• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained | വീണ്ടും ഉപരിസഭ രൂപീകരിക്കാൻ ബംഗാൾ സർക്കാർ; നിയമസഭാ കൗൺസിലുകളെക്കുറിച്ച് കൂടുതലറിയാം

Explained | വീണ്ടും ഉപരിസഭ രൂപീകരിക്കാൻ ബംഗാൾ സർക്കാർ; നിയമസഭാ കൗൺസിലുകളെക്കുറിച്ച് കൂടുതലറിയാം

നിലവിൽ ബീഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക എന്നീ ആറ് സംസ്ഥാനങ്ങളിലാണ് നിയമസഭാ കൗൺസിലുകൾ ഉള്ളത്

Mamata Banerjee (File Photo)

Mamata Banerjee (File Photo)

 • Share this:
  പശ്ചിമ ബംഗാളിൽ വീണ്ടും നിയമസഭാ കൗൺസിൽ രൂപീകരിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞയാഴ്ച തൃണമൂൽ കോൺഗ്രസ് അനുമതി നൽകി. തൃണമൂലിന്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു സംസ്ഥാനത്ത് നിയമസഭാ കൗൺസിൽ രൂപീകരിക്കും എന്നത്. ഇടതു പാർട്ടികൾ ചേർന്നുള്ള ഒരു സഖ്യമുന്നണി സർക്കാർ 50 വർഷങ്ങൾക്ക് മുമ്പ് നിയമസഭാ കൗൺസിൽ എടുത്തു കളയുകയായിരുന്നു.

  നിലവിൽ ബീഹാർ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക എന്നീ ആറ് സംസ്ഥാനങ്ങളിലാണ് നിയമസഭാ കൗൺസിലുകൾ ഉള്ളത്. ഈ ഉപരിസഭയുടെ രൂപീകരണം സംസ്ഥാന സർക്കാരുകളുടെ പരിധിയിൽ മാത്രം വരുന്ന കാര്യമല്ല. അതിനുവേണ്ടി കേന്ദ്ര സർക്കാർ പാർലമെന്റിൽ നിയമം കൊണ്ടുവരേണ്ടതുണ്ട്. അതിനാൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടാകാൻ സാധ്യതയുള്ള വിഷയമാണ് ഇത്.

  കൗൺസിലുകളുടെ ആവിർഭാവം

  രണ്ട് സഭകളുള്ള നിയമസഭകൾക്ക് ഇന്ത്യയിൽ വലിയ ചരിത്രമാണ് ഉള്ളത്. മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്കാരങ്ങളുടെ ഫലമായാണ് 1919-ൽ ദേശീയതലത്തിൽ സംസ്ഥാന കൗൺസിലുകൾ രൂപീകരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. തുടർന്ന് 1935-ൽ കൊണ്ടുവന്ന നിയമം മൂലം ഇന്ത്യൻ പ്രവിശ്യകളിൽ രണ്ട് സഭകളുള്ള നിയമസഭകൾ രൂപീകരിക്കുകയായിരുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പശ്ചിമ ബംഗാളിൽ 1937-ൽ ആദ്യത്തെ നിയമസഭാ കൗൺസിൽ പ്രവർത്തനം ആരംഭിച്ചത്.

  സംസ്ഥാനങ്ങളിൽ രണ്ട് സഭകൾ രൂപീകരിക്കുന്നതിനെ ചൊല്ലി ഭരണഘടനാ സമിതിയിൽ എതിർപ്പുകൾ ഉണ്ടായിരുന്നു, ഉപരിസഭയുടെ രൂപീകരണം ധൃതിപ്പെട്ടുള്ള നിയമനിർമാണങ്ങളെ തടയാനും നിയമങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ കാഴ്ചപ്പാടുകൾ സഭയിൽ എത്തിക്കാനും സഹായിക്കും എന്ന രാജ്യസഭയ്ക്ക് വേണ്ടിയുള്ള വാദം സംസ്ഥാന നിയമസഭാ കൗൺസിലുകളുടെ കാര്യത്തിൽ പല അംഗങ്ങൾക്കും പഥ്യമായി തോന്നിയില്ല. തുടർന്ന് ബീഹാർ, മുംബൈ, മദ്രാസ്, പഞ്ചാബ്, യുണൈറ്റഡ് പ്രൊവിൻസസ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ആദ്യം നിയമസഭാ കൗൺസിൽ രൂപീകരിക്കാൻ ഭരണഘടനാ നിർമാണ സമിതി തീരുമാനിക്കുകയായിരുന്നു.

