• HOME
 • »
 • NEWS
 • »
 • explained
 • »
 • Brijendra Kumar Syngal | ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് ബ്രിജേന്ദ്ര കുമാർ സിംഗാൾ അന്തരിച്ചു; രാജ്യാഭിമാനം വാനോളം ഉയർത്തിയ ടെക്നോക്രാറ്റ് ഓർമ്മയാകുന്നു

Brijendra Kumar Syngal | ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ് ബ്രിജേന്ദ്ര കുമാർ സിംഗാൾ അന്തരിച്ചു; രാജ്യാഭിമാനം വാനോളം ഉയർത്തിയ ടെക്നോക്രാറ്റ് ഓർമ്മയാകുന്നു

'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നയാളാണ് ജൂലൈ 9 ന് അന്തരിച്ച ബ്രിജേന്ദ്ര കുമാർ സിംഗാൾ അഥവാ ബികെ. ഇന്ത്യയിൽ ഇന്റർനെറ്റ് അവതരിപ്പിച്ചത് അദ്ദേഹമാണ്. വാണിജ്യ ഇന്റർനെറ്റ് ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി (ചൈനയ്ക്കും വളരെ മുൻപ്) അങ്ങനെ ഇന്ത്യ മാറി.

 • Last Updated :
 • Share this:
  സന്ദീപൻ ദേബ്

  ഇന്റർനെറ്റ് യു​ഗത്തിലാണ് നാം ജീവിക്കുന്നത്. ദിനം പ്രതിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ഇന്റർനെറ്റ് വഴിയാണ്. പച്ചക്കറി വാങ്ങാനും മറ്റ് സേവനങ്ങൾക്കായുമൊക്കെ ഇന്റർനെറ്റ് ഉപയോ​ഗപ്പെടുത്തുന്നവരുണ്ട്. എന്നാൽ ഇതെല്ലാം യാഥാർഥ്യമാക്കിയ ഒരു മനുഷ്യനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

  'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്നയാളാണ് ജൂലൈ 9 ന് അന്തരിച്ച ബ്രിജേന്ദ്ര കുമാർ സിംഗാൾ അഥവാ ബികെ. (Brijendra Kumar Syngal). ഇന്ത്യയിൽ ഇന്റർനെറ്റ് അവതരിപ്പിച്ചത് അദ്ദേഹമാണ്. വാണിജ്യ ഇന്റർനെറ്റ് ഉള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി (ചൈനയ്ക്കും വളരെ മുൻപ്) അങ്ങനെ ഇന്ത്യ മാറി. (ഞാൻ അദ്ദേഹത്തെ എല്ലായ്‌പ്പോഴും "സർ" എന്നാണ് വിളിച്ചിരുന്നത്. എന്നാൽ ഈ ലേഖനത്തിൽ, വായനക്കാരുടെ സൗകര്യാർത്ഥം, അദ്ദേഹത്തെ ബികെ എന്നാണ് അഭിസംബോധന ചെയ്യുന്നത്.)

  1991 മുതൽ 1998 വരെ വിദേശ് സഞ്ചാർ നിഗം ​​ലിമിറ്റഡിന്റെ (വിഎസ്എൻഎൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു ബികെ. തുടർന്ന് റിലയൻസ് ടെലികോം ചെയർമാനും ബിപിഎൽ കമ്മ്യൂണിക്കേഷൻസിന്റെ വൈസ് ചെയർമാനുമായി സേവനമനുഷ്ഠിച്ചു. ട്രങ്ക് കോളിനായി എട്ടു മണിക്കൂർ കാത്തിരിക്കേണ്ടി വന്ന അവസ്ഥയിൽ നിന്ന് ഇന്നത്തെ ഡിജിറ്റൽ ഇന്ത്യയിലേക്ക് രാജ്യത്തെ നയിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്.

