തിരുവനന്തപുരം: സംസ്ഥാനത്ത് പുസ്തക രൂപത്തിലുള്ള റേഷൻ കാർഡുകൾ (Ration Card) ചരിത്രമാകുന്നു. ഇനി മുതൽ എ ടി എം കാര്‍ഡ് മാതൃകയിലുള്ള സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാണ് (Smart Ration Cards) ലഭ്യമാകുക. പുതിയ കാര്‍ഡില്‍ ക്യൂആര്‍ കോഡും ബാര്‍ കോഡും ഉണ്ടാകും. കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും സൗകര്യപ്രദമായ രീതിയിലാണ് എ ടിഎം കാര്‍ഡുകളുടെ മാതൃകയിലും വലിപ്പത്തിലും പി വി സി റേഷന്‍ കാര്‍ഡ് ആയി മാറ്റിയത്.
എങ്ങനെ അപേക്ഷിക്കാം?
അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഓണ്‍ലൈനായി അപേക്ഷിക്കാം. റേഷൻ കാർഡിന് നിലവിൽ ഫീസ് അടയ്ക്കേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങളുടെ സർവ്വീസ് ചാർജ് ആയ 65 രൂപ അടച്ചാൽ മതിയാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഗതാഗത മന്ത്രി ആൻറണി രാജുവിന് നൽകിയാണ് പുതിയ കാർഡ് പ്രകാശനം ചെയ്തത്.
നിലവിലുള്ള കാർഡ് തുടർന്നും ഉപയോഗിക്കാം
നിലവിലുള്ള പുസ്തക രൂപത്തിലോ, ഇ-കാര്‍ഡ് രൂപത്തിലോ ഉള്ള റേഷന്‍ കാര്‍ഡുകളുടെ സാധ്യത ഇല്ലാതാകുന്നില്ല. അവ തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. പുതിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളു. അപേക്ഷകന്റെ മൊബൈല്‍ ഫോണിലേയ്ക്ക് വരുന്ന രഹസ്യ പാസ് വേര്‍ഡ് ഉപയോഗിച്ച് കാര്‍ഡ് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്. സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് അപേക്ഷ നല്‍കാനോ കാര്‍ഡ് വാങ്ങാനോ സപ്ലൈ ഓഫീസുകളില്‍ പോകേണ്ടതുമില്ല.
മൂന്നുമാസത്തിനുള്ളിൽ സ്മാർട്ട് കാർഡാകും
പുതിയ റേഷൻ കാർഡുകൾ മൂന്ന് മാസത്തിനുള്ളിൽ സ്മാർട്ട് കാർഡ് ആകുമെന്നും മന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. 5000 രൂപ വരെ ട്രാൻസാക്ഷൻ വരെ നടത്താവുന്ന രീതിയിലാകും സ്മാർട്ട് കാർഡെന്നും ജി ആർ അനിൽ അറിയിച്ചു.
ഭക്ഷ്യ സാധനങ്ങൾ റേഷൻ കടകളിലേക്ക് എത്തിക്കാൻ ജി പി എസ് ഘടിപ്പിച്ച വാഹനങ്ങൾ നിർബന്ധമാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. അഴിമതി രഹിത വിതരണ സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.