• HOME
  • »
  • NEWS
  • »
  • explained
  • »
  • Atal Pension Yojana | മാസം 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? ചെയ്യേണ്ടതെന്ത്?

Atal Pension Yojana | മാസം 5000 രൂപ പെൻഷൻ; ആർക്കൊക്കെ ലഭിക്കും? ചെയ്യേണ്ടതെന്ത്?

60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന.

  • Share this:
    കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതിയായ അടൽ പെൻഷൻ യോജനയിലേക്ക് (Atal Pension Yojana) 4.01 കോടി ആളുകൾ എൻ‍റോൾ ചെയ്തതായി റിപ്പോർട്ടുകൾ. 2021-22 സാമ്പത്തിക വർഷത്തിലാണ് ഇതിൽ 99 ലക്ഷം അക്കൗണ്ടുകളും തുടങ്ങിയതെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. 60 വയസ്സ് കഴിഞ്ഞ പാരൻമാർക്ക് പ്രതിമാസം 5,000 രൂപ വരെ പെൻഷൻ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് അടൽ പെൻഷൻ യോജന, അല്ലെങ്കിൽ എപിവൈ സ്കീം (APY scheme).

    എപിവൈയുടെ കീഴിൽ 2022 മാർച്ച് 31 വരെ മൊത്തം എൻറോൾ ചെയ്തവരിൽ ഏകദേശം 80 ശതമാനം വരിക്കാരും 1,000 രൂപ പെൻഷൻ പ്ലാനും 13 ശതമാനം പേർ 5,000 രൂപ പെൻഷൻ പ്ലാനും തിരഞ്ഞെടുത്തതായി ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എപിവൈ വരിക്കാരിൽ 44 ശതമാനം സ്ത്രീകളും 56 ശതമാനം പുരുഷൻമാരുമാണ്. മൊത്തം വരിക്കാരിൽ 45 ശതമാനവും 18 നും 25 നും ഇടയിൽ പ്രായമുള്ളവരാണെന്നും ധനകാര്യ ‌മന്ത്രാലയം അറിയിച്ചു.

    എന്താണ് അടൽ പെൻഷൻ യോജന?

    60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (PFRDA) ആണ് പദ്ധതി നിയന്ത്രിക്കുന്നത്. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. വരിക്കാർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക.

    അടൽ പെൻഷൻ യോജന ആർക്കൊക്കെ ലഭിക്കും?

    18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും സേവിങ്സ് ബാങ്ക് അക്കൗണ്ടോ തപാലോ ഉപയോ​ഗിച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. വരിക്കാരൻ മാസം തോറും കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. മൊബൈൽ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും.

    പദ്ധതിയുടെ പ്രധാന സവിശേഷതകൾ

    1. വരിക്കാരുടെ സംഭാവനകളെ അടിസ്ഥാനമാക്കി പ്രതിമാസം 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുക.

    2. ആജീവനാന്ത പെൻഷനാണ് പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത്. വരിക്കാരന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും.

    3. അടൽ പെൻഷൻ യോജന പദ്ധതിക്ക് കീഴിൽ നൽകുന്ന സംഭാവനകൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കും.

    4. ചില നിബന്ധനകൾക്ക് വിധേയമായി പദ്ധതിയിൽ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തിൽ സർക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുക വരിക്കാരന് ലഭിക്കും.

    5. പദ്ധതി അനുസരിച്ചുള്ള ഏറ്റവും കുറഞ്ഞ പെൻഷൻ സർക്കാർ ഉറപ്പുനൽകുന്നുണ്ട്. മിനിമം പെൻഷൻ ലഭിക്കുന്നതിനുള്ള സംഭാവന ഒരു വരിക്കാരന് നൽകാൻ കഴിയാതെ വന്നാൽ ബാക്കി തുക സർക്കാർ നൽകും.
    Published by:Rajesh V
    First published: