നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • explained
    • »
    • ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണാറുണ്ടോ? കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള കാരണങ്ങൾ

    ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണാറുണ്ടോ? കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള കാരണങ്ങൾ

    ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതായാണ് സർവേ റിപ്പോ‍ർട്ട് വ്യക്തമാക്കുന്നത്.

    Representative image.

    Representative image.

    • Share this:
      കുട്ടികളുടെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ഒരു ഗവേഷണ റിപ്പോ‍‍ർട്ട് എൻവയോൺമെന്റൽ ജേണൽ ഓഫ് ഹെൽത്ത് എന്ന മാസികയിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തിലെ പല വലിയ സർവകലാശാലകളുമായി സഹകരിച്ച് നടത്തിയ ഈ ഗവേഷണത്തിൽ, ടിവിയോ ലാപ്‌ടോപ്പോ മൊബൈൽ ഫോണോ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികൾ എപ്പോൾ ഭക്ഷണം കഴിക്കുമ്പോളും ഈ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി വാശി പിടിക്കാറുണ്ടെന്ന് കണ്ടെത്തി. ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം കുടുംബത്തിനൊപ്പമിരുന്ന് ഉച്ചഭക്ഷണമോ അത്താഴമോ കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ​ഗവേഷണത്തിൽ കണ്ടെത്തി.

      ഇന്ത്യയിലെ അമിതവണ്ണമുള്ള കുട്ടികൾ

      ഇന്ത്യയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി കുട്ടികളിൽ പൊണ്ണത്തടി വർദ്ധിക്കുന്നതായാണ് ബയോമെഡ് സെൻട്രൽ ജേണലിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോ‍ർട്ട് വ്യക്തമാക്കുന്നത്. കുട്ടികളിലെ അമിതവണ്ണം ഇപ്പോൾ ഗുരുതരമായ ഒരു പ്രശ്നമായാണ് ഉയർന്നു വന്നിരിക്കുന്നത്. ‌‌‌‌‌‌‌‌ഇന്ത്യയിലെ 10 മുതൽ 12 ശതമാനം വരെ കുട്ടികൾ അമിതവണ്ണമുള്ളവരാണെന്ന് റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു. 2030 ആകുമ്പോഴേക്കും രാജ്യത്തെ പകുതിയോളം കുട്ടികളും പൊണ്ണത്തടിയുള്ളവരായി മാറിയേക്കാമെന്നും പഠനത്തിൽ പറയുന്നു. അടുത്തിടെ നടത്തിയ മറ്റൊരു സർവേ പ്രകാരം, കഴിഞ്ഞ 50 വർഷത്തിനിടയിൽ ഇന്ത്യയിലെ കുട്ടികളിൽ എണ്ണ ഉൽപന്നങ്ങളുടെ ഉപഭോഗം 20 ശതമാനം വർദ്ധിച്ചു. 11 മുതൽ 20 വയസ്സു വരെയുള്ള കുട്ടികളാണ് മിഠായി, ചോക്ലേറ്റ്, പിസ്സ, ഫ്രഞ്ച് ഫ്രൈസ്, മധുരപലഹാരങ്ങൾ എന്നിവ കഴിക്കുന്നവരിൽ 80 ശതമാനവും.

      ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്

      ലോകാരോഗ്യ സംഘടന (WHO) അടുത്തിടെ ഇത് സംബന്ധിച്ച് ഒരു റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ സ്ക്രീൻ സമയം കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിശ്ചിത സമയത്തേക്കാൾ കൂടുതൽ സ്ക്രീൻ സമയം നൽകിയാൽ അവരുടെ ശാരീരികവും മാനസികവുമായ വികാസത്തെ നേരിട്ട് ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ഈ റിപ്പോർട്ടിൽ, മൊബൈൽ ഫോണുകൾ, ടിവി സ്ക്രീനുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.

      ലോകാരോ​ഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശങ്ങൾ

      1 വയസ്സിന് താഴെയുള്ള കുട്ടികൾ: ഒരു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്ക്രീൻ സമയം നൽകാൻ പാടില്ല.
      1 മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾ: ഈ പ്രായത്തിലുള്ള കുട്ടികളുടെ സ്ക്രീൻ സമയം ഒരു ദിവസം ഒരു മണിക്കൂറിൽ കൂടരുത്.
      3 മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾ: 3 മുതൽ 4 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു ദിവസം പരമാവധി 1 മണിക്കൂർ സമയം വരെ മാത്രമേ സ്ക്രീൻ സമയം നിർദ്ദേശിച്ചിട്ടുള്ളൂ.

      ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതിന്റെ ദോഷങ്ങൾ

      ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതിലൂടെ, മെറ്റബോളിസം മന്ദഗതിയിലാകുകയും കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു.ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ എല്ലാ ശ്രദ്ധയും ടിവിയിലെ പരിപാടിയിലായിരിക്കും. അതുകൊണ്ട് തന്നെ എത്രമാത്രം കഴിക്കുന്നുണ്ടെന്ന് കുട്ടികൾ ശ്രദ്ധിക്കില്ല. മിക്ക കുട്ടികളും ടിവി കാണുമ്പോൾ ജങ്ക് ഫുഡ് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്. ടിവി കാണുമ്പോൾ അത്താഴമോ ഉച്ചഭക്ഷണമോ കഴിക്കുന്നത് വഴി കുട്ടികൾ വളരെ വേഗം പൊണ്ണത്തടിയന്മാരാകും. അതിനാൽ നിങ്ങളുടെ കുട്ടികളുടെ ഈ ശീലം മാറ്റുക, ആദ്യം ഭക്ഷണം കഴിക്കുക, അതിന് ശേഷം സുഖമായി ടിവി കാണുക. ഈ ശീലം ആദ്യം മുതൽ തന്നെ കുട്ടികളിൽ വളർത്തിയെടുക്കണം.

      ഡോക്ടർമാർ പറയുന്നത് എന്ത്?

      5 വയസ്സിന് താഴെയുള്ള കുട്ടിക്ക് ശരിയും തെറ്റും എന്താണെന്ന് അറിയില്ല. അവർ കാണുന്നത് അവർ പഠിക്കുന്നു. കുട്ടികൾ കാർട്ടൂണുകളിലെന്നപോലെ സംസാരിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കുട്ടികൾ വളരുമ്പോൾ ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. കുട്ടികൾ ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ, അവരുടെ ശ്രദ്ധ മുഴുവൻ ടിവിയിൽ മാത്രമാകുന്നു. അതിനാൽ അവർ എത്രമാത്രം കഴിച്ചുവെന്ന് അവർക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. ഇതിനു പുറമേ, മറ്റ് പല തരത്തിലുള്ള രോഗങ്ങൾക്കും ഇത് കാരണമാകുന്നു, പരാസ് ഹോസ്പിറ്റലിലെ ശിശുരോഗവിദഗ്ദ്ധൻ മനീഷ് മനാൻ പറയുന്നു.

      മനോരോഗവിദഗ്ദ്ധരുടെ അഭിപ്രായം

      ചെറിയ കാര്യങ്ങൾക്ക് പോലും കുട്ടികൾ വാശിപിടിക്കുന്നുവെന്ന പരാതിയുമായി പല രക്ഷിതാക്കളും വരാറുണ്ടെന്ന് മനോരോഗവിദഗ്ദ്ധ ഡോ.ബിന്ദ സിംഗ് പറയുന്നു. പലപ്പോഴും ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കൾ അവരുടെ കുട്ടികളെ ടിവിക്ക് മുന്നിൽ ഇരുത്തി ഭക്ഷണം കൊടുക്കുകയോ ഫോണിൽ എന്തെങ്കിലും കാണിച്ച് ഭക്ഷണം നൽകുകയോ ചെയ്യും. ഇത് വളരെ തെറ്റായ രീതിയാണ്. അത്തരമൊരു സാഹചര്യത്തിൽ, കുട്ടികളുടെ ശ്രദ്ധ മാറ്റുകയും അവർ വിശപ്പിനേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. ഈ പ്രായത്തിൽ, കുട്ടികളുടെ ഭാവനയ്ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ടാണ് പഴയ ആളുകൾ കുട്ടികൾക്ക് കഥകൾ പറഞ്ഞ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ കഥകൾ പറയുന്നതിനുപകരം രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ നൽകുന്നു.

      ഡയറ്റീഷ്യന്മാർ പറയുന്നത് എന്ത്?

      കുട്ടിയുടെ ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണമെന്ന് ഡയറ്റീഷ്യൻ റിