നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • വിദ്യാർത്ഥികൾക്കായി 'ദേശഭക്തി' പാഠ്യപദ്ധതിയുമായി ഡൽഹി സർക്കാർ; യഥാർത്ഥ ദേശസ്നേഹം വളർത്താനെന്ന് അരവിന്ദ് കെജ്‍രിവാൾ

    വിദ്യാർത്ഥികൾക്കായി 'ദേശഭക്തി' പാഠ്യപദ്ധതിയുമായി ഡൽഹി സർക്കാർ; യഥാർത്ഥ ദേശസ്നേഹം വളർത്താനെന്ന് അരവിന്ദ് കെജ്‍രിവാൾ

    വിപ്ലവ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 നാണു തലസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ദേശഭക്തി പാഠ്യപദ്ധതി ആരംഭിക്കുന്നതായി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചത്.

    Arvind Kejriwal

    Arvind Kejriwal

    • Share this:
      ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി 'ദേശഭക്തി' പാഠ്യപദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. വിപ്ലവ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ ജന്മദിനമായ സെപ്റ്റംബർ 28 നാണു തലസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി ദേശഭക്തി പാഠ്യപദ്ധതി ആരംഭിക്കുന്നതായി അരവിന്ദ് കെജ്‍രിവാൾ അറിയിച്ചത്.

      നഴ്‌സറി മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഈ പാഠ്യപദ്ധതി നടപ്പാക്കും. പ്രത്യേകമായി പാഠപുസ്തകങ്ങൾ ഉണ്ടാവില്ല. പകരം വിവിധ പഠനപ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽ ദേശസ്നേഹം വളർത്തും. പാഠങ്ങൾ വിദ്യാർഥികളിലെത്തിക്കാൻ വ്യത്യസ്ത തലങ്ങളിലുള്ള പഠന പരിപാടികളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ചടങ്ങിൽ പങ്കെടുത്തു.

      കഴിഞ്ഞ 74 വർഷത്തിനുള്ളിൽ, നമ്മൾ സ്കൂളുകളിൽ കുട്ടികളെ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതം എന്നിവ പഠിപ്പിച്ചു, പക്ഷേ 'ദേശഭക്തി' പഠിപ്പിച്ചില്ല. കുട്ടികളിൽ രാജ്യസ്നേഹം വളർത്തിയെടുക്കേണ്ടതുണ്ട്. അവരാണ് നാളത്തെ പൗരന്മാർ. ഡൽഹിയിലെ ഓരോ കുട്ടിയും യഥാർത്ഥ അർത്ഥത്തിൽ ഒരു ദേശസ്നേഹി ആയിരിക്കും. 'ദേശഭക്തി പാഠ്യപദ്ധതി' രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്നും വളർച്ചയിൽ ഇന്ത്യയെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുമെന്നും ദില്ലി ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെജ്‍രിവാൾ പറഞ്ഞു.

      രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച ഹാപ്പിനെസ് പാഠ്യപദ്ധതിയും എന്റർപ്രണർഷിപ്പ് മൈൻഡ്സെറ്റ് പാഠ്യപദ്ധതിയും നന്നായി പുരോഗമിക്കുന്നുണ്ടെന്നും അതിനോടൊപ്പം വിദ്യാർത്ഥികളെ "യഥാർത്ഥ ദേശസ്നേഹികൾ" ആക്കാൻ സഹായിക്കുന്നതിനായി 'ദേശഭക്തി' പാഠ്യപദ്ധതി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

      ഓരോ കുട്ടിയുടെയും മനസ്സിൽ രാജ്യത്തോടുള്ള അഭിമാനവും സ്നേഹവും ആദരവും വളർത്തുക എന്നതാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷാവസരങ്ങളിൽ മാത്രം പ്രകടിപ്പിക്കാനുള്ളതല്ല ദേശസ്നേഹം എന്ന് വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുന്നതിനോടൊപ്പം എന്താണ് യഥാർത്ഥ രാജ്യ സ്നേഹം എന്നവരെ പഠിപ്പിക്കുകയുമാണ് ഈ പാഠ്യപദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്ത് നിലവിലുള്ളതും മുൻപുണ്ടായിരുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ വിശകലനം നടത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നു.