  1.4 ബില്യൺ ഇന്ത്യക്കാരും അദ്ദേഹത്തോട് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കടപ്പെട്ടിരിക്കുന്നു. പക്ഷേ, ഇന്ത്യയ്ക്കുവേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ച, ദീർഘവീക്ഷണമുള്ള മറ്റനേകം ആളുകളെപ്പോലെ ബി.കെ.ക്ക് അർഹമായ ബഹുമതികളോ അംഗീകാരങ്ങളോ ലഭിച്ചില്ല.

  ഐഐടി ഖരഗ്പൂരിൽ നിന്ന് ബിടെക് പൂർത്തിയാക്കിയ ബികെ, ഇന്ത്യയുടെ ആദ്യത്തെ അൻപത് ഇലക്ട്രോണിക് എഞ്ചിനീയർമാരിൽ ഒരാൾ കൂടിയാണ്. 1964-ൽ അദ്ദേഹം ഇന്ത്യൻ ടെലികോം സർവീസിൽ (അന്ന് ഇന്ത്യൻ ടെലിഗ്രാഫ് എഞ്ചിനീയറിംഗ് സർവീസ് എന്നാണ് അറിയപ്പെട്ടിരുന്നത്) ചേർന്നു. തന്റെ മിക്ക സഹപാഠികളിൽ നിന്നും വ്യത്യസ്തമായി, ഡെസ്ക് ജോലിക്ക് പകരം പ്രോജക്റ്റ് മേഖലയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ആയാസകരമായ എഞ്ചിനീയറിംഗ് ജോലികൾ ഉൾപ്പെട്ടിരുന്ന പ്രൊജക്ടുകളാണ് അദ്ദേഹത്തിന് ചെയ്യേണ്ടിയിരുന്നത്. പലപ്പോഴും വാസയോഗ്യം പോലുമല്ലാത്ത പ്രദേശങ്ങളിലായിരുന്നു ജോലി. എന്നിട്ടും ബി.കെ. ഡെസ്ക് ജോലി തിരഞ്ഞെടുത്തില്ല. അധ്വാനിച്ച് മുൻപോട്ടു പോകാൻ അദ്ദേഹം തീരുമാനിച്ചു.

  ഇന്ത്യയിലുടനീളമുള്ള പല സ്ഥലങ്ങളിലും അദ്ദേഹം പ്രവർ‍ത്തിച്ചു. ആസാമിലെ ഒരു കാട്ടിൽ, പുള്ളിപ്പുലി പതിയിരുന്ന സ്ഥലത്ത്, അദ്ദേഹം മൈക്രോവേവ് ടവറുകൾ സ്ഥാപിച്ചു. മണൽക്കാറ്റു വീശുന്ന രാജസ്ഥാനിലെ മരുഭൂമിയിൽ, അദ്ദേ​ഹം കേബിളുകൾ സ്ഥാപിച്ചു. 1971-ൽ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് ഇത് ഏറെ ഉപകാരപ്രദമായി മാറി. കശ്മീരിലെ പർവതങ്ങൾ താണ്ടി പല സ്ഥലങ്ങളിലും ദീർഘദൂര ഡയറക്ട് ഡയലിംഗ് സേവനങ്ങൾ അവതരിപ്പിച്ചു. അങ്ങനെ കശ്മീർ താഴ്വരയെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്തു.

  എന്തെങ്കിലും നിർമിക്കുകയും അത് പല സ്ഥലങ്ങളിലും സ്ഥാപിക്കുന്നതും എല്ലാത്തരം പ്രശ്‌നങ്ങളും പരിഹരിക്കുന്നതും ഒന്നിച്ചു പ്രവർത്തിക്കുന്നതും സൗഹൃദം ആസ്വദിക്കുന്നതുമെല്ലാം തന്നെ സംബന്ധിച്ചിടത്തോളം മറ്റെന്തിനേക്കാളും സംതൃപ്തി നൽകിയിരുന്ന കാര്യമാണെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞിട്ടുള്ളത്. പ്രോജക്റ്റ് പൂർത്തിയായിക്കഴിഞ്ഞ് തങ്ങൾ ചെയ്ത ജോലി നോക്കികാണുമ്പോൾ അവർണനീയമായ സന്തോഷമുണ്ടാകുമെന്നും വർഷങ്ങളോളം ആളുകൾക്ക് ഉപകാരപ്രദമാകുന്ന, അവരുടെ ജീവിതത്തെ തന്നെ സ്വാധീനിക്കുന്ന, ഒരുപക്ഷേ പതിറ്റാണ്ടുകൾ പോലും ഉപയോ​ഗത്തിൽ ഉണ്ടാകാൻ പോകുന്ന കാര്യങ്ങളാണ് തങ്ങൾ സ്ഥാപിച്ചതെന്നോർക്കുമ്പോൾ അഭിമാനം തോന്നിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇവരൊക്കെയാണ് ഇന്നത്തെ ഇന്ത്യയെ നിസ്വാർത്ഥ സേവനത്തിലൂടെ കെട്ടിപ്പടുത്തത്.