  പശ്ചിമ ബംഗാളിലെ കൗൺസിൽ

  1969 വരെ പശ്ചിമ ബംഗാളിൽ നിയമസഭാ കൗൺസിൽ നിലനിന്നിരുന്നു. എന്നാൽ അതിന് രണ്ട് വർഷങ്ങൾക്ക് മുമ്പ് മുതൽ ഉപരിസഭയിൽ ഉണ്ടായ ചില സംഭവ വികാസങ്ങളാണ് നിയമസഭാ കൗൺസിൽ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചത്. 1967-ൽ ബംഗാളിൽ നടന്ന നാലാം പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടുകയും 14 രാഷ്ട്രീയ പാർട്ടികളുടെ സഖ്യമായ ഐക്യമുന്നണി ഭരണത്തിലെത്തുകയും ചെയ്തു. എന്നാൽ, അജോയ് കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അധികകാലം തുടരാൻ കഴിഞ്ഞില്ല. എട്ട് മാസങ്ങൾക്ക് ശേഷം ഗവർണർ ധരം വിര, സർക്കാർ പിരിച്ചുവിടുകയായിരുന്നു.

  പിന്നീട് മുൻ മുഖ്യമന്ത്രിയായിരുന്ന പി സി ഘോഷ് എന്ന സ്വതന്ത്ര എം എൽ എ കോൺഗ്രസിന്റെ പിന്തുണയോടെ വീണ്ടും അധികാരത്തിലെത്തി. പശ്ചിമ ബംഗാൾ നിയമസഭയുടെ രണ്ട് സഭകളിലും ഉണ്ടായ നിരവധി സംഭവവികാസങ്ങളെ തുടർന്ന് സഭയിൽ സ്പീക്കർ സർക്കാരിന്റെ നടപടികൾ ഭരണഘടനാവിരുദ്ധമാണ് എന്ന് പ്രഖ്യാപിച്ചു. എന്നാൽ, കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന കൗൺസിൽ ഘോഷിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റിന് വിശ്വാസം പ്രകടിപ്പിച്ച് പ്രമേയം പാസാക്കി. ഈ പ്രമേയം നിയമസഭാ കൗൺസിലിന്റെ മരണമണി ആയിരുന്നു.

  Also Read-'മമത വി എസിനെ മാതൃകയാക്കണമായിരുന്നു; 1996ലേ പോലെ ധാർമികത മുൻനിർത്തി മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കരുതായിരുന്നു': സുവേന്ദു അധികാരി

  1969-ൽ നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ഐക്യമുന്നണി അധികാരത്തിൽ വന്നു. തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഈ സഖ്യം അവതരിപ്പിച്ച പ്രകടനപത്രികയിലെ 32 പോയിന്റുകളിൽ മുപ്പത്തിയൊന്നാമത്തേത് നിയമസഭാ കൗൺസിൽ എടുത്തുകളയും എന്നതായിരുന്നു. അധികാരത്തിലെത്തിയ ഉടൻ ആ സർക്കാർ സ്വീകരിച്ച ആദ്യത്തെ നടപടികളിലൊന്നും അതായിരുന്നു.

  ഭരണഘടനയുടെ ആർട്ടിക്കിൾ 168 നിയമസഭാ കൗൺസിൽ രൂപീകരിക്കുന്നതോ ഇല്ലാതാക്കുന്നതോ സംബന്ധിച്ച് പ്രമേയം പാസാക്കാനുള്ള അധികാരം നിയമസഭകൾക്ക് നൽകുന്നുണ്ട്. സഭയിലെ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ആ പ്രമേയത്തിന് ആവശ്യമാണ്. തുടർന്ന് ഇത് സംബന്ധിച്ച ബിൽ പാർലമെന്റിലും പാസാകണം. 1969 മാർച്ചിലാണ് പശ്ചിമ ബംഗാൾ നിയമസഭ ഈ പ്രമേയം പാസാക്കുന്നത്. തുടർന്ന് 4 മാസങ്ങൾക്ക് ശേഷം പാർലമെന്റിന്റെ ഇരു സഭകളും ബിൽ പാസാക്കിയതോടെ ഈ നിയമം പ്രാബല്യത്തിൽ വന്നു.

  മറ്റു സംസ്ഥാനങ്ങളിലെ കൗൺസിലുകൾ

  നിയമസഭാ കൗൺസിൽ വേണോ വേണ്ടയോ എന്നുള്ളത് ഒരു രാഷ്ട്രീയ പ്രശ്നമാണ്. ഉദാഹരണത്തിന്, തമിഴ്‌നാട്ടിൽ നിയമസഭാ കൗൺസിൽ രൂപീകരണം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഒരു വിവാദ വിഷയമായി നിലനിൽക്കുകയാണ്. 1986-ലെ എഐഎഡിഎംകെ ഗവൺമെന്റാണ് ഉപരിസഭ എടുത്തുകളയാനുള്ള തീരുമാനം കൈക്കൊണ്ടത്. അതിനുശേഷം ഡിഎംകെ പല തവണ കൗൺസിൽ വീണ്ടും രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എഐഎഡിഎംകെ അത്തരം നീക്കങ്ങളെ ചെറുത്തുനിന്നു. ഇപ്പോൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഡി എം കെയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് നിയമസഭാ കൗൺസിൽ രൂപീകരിക്കും എന്നതാണ്.

  2018-ൽ മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസരത്തിൽ കോൺഗ്രസും സമാനമായ വാഗ്ദാനം മുന്നോട്ടുവെച്ചിരുന്നു. ആന്ധ്ര പ്രദേശിൽ 1958-ൽ നിയമസഭാ കൗൺസിൽ ആദ്യം രൂപീകരിക്കുകയും പിന്നീട് 1985-ലെ ടി ഡി പി ഗവണ്മെന്റ് അത് എടുത്തു കളയുകയും ചെയ്തു. എന്നാൽ, 2007-ലെ കോൺഗ്രസ് സർക്കാർ വീണ്ടും കൗൺസിൽ രൂപീകരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ടി ഡി പിയുടെ ആധിപത്യമുള്ള നിയമസഭാ കൗൺസിൽ മൂന്ന് ക്യാപിറ്റൽ ബില്ലുകൾ സെലക്റ്റ് കമ്മിറ്റിയുടെ പരിഗണനയിലേക്ക് ശുപാർശ ചെയ്തതിനെ തുടർന്ന് വൈഎസ്ആർഎസ്പിയുടെ നിയന്ത്രണത്തിലുള്ള സർക്കാര്‍, നിയമസഭാ കൗൺസിൽ എടുത്തു കളയാനുള്ള പ്രമേയം പാസാക്കി.

  നിയമസഭാ കൗൺസിൽ രൂപീകരിക്കാനോ എടുത്തു കളയാനോ നിയമസഭയിൽ പ്രമേയം പാസാക്കുന്നതിലൂടെ മാത്രം കഴിയില്ല. അതിനു വേണ്ടിയുള്ള ബിൽ പാർലമെന്റിലും പാസാകേണ്ടതുണ്ട്. 2010-ൽ അസം സർക്കാരും 2012-ൽ രാജസ്ഥാൻ സർക്കാരും തങ്ങളുടെ സംസ്ഥാനങ്ങളിൽ നിയമസഭാ കൗൺസിലുകൾ രൂപീകരിക്കാനുള്ള പ്രമേയം അതാത് നിയമസഭകളിൽ പാസാക്കിയിരുന്നു. ഈ രണ്ട് ബില്ലുകളും രാജ്യസഭയുടെ പരിഗണനയിലാണുള്ളത്. ആന്ധ്ര പ്രദേശിൽ നിയമസഭാ കൗൺസിൽ നീക്കം ചെയ്യാനുള്ള ബിൽ പാർലമെന്റിൽ ഇതുവരെ അവതരിപ്പിച്ചിട്ടുമില്ല.
  Published by:Asha Sulfiker
  First published: