കഴിഞ്ഞ ഒക്ടോബറിൽ പാലോ ആൾട്ടോയ്ക്ക് മുകളിലുള്ള ലോസ് ആൾട്ടോസ് ഹിൽസിലെ യൂറി മിൽനറുടെ മണിമാളികയിൽ ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒത്തുചേർന്നു. രണ്ട് ദിവസത്തെ ശാസ്ത്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഇവർ കോവിഡ് പരിശോധനകൾ നടത്തി മാസ്ക്കുകളും മറ്റും ധരിച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. മറ്റു ചിലർ ടെലികോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു. കോൺഫറൻസിന്റെ വിഷയം ആളുകളെ ചെറുപ്പമാക്കുന്നതിന് എങ്ങനെ ബയോടെക്നോളജി ഉപയോഗിക്കാം എന്നതായിരുന്നു.
റഷ്യൻ വംശജനായ ശതകോടീശ്വരനാണ് മിൽനർ. ശാസ്ത്രത്തെ ഏറെ ഇഷ്ടപ്പെടുന്ന മിൽനർ മികച്ച ഭൗതികശാസ്ത്രജ്ഞർ, ജീവശാസ്ത്രജ്ഞർ, ഗണിതശാസ്ത്രജ്ഞർ എന്നിവർക്ക് ഓരോ വർഷവും 3 മില്യൺ ഡോളറിന്റെ അവാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ശാസ്ത്രത്തോടുള്ള മിൽനറുടെ താത്പര്യം പുതിയ പാതയിലേയ്ക്കാണ് നീങ്ങുന്നത്.
മിൽനറുടെ വീട്ടിൽ വച്ച് നടന്ന കൂടിക്കാഴ്ച ഇപ്പോൾ ആൽട്ടോസ് ലാബ്സ് എന്ന പേരിൽ ഒരു പുതിയ ആന്റി-ഏജിംഗ് കമ്പനിയുടെ രൂപീകരണത്തിലേയ്ക്കാണ് നയിച്ചിരിക്കുന്നത്. പദ്ധതിയുടെ അടുത്ത വൃത്തങ്ങളിൽ നിന്നുള്ള വിവരം അനുസരിച്ച് ആൾട്ടോസ് ബയോളജിക്കൽ റീപ്രോഗ്രാമിംഗ് സാങ്കേതികവിദ്യയാണ് പിന്തുടരുന്നത്. ലാബിൽ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളാണ് വികസിപ്പിക്കുന്നത്. ആത്യന്തികമായി മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങളാണ് ഇവിടെ നടക്കുന്നത്.
ഈ വർഷം ആദ്യം യുഎസിലും യുകെയിലും പുതിയ കമ്പനികൾ ആരംഭിക്കുകയും ബേ ഏരിയ, സാൻ ഡീഗോ, കേംബ്രിഡ്ജ്, യുകെ, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കുകയും ചെയ്യും. കൂടാതെ വലിയ ശമ്പളം നൽകിയാണ് ശാസ്ത്രജ്ഞരെ നിയമിക്കുന്നത്. കോശങ്ങൾക്ക് എങ്ങനെ പ്രായമാകും? ഈ പ്രക്രിയ എങ്ങനെ തിരിച്ചെടുക്കാം എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങളാണ് ഇവിടെ നടക്കുക.
കമ്പനിയുടെ നിക്ഷേപകരിൽ ലോകത്തിലെ ഏറ്റവും ധനികനായ ജെഫ് ബെസോസും ഉൾപ്പെടുന്നു, ജൂലൈയിൽ ആമസോൺ സിഇഒ സ്ഥാനം രാജിവെക്കുകയും ആഴ്ചകൾക്കുശേഷം തന്റെ ജീവൻ പണയം വച്ചുകൊണ്ട് ബഹിരാകാശ യാത്ര നടത്തുകയും ചെയ്ത വ്യക്തിയാണ് ജെഫ് ബെസോസ്. മിൽനറും ഭാര്യ ജൂലിയയും ഒരു ഫൗണ്ടേഷൻ വഴി ആൾട്ടോസിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും ടെക്നോളജി റിവ്യൂ സ്ഥിരീകരിച്ചു.
Also Read-ISRO ആകാശത്തേക്ക് റോക്കറ്റ് വിടുന്നതിനും ഭൂമിയിൽ നിന്ന് നോക്കുകൂലി വാങ്ങുന്നതാര്?
ഗൂഗിൾ സഹസ്ഥാപകനായ ലാറി പേജ് 2013ൽ പ്രായം കുറയ്ക്കുന്നതിനുള്ള ഗവേഷണങ്ങൾക്ക് കാലിക്കോ ലാബ്സ് എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചിരുന്നു. കാലിക്കോ മികച്ച ശാസ്ത്രജ്ഞരെ നിയമിക്കുകയും അവർക്ക് ഉദാരമായ ബജറ്റുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ സ്ഥാപനം ഗവേഷണത്തിൽ എത്രമാത്രം പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നത് വ്യക്തമല്ല.
ആൾട്ടോസിൽ ചേരുന്നതായി പറയപ്പെടുന്ന ശാസ്ത്രജ്ഞരിൽ കാലിഫോർണിയയിലെ ലാ ജോല്ലയിലെ സാൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പാനിഷ് ബയോളജിസ്റ്റായ ജുവാൻ കാർലോസ് ഇസ്പിസ ബെൽമോണ്ടെയും ഉൾപ്പെടുന്നു. യുസിഎൽഎ പ്രൊഫസറും മനുഷ്യന്റെ വാർദ്ധക്യത്തെ കൃത്യമായി അളക്കാൻ കഴിയുന്ന ഒരു "ബയോളജിക്കൽ ക്ലോക്കിന്റെ" ഡവലപ്പറുമായ സ്റ്റീവ് ഹോർവാത്തും ആൾട്ടോസിൽ ചേരുന്നതായാണ് വിവരം.
ജീവിത പ്രതിസന്ധി
ചെറുപ്പക്കാർ സമ്പന്നരാകാൻ ആഗ്രഹിക്കുന്നവരും സമ്പന്നർ ചെറുപ്പമായിരിക്കാൻ സ്വപ്നം കാണുന്നവരുമാണ്. ഈ വിരോധാഭാസമാകാം 59കാരനായ മിൽനർ, 57കാരനായ ബെസോസ് എന്നിവരെപ്പോലുള്ളവർ അനുഭവിക്കുന്നത്. ഫോബ്സ് നിലവിൽ ബെസോസിനെ ലോകത്തിലെ ഏറ്റവും ധനികനായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം 200 ബില്യൺ ഡോളറാണ്. മിൽനറുടെ സമ്പത്ത് 4.8 ബില്യൺ ഡോളറാണ്.
യുകെയിലെ ലൈഫ് ബയോസയൻസസ്, ടേൺ ബയോടെക്നോളജീസ്, ഏജ് എക്സ് തെറാപ്പ്യൂട്ടിക്സ്, ഷിഫ്റ്റ് ബയോസയൻസ് എന്നിവയുൾപ്പെടെ നിരവധി സ്റ്റാർട്ടപ്പുകൾ റീപ്രോഗ്രാമിംഗ് സാങ്കേതികവിദ്യ പിന്തുടരുന്നുണ്ട്. എന്നാൽ ഈ ശ്രമങ്ങൾ ഇതുവരെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആളുകളെ പരീക്ഷിച്ചിട്ടില്ല.
ശാസ്ത്ര ബിസിനസ്സ്
ആൾട്ടോസ് ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല, എന്നാൽ ജൂണിൽ കാലിഫോർണിയയിൽ സമർപ്പിച്ച ഒരു സെക്യൂരിറ്റീസ് വെളിപ്പെടുത്തലിൽ കമ്പനി പദ്ധതിയ്ക്കായി 270 മില്യൺ ഡോളർ സമാഹരിച്ചതായി സൂചിപ്പിക്കുന്നു. ബെസോസിനും മിൽനറിനും പുറമേ, കമ്പനിക്ക് നിരവധി അതിസമ്പന്നരായ നിക്ഷേപകരുണ്ടെന്നാണ് വിവരം.
ആകർഷകമായ ശമ്പളമാണ് ആൾട്ടോസ് ഗവേഷകർക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിവർഷം ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ ആണ് ഗവേഷകരുടെ ശമ്പളമെന്ന് ആൽട്ടോസിൽ നിന്ന് ജോലി വാഗ്ദാനം സ്വീകരിച്ച ഗവേഷകൻ പറയുന്നു. ഇപ്പോൾ സമ്പാദിക്കുന്നതിന്റെ അഞ്ച് മുതൽ 10 മടങ്ങ് വരെ ശമ്പളമാണ് കമ്പനി ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യുന്നത്.
വാർദ്ധക്യത്തിലെ പ്രധാന രോഗത്തിനുള്ള ഏത് ചികിത്സയ്ക്കും കോടിക്കണക്കിന് രൂപയായിരിക്കും വില. എന്നാൽ ആൾട്ടോസ് ആദ്യം പണം സമ്പാദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. മൃഗങ്ങളെ കൊല്ലാതെ സുരക്ഷിതമായി പുനരുജ്ജീവിപ്പിക്കാൻ കഴിയുമോ, ജനിതക എഞ്ചിനീയറിംഗ് വഴിയല്ലാതെ, സാധാരണ മരുന്നുകൾ ഉപയോഗിച്ച് ഈ പ്രക്രിയ നടത്താൻ കഴിയുമോ എന്നറിയാൻ റീപ്രോഗ്രാമിംഗ് എങ്ങനെ ക്രമീകരിക്കാം എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യമെന്ന് ആൾട്ടോസിലെ ഗവേഷകനായ സെറാനോ പറയുന്നു.
എന്നാൽ "ഇത് അപകടകരമാണ്, ഇത് മനുഷ്യ ചികിത്സയിൽ നിന്ന് വളരെ അകലെയാണ്." റീപ്രോഗ്രാമിംഗ് കോശങ്ങളെ ചെറുപ്പമാക്കുക മാത്രമല്ല അവയുടെ ഐഡന്റിറ്റി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഒരു പ്രശ്നം - ഉദാഹരണത്തിന്, ഒരു ചർമ്മകോശത്തെ ഒരു മൂലകോശമാക്കി മാറ്റുന്നു. അതാണ് സാങ്കേതികവിദ്യയെ ഇതുവരെ ആളുകളിൽ പരീക്ഷിക്കാൻ കഴിയാത്തവിധം അപകടകരമാക്കുന്നതെന്ന് സ്വിറ്റ്സർലൻഡിലെ ലൗസാൻ സർവകലാശാലയിൽ പ്രൊഫസറായ അലജാൻഡ്രോ ഒകാമ്പോ പറയുന്നു.
ഈ ഗവേഷണത്തിന് വളരെയധികം പണമാവശ്യമാണെന്നും ഒകാമ്പോ ആശങ്കപ്പെടുന്നു. കൂടാതെ നിരവധി കമ്പനികൾ ഈ ഗവേഷണ മേഖലയിലേക്ക് കടക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു കോശത്തിന്റെയോ ഒരു വ്യക്തിയുടെയോ ആപേക്ഷിക പ്രായം അളക്കുന്നതിനുള്ള അനുബന്ധ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടായിരിക്കും ആൾട്ടോസ് ഗവേഷണം നടത്തുക.
യുവത്വം നിലനിർത്തുന്നതിനുള്ള ഗവേഷണത്തിൽ ബെസോസിന് വളരെക്കാലമായി താൽപ്പര്യമുണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ അദ്ദേഹം മുമ്പ് യൂണിറ്റി ബയോടെക്നോളജി എന്ന ആന്റി-ഏജിംഗ് കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jeff Bezos