• HOME
  • »
  • NEWS
  • »
  • explained
  • »
  • Amar Jawan Jyoti | അരനൂറ്റാണ്ടിനു ശേഷം അമര്‍ ജവാന്‍ ജ്യോതി അണയുന്നു; ജ്വാല അണയ്ക്കുന്നതിന് പിന്നിലെ യാഥാർഥ്യമെന്ത്?

Amar Jawan Jyoti | അരനൂറ്റാണ്ടിനു ശേഷം അമര്‍ ജവാന്‍ ജ്യോതി അണയുന്നു; ജ്വാല അണയ്ക്കുന്നതിന് പിന്നിലെ യാഥാർഥ്യമെന്ത്?

അമര്‍ ജവാന്‍ ജ്യോതി ജ്വാല അണയ്ക്കുന്നില്ലെന്നും ദേശീയ യുദ്ധസ്മാരകത്തിലെ (National War Memorial) ജ്വാലയുമായി അത് ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള അമര്‍ ജവാന്‍ ജ്യോതിയിലെ (Amar Jawan Jyoti) ജ്വാല അണയ്ക്കുന്നതിനെച്ചൊല്ലി രാജ്യത്ത് വിവാദങ്ങള്‍ ഉയരുന്നതിനിടെ വിശദീകരണവുമായി സർക്കാർ വൃത്തങ്ങൾ. അമര്‍ ജവാന്‍ ജ്യോതി ജ്വാല അണയ്ക്കുന്നില്ലെന്നും ദേശീയ യുദ്ധസ്മാരകത്തിലെ (National War Memorial) ജ്വാലയുമായി അത് ലയിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

    സര്‍ക്കാര്‍ വിശദീകരണം

    ''അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല 1971ലെയും മറ്റ് യുദ്ധങ്ങളിലെയും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണെങ്കിലും രക്തസാക്ഷികളുടെ പേരുകളൊന്നും അവിടെ ഇല്ലാത്തത് വിചിത്രമാണ്'', സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ''ഒന്നാം ലോകമഹായുദ്ധത്തിലും ആംഗ്ലോ അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പോരാടിയ ചില രക്തസാക്ഷികളുടെ പേരുകള്‍ മാത്രമാണ് ഇന്ത്യാ ഗേറ്റില്‍ ആലേഖനം ചെയ്തിരിക്കുന്നത്, അത് നമ്മുടെ കൊളോണിയല്‍ ഭൂതകാലത്തിന്റെ പ്രതീകമാണ്'', അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാൽ, 1971ലും അതിനു മുമ്പും ശേഷവും ഉണ്ടായിട്ടുള്ളതുമായ യുദ്ധങ്ങളിൽ ജീവൻ ബലി നൽകിയ എല്ലാ ഇന്ത്യന്‍ രക്തസാക്ഷികളുടെയും പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. അതിനാല്‍, അവിടെ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ജ്വാല ഒരു യഥാര്‍ത്ഥ ശ്രദ്ധാഞ്ജലിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

    അമര്‍ ജവാന്‍ ജ്യോതി സ്ഥിതി ചെയ്യുന്ന ഇന്ത്യാ ഗേറ്റില്‍ ആലേഖനം ചെയ്തിട്ടുള്ള പേരുകള്‍ ഒന്നാം ലോക മഹായുദ്ധത്തിലും ആംഗ്ലോ അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പോരാടിയവരുടെ പേരുകളാണെന്നും 1971 ലും തുടര്‍ന്നുള്ള യുദ്ധത്തിലും രക്തസാക്ഷികളായവരുടെ പേരുകളല്ലെന്നും ബിജെപിയുടെ അമിത് മാളവ്യ പറഞ്ഞു. ''നാഷണല്‍ വാര്‍ മെമ്മോറിയല്‍ അവർക്ക് ആദരവ് നൽകുന്ന സ്മാരകമാണ്. അതുകൊണ്ടാണ് ജ്വാല ലയിപ്പിക്കാനുള്ള തീരുമാനം എടുത്തത്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    അമര്‍ ജവാന്‍ ജ്യോതി ലയിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

    അതേസമയം, ഈ നീക്കത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആശങ്ക പ്രകടിപ്പിക്കുകയും മനീഷ് തിവാരി ഇത് ചരിത്രം മായ്ക്കുന്നതിന് തുല്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്തതോടെ പ്രതിപക്ഷ നേതാക്കള്‍ കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ ആഞ്ഞടിച്ചു. ''നമ്മുടെ ധീര ജവാന്‍മാര്‍ക്ക് വേണ്ടി ഇത്രയും കാലം ജ്വലിച്ച അനശ്വര ജ്വാല ഇന്ന് അണയുമെന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ചിലര്‍ക്ക് രാജ്യസ്‌നേഹവും ത്യാഗവും മനസ്സിലാക്കാന്‍ കഴിയില്ല. എന്തായാലും, നമ്മുടെ സൈനികര്‍ക്കായി ഞങ്ങള്‍ ഒരിക്കല്‍ കൂടി അമര്‍ ജവാന്‍ ജ്യോതി തെളിയിക്കും'', അനശ്വരമായ അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാല അണയുന്നതിൽ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

    3,483 ധീര സൈനികരുടെ ത്യാഗത്തെ പ്രതിനിധീകരിക്കുന്ന അമര്‍ ജവാന്‍ ജ്യോതി കെടുത്തുന്നത് ചരിത്രത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും ഈ നടപടിയിൽ സര്‍ക്കാരിനെതിരെ പരിഹസിച്ചു. യുദ്ധത്തില്‍ വിജയിച്ചതിന് ശേഷം പാകിസ്ഥാനെ രണ്ടായി വിഭജിക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും എന്നാല്‍ സ്മാരകം ഉണ്ടാക്കാന്‍ കഴിഞ്ഞത് ബിജെപിയുടെ ഭാഗ്യമാണെന്നുമാണ് പവന്‍ ഖേര ട്വീറ്റ് ചെയ്തത്. ആര്‍ജെഡി എംപി മനോജ് ഝായും ഈ നീക്കത്തിനെതിരെ സര്‍ക്കാരിനെ കടന്നാക്രമിച്ചു. ഇത് നല്ല രാഷ്ട്രീയമോ നല്ല വീക്ഷണമോ അല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

    അമര്‍ ജവാന്‍ ജ്യോതി ലയിപ്പിക്കുന്നതിനെ സ്വാഗതം ചെയ്ത് മുതിര്‍ന്ന സൈനികര്‍

    അതേസമയം ചില മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും ദേശീയ യുദ്ധസ്മാരകവുമായി അമര്‍ ജവാന്‍ ജ്യോതി ജ്വാല ലയിപ്പിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ദേശീയ യുദ്ധസ്മാരകം സ്ഥാപിച്ചതിനാലും സൈനികരെ അനുസ്മരിക്കുന്നതും ആദരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളും അവിടെ നടക്കുകയും ചെയ്യുന്നതിനാൽ ഈ നീക്കം സ്വാഭാവികമായ കാര്യമാണെന്ന് കാര്‍ഗില്‍ യുദ്ധകാലത്ത് ഇന്ത്യയെ നയിച്ച വേദ് മാലിക് പറഞ്ഞത്. വിരമിച്ച ആർമി ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ സതീഷ് ദുവ പറഞ്ഞത്, അമര്‍ ജവാന്‍ ജ്യോതിയിലെ ശാശ്വത ജ്വാല ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിക്കുന്നത് തനിക്ക് വലിയ സംതൃപ്തി നല്‍കുന്നുവെന്നാണ്.

    ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ജ്വാല 50 വര്‍ഷത്തിന് ശേഷം അണയ്ക്കുകയാണെന്നും ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി വെള്ളിയാഴ്ച അത് ലയിപ്പിക്കുമെന്നുമായിരുന്നു നേരത്തെ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അമര്‍ ജവാന്‍ ജ്യോതിയുടെ ജ്വാല വെള്ളിയാഴ്ച ഉച്ചയോടെ അണയ്ക്കുമെന്നും, എല്ലാ ആദരവോടും കൂടി ഇന്ത്യാ ഗേറ്റിന്റെ മറുവശത്ത് 400 മീറ്റര്‍ മാത്രം അകലെയുള്ള ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അത് ലയിപ്പിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2019 ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ദേശീയ യുദ്ധ സ്മാരകത്തില്‍, 25,942 സൈനികരുടെ പേരുകള്‍ ഗ്രാനൈറ്റ് ഫലകങ്ങളില്‍ സുവര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

    അമര്‍ ജവാന്‍ ജ്യോതി

    1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ സ്മാരകമായാണ് അമര്‍ ജവാന്‍ ജ്യോതി നിര്‍മ്മിച്ചത്. ആ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചതോടെയാണ്, പാകിസ്ഥാന്‍ വിഭജിക്കപ്പെടുകയും കിഴക്കന്‍ പാക്കിസ്ഥാന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശ് എന്ന രാഷ്ട്രം സൃഷ്ടിക്കപ്പെടുകയും ചെയ്തത്. 1971ലെ ഇന്ത്യാ-പാകിസ്ഥാന്‍ യുദ്ധാനന്തരം, 1972 ജനുവരി 26 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് അമര്‍ ജവാന്‍ ജ്യോതി ഉദ്ഘാടനം ചെയ്തത്.

    ന്യൂ ഡല്‍ഹിയിലെ ഇന്ത്യഗേറ്റിന് കീഴിലായിട്ടാണ് അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്. കറുത്ത മാര്‍ബിളിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന്റെ മുകളില്‍ ഒത്ത നടുവിലായി ഒരു 7.62 എം.എം എസ്.എല്‍.ആര്‍ റൈഫിള്‍ അതിന്റെ ബാരല്‍ താഴോട്ട് വരത്തക്കവണ്ണം കുത്തനെ നിര്‍ത്തിയിരിക്കുന്നു. റൈഫിളിന്റെ മുകളിലായി ഒരു ആര്‍മി ഹെല്‍മറ്റും സ്ഥാപിച്ചിട്ടുണ്ട്. സ്മാരകത്തിന്റെ നാല് വശങ്ങളിലുമായി കഴിഞ്ഞ അര നൂറ്റാണ്ടായി നാല് ദീപങ്ങള്‍ അണയാതെ ജ്വലിച്ചുനില്‍ക്കുന്നു. ഇതാണ് അമര്‍ ജവാന്‍ ജ്യോതി.
    Published by:Karthika M
    First published: