• HOME
  • »
  • NEWS
  • »
  • explained
  • »
  • Banihal Qazigund tunnel | 3100 കോടിയുടെ പദ്ധതി; 8.45 കിലോമീറ്റർ ദൂരം കശ്മീരിലെ ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കത്തിന്റെ സവിശേഷതകൾ

Banihal Qazigund tunnel | 3100 കോടിയുടെ പദ്ധതി; 8.45 കിലോമീറ്റർ ദൂരം കശ്മീരിലെ ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കത്തിന്റെ സവിശേഷതകൾ

നിരവധി പ്രത്യേകതകൾ ഉള്ളതാണ് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച ഈ പുതിയ തുരങ്കം. അവ എന്തെല്ലാം ആണെന്നു നോക്കാം

ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കം

ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കം

  • Share this:
ജമ്മു കശ്മീരിൽ (Jammu and Kashmir) 3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ – ഖാസിഗുണ്ട് തുരങ്കം (Banihal Qazigund tunnel) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi ) രാജ്യത്തിന് സമര്‍പ്പിച്ചു. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിന്റെ ഭാഗമായി കശ്മീരിലെത്തിയ പ്രധാനമന്ത്രി 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. നിരവധി പ്രത്യേകതകൾ ഉള്ളതാണ് പ്രധാനമന്ത്രി രാജ്യത്തിനു സമർപ്പിച്ച ഈ പുതിയ തുരങ്കം. അവ എന്തെല്ലാം ആണെന്നു നോക്കാം.

1. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗുണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യും.

2. സമുദ്രനിരപ്പിൽ നിന്ന് 5,800 അടി ഉയരത്തിൽ നിർമ്മിച്ച ഈ തുരങ്കം ജമ്മുവിനും ശ്രീനഗറിനും ഇടയിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് എല്ലാത്തരം കാലാവസ്ഥയിലും ഉപയോ​ഗിക്കാൻ സാധിക്കും.

3. കനത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ യാത്രികർക്ക് പേടിസ്വപ്നമായ ജവഹർ ടണലിനും ഷൈതൻ നല്ലക്കും ഒരു ബദൽ സംവിധാനമാകും പുതിയ ടണൽ. ശൈത്യകാലത്ത് പലപ്പോഴും ഇവ അടച്ചിടുകയും കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ റോഡുകളിൽ തടസമുണ്ടാകുകയും ചെയ്യാറുണ്ട്.

4. പുതിയ തുരങ്കത്തിന്റെ ശരാശരി ഉയരം 1.790 മീറ്ററാണ്, നിലവിലുള്ള ജവഹർ ടണലിന്റെ ഉയരത്തേക്കാൾ 400 മീറ്റർ കുറവാണ് ഇത്. ഇവിടെ ‌കനത്ത മഞ്ഞുവീഴ്ചക്ക് സാധ്യത കുറവാണ്.

5. ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഈ തുരങ്കത്തിൽ വാതക രൂപീകരണം തടയുന്നതിനുള്ള അത്യാധുനിക എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് ഉള്ളത്. 126 ജെറ്റ് ഫാനുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാകുക.

6. ഓരോ 500 മീറ്ററിനുശേഷവും രണ്ട് ട്യൂബുകൾക്കിടയിൽ ഒരു ഇടനാഴി ഉണ്ട്. ഏത് അടിയന്തര സാഹചര്യത്തിലും ഉപയോഗിക്കുന്നതിനായാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.

7. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് തുരങ്കത്തിൽ 234 സിസിടിവി ക്യാമറകളും അഗ്നിശമന സംവിധാനവും സ്ഥാപിക്കും.

8. ജമ്മുവിനും കശ്മീരിനും ഇടയിൽ എല്ലാത്തരം കാലാവസ്ഥയിലും യാത്ര സാധ്യമാകുകയും രണ്ട് പ്രദേശങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിനും തുരങ്കം സഹായിക്കും.

കശ്മീർ സന്ദർശനത്തിനിടെ ഡൽഹി-അമൃത്സർ-കത്ര എക്‌സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിർവ​ഹിച്ചു. 7500 കോടി രൂപയുടെ പദ്ധതിയാണിത്. കിഷ്ത്വാർ ജില്ലയിലെ ചെനാബ് നദിയിൽ നിർമിക്കുന്ന 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

രണ്ടര വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെത്തിയത്. 370-ാം അനുച്ഛേദം എടുത്തുകളഞ്ഞ് സംസ്ഥാനം വിഭജിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. അടുത്ത 25 വ‍ര്‍ഷത്തിൽ ജമ്മുകശ്മീരിൻ്റെ മുഖഛായ തന്നെ മാറുമെന്നും മോദി പറഞ്ഞു.

Summary: Prime Minister Narendra Modi inaugurated the Banihal Qazigund tunnel in Kashmir. It was constructed at a cost of over Rs. 3100 crores 
Published by:user_57
First published: