പത്തനംതിട്ട ജില്ലയിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട ജലയാനങ്ങളാണ് പള്ളിയോടങ്ങൾ. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പള്ളിയോടങ്ങൾ പങ്കെടുക്കുന്ന പമ്പാനദിയിലെ ആറന്മുള വള്ളംകളി.
മദ്ധ്യതിരുവിതാംകൂറിന്റെ ഒരുമയുടെ താളവും സാമൂഹിക ഐക്യവും പ്രതിഫലിക്കുന്ന ഒന്നാണ് പള്ളിയോടം. എതെങ്കിലും ക്ലബിന്റെ വിജയത്തിന് വേണ്ടിയല്ല പള്ളിയോടം തുഴയുന്നത്. വിവിധ നാനാ ജാതിമതത്തിൽപ്പെട്ടവർ നൂറ്റാണ്ടുകളായി ഇതിൽ പങ്കെടുക്കുന്നു. ക്രിസ്തീയ കുടുബങ്ങളിൽപ്പെട്ട ധാരാളം പേർ പള്ളിയോടങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.
പള്ളിയോടം ഓരോ കരക്കാരുടെയും സ്വന്തമാണ്. മദ്ധ്യതിരുവിതാംകൂറിൽ പണ്ട് ആറന്മുളയ്ക്ക് പടിഞ്ഞാറ് ഹരിപ്പാടിനോടു ചേർന്ന പള്ളിപ്പാട് മുതൽ കിഴക്ക് റാന്നിയോട് അടുത്ത വടശ്ശേരിക്കര വരെയായി 48 കരകളിൽ നിന്നായിരുന്നു പള്ളിയോടങ്ങൾ. കാലക്രമേണ ജീർണിച്ചും ജലമാർഗങ്ങളുടെ ശോഷണത്തിലൂടെയും കരക്കാരുടെ സ്വരച്ചേർച്ചയില്ലായ്മയിലും പലവള്ളങ്ങളും നശിച്ചു പോയി. പരുമല, ഇരമല്ലിക്കര, ഇരുവെള്ളിപ്ര, പള്ളിപ്പാട്, മേപ്രം, വാഴാർമംഗലം, പാണ്ടനാട്, ഐത്തല, വടശ്ശേരിക്കര എന്നിങ്ങനെ പല വള്ളങ്ങളും ഇപ്പോൾ ഓർമയായി. തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ എണ്ണം 27ൽ എത്തി. പിന്നീട് പലകരക്കാരും വളരെ ഉത്സാഹത്തോടെ വള്ളം നിർമ്മാണത്തിലേക്ക് തിരിഞ്ഞു.
93 മുതൽ മിക്കവാറും എല്ലാവർഷവും ഒരു പുതിയ വള്ളം ഇറങ്ങുന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇപ്പോൾ പടിഞ്ഞാറു ചെന്നിത്തല മുതൽ കിഴക്ക് റാന്നി വരെയുള്ള 51 പള്ളിയോടങ്ങളാണ് ആറന്മുള വള്ളംകളിയിൽ പങ്കെടുക്കുന്നത്.
Also Read-
ആഘോഷങ്ങളില്ലാതെ ആചാരത്തിലൊതുങ്ങി ആറന്മുള ഉതൃട്ടാതി ജലമേള1. ചെന്നിത്തല
2. കടപ്ര
3. വെൺപാല-കദളിമംഗലം
4. വന്മഴി
5. പ്രയാർ
6. കീഴ്വന്മഴി
7. മുതവഴി
8. ഉമയാറ്റുകര
9. മുണ്ടങ്കാവ്
10. കോടിയാട്ടുകര
11. തൈമറവുംകര
12. കീഴ്ചേരിമേൽ
13. മംഗലം
14. ഓതറ
15. പുതുകുളങ്ങര
16. കിഴക്കനോതര- കുന്നെക്കാട്
17. ഇടനാട്
18. ആറാട്ടുപുഴ
19. കോയിപ്രം
20. മാലക്കര
21. നെല്ലിക്കൽ
22. ഇടയാറന്മുള
23. ഇടയാറന്മുള കിഴക്ക്
24. ളാക ഇടയാറന്മുള
25. പൂവത്തൂർ പടിഞ്ഞാറ്
26. പൂവത്തൂർ കിഴക്ക്
27. തോട്ടപ്പുഴശ്ശേരി
28. ഇടശ്ശേരിമല
29. ഇടശ്ശേരിമല കിഴക്ക്
30. മല്ലപ്പുഴശ്ശേരി
31. മാരാമൺ
32. മാരാമൺ കിഴക്ക്
33. വരയന്നൂർ
34. പുന്നംത്തോട്ടം
35. തെക്കേമുറി
36. തെക്കേമുറി കിഴക്ക്
37. മേലുകര
38. കീഴുകര
39. നെടുംപ്രയാർ
40. കോഴഞ്ചേരി
41. അയിരൂർ
42. ചെറുകോൽ
43. കുറിയന്നൂർ
44. കോറ്റാത്തൂർ*
45. കീകൊഴൂർ
46. കാട്ടൂർ
47. ഇടപ്പാവൂർ-പേരൂർ
48. ഇടപ്പാവൂർ
49. ഇടക്കുളം
50. പുല്ലുപ്രം
51. റാന്നി
![]()
ചെമ്പകശ്ശേരി രാജാവിന്റെ കാലത്താണ് ആദ്യമായി ചുണ്ടൻവള്ളം നിർമ്മിച്ചത് എന്നാണു കരുതിപ്പോരുന്നത്. അക്കാലത്ത് നാട്ടുരാജ്യങ്ങളായ ചെമ്പകശ്ശേരിയും കായംകുളവും തമ്മിൽ യുദ്ധം പതിവായിരുന്നു. ഏറ്റുമുട്ടലുകൾ കൂടുതലും കായലുകളിൽ ആയിരുന്നു. കായംകുളം രാജാവിന്റെ കായൽസേന വളരെ കരുത്തേറിയതായതിനാൽ അവരുമായി പൊരുതിജയിക്കുക ചെമ്പകശ്ശേരി സൈന്യത്തിനു ബുദ്ധിമുട്ടായി. ഇതിന് പരിഹാരമായി വെടി ഉതിർക്കാൻ കഴിയുന്ന തട്ട് ഉൾപ്പെടെയുള്ള സംവിധാനമായി കൊടുപ്പുന്ന വെങ്കിടിയിൽ നാരായണൻ ആചാരി ആദ്യ ചുണ്ടൻവള്ളം പണിതു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കാലം മാറിയതോടെ വേഗത്തിലുള്ള മത്സരത്തിനായി ചുണ്ടൻ വള്ളം അമരവും കൂമ്പൂം താഴ്ത്തി നിർമ്മിച്ചു. ഇതാണ് ഇന്ന് കുട്ടനാട്ടിൽ പ്രചാരത്തിലുള്ളതും നെഹ്രു ട്രോഫിയിൽ ഉൾപ്പെടെ പങ്കെടുക്കുന്നതും.
Also Read-
പള്ളിയോടത്തില് ഷൂസിട്ട് ഫോട്ടോഷൂട്ട്; നവമാധ്യമ താരത്തിനെതിരെ പ്രതിഷേധംആറന്മുളയിലാകട്ടെ ചുണ്ടൻ വള്ളത്തിന്റെ മാതൃക പുനർനിർമിക്കപ്പെട്ടത് മറ്റൊരുതരം യുദ്ധത്തിനായിരുന്നു. പാർഥസാരഥിക്ക് ഓണ സദ്യയൊരുക്കാൻ വിഭവങ്ങളുമായി കാട്ടൂർ മഠത്തിൽ നിന്ന് തിരുവോണത്തോണിയിൽ വരുന്ന മങ്ങാട്ട് ഭട്ടതിരിയെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാനാണ് ഇവിടെ ചുണ്ടൻവള്ളം നിർമിച്ചത്. മുണ്ടപ്പുഴ തച്ചന്മാരാണ് ഇന്ന് കാണുന്ന പള്ളിയോടങ്ങൾ നിർമിച്ചത്. അത് നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ 52 എണ്ണമായി. നേരത്തെ ഇരുപത്തിയെട്ടര പള്ളിയോടമാണ് ഉണ്ടായിരുന്നത്. അര പള്ളിയോടം പരുന്ത് വാലൻ എന്ന ചെറിയ വള്ളമാണ്.
![]()
കുട്ടനാട്ടിലെ ചുണ്ടൻവള്ളങ്ങളെ അപേക്ഷിച്ച് പള്ളിയോടങ്ങൾക്ക് 5-6 കോൽ നീളം കുറവായിരിക്കും. കുട്ടനാട്ടിലെ വള്ളങ്ങളുടെ അമരം(പിൻഭാഗം), കൂമ്പ്(മുൻഭാഗം) എന്നിവ വെള്ളത്തിനോട് ചേർന്നു കിടക്കുമ്പോൾ പള്ളിയോടങ്ങളുടെ മൂന്നിൽ രണ്ടു ഭാഗം മാത്രമേ ജലത്തിൽ സ്പർശിക്കുകയുള്ളൂ. മുൻഭാഗവും (അണിയം) പിൻവശവും (അമരം) യഥാക്രമം 6 മുതൽ 18 അടി വരെ ജലനിരപ്പിൽ നിന്ന് ഉയർന്നാണ് നിൽക്കുന്നത്. അതുപോലെ വള്ളത്തിന്റെ 'ഉടമ'(വീതി) കുട്ടനാടൻ വള്ളങ്ങളെ അപേക്ഷിച്ചു കൂടുതൽ ആയിരിക്കും. പള്ളിയോടത്തിലെ 64 തുഴച്ചിൽക്കാർ 64 കലകളും കൂമ്പത്ത് (അണിയം) ഉള്ള 8 തുഴക്കാർ അഷ്ടദിക് പാലകന്മാരും കന്നൽ കുമിളകൾ സൂര്യചന്ദ്രന്മാരായും അമരച്ചാർത്തിലെ 9 കുമിളകൾ നവ ഗ്രഹങ്ങളായും സങ്കൽപ്പിക്കപ്പെടുന്നു. നാല് അമരക്കാർ 4 വേദങ്ങളായാണ് സങ്കൽപ്പിക്കുന്നത്. അമരം എന്ന വാക്കിന്റെ എല്ലാ അർഥവും പ്രയോഗത്തിൽ കാണുന്ന ഒന്നാണ് പള്ളിയോടം. അമരക്കാർ നിയന്ത്രിക്കുന്നിടത്തേക്കാണ് പള്ളിയോടം സഞ്ചരിക്കുന്നത്. നദിയുടെ മദ്ധ്യത്തിൽ ചവിട്ടിത്തിരിക്കുവാൻ കഴിയുന്ന തരത്തിലാണ് നിർമ്മിതി.
Also Read-
പള്ളിയോടത്തില് കയറി ഷൂസിട്ട് ഫോട്ടോഷൂട്ട് നടത്തിയ യുവതിയ്ക്കെതിരെ കേസെടുത്ത് പൊലീസ്കേവലം തടിയിൽ നിർമിച്ച ജലയാനം എന്നതിൽ ഉപരി പവിത്രമായ സങ്കൽപ്പത്തിലാണ് പള്ളിയോടങ്ങളെ വിശ്വാസികൾ കാണുന്നത്. പാർഥസാരഥിയുടെ ഭക്തിയിൽ നിർമിക്കപ്പെട്ട ഓരോ വള്ളത്തിലും ഭഗവാൻ പള്ളികൊള്ളുന്നു എന്നാണ് കരുതപ്പെടുന്നത്. അതുകൊണ്ടാണ് കാഴ്ചയിൽ ചുണ്ടൻവള്ളം പോലെയെങ്കിലും അവയെ പള്ളിയോടം എന്ന് വിളിക്കുന്നത്. ക്ഷേത്രത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നോ അതേ നിഷ്ടയോടെ പള്ളിയോടത്തിലും പ്രവേശിക്കണം എന്നതാണ് ആചാരം. അതുകൊണ്ട് തന്നെ ഭഗവൽ സങ്കൽപ്പത്തിൽ പാർഥസാരഥി ക്ഷേത്രത്തിൽ പൂജിച്ച മാല വള്ളത്തിൽ ചാർത്തി അമരച്ചാർത്തും ബാണക്കൊടിയും ഉയർത്തിയാൽ പിന്നെ വെള്ളമുണ്ടും തലയിൽക്കെട്ടിയ തോർത്തും മാത്രമാണ് പള്ളിയോടത്തിൽ കയറുന്നവരുടെ വേഷം. സാധാരണ സാഹചര്യങ്ങളിൽ പള്ളിയോടം സൂക്ഷിച്ചിരിക്കുന്ന പള്ളിയോടപ്പുരയിലോ അമരച്ചാർത്തില്ലാതെ നദിയിൽ കെട്ടിയിട്ടിരിക്കുമ്പോഴോ പള്ളിയോടത്തിൽ ആരും ചെരുപ്പിട്ട് കയറാറില്ല.
![]()
പള്ളിയോടങ്ങൾക്കായി നൽകുന്ന വിശേഷാൽ വഴിപാടാണ് വള്ളസദ്യ. പള്ളിയോടത്തിലെത്തുന്നതിൽ ആരോ ഒരാൾ ഭഗവാനാണെന്നാണ് സങ്കൽപ്പം. അതിനാൽ പള്ളിയോടത്തിലെത്തുന്നവരെ പാർഥസാരഥിയുടെ പ്രതിനിധികളായാണ് വിശ്വാസികൾ കരുതുന്നത്. വഞ്ചിപ്പാട്ടിലൂടെയും ശ്ലോകങ്ങളിലൂടെയും പാടിച്ചോദിക്കുന്നതെന്തും ഇലയിൽ വിളമ്പിയാണ് സത്കരിക്കുന്നത്. 64 വിഭവങ്ങൾ ഒരുക്കിയാണ് പള്ളിയോടത്തിലെത്തുന്നവരെ സത്കരിക്കുന്നത്. വള്ളസദ്യയിലും നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്നു. ഒട്ടേറെ പ്രമുഖർ വള്ളസദ്യ വഴിപാട് നടത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.