• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇത് തന്നെ പറ്റിയ സമയം, എന്തുകൊണ്ട്?

Explained: വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇത് തന്നെ പറ്റിയ സമയം, എന്തുകൊണ്ട്?

കോവിഡ് 19ന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഭവന നിർമ്മാണാവശ്യം കുത്തനെ ഉയർന്നിരുന്നു

Representative Image

Representative Image

 • Last Updated :
 • Share this:
  കഴിഞ്ഞ ഒരു മാസത്തിനിടെ, നിരവധി ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും തങ്ങളുടെ ഹോം ലോൺ നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ ഉയർന്ന പണലഭ്യതയുടെയും താഴ്ന്ന പലിശ നിരക്കിന്റെയും ലഭ്യതയോടെ പുതിയ ഭവനവായ്പ അപേക്ഷകൾ വർദ്ധിച്ച് തുടങ്ങി. ഇതിനിടെ ബിൽഡർമാരും ഓഫറുകളും കിഴിവുകളും പ്രഖ്യാപിക്കാൻ തുടങ്ങി. അതുകൊണ്ട് തന്നെ വീട് വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ഇത് അനുയോജ്യമായ സമയം തന്നെയാണെന്ന് വിദഗ്ധർ പറയുന്നു.

  എന്തുകൊണ്ടാണ് വീടുകളുടെ ആവശ്യം വർദ്ധിക്കുന്നത്?
  കോവിഡ് 19ന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഭവന നിർമ്മാണാവശ്യം കുത്തനെ ഉയർന്നിരുന്നു. നിരവധി സംസ്ഥാന സർക്കാരുകൾ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ചതും ഡെവലപ്പർമാർ വാഗ്ദാനം ചെയ്ത കിഴിവുകളും കുറഞ്ഞ പലിശ നിരക്കുമൊക്കെയാണ് ഇതിന് കാരണം. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടർന്ന് 2021 ജൂണിൽ അവസാനിച്ച പാദത്തിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതും സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉയർച്ചയുണ്ടായതും വേഗത്തിലുള്ള വാക്സിൻ വിതരണവുമൊക്കെ കഴിഞ്ഞ രണ്ട് മാസങ്ങളായി വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാക്കി.

  വിദ്യാഭ്യാസം, ക്വാറന്റൈൻ, ജോലി എന്നിവയ്ക്ക് ഇന്ന് വീട്ടിൽ കൂടുതൽ സ്ഥലം ആവശ്യമാണ്. അതുകൊണ്ട് തന്നെ കോവിഡ് 19 ഭവന നിർമ്മാണ മേഖലയിലെ ആവശ്യകത വ‍ർദ്ധിപ്പിച്ചുവെന്ന് ഒരു പ്രമുഖ ഹൗസിംഗ് ഫിനാൻസ് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ജോലി സംബന്ധമായി "വാടകയ്ക്ക് താമസിച്ചിരുന്ന പലർക്കും ഇപ്പോൾ കോവിഡിനെ തുടർന്ന് സ്വന്തമായി ഒരു വീടിന്റെ ആവശ്യകത വ‍ർദ്ധിച്ചിരിക്കുകയാണ്”അദ്ദേഹം പറഞ്ഞു.

  ഐടി പോലുള്ള സേവന മേഖലകളിലുടനീളമുള്ള ജീവനക്കാർ വ‍ർക്ക് ഫ്രം ഹോം രീതിയിലേയ്ക്ക് മാറിയതിനാൽ, നിരവധി ആളുകൾ ഇപ്പോൾ അവരുടെ ജോലിസ്ഥലത്ത് നിന്നോ ന​ഗരപ്രദേശത്ത് നിന്ന് അകലെയുള്ള സ്ഥലങ്ങളിലോ വീട് വാങ്ങാനാണ് നോക്കുന്നതെന്ന് ഈ മേഖലയിലെ വിദ​ഗ്ധ‍ർ പറയുന്നു. കഴിഞ്ഞ ഒരു വർഷമായി വീടുകളുടെ ഡിമാൻഡിലുള്ള വർദ്ധനവ് ചില നഗരങ്ങളിൽ വില വർദ്ധനവിന് കാരണമായി.

  വില ഉയരുമോ?
  ഡെവലപ്പർമാർ അവരുടെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിനായി വിൽപ്പന നടത്താൻ ആ​ഗ്രഹിക്കുന്നതിനാൽ വില ഉടൻ ഉയരില്ലെന്ന് വിദഗ്ദ്ധ‍ർ പറയുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം വിൽപ്പന കുറഞ്ഞതോടെ 60 നഗരങ്ങളിലായി വിൽക്കപ്പെടാത്ത 12.5 ലക്ഷം യൂണിറ്റുകളുണ്ട്.

  വിപണിയിൽ ആവശ്യത്തിന് സപ്ലൈ ഉള്ളതിനാൽ "പ്രോപ്പർട്ടി വില ഉയരുമെന്ന് പ്രതീക്ഷിക്കേണ്ട" എന്നാണ് റിയൽ എസ്റ്റേറ്റ് വിദ​ഗ്ധരുടെ അഭിപ്രായം. "പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വിൽപ്പന വേഗത്തിലാക്കും" അതിനാൽ വിതരണം ഒരു പ്രശ്നമാകില്ലെന്നും ചില വിദഗ്ധർ പറഞ്ഞു. എന്നാൽ സാധനങ്ങളുടെ വില ഉയരുന്നതിനാൽ വിലയിൽ 10 -15% വർദ്ധനവുണ്ടാകാമെന്നും തൊഴിലാളികൾ അവരവരുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനെത്തുടർന്ന് നി‍ർമ്മാണ തൊഴിലാളികളുടെ കൂലി വർദ്ധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

  നിങ്ങൾ ഇപ്പോൾ തന്നെ വീട് വാങ്ങേണ്ടതുണ്ടോ?
  ഒരു വീട് വാങ്ങാൻ നിങ്ങൾ പണം വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഇത് നല്ല സമയമാണ്. ആവശ്യത്തിന് വീടുകൾ ഉള്ളതിനാലും ഡെവലപ്പർമാ‍ർ എങ്ങനെയും വിൽപ്പന നടത്താൻ ആ​ഗ്രഹിക്കുന്നതിനാലും ഇപ്പോൾ വിപണി "വാങ്ങുന്നവരുടെ വിപണിയാണ്". അതേസമയം, പലിശ നിരക്കും ആകർഷകമാണ്. കുറഞ്ഞ ഇഎംഐയും കുറഞ്ഞ പലിശ നിരക്കും ഉപഭോക്താക്കൾക്ക് നേട്ടമാണ്. ഉദാഹരണത്തിന്, നിങ്ങൾക്ക് 50,000 രൂപ ഇഎംഐ അടയ്ക്കാൻ കഴിയുമെങ്കിൽ 8% പലിശ നിരക്കിൽ നിങ്ങൾക്ക് 60 ലക്ഷം രൂപ വരെ വായ്പയെടുക്കാം. എന്നാൽ നിലവിലെ കുറഞ്ഞ നിരക്കിൽ 6.7% പലിശയ്ക്ക് 66 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.

  കോവിഡ് കാരണം നിർമാണ പ്രവർത്തനങ്ങൾ 40% കുറഞ്ഞതിനാൽ ഡെവലപ്പർമാർ സമ്മർദ്ദത്തിലാണെന്ന് ഇൻഡസ്ട്രി ഇൻസൈഡർ പറയുന്നു. അതുകൊണ്ട് തന്നെ വീട് വാങ്ങാൻ ഇത് നല്ല സമയമാണ്. എന്നാൽ വീട് വാങ്ങുമ്പോൾ നി‍‌ർമ്മാണം പൂ‍ർത്തിയായ വീടുകൾ വേണം തിരഞ്ഞെടുക്കാൻ. നിങ്ങളുടെ സ്വന്തം ആവശ്യത്തിനായി ഒരു വീട് വാങ്ങുന്നത് ഇപ്പോൾ നേട്ടമാണ്. എന്നാൽ നിക്ഷേപത്തിനായി ഒരു വീട് വാങ്ങുന്നത് അത്ര ​ഗുണകരമായിരിക്കില്ല. കാരണം ഉയർന്ന ഇൻവെന്ററി ലെവലും പുതിയ ഇൻവെന്ററികളും വരുന്നതിനാൽ വിലകൾ എളുപ്പത്തിൽ ഉയരാൻ സാധ്യതയില്ല.

  റിയൽ എസ്റ്റേറ്റ് ഓഹരികളിൽ നിക്ഷേപിക്കാൻ നല്ല സമയമാണോ?
  ഇക്വിറ്റി മാർക്കറ്റ് കുതിച്ചുചാട്ടത്തിനിടയിൽ, റിയൽ എസ്റ്റേറ്റ് ഓഹരികളിലും കുത്തനെ ഉയർച്ചയുണ്ടായി. മെട്രോ നഗരങ്ങളിലെ ബ്ലൂ ചിപ്പ് റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ശക്തമായ വിൽപ്പന നിഫ്റ്റി റിയൽറ്റി സൂചിക 2020 മേയിലെ 160 ൽ നിന്ന് (പ്രതിമാസ ക്ലോസിംഗ് അടിസ്ഥാനത്തിൽ) 2021 സെപ്റ്റംബറിൽ 525 ആയി ഉയർന്നു.

  റിയൽ എസ്റ്റേറ്റിലെ ബുൾ മാർക്കറ്റിനെ കുറഞ്ഞ പലിശനിരക്ക്, സമ്പദ്‌വ്യവസ്ഥയിലെ വീണ്ടെടുക്കൽ, നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച സമീപകാല പരിഷ്കാരങ്ങൾ എന്നിവയും പിന്തുണയ്ക്കുന്നുണ്ടെന്ന് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2008ന് മുമ്പ് റിയൽ എസ്റ്റേറ്റ് ബുൾ മാർക്കറ്റിൽ കണ്ട വളർച്ചയിലേയ്ക്ക് ഈ മേഖല തിരിച്ചെത്തുമെന്നാണ് സൂചനകൾ.

  റിയൽ എസ്റ്റേറ്റ് സ്റ്റോക്കുകളിലെ നിക്ഷേപത്തിന് മ്യൂച്വൽ ഫണ്ട് രീതി ഉപയോഗിക്കുന്നതിനുപുറമെ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളിലെ യൂണിറ്റുകൾ വാങ്ങുന്നതും മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനി സ്റ്റോക്കുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളും നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

  കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ(റെറ) വെബ്പോര്‍ട്ടലിന് ജൂലൈയിൽ തുടക്കം കുറിച്ചിരുന്നു. റെറയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ റിയല്‍ എസ്റ്റേറ്റ് പദ്ധതികളുടെയും വിശദാംശങ്ങളും നിര്‍മാണ പുരോഗതിയും ഈ വെബ്പോര്‍ട്ടല്‍ വഴി അറിയാനാകും. രജിസ്റ്റര്‍ ചെയ്ത പദ്ധതികളുടേയും ഭൂമിയുടെയും രേഖകളും നിയമപ്രകാരമുള്ള അനുമതികളുമെല്ലാം പോര്‍ട്ടലിലൂടെ (rera.kerala.gov.in) ലഭ്യമാകും.
  Published by:Jayesh Krishnan
  First published: