ഇസ്ലാം മത വിശ്വസികള്‍ പിന്തുടര്ന്നു പോരുന്ന ചാന്ദ്ര കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തെയാണ് ഇസ്ലാമിക പുതുവര്‍ഷം അല്ലെങ്കില്‍ ഹിജ്റി ന്യൂ ഇയര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങളാണ് ഒരു ഹിജ്റ വര്‍ഷത്തില്‍ ഉണ്ടാവാറ്. ഗ്രിഗോറിയന്‍ കലണ്ടറിനെ അപേക്ഷിച്ച് 11 ദിവസം കുറവാണ് ചാന്ദ്ര കലണ്ടറില്‍. മുഹറം മുതല്‍ തുടങ്ങുന്ന ഇസ്ലാമിക പുതുവര്‍ഷം ദുല്‍ഹിജ്ജയില്‍ അവസാനിക്കുന്നു. റമദാന് ശേഷം ഏറ്റവും കൂടുതല്‍ പവിത്രമായ മാസമാണ് മുഹറം എന്നാണ് വിശ്വസിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ ദുല്‍ഹിജ്ജയിലാണ് വിശ്വാസികള്‍ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയാണ് ഈ വര്‍ഷം ഇസ്ലാമിക പുതുവര്‍ഷം തുടങ്ങുന്നത്.
ഇസ്ലാമിക പുതുവര്‍ഷം എന്നാണ് ആരംഭിക്കുന്നത്
ജ്യോതിശാസ്ത്ര വിദഗ്ദ്ധരുടെ കണക്കൂകൂട്ടല്‍ പ്രകാരം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ഓഗസ്റ്റ് 10 അഥവാ ചൊവ്വാഴ്ചയാണ് ഇസ്ലാമിക പുതുവര്‍ഷം ആരംഭിക്കുന്നത്. ഓഗസ്റ്റ് 9 നാണ് ദുല്‍ഹിജ്ജ 29. അഥവാ 29 ന് രാത്രി ചന്ദ്രക്കല കണ്ടാല്‍ ഓഗസ്റ്റ് 10 ന് ഇന്ത്യയിലും മറ്റു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പുതുവര്‍ഷം ആഘോഷിക്കും. അല്ലാത്ത പക്ഷം ദുല്‍ഹിജ്ജ 30 പൂര്‍ത്തീകരിച്ച് ഓഗസ്റ്റ് 11 ന് ഹിജ്റ വര്‍ഷം തുടങ്ങും.
ഇസ്ലാമിക കലണ്ടറിന്റെ പ്രത്യേകത
കൃസ്തു വര്‍ഷം 622 ലാണ് ഇസ്ലാമിക കലണ്ടര്‍ തുടങ്ങിയതെന്നാണ് മുസ്ലീങ്ങള്‍ വിശ്വസിച്ചു പോരുന്നത്. മുഹമ്മദ് നബിയും അനുചരന്മാരും മക്കയില്‍ നിന്ന് മദീനയിലേക്ക് പലായനം ചെയ്ത വര്‍ഷം കൂടിയാണിത്. 1443ാമത്തെ ഹിജ്റ വര്‍ഷമാണ് പുതുതായി തുടങ്ങുക. ലാറ്റിനില്‍ AH അഥവാ Anno Hegirae (ഹിജ്റ വര്‍ഷം) എന്ന പദമാണ് ഇസ്ലാമിക കലണ്ടറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. പ്രവാചകന്റെ പലായനം കഴിഞ്ഞിട്ട് നിലവില്‍ 1443 വര്‍ഷമായി.
ചരിത്രപരമായി വലിയ പ്രാധാന്യമുണ്ടെങ്കില്‍ കൂടി പൊതുവെ ഇസ്ലാമിക രാജ്യങ്ങള്‍ ഈ ദിവസം വലിയ തോതില്‍ ആഘോഷിക്കാറില്ല. യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ ദിവസം അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈദ് പോലെ പ്രത്യേക പ്രാര്‍ത്ഥനകളോ, മറ്റു ആഘോഷ പരിപാടികളോ ഈ വിശേഷ ദിവസത്തില്‍ പതിവില്ല.
മുഹറം മാസത്തിലെ ആദ്യത്തെ പത്ത് ദിവസം വളരെ പ്രാധാന്യത്തോടെയാണ് മുസ്ലിംകള്, വിശിഷ്യാ ഷിയാ വിഭാഗം, കാണുന്നത്. ഈ കാലയളവിലാണ് വിശ്വാസികള്‍ പ്രവാചക പൗത്രനായ ഹുസൈന് ബിന്‍ അലിയുടെ മരണത്തില്‍ ദുഃഖമാചരിക്കുന്നത്. കൃസ്തു വര്‍ഷം 680 ല്‍ നടന്ന കര്‍ബല യുദ്ധത്തിലാണ് ഹുസൈന് മരണമടയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hijri New Year, Islamic calendar, Sunni