  തന്റെ പ്രവർത്തനത്തിനുള്ള പ്രതിഫലമായി സർക്കാർ അദ്ദേഹത്തെ മൂന്ന് വർഷത്തെ വിശ്രമ ജീവിതത്തിനായി ഹംഗറിയിലേക്ക് അയച്ചു. എന്നാൽ തിരിച്ചെത്തിയപ്പോൾ കഠിനമായ ഒരു ജോലിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഇന്ത്യയുടെ ഇൻസാറ്റ് സാറ്റലൈറ്റ് പ്രോജക്റ്റിനായി എർത്ത് സ്റ്റേഷനുകളുടെ ഗ്രിഡ് സ്ഥാപിക്കുക എന്നതായിരുന്നു ജോലി. മൂന്ന് വർഷത്തിനുള്ളിൽ, 40 കോടി രൂപ എന്ന തുച്ഛമായ ബജറ്റിൽ, 35 എർത്ത് സ്റ്റേഷനുകളാണ് സ്ഥാപിക്കേണ്ടി വന്നത്. സർക്കാരിന് ഇതൊരു അഭിമാന പദ്ധതിയായിരുന്നു. പരാജയപ്പെട്ടാൽ അത് രാജ്യത്തിന് വലിയ നാണക്കേടാകുമായിരുന്നു. ഒരു മൂന്നാം ലോകരാജ്യത്തിന്റെ ഈ ആ​ഗ്രഹത്തെ പല വികസിത രാജ്യങ്ങളും പരിഹാസത്തോടെയാണ് നോക്കിക്കണ്ടത്. പലരും അസാധ്യമെന്നു ധരിച്ചിരുന്ന ആ ജോലി ഏറ്റെടുക്കാൻ ബികെ സന്നദ്ധനായി.

  വലിയ പ്രതിബന്ധങ്ങൾക്കിടെ കഠിനാദ്ധ്വാനം ചെയ്ത്, സമയപരിധിക്കും അനുവദിക്കപ്പെട്ടിരുന്ന ബജറ്റിലും നിന്നുകൊണ്ട്, ലഡാക്ക് മുതൽ ആൻഡമാൻ വരെയുള്ള സ്ഥലങ്ങളിൽ അദ്ദേഹം സ്റ്റേഷനുകൾ സ്ഥാപിച്ചു. എഞ്ചിനീയറിംഗ് ജോലികൾ മാത്രമല്ല ബി.കെയ്ക്ക് ചെയ്യേണ്ടിയിരുന്നത്. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സർക്കാർ സമിതികൾ, വ്യത്യസ്ത അഭിപ്രായങ്ങളുള്ള വിദഗ്ധർ എന്നിവരുമായെല്ലാം ബി.കെ.ക്ക് ഇടപെടേണ്ടി വന്നു.

  ഒൻപതു വർഷം ബി.കെ ലണ്ടനിൽ അന്താരാഷ്‌ട്ര ഉപഗ്രഹ ഏജൻസിയായ ഇൻമാർസാറ്റിൽ ജോലി ചെയ്തിരുന്നു. 1991-ലാണ് വിഎസ്എൻഎല്ലിന്റെ തലപ്പത്തേക്ക് എത്തിയത്. അക്കാലത്ത് അന്താരാഷ്ട്ര ഫോൺ സേവനങ്ങൾ നൽകിയിരുന്ന ഒരേയൊരു സ്ഥാപനമായിരുന്നു വിഎസ്എൻഎൽ. ചെറിയ സേവനങ്ങൾ മാത്രമേ വിഎസ്എൻഎൽ നൽകിയിരുന്നുള്ളൂ. ഇന്ത്യയിൽ നിന്ന് ഒരു അന്താരാഷ്ട്ര കോൾ ചെയ്യുന്നത് പലർക്കും ഒരു പേടിസ്വപ്നമായിരുന്നു. ബെർലിനിലോ ബോസ്റ്റണിലോ ഉള്ള ഒരാളെ ഫോണിൽ ലഭിക്കാൻ ഒരാൾക്ക് മണിക്കൂറുകളോളം ഡയൽ ചെയ്യേണ്ടി വന്നിരുന്നു. അക്കാലത്ത് ബംഗ്ലാദേശിൽ പോലും മികച്ച അന്താരാഷ്ട്ര ടെലിഫോൺ സേവനങ്ങൾ ഉണ്ടായിരുന്നു.

  ബികെ വിഎസ്‍എൻഎല്ലിനെ നയിച്ച ഏഴ് വർഷം ഹാർവാർഡ് ബിസിനസ് സ്കൂൾ പഠന വിഷയമാക്കേണ്ടതാണ്. നിരവധി വെല്ലുവിളികളാണ് അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്നത്. അന്നത്തെ തൊഴിൽ സംസ്കാരം വളരെ മോശമായിരുന്നു. കാലഹരണപ്പെട്ട സാങ്കേതികവിദ്യയായിരുന്നു വിഎസ്എൻഎൽ ഉപയോഗിച്ചിരുന്നത്. രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ വിഎസ്‍എൻഎല്ലിന്റെ പ്രവർത്തനത്തിന് അധിക പണം അനുവദിച്ചില്ല. ചുറ്റും കലുഷിതമായ അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്.

  തീർത്തും കാര്യക്ഷമമല്ലാതെ പ്രവർത്തിച്ച ഒരു പൊതുമേഖലാ സ്ഥാപനത്തെ ബികെ രാജ്യത്തിന്റെ ഭാവിക്കു തന്നെ കുതിപ്പു നൽകുന്ന ഒരു സ്ഥാപനമാക്കി മാറ്റി. ഒരു വിദേശ വോയ്സ് കമ്പനി എന്ന സ്ഥാനത്തു നിന്ന്, പല സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന, അന്താരാഷ്ട്ര അംഗീകാരമുള്ള ടെലികോം കമ്പനിയായി വിഎസ്എൻഎൽ മാറി. സർക്കാരിന്റെ സാമ്പത്തിക പിന്തുണയൊന്നും കൂടാതെ, അന്തർവാഹിനി ടെലികോം കേബിളായ SEA-ME-WE2-ൽ വിഎസ്എൻഎൽ നിക്ഷേപം നടത്തി. ആഗോള കണക്റ്റിവിറ്റി മേഖലയിൽ ഇന്ത്യ പത്തു മടങ്ങ് വികസിച്ചു.

  ഇന്ന്, സൗദി അറേബ്യ ലോകമെമ്പാടും എണ്ണ വിൽക്കുന്നതിലൂടെ നേടുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇന്ത്യ ഐടി കയറ്റുമതിയിൽ നിന്ന് നേടുന്നുണ്ട്. എന്നാൽ ബികെ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഐടി ഭീമന്മാർ പലരും ഇന്നു കാണുന്ന വളർച്ച നേടുമായിരുന്നില്ല. വോയ്‌സ് കണക്റ്റിവിറ്റിക്ക് പുറമേ, ഇന്ത്യൻ സോഫ്‌റ്റ്‌വെയർ കമ്പനികൾക്ക് അന്താരാഷ്ട്ര ക്ലൈന്റുകളുമായി തത്സമയം ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ ഡാറ്റാ ലൈനുകളും അദ്ദേഹം അവതരിപ്പിച്ചു. ഇത് വലിയ വഴിത്തിരിവായിരുന്നു. ബി.കെ വിഎസ്എൻഎല്ലിൽ എത്തുമ്പോൾ 60 ദശലക്ഷം ഡോളറായിരുന്നു ഇന്ത്യൻ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ വിറ്റുവരവ്. 1998-ൽ അദ്ദേഹം വിഎസ്എൻഎൽ വിടുമ്പോൾ, അത് 300 മടങ്ങ് ഉയർന്ന് 2 ബില്യൺ ഡോളറിലെത്തി.

  ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (LSE) വിഎസ്‍എൻഎൽ ഇടം നേടിയത് ബി.കെ തലപ്പത്തിരുന്ന കാലത്താണ്. 1998 ആയപ്പോഴേക്കും, ബിഎസ്‍ഇ, എൻഎസ്‌ഇ, എന്നിവയിലെ മാർക്കറ്റ് ക്യാപിറ്റലൈസേഷനും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് വിഎസ്എൻഎൽ മികച്ച പത്തു കമ്പനികളിൽ ഒന്നായി മാറി. എൽഎസ്ഇയിലെ ആദ്യ 30 കമ്പനികളിലും വിഎസ്‍എൻഎൽ ഇടം നേടി. ബി.കെ യുടെ കാലത്ത്, വിഎസ്‍എൻഎലിന്റെ വരുമാനം 125 മില്യണിൽ നിന്ന് 1.6 ബില്യൺ ഡോളറായും ലാഭം 32.5 മില്യണിൽ നിന്ന് 240 മില്യൺ ഡോളറായും വളർന്നു.

  ഇക്കാലയളവിലെല്ലാം അദ്ദേഹം ഉദ്യോ​ഗസ്ഥരോടും രാഷ്ട്രീയപ്രവർത്തകരോടും നിരന്തരം പോരാടിയിരുന്നു. മൂന്ന് സർക്കാരുകളും അഞ്ച് ടെലികോം മന്ത്രിമാരും മാറി മാറി വന്നു. ഇവരുടെയെല്ലാം തന്ത്രങ്ങളും, ശാഠ്യവുമെല്ലാം അദ്ദേഹം കൈകാര്യം ചെയ്യേണ്ടിവന്നു. അഴിമതിക്കെതിരെയും പോരാടി. നിരന്തരം മാധ്യമ വിചാരണയും വ്യാജ ആരോപണങ്ങളും നേരിടേണ്ടി വന്നു.‍ അപ്പോഴും രാജ്യ താത്പര്യത്തിനായിരുന്നു അദ്ദേഹം മുൻ​ഗണന നൽകിയിരുന്നത്.

  1995 ഓഗസ്റ്റ് 15-ന് ഏറെ കൊട്ടിഘോഷിച്ച് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിച്ചു. എന്നാൽ അതൊരു ദുരന്തമായിരുന്നു. നിരവധി സാങ്കേതിക തകരാറുകൾ ഉണ്ടായി. നിരവധി ഉപഭോക്താക്കൾ അതൃപ്തി രേഖപ്പെടുത്തി. പാർലമെന്റിൽ ചോദ്യങ്ങൾ ഉയർന്നു. പത്രസമ്മേളനം വിളിച്ച ബി.കെ. മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ്: ''ഞാൻ വിഡ്ഢിയായി. എനിക്ക് 10 ആഴ്ച സമയം തരൂ, ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഒരു സംവിധാനം നിങ്ങൾക്ക് ലഭിക്കും''. അദ്ദേഹം ആ വാഗ്ദാനം നിറവേറ്റി. ധീരനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. 2020 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ 750 ദശലക്ഷം ഇന്റർനെറ്റ് കണക്ഷനുകളാണ് ഉള്ളത്. ഇതെല്ലാം ആരംഭിച്ചത് ബികെയിൽ നിന്നാണ്.

