കോവിഡിനെ തുടർന്ന് ഇന്ത്യ കടുത്ത അനിശ്ചിതത്വത്തിലാണ്. അതുകൊണ്ട് തന്നെ സമ്പന്നരായ ഇന്ത്യക്കാർ വിദേശത്തേക്കും മറ്റും കുടിയേറാനാണ് ശ്രമിക്കുന്നത്. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ മെട്രോ നഗരങ്ങളിൽ മാത്രമായി പരിമിതപ്പെടുന്നില്ല. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ളവർക്ക് ഇതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഏറ്റവും സാധാരണമായ ഒരു സംശയം: ഒരു ഇന്ത്യക്കാരന് "രണ്ടാമതൊരു പാസ്‌പോർട്ട്" കൈവശം വയ്ക്കാനാകുമോ? എന്നാണ്.
വിദേശ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വിദേശ രാജ്യത്തെ താമസം പൗരത്വവും രണ്ടാമതൊരു പാസ്‌പോർട്ട് തുടങ്ങിയ കാര്യങ്ങളിൽ പലരും ആശയക്കുഴപ്പത്തിലാണ്. ഇത്തരത്തിലുള്ള സംശയങ്ങൾക്കുള്ള ഉത്തരമാണ് ഇവിടെ വിശദീകരിക്കുന്നത്.
പൗരത്വവും പാസ്‌പോർട്ടും തമ്മിലുള്ള വ്യത്യാസം എന്താണ്?
ഒരു രാജ്യത്ത് ഒരു വ്യക്തിയുടെ നിയമപരമായ നിലയാണ് പൗരത്വം. ആ രാഷ്ട്രത്തിന്റെ നിയമങ്ങൾ അംഗീകരിച്ചുകൊണ്ട് പൗരന് ചില അവകാശങ്ങളുണ്ട്. മാത്രമല്ല ആ രാജ്യത്തിന്റെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാൻ പൗരത്വമുള്ളവർ ബാധ്യസ്ഥരാണ്. എന്നാൽ സർക്കാർ പൗരന്മാർക്ക് നൽകുന്ന ഒരു രേഖയാണ് പാസ്‌പോർട്ട്. അന്തർദേശീയമായി സഞ്ചരിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുക എന്നതാണ് പാസ്പോർട്ടിന്റെ പ്രാഥമിക ലക്ഷ്യം. ഇത് പൗരത്വത്തിന്റെ തെളിവായും പ്രവർത്തിക്കുന്നു. എല്ലാ പാസ്‌പോർട്ട് ഉടമകളും ആ രാജ്യത്തെ പൗരന്മാരായിരിക്കണം എന്നാൽ എല്ലാ പൗരന്മാർക്കും പാസ്‌പോർട്ട് നിർബന്ധമല്ല.
ഇന്ത്യയിൽ, വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോർട്ട് നൽകുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഒരു "ശക്തമായ പാസ്പോർട്ട്" അല്ല. കാരണം ആഗോള പാസ്പോർട്ട് റാങ്കിംഗിൽ ഇന്ത്യൻ പാസ്പോർട്ട് താഴ്ന്ന സ്ഥാനത്താണുള്ളത്. ഇന്ത്യൻ പാസ്പോർട്ട് പ്രധാനമായും ഏഷ്യ, ആഫ്രിക്ക, കരീബിയ എന്നിവിടങ്ങളിലായി ഏകദേശം 60 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ രഹിത യാത്ര അനുവദിക്കുന്നത്. 2021ലെ സൂചിക അനുസരിച്ച് ഒന്നാമതെത്തിയ ജാപ്പനീസ് പാസ്‌പോർട്ട് 191 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നു.
എന്താണ് ഇരട്ട പൗരത്വം?
ഇരട്ട അല്ലെങ്കിൽ ഒന്നിലധികം പൗരത്വം എന്നാൽ ഒരു വ്യക്തി ഒന്നിലധികം രാജ്യങ്ങളിലെ പൗരനാണ് എന്നാണ് വ്യക്തമാക്കുന്നത്. ഇത് ഈ രാജ്യങ്ങളിലെ വ്യക്തികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പൗരന് നൽകുന്നു. നിങ്ങൾക്ക് ഈ രാജ്യങ്ങളിൽ ജീവിക്കാനും ജോലി ചെയ്യാനും പഠിക്കാനും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ മുതലായ ആനുകൂല്യങ്ങൾ നേടാനും കഴിയും.
ഒന്നിലധികം പൗരത്വത്തിന്റെ ഏറ്റവും വലിയ ഗുണം നിങ്ങൾക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ കൈവശം വയ്ക്കാനാകും എന്നതാണ്. ഇത് പാസ്‌പോർട്ട് ഉടമകൾക്ക് അർഹതയുള്ള എല്ലാ രാജ്യങ്ങളിലേക്കും വിസ രഹിത യാത്ര നടത്താൻ അനുവദിക്കുന്നു. ഇത് ആഗോള യാത്ര സുഗമമാക്കുന്നു.
ഇന്ത്യക്കാർക്ക് ഇരട്ട പൗരത്വം ലഭിക്കുമോ?
ഇല്ല. ഇന്ത്യൻ ഭരണഘടനയ്ക്ക് ഇരട്ട അല്ലെങ്കിൽ ഒന്നിലധികം പൗരത്വം നൽകുന്ന വ്യവസ്ഥകളില്ല. ഒരു ഇന്ത്യക്കാരൻ രണ്ടാമതൊരു പാസ്‌പോർട്ട് സ്വന്തമാക്കുകയാണെങ്കിൽ, അവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും. 1967ലെ പാസ്‌പോർട്ട് നിയമം അനുസരിച്ച്, എല്ലാ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകളും മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയ ഉടൻ തന്നെ തങ്ങളുടെ പാസ്‌പോർട്ടുകൾ അടുത്തുള്ള ഇന്ത്യൻ മിഷനിൽ അല്ലെങ്കിൽ പോസ്റ്റലായി സമർപ്പിക്കണം.
എന്നാൽ അത്തരം പൗരന്മാർക്ക് വിദേശ പൗരത്വം നേടിയ ശേഷം ഓവർസീസ് സിറ്റിസെൻഷിപ്പ് ഓഫ് ഇന്ത്യ (OCI) പദവി ലഭിക്കും.
എന്താണ് ഒസിഐ സ്റ്റാറ്റസ്, എങ്ങനെയാണ് ഇത് പ്രവർത്തിക്കുന്നത്?
ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച ഇന്ത്യൻ വംശജനായ ഒരു വ്യക്തിക്ക് നൽകുന്ന നിയമപരമായ പദവിയാണ് ഒസിഐ. ഇത് സ്ഥിര താമസത്തിന് സമാനമാണ് കൂടാതെ നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പദവി ലഭിച്ച എല്ലാ ആളുകൾക്കും ഇന്ത്യൻ സർക്കാർ OCI കാർഡ് നൽകും.
OCI കാർഡ് ലഭിക്കുന്നത് എങ്ങനെ?
ഓൺലൈൻ അപേക്ഷ നൽകി ഒസിഐ കാർഡ് നേടാം. അപേക്ഷകന്റെ ഫോട്ടോയും രേഖകളും ഇതിനായി അപ്‍ലോഡ് ചെയ്യണം. തുടർന്ന് ഫീസ് അടയ്ക്കുക, ചുരുങ്ങിയ സമയത്തിനുള്ളിൽ നിങ്ങളുടെ OCI കാർഡ് നിങ്ങൾക്ക് ലഭിക്കും.
OCI വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ്?
ഒരു ഒസിഐക്ക് ഇന്ത്യയിലെ ഒരു പൗരന് ലഭ്യമായ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും
ഇന്ത്യയിലേക്കുള്ള പ്രവേശനം
ആജീവനാന്ത വിസ
ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനും ബിസിനസ്സ് ചെയ്യാനും അനുമതി.
സ്വത്തുക്കൾ കൈവശം വയ്ക്കാം
വീണ്ടും ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ ചില നിബന്ധനകൾക്ക് വിധേയമായി വിദേശ പൗരത്വം സമർപ്പിച്ചതിന് ശേഷം വീണ്ടും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.
OCIകൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ
OCIകൾ ഇന്ത്യൻ പൗരനല്ലാത്തതിനാൽ, വോട്ട് ചെയ്യാൻ കഴിയില്ല
ഒരു പൊതു ഓഫീസിലേക്ക് മത്സരിക്കാനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ കഴിയില്ല.
ഇന്ത്യയിൽ കൃഷി ഭൂമിയോ തോട്ടങ്ങളോ വാങ്ങാൻ കഴിയില്ല. എന്നിരുന്നാലും, ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നതിനു മുമ്പ് കൈവശമുണ്ടായിരുന്ന സ്വത്ത് കൈവശം വയ്ക്കുന്നത് തുടരാം.
ഇന്ത്യൻ പൗരന്മാർക്ക് ഒന്നിലധികം പൗരത്വമോ പാസ്‌പോർട്ടുകളോ കൈവശം വയ്ക്കാൻ കഴിയില്ല. എന്നിരുന്നാലും, ഒരു ഇന്ത്യൻ പൗരന് അവരുടെ പൗരത്വം ഉപേക്ഷിക്കുമ്പോൾ ഇന്ത്യയിൽ ഒരു വിദേശ പൗരനായി തുടരാം. മുകളിൽ പറഞ്ഞ ചില കാര്യങ്ങൾ ഒഴികെ മറ്റ് ആനുകൂല്യങ്ങൾ സ്വീകരിക്കുകയും ചെയ്യാം.
പുതിയ ഇന്ത്യൻ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം മുമ്പ് വ്യക്തമാക്കിയിരുന്നു. പുതിയ പോസ്പോർട്ടുകളിൽ പാസ്പോർട്ട് ഓഫീസർമാർ ഒപ്പിടുന്നതിന് താഴെയായി ദീർഘ ചതുരാകൃതിക്ക് ഇരു വശത്തുമായാണ് താമര ചിഹ്നം ചേർത്തിരിക്കുന്നത്. വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാനും സുരക്ഷ നടപടികളുടെ ഭാഗമായുമാണ് ചിഹ്നം ഉൾപ്പെടുത്തിയിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Citizenship, Immigration rules, Indian passport, Passport