• HOME
 • »
 • NEWS
 • »
 • explained
 • »
 • ജാതി അടിസ്ഥാന സെൻസെസ് ആവശ്യവുമായി നിതീഷ് കുമാർ; സെൻസസിൽ OBC കണക്കെടുപ്പ് നടത്താത്തത് എന്തുകൊണ്ട്?

ജാതി അടിസ്ഥാന സെൻസെസ് ആവശ്യവുമായി നിതീഷ് കുമാർ; സെൻസസിൽ OBC കണക്കെടുപ്പ് നടത്താത്തത് എന്തുകൊണ്ട്?

ജോലികളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താല്‍ 1980ല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 52 ശതമാനമായാണ് ഒബിസി വിഭാഗത്തെ പരിഗണിച്ചത്.

 • Share this:
  ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍, സംസ്ഥാനത്തെ 10 രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. 2021-ലെ സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള കണക്ക് ഉള്‍പ്പെടുത്തണമെന്നാണ് സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇത്തവണയും പട്ടികജാതി, പട്ടികവര്‍ഗ (എസ്ടി) വിഭാഗത്തിന്റെ പൊതുവായ ജനസംഖ്യ മാത്രമേ പ്രത്യേകമായി തരംതിരിക്കൂ. രാജ്യത്തെ ഒബിസി ജനസംഖ്യ രേഖപ്പെടുത്തണമെന്ന ആവശ്യം ദീര്‍ഘകാലമായുള്ളതാണ്. ഇതിന് രാഷ്ട്രീയക്കാരുടെയും നയതന്ത്രജ്ഞരുടെയും പിന്തുണയുമുണ്ട്. എന്നാല്‍ സെന്‍സസില്‍ ഒബിസി ഒരു പ്രത്യേക വിഭാഗമായി ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു.

  എന്തുകൊണ്ടാണ് സെന്‍സസില്‍ ജാതി അടിസ്ഥാനമാക്കിയുള്ള എണ്ണം ഉള്‍പ്പെടുത്താത്തത് ?

  ഇന്ത്യയിലെ ആദ്യത്തെ സെന്‍സസ് 1872ല്‍ അന്നത്തെ കൊളോണിയല്‍ ഭരണാധികാരികളാണ് നടത്തിയത്. പിന്നീട് 1881 സെന്‍സസ് എടുത്തു. അതിനുശേഷം, ഓരോ 10 വര്‍ഷത്തിലും സെന്‍സസ് കണക്കെടുപ്പ് നടത്താറുണ്ട്. ബ്രിട്ടീഷുകാര്‍ സെന്‍സസ് എടുത്തിരുന്നപ്പോള്‍ ജാതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. 1931 വരെ മാത്രമാണ് ഇങ്ങനെ സെന്‍സസ് കണക്കാക്കിയിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഇംഗ്ലണ്ടുമായി ബന്ധപ്പെട്ട ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ കാരണം 1941ലെ സെന്‍സസില്‍ ജാതി തിരിച്ചുള്ള കണക്കെടുപ്പ് ഒഴിവാക്കിയിരുന്നു. OBC വിഭാഗക്കാരുടെ അവസാന കണക്കുകള്‍ 1931ലെ സെന്‍സസില്‍ ലഭ്യമാണ്. അന്ന് ജനസംഖ്യയുടെ 52 ശതമാനമായിരുന്നു ഒബിസി വിഭാഗം.

  ജോലികളില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താല്‍ 1980ല്‍ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തപ്പോള്‍, രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 52 ശതമാനമായാണ് ഒബിസി വിഭാഗത്തെ പരിഗണിച്ചത്.

  പാര്‍ശ്വവത്കരിക്കപ്പെട്ട ജാതികളിലും ഗോത്രങ്ങളിലുമുള്ളവര്‍ക്ക് സംവരണം എന്ന ആശയം ബ്രിട്ടീഷ് ഭരണാധികാരികളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പിന്നീട് എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് നിയമനിര്‍മ്മാണ സഭകളില്‍ രാഷ്ട്രീയ പ്രാതിനിധ്യം നല്‍കി സ്വതന്ത്ര ഇന്ത്യയിലെ നേതാക്കള്‍ ഇത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. അവരുടെ പ്രാതിനിധ്യം രാഷ്ട്രീയ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ ബാധിക്കുന്നതിനാല്‍, 1951 മുതലുള്ള സെന്‍സസുകളില്‍ മറ്റ് ജാതികള്‍ എണ്ണി തിട്ടപ്പെടുത്തുന്നത് ഒഴിവാക്കി. മുന്‍ ഇന്ത്യന്‍ എംപി ശരദ് യാദവ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 'ജാതി സെന്‍സസ് വിഭജനമുണ്ടാക്കുന്നതിനാലാണ് നിര്‍ത്തലാക്കിയതെന്ന് ' അദ്ദേഹം പറയുന്നു.എന്നാല്‍ ഔദ്യോഗിക കണക്കില്ലെങ്കിലും, വിവിധ സമുദായങ്ങളെ ആകര്‍ഷിക്കുന്നതിനും വോട്ടുബാങ്കുകള്‍ സൃഷ്ടിക്കുന്നതിനും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെന്ന് ജാതി സെന്‍സസ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നു.

  ഒബിസി സെന്‍സസിന്റെ ആവശ്യം

  ഇന്ത്യയിലെ ജാതി തിരിച്ചുള്ള കണക്കെടുക്കുന്നതിനുള്ള വാദങ്ങള്‍ പ്രായോഗികം മുതല്‍ രാഷ്ട്രീയം വരെയാണ്. വിവിധ ഒബിസി വിഭാഗങ്ങളുടെ എണ്ണം അറിയാത്തത് അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍ തടയുന്നുവെന്ന് ചില അഭിഭാഷകര്‍ പറയുന്നു. 'ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ഒരു തവണയെങ്കിലും നടത്തണം. അതിലൂടെ അവര്‍ക്ക് വിവിധ സ്‌കീമുകളില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടാനാകും. കൃത്യമായ സംഖ്യ അറിയാമെങ്കില്‍ നമുക്ക് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാം അവരുടെ പുരോഗതിയിലേക്ക് നയിക്കാമെന്ന്' ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു.

  50% വരെ സര്‍ക്കാര്‍ ജോലികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകളും വിവിധ ജാതികള്‍ക്കായി സംവരണം ചെയ്യപ്പെടുമ്പോള്‍ അത്തരം സമുദായങ്ങളില്‍ അംഗങ്ങളായ ആളുകളുടെ എണ്ണം അറിയാത്തത് ഗുരുതരമായ വീഴ്ച്ചയാണെന്ന് വാദിക്കുന്നവരുമുണ്ട്.

  എന്തുകൊണ്ടാണ് കേന്ദ്രം ജാതി സെന്‍സസിനോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്?

  2021 ലെ സെന്‍സസില്‍ ജാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെക്കുറിച്ചുള്ള പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍, സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍, എസ്സി, എസ്ടി ഒഴികെയുള്ള ജാതി തിരിച്ചുള്ള ജനസംഖ്യ കണക്കാക്കരുതെന്ന് തീരുമാനിച്ചതായി കേന്ദ്രം വ്യക്തമാക്കി.

  വിവിധ ജാതികള്‍ക്കിടയില്‍ ദേശീയ ഐക്യവും നടപടിക്രമപരമായ പ്രശ്‌നങ്ങളുമാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. 2021 ലെ സെന്‍സസില്‍ ജാതി ഉള്‍പ്പെടുത്തണമെന്ന മഹാരാഷ്ട്ര നിയമസഭയുടെ ആവശ്യത്തിന് മറുപടിയായി, ''ഒബിസി, എസ്ഇബിസി കണക്കെടുപ്പ് സെന്‍സസിന്റെ സമഗ്രതയെ പ്രതികൂലമായി ബാധിക്കുമെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയും സെന്‍സസ് കമ്മീഷണറുമായ വിവേക് ജോഷിയും പറഞ്ഞു.

  ''കേന്ദ്രത്തിന്റെ കണക്കുകള്‍ അനുസരിച്ച്, രാജ്യത്തെ മൊത്തം OBC വിഭാഗങ്ങളുടെ എണ്ണം 6,285 ആണ്, അതേസമയം സംസ്ഥാനങ്ങള്‍ പട്ടിക തയ്യാറാക്കിയാല്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എണ്ണം 7,200 ആയി ഉയരും. ആളുകള്‍ അവരുടെ വംശം, ഗോത്രം, ഉപജാതികള്‍, ജാതിപ്പേരുകള്‍ എന്നിവ മാറിമാറി ഉപയോഗിക്കുന്നതിനാല്‍, പേരുകളിലെ സമാനതകള്‍ കാരണം, ഇത് ജാതികളുടെ തെറ്റായ വര്‍ഗ്ഗീകരണത്തിലേക്ക് നയിച്ചേക്കാം ''ജോഷി മഹാരാഷ്ട്ര നിയമനിര്‍മ്മാതാക്കളോട് പറഞ്ഞു.

  ഇന്ത്യയില്‍ ഒബിസി വിഭാഗത്തിന്റെ ശരിയായ കണക്കുകള്‍ ഉണ്ടോ?

  2010ല്‍ ജാതി സെന്‍സസ് സംബന്ധിച്ച ഒരു ഉപാധി നേരിടേണ്ടി വന്നപ്പോള്‍, അന്നത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചു. എന്നിരുന്നാലും, 2011 ലെ സെന്‍സസിന്റെ ഭാഗമായിട്ടല്ല ജാതി കണക്കെടുപ്പ് നടത്തിയത്, എന്നാല്‍ ഒരു പ്രത്യേക സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് (SECC) 2011 ല്‍ നടത്തിയിരുന്നു. ഇത് ആളുകളുടെ ജാതി സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ കേന്ദ്രം പൊതുവായി ലഭ്യമാക്കിയിട്ടില്ല.

  'ജാതി ഡാറ്റ ഒഴികെയുള്ള SECC 2011 ഡാറ്റ അന്തിമമാക്കി പ്രസിദ്ധീകരിച്ചുവെന്ന് ഈ വര്‍ഷമാദ്യം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍, സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞിരുന്നു. മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, 2021ലെ സെന്‍സസില്‍ ജാതി കണക്ക് ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ സമീപകാല നിലപാടില്‍ നിന്ന് വ്യക്തമാകുന്നത് ഈ തീരുമാനത്തില്‍ നിന്ന് പിന്മാറി എന്നാണ്.
  Published by:Jayashankar AV
  First published: