന്ദിക്കുന്നുണ്ട്. പ്രത്യേകിച്ച് മഴയിലും കൊടുങ്കാറ്റുകളിലും ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലും പോലും '100 ശതമാനം കൃത്യനിഷ്ഠ' പുലര്‍ത്തുന്നുവെന്നും ചൂണ്ടികാണിക്കുന്നു. ഇത് എങ്ങനെ ചെയ്യുന്നുവെന്ന് കാണാന്‍ ഇംപീരിയല്‍ എയര്‍വേസില്‍ നിന്നുള്ള ജീവനക്കാരെ ടാറ്റയിലേക്ക് ഡെപ്യൂട്ടേറ്റ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

തുടക്കകാലം മുതല്‍ തന്നെ എയര്‍ ഇന്ത്യ ലോകരാജ്യങ്ങളിലെ പ്രധാന തലസ്ഥാനങ്ങളിലുടനീളം ഓഫീസുകള്‍ തുറക്കുകയും വിദേശിയരെ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ കലയിലും സൗന്ദര്യശാസ്ത്രത്തിലും ബ്രാന്‍ഡ് നിര്‍മ്മിക്കുകയും ചെയ്തു. ഇതിലൂടെ ഇന്ത്യന്‍ കലയുടെ ഏറ്റവും വലിയ ശേഖരങ്ങളില്‍ ഒന്നായി ഈ ഓഫീസുകള്‍ മാറി. എംഎഫ് ഹുസൈന്‍, വിഎസ് ഗൈറ്റോണ്ട്, അഞ്ചൂലി എല മേനോന്‍ എന്നിവരുടെ ചില കൃതികള്‍ ഇപ്പോഴും അതിന്റെ ഭാഗമായിട്ടുണ്ട്. അതുല്യമായ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള ശ്രമങ്ങങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സിക്യൂട്ടീവുകള്‍, സാല്‍വദോര്‍ ദാലിയെക്കൊണ്ട് സവിശേഷമായ ഒരു ആഷ് ട്രേ ഡിസൈന്‍ ചെയ്യിപ്പിക്കുന്നതിലേക്ക് വരെ എത്തി. അദ്ദേഹത്തിന്റെ ഡിസൈനിലുള്ള ഏകദേശം 250 ആഷ് ട്രേകള്‍ എയര്‍ ഇന്ത്യ തങ്ങളുടെ ഫസ്റ്റ് ക്ലാസ് യാത്രകാര്‍ക്ക് സമ്മാനമായി നല്‍കി. 'മഹാരാജ' എന്ന ചിഹ്നമല്ലാതെ ഇന്ത്യക്കാരുടെ മുഴുവന്‍ തലമുറകളിലും എയര്‍ ഇന്ത്യ പുലര്‍ത്തുന്ന വൈകാരിക ബന്ധം മറ്റൊന്നിനും പിടിച്ചെടുക്കാനാവില്ല. എയര്‍ ഇന്ത്യയുടെ വാണിജ്യ ഡയറക്ടറായ ബോബി കൂക്ക വിഭാവനം ചെയ്യുകയും കലാകാരന്‍ ഉമേഷ് റാവുവിന്റെ സഹകരണത്തോടെ സൃഷ്ടിക്കുകയും ചെയ്ത 'മഹാരാജാ' ചിഹ്നം 1946ലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. താമസിയാതെ ആ ചിഹ്നം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് യാത്രക്കാരിൽ ഇന്ത്യന്‍ ആതിഥ്യമര്യാദയെ പ്രതിഫലിപ്പിച്ചു.

റെക്കോര്‍ഡുകൾ

എയര്‍ലൈനിന്റെ പേരില്‍ കുറച്ച് റെക്കോര്‍ഡുകളും ഉണ്ട്. 2017ല്‍, ഒരു വനിതാ ജീവനക്കാരിയോടൊപ്പം ലോകമെമ്പാടും പറക്കുന്ന ആദ്യ എയര്‍ലൈന്‍ ആയി എയർ ഇന്ത്യ മാറി. 1990ല്‍, ഒരു സിവില്‍ എയര്‍ലൈന്‍ നടത്തിയ ഏറ്റവും വലിയ ഒഴിപ്പിക്കലിനുള്ള ഗിന്നസ് റെക്കോര്‍ഡില്‍ എയര്‍ ഇന്ത്യ ഇടംപിടിച്ചു. ഇറാഖ് യുദ്ധത്തില്‍ കുവൈറ്റില്‍ നിന്ന് ഒരു ലക്ഷത്തിലധികം ഇന്ത്യക്കാരെ പറത്താന്‍ 59 ദിവസത്തിനുള്ളില്‍ 450ലധികം വിമാനങ്ങള്‍ സര്‍വീസുകളായിരുന്നു ദേശീയ വിമാനകമ്പനി നടത്തിയത്.

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമ്പോള്‍ ഉയരുന്ന ചോദ്യവും അതുതന്നെയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ട ആവശ്യം ഉയരുമ്പോള്‍ സര്‍ക്കാര്‍ അപ്പോള്‍ എങ്ങോട്ട് തിരിയുമെന്ന ചോദ്യവും സ്വകാര്യമായി പോകുന്നു. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും പോലുള്ള അതീവ സുരക്ഷ വേണ്ട രാജ്യ പ്രമുഖരുടെ ഉപയോഗത്തിനുള്ള വിമാനത്തിന്റെ കാര്യങ്ങളിലും ചോദ്യങ്ങള്‍ നിലനില്‍ക്കുന്നു.
Published by:Sarath Mohanan
First published: