കാനഡയില്‍ പൊതുതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ജസ്റ്റിന് ട്രൂഡോ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തെങ്കിലും ലിബറല്‍ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ അധികാരം നിലനിര്‍ത്തിയെങ്കിലും തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയനാകുന്നത് ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ്ങാണ്.
തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ജഗ്മീത് സിങ് എന്ന ഇന്ത്യന്‍ വംശജന് കാനേഡിയന്‍ രാഷ്ട്രീയത്തില്‍ കിങ് മേക്കറാകുന്നത്. ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരം നിലനിര്‍ത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാവി നിലനിപ്പിനു ഭൂരിപക്ഷം അനിവാര്യമാണ്. ഇവിടെയാണ് ജഗ്മീതിന്റെയും ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും പ്രാധാന്യം. ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് സഖ്യം രൂപികരിക്കാനൊരുങ്ങുകയാണ് ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി.
പ്രധാനമന്ത്രിയായിരുന്ന ട്രൂഡോ കഴിഞ്ഞ മാസമായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞാണ് ഔദ്യോഗികമായി തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം മുന്‍പേ തന്നെ നടത്താന്‍ തീരുമാനിച്ചത് ട്രൂഡോയുടെ ര്രാഷ്ട്രീയ തന്ത്രമായാണ് വിലയിരുത്തുന്നത്. കൊവിഡ് മഹാമാരിയെ തരണം ചെയ്തതിലൂടെ സര്‍ക്കാരിനും പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും ലഭിച്ച ജനസ്വീകാര്യത മുതലെടുക്കുന്നതിനാണ് ഉടനെ തിരഞ്ഞെടുപ്പ് തീരുമാനിച്ചത്.
ജസ്റ്റിന് ട്രൂഡോ ആദ്യമായി അധികാരത്തിലെത്തുന്നത് 2015ലാണ്. പിന്നീട് 2019ലും അധികാരത്തിലേറിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം ഏതാണ്ട് സമാനമായിരുന്നു ട്രൂഡോയുടെ ജനസ്വീകാര്യതയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. കേവല ഭൂരിപക്ഷമായ 170 സീറ്റിലേക്ക് 2019ലും ലിബറല്‍ പാര്‍ട്ടി എത്തിയിരുന്നില്ല. 2021ലെ തെരഞ്ഞെടുപ്പ് ഫലവും 2019 ന്റെ ആവര്‍ത്തനമായാണ് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. 2019ല്‍ 155 സീറ്റുകളായിരുന്നു ലിബറല്‍ പാര്‍ട്ടി നേടിയത്. ഭരണ കാലാവധി തീരാന്‍ രണ്ടുവര്‍ഷം ശേഷിക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ട്രൂഡോയ്ക്ക് കാര്യമായ ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ശക്തമായ പോരാട്ടത്തിനൊടുവിലാണ് ജസ്റ്റിന് ട്രൂഡോ തുടര്‍ച്ചയായി മൂന്നാംതവണയും അധികാരത്തിലേറുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിക്കാനായെങ്കിലും 338 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിനാവശ്യമായ 170 സീറ്റ് ലിബറല്‍ പാര്‍ട്ടിക്ക് ലഭിച്ചില്ല. ബ്ലോക് ക്യുബെക്വ പാര്‍ട്ടിയുടേയോ ഇന്ത്യന്‍ വംശജനായ ജഗ്മീത് സിങ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടേയോ പിന്തുണയോടെ മാത്രമെ ഭരണം നിലനിര്‍ത്താനാകൂ എന്നതായിരുന്നു സാഹചര്യം.
കാലാവധി അവസാനിക്കുന്നതിനു രണ്ടു വര്‍ഷം മുന്‍പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ട്രൂഡോ തന്ത്രം മെനഞ്ഞപ്പോള്‍ കാനഡയില്‍ ഒപീനിയന്‍ പോളുകളില്‍ ഭൂരിഭാഗം പൗരന്മാരും തിരഞ്ഞെടുപ്പ് ആവശ്യമില്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 170 സീറ്റുകളാണ് ലഭിക്കേണ്ടത്. എന്നാല്‍ അത് നേടാന്‍ ലിബറല്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിന് ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. 2019 ല്‍ നേടിയതിനേക്കാള്‍ ഒരു സീറ്റ് കൂടുതലാണ് ഇത്. 119 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നിലവിലെ സഖ്യകക്ഷികളായ എന്‍ഡിപി 25 സീറ്റുകള്‍ നേടിയിട്ടുണ്ട് ബ്ലോക് ക്യുബെക്വ 34 സീറ്റുകള്‍ നേടി.
ബ്രിട്ടീഷ് കൊളംബിയയിലെ ജില്ലയായ ബര്‍ണബി സൗത്തില്‍ നിന്ന് ജഗ്മീത് സിംഗ് വിജയിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പാര്‍ട്ടി 2019 ല്‍ 44 സീറ്റുകള്‍ നേടിയതിനേക്കാള്‍ ഇത്തവണ കുറവായിരുന്നു നേടിയത്. സാമൂഹികവും പാരിസ്ഥിതികവുമായ നിരവധി വിഷയങ്ങളില്‍ ട്രൂഡോയുടെ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വായ്പകള്‍ കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എന്‍ഡിപി പറഞ്ഞു.
സിംഗിന്റെ പ്രചാരണത്തിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അതിസമ്പന്നര്‍ക്ക് നികുതി ചുമത്തുക എന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ തന്റെ മുന്‍ഗണനകളിലൊന്ന് ശതകോടീശ്വരന്മാര് പാന്‍ഡെമിക് ചെലവിന്റെ ന്യായമായ വിഹിതം നല്കുന്നു എന്ന് ഉറപ്പാക്കുന്നതാണെന്നു ജഗ്മീത് സിംഗ് സിടിവിയോട് പറഞ്ഞു.
ഖാലിസ്ഥാന്‍ അനുകൂല നേതാവ്
ക്രിമിനല്‍ അഭിഭാഷകന് ആയിരുന്ന ജഗ്മീത് സിങ് ജനിച്ചുവളര്‍ന്നത് കാനഡയില്‍ തന്നെയാണ്. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിച്ചു, താമസിയാതെ അദ്ദേഹത്തിന്റെ പുരോഗമന രാഷ്ട്രീയം, ആകര്‍ഷണീയമായ വ്യക്തിത്വം, വസ്ത്രധാരണ രീതി എന്നിവയിലൂടെ ശ്രദ്ധേയനായി. 2017 മുതല്‍ ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലപ്പത്ത് ജഗ്മീതാണ്.
പഞ്ചാബിന്റെ സ്വയം നിര്‍ണ്ണയ അവകാശത്തിനുള്ള ശക്തമായ പിന്തുണയും നല്‍കിയിരുന്നു ഇത് അദ്ദേഹത്തെ വിവാദങ്ങളിലേക്ക് എത്തിച്ചു. ഇന്ത്യ സിഖ് ന്യൂനപക്ഷത്തിനെതിരെ വംശഹത്യ നടത്തിയെന്ന് സിംഗ് കുറ്റപ്പെടുത്തി, ഇന്ത്യന്‍ സര്‍ക്കാര്‍ സിഖ് സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വാദങ്ങളും അദ്ദേഹം ഉയര്‍ത്തി. 1984 ലെ സിഖ് വിരുദ്ധ കലാപത്തെ 'വംശഹത്യ' എന്ന് വിശേഷിപ്പിക്കാന്‍ ഒന്റാറിയോ നിയമസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2021 Election, Canada