  1998 ജൂണിൽ, ധീരുഭായ് അംബാനി, എച്ച്ഡിഎഫ്‌സിയുടെ ദീപക് പരേഖ് എന്നിവർക്കൊപ്പം ഏഷ്യയിലെ അൻപത് പ്രമുഖ വ്യക്തിത്വങ്ങളിൽ ഒരാളായി അമേരിക്കൻ മാസികയായ ബിസിനസ് വീക്ക് ബികെയെ തിരഞ്ഞെടുത്തു. ''ഒന്നിന് പുറകെ ഒന്നായി നിരവധി തടസങ്ങളിലൂടെയാണ് അദ്ദേഹം കടന്നു പോയത്. ഇന്ത്യ ഇ​ദ്ദേഹത്തെ പോലെയുള്ള കൂടുതൽ നേതാക്കൻമാരെ ഉപയോഗപ്പെടുത്തണം. സിംഗാൾ ഒരു മികച്ച നേതാവാണ്'', എന്നാണ് ബിസിനസ് വീക്ക് ചൂണ്ടിക്കാട്ടിയത്.

  ബിസിനസ് വീക്കിൽ ഈ വാർത്ത പ്രത്യക്ഷപ്പെട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം, അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഫാക്സ് സന്ദേശമെത്തി. അഴിമതിക്ക് കൂട്ടു നിൽക്കാത്തതും അദ്ദേഹത്തെ താഴെയിറക്കാൻ അമേരിക്ക സമ്മർദം ചെലുത്തിയതുമാണ് ഇതിനു കാരണമായി ബി.കെ ചൂണ്ടിക്കാട്ടയിത്. പതിറ്റാണ്ടുകളായി യുഎസ് ടെലികോം കമ്പനികൾ ഇന്ത്യയിൽ വൻ ലാഭം ഉണ്ടാക്കി വരുന്നതിനിടെയായിരുന്നു വിഎസ്എൻഎലിന്റെ വളർച്ച.

  സിം​ഗാൾ നേതൃസ്ഥാനം ഒഴിഞ്ഞതിനു ശേഷം വിഎസ്എൻഎല്ലിന്റെ പ്രകടനം കുത്തനെ ഇടിഞ്ഞു. 2002-ൽ കമ്പനി ടാറ്റയ്ക്ക് വിൽക്കുകയും ടാറ്റ കമ്മ്യൂണിക്കേഷൻസ് എന്ന് പേരു മാറ്റുകയും ചെയ്തു.

  2002ൽ, ഐഐടികളെക്കുറിച്ചും ഐഐടിയിൽ പഠിച്ചവരെക്കുറിച്ചും ഒരു പുസ്തകം എഴുതുമ്പോഴാണ് ഞാൻ ബികെയെ ആദ്യമായി കണ്ടത്. അദ്ദേഹത്തോടൊപ്പം രണ്ടു മണിക്കൂർ ചെലവഴിച്ചു. ദേശീയത കൈമുതലായുള്ള ആളാണ് അദ്ദേഹമെന്ന് ഞാൻ മനസിലാക്കി. അത് എന്റെ പുസ്തകത്തിൽ എഴുതിയപ്പോൾ ബി കെ സന്തോഷിച്ചു. അങ്ങനെ തന്നെയാണ് താനെന്നും ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തന്റെ ജീവിതം ചെലവഴിച്ചു എന്നും അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം ഇന്ത്യയുടെ അഭിമാന പുത്രനായിരുന്നു. ഇന്ത്യ അദ്ദേഹത്തെയോർത്തും അഭിമാനിക്കണം. സർ, നിങ്ങളെ അടുത്തറിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

  (ഫിനാൻഷ്യൽ എക്സ്പ്രസ് മുൻ എഡിറ്ററും ഓപ്പൺ, സ്വരാജ്യ മാസികകളുടെ സ്ഥാപക-എഡിറ്ററുമാണ് ലേഖകൻ. ഈ ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന കാഴ്ചപ്പാടുകൾ വ്യക്തിപരമാണ്)
  Published by:Amal Surendran
  First published: