നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Anupama Baby Missing| അനുപമ ജില്ലയിലെ പ്രമുഖ പാർട്ടി കുടുംബാംഗം; നഗരസഭാ സ്ഥാനാർഥിയായി പാർട്ടി പരിഗണിച്ച പേരുകളിലൊന്ന്; സംഭവിച്ചതെന്ത്?

  Anupama Baby Missing| അനുപമ ജില്ലയിലെ പ്രമുഖ പാർട്ടി കുടുംബാംഗം; നഗരസഭാ സ്ഥാനാർഥിയായി പാർട്ടി പരിഗണിച്ച പേരുകളിലൊന്ന്; സംഭവിച്ചതെന്ത്?

  കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ പേരൂര്‍ക്കട വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നവരില്‍ മുന്നിലായിരുന്നു അനുപമ. ഈ ഘട്ടത്തിലാണ് വിവാദങ്ങളുയർന്നത്.

  അനുപമ

  അനുപമ

  • Share this:
   തിരുവനന്തപുരം: അനുപമ (Anupama) , കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാനലുകളിലും പത്രങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറയുന്ന പേര്. പ്രസവിച്ച് മൂന്നാം നാള്‍ നഷ്ടപ്പെട്ട കുഞ്ഞിനെ (Baby Missing)  തിരിച്ച് കിട്ടാനുള്ള പോരാട്ടത്തിലാണ് മുന്‍ എസ് എഫ് ഐ (SFI) പ്രവര്‍ത്തകയായ അനുപമ എസ് ചന്ദ്രന്‍ (Anupama S Chandran) ഇപ്പോൾ. പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. കുഞ്ഞിനെ തിരികെ കിട്ടാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അനുപമ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരമിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടി സ്വീകരിക്കാമെന്ന സർക്കാർ (Kerala Government) ഉറപ്പിനെ തുടർന്ന് വൈകിട്ട് അഞ്ചോടെ സമരം അവസാനിപ്പിച്ചു. കുഞ്ഞിനെ കിട്ടാൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് (habeas corpus) ഹർജി നൽകാനൊരുങ്ങുകയാണ് അനുപമ.

   ജില്ലയിലെ പ്രമുഖ പാർട്ടി കുടുംബം; നഗരസഭാ സ്ഥാനാർഥിയായും പരിഗണിച്ചു

   പേരൂര്‍ക്കടയിലെ പ്രമുഖ സിപിഎം (CPM) കുടുംബത്തിലെ അംഗമാണ് അനുപമ. മുത്തച്ഛന്‍ പേരൂര്‍ക്കട സദാശിവന്‍ (Peroorkada Sadasivan) ജില്ലയിലെ പ്രമുഖ നേതാവും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അച്ഛന്‍ പി എസ് ജയചന്ദ്രന്‍ സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗം. ഏരിയ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടാനിരിക്കെയാണ് മകളുടെ പേരിലുള്ള വിവാദത്തിലകപ്പെട്ടത്. അമ്മയും പാർട്ടി അംഗം. പേരൂര്‍ക്കടയില്‍ കോർപറേഷന്‍ വാര്‍ഡ് മുതല്‍ പ്രദേശത്തെ സഹകരണ ബാങ്കില്‍ വരെ പ്രാതിനിധ്യമുള്ള കുടുംബമാണ് അനുപമയുടേത്. കഴിഞ്ഞ വര്‍ഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ പേരൂര്‍ക്കട വാര്‍ഡില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നവരില്‍ മുന്നിലായിരുന്നു അനുപമ. ഈ ഘട്ടത്തിലാണ് വിവാദങ്ങളുയർന്നത്.

   വിവാഹിതനായ പാര്‍ട്ടി നേതാവുമായി പ്രണയം

   എസ്എഫ്ഐ ജില്ലാ ഭാരവാഹിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമായിരുന്നു അനുപമ. ഡിവൈഎഫ്ഐ പേരൂര്‍ക്കട മേഖല കമ്മിറ്റി സെക്രട്ടറിയായിരുന്നു അജിത്. ഇതിനിടെ വിവാഹിതനായ അജിത്തുമായി അനുപമ പ്രണയത്തിലാകുകയായിരുന്നു. 2011 ൽ അജിത്ത് വിവാഹിതനായിരുന്നു. അതിനിടെയാണ് അനുപമയുമായി പ്രണയിത്തിലാകുന്നതും പിന്നീട് ഗര്‍ഭിണിയായതും. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടുകാരുടെ എതിർപ്പ് ശക്തമായി. എന്നാല്‍ അജിത്തിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അനുപമ വീട്ടുകാരോട് തീർത്തു പറഞ്ഞു.

   ഗര്‍ഭം അലസിപ്പിക്കുമെന്നും അല്ലെങ്കില്‍ ഭ്രാന്താശുപത്രിയില്‍ കൊണ്ട് പോയി ഇടുമെന്നും വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയതായാണ് അനുപമ ആരോപിക്കുന്നത്. എന്നാല്‍ കുഞ്ഞിനെ തനിക്ക് വേണമെന്നും പ്രസവിക്കുമെന്നും അനുപമ നിലപാട് എടുത്തു. പാര്‍ട്ടി കമ്മിറ്റികളില്‍ നേതാവുമായുള്ള അടുപ്പം പ്രണയത്തിലേക്ക് എത്തിയതിനെ അനുപമയുടെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല, അജിത്ത് വിവാഹിതനാണെന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. എന്നാല്‍ അജിത്ത് ദളിത് ക്രിസ്ത്യനായതാണ് വീട്ടുകാരുടെ പ്രശ്‌നമെന്നാണ് അനുപമ ആരോപിക്കുന്നത്.

   ചേച്ചിയുടെ വിവാഹവും കുഞ്ഞിനെ മാറ്റാനുള്ള ശ്രമവും

   കുഞ്ഞിന് ജന്മം നല്‍കുമെന്നും അജിത്തിനൊപ്പം ജീവിക്കുമെന്നും അനുപമ തീരുമാനിച്ചതോടെ വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നെങ്കിലും അനുപമയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് വഴങ്ങേണ്ടി വന്നു. അപ്പോഴും കുട്ടിയെ അനുപമയില്‍നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ ഒരുവശത്ത് നടന്നു. 2020 ഒക്ടോബര്‍ 20 ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കൃത്യം മൂന്നാം ദിവസം ഈ കുട്ടിയെ അനുപമയുടെ മാതാപിതാക്കള്‍ മാറ്റിയതായാണ് ആരോപണം. ശിശുക്ഷേമ സമിതി വഴി കുട്ടിയെ ആന്ധ്രയിലുള്ള ദമ്പതികള്‍ക്ക് ദത്ത് നല്‍കിയെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദം. കുട്ടിയെ വിട്ടു നൽകാൻ എന്തുകൊണ്ട് അനുപമ അനുമതിപത്രത്തിൽ ഒപ്പിട്ടു നൽകി എന്ന ചോദ്യവും മറുവശത്ത് ഉയരുന്നു.

   അനുപമയുടെ ചേച്ചിയുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണമെന്നും അതിന് ശേഷം കുട്ടിയെ അനുപമയ്ക്ക് നല്‍കാമെന്നും അതുവരെ മറ്റൊരിടത്ത് കുട്ടി സുരക്ഷിതമായിരിക്കും എന്നും മാതാപിതാക്കള്‍ അനുപമയോട് പറഞ്ഞു. ചേച്ചിയുടെ വിവാഹത്തിന് ശേഷം കുട്ടിക്കും അജിത്തിനുമൊപ്പം ജീവിക്കാന്‍ അനുവദിക്കാമെന്നും അപ്പോഴേക്കും അജിത്ത് ആദ്യ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

   വീട്ടുകാർ വാക്ക് മാറിയതോടെ പരാതി നൽകി

   തന്റെ കുഞ്ഞിനെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് അനുപമ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി. മാസങ്ങള്‍ പിന്നിട്ടിട്ടും പരാതിയിൽ നടപടിയുണ്ടായില്ല. കുട്ടിയെ തന്നില്‍നിന്ന് എന്നെന്നേക്കുമായി അകറ്റാന്‍ വീട്ടുകാര്‍ വലിയ പദ്ധതി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് അനുപമ ആരോപിക്കുന്നത്. ഉന്നത പാര്‍ട്ടി കുടുംബമായതിനാല്‍ തന്നെ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നും അനുപമയും അജിത്തും ആരോപിക്കുന്നു.

   അനുപമയുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും തിരിമറി നടന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്തിന് പകരം ജയകുമാര്‍ എന്ന വ്യക്തിയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ അനുപമ പ്രസവിക്കുന്ന സമയത്ത് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

   അനുപമയ്‌ക്കെതിരെ അജിത്തിന്റെ മുൻ ഭാര്യ നാസിയ

   "അജിത്ത് എന്റെ ഡാൻസ് മാസ്റ്റർ ആയിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് വിവാഹം ചെയ്തത്. 2011 ലായിരുന്നു വിവാഹം. എന്റെ ഭർത്താവായിരിക്കെയാണ് അജിത്ത് അനുപമയുമായി അടുത്തത്. അവൾ സഹോദരിയെ പോലെയാണെന്നാണ് അന്ന് അജിത്ത് പറഞ്ഞത്. ഞാൻ ഒരുപാട് സഹിച്ചു. അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയിരുന്നില്ല. അടുത്ത വീട്ടിലാണ് കിടന്നത്. അനുപമ ഗർഭിണിയായിരുന്ന മൂന്നാം മാസം തന്നെ ഞാൻ കാര്യങ്ങൾ അറിഞ്ഞിരുന്നു. എന്റെ വീട്ടിൽ വിളിച്ച് എന്റെ വീട്ടുകാരോട്എന്നെ വിളിച്ചു കൊണ്ടു പോകാൻ അജിത്ത് നിർബന്ധിച്ചിരുന്നു.''

   ''പ്രസവിച്ച ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറിയത് അനുപമയുടെ അറിവോടെയാണ്. അനുപമയുടെ അച്ഛൻ ആരാഞ്ഞതിനു മറുപടിയായി വിവാഹമോചനം തരില്ലെന്ന് പറയാൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനു ശേഷമാണ് അനുപമ കുഞ്ഞിനെ ദത്ത് നൽകിയത്. അനുപമ സമ്മതപത്രം നൽകിയത് കണ്ടിരുന്നു. അത് താൻ വായിച്ചു നോക്കിയിരുന്നു. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹമോചനം വാങ്ങിയത്. തന്നെ സഹായിക്കാൻ ഇപ്പോൾ ആരുമില്ല. ഇങ്ങനെ അലഞ്ഞു തിരഞ്ഞ് നടക്കുകയാണ്.''

   എന്നാല്‍ അനുപമയുടെ വീട്ടുകാരാണ് തന്റെ മുൻ ഭാര്യയെ ഇപ്പോള്‍ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്. ജോലി വാഗ്ദാനം ചെയ്താണ് നാസിയയെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് അജിത്ത് ആരോപിക്കുന്നത്.‌


   Also Read- കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്; ഹേബിയസ് കോർപസ് ഹർജി നൽകും

    'അനുപമ സഹോദരിയെ പോലെയെന്ന് അജിത് പറഞ്ഞു; വിവാഹമോചനം ഭീഷണിപ്പെടുത്തി': ഇപ്പോൾ സഹായിക്കാൻ ആരുമില്ലെന്ന് നാസിയ

   'കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ'; സര്‍ക്കാര്‍ നടപടിയില്‍ സന്തോഷം: അനുപമ

   'പാർട്ടിയിലല്ല, കോടതിയിലാണ് വിശ്വാസം'; കുഞ്ഞിനെ തിരിച്ചുകിട്ടാൻ ഒപ്പം നില്‍ക്കുമെന്ന CPM വാഗ്ദാനത്തില്‍ വിശ്വാസമില്ലെന്ന് അനുപമ
   Published by:Rajesh V
   First published:
   )}