      വിദ്യാർത്ഥികൾ ചരിത്ര വസ്തുതകൾ മനഃപാഠമാക്കണം എന്നല്ല പകരം സംഭവ വികാസങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാവുകയാണ് വേണ്ടതെന്നു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു

      രാജ്യസ്നേഹത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, അതിനോടുള്ള അഭിനിവേശം വളർത്തുകയും ചെയ്യും. അത് ധാർമ്മിക മൂല്യങ്ങൾ പ്രസംഗിക്കില്ല. വിദ്യാർത്ഥികൾ ചരിത്ര വസ്തുതകൾ മന:പാഠമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. മറിച്ച് അവരുടെ ദേശസ്നേഹത്തെക്കുറിച്ച് ആത്മപരിശോധന നടത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

      ആത്മബോധം, ആത്മവിശ്വാസം, പ്രശ്നപരിഹാരം, ഭരണഘടനാ മൂല്യങ്ങൾ, ബഹുസ്വരത, വൈവിധ്യം, പരിസ്ഥിതി സുസ്ഥിരത, ധാർമ്മിക സാമൂഹിക പെരുമാറ്റം, സഹകരണവും സാമൂഹിക പൗര ഉത്തരവാദിത്തവും തുടങ്ങി എട്ട് ഫലങ്ങളാണ് പാഠ്യപദ്ധതി ലക്ഷ്യമിടുന്നത്.

      പാഠ്യപദ്ധതി

      മൂന്ന് വിഭാഗങ്ങളായാണ് പാഠ്യപദ്ധതി തിരിച്ചിരിക്കുന്നത്. നഴ്സറി മുതൽ 5-ാം ക്ലാസ് വരെയും , 6-ാം ക്ലാസ് മുതൽ 8-ാം ക്ലാസ് വരെയും 9-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയും ആയിട്ടാണ് വിഭജിച്ചിരിക്കുന്നത്. ദേശഭക്തി പാഠ്യപദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്താൻ 2019 സെപ്റ്റംബറിൽ ഡൽഹി സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു.

      6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ മാനുവലിൽ ഏഴ് അധ്യായങ്ങളും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ മാനുവലിൽ അഞ്ച് അധ്യായങ്ങളുമുണ്ട്. 'ദേശഭക്തി ഡയറി', 'പതാക ദിനം', ഗ്രൂപ്പ് ചർച്ചകൾ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും അധ്യാപന രീതി.

      നഴ്സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും ഒരു 'ദേശഭക്തി' ക്ലാസും 9 മുതൽ 12 വരെ ക്ലാസുകളിൽ ഉള്ളവർക്ക് ആഴ്ചയിൽ രണ്ട് സെഷനുകളും ഉണ്ടാകും. എല്ലാ ക്ലാസ്സുകളും ആരംഭിക്കുന്നത് ദേശഭക്തി സെഷനുകളോടെ ആണ്. അതിൽ വിദ്യാർത്ഥികളോട് രാജ്യത്തോടുള്ള സ്നേഹത്തെക്കുറിച്ചും രാഷ്ട്രത്തോടുള്ള ആദരവിനെക്കുറിച്ചുമുള്ള അവരുടെ ചിന്തകൾ പങ്കുവയ്ക്കാൻ അദ്ധ്യാപകർ ആവശ്യപ്പെടും.

      9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ, സ്വാതന്ത്ര്യസമര സേനാനികളുടെ സംഭാവന, ത്രിവർണ്ണ പതാക, കർഷകർ, സായുധ സേനയിലുള്ളവരുടെ രക്ഷിതാക്കൾ എന്നിവരെ ആദരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ ഗ്രൂപ്പ് ചർച്ചകൾ നടത്തും. ഈ പാഠ്യപദ്ധതിയിൽ പരീക്ഷയോ ഗ്രേഡിംഗ് സംവിധാനമോ ഉണ്ടാകില്ല. വിദ്യാർത്ഥിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിലാണ് ഊന്നൽ നൽകുന്നത്.
      Published by:Naveen
      First published:
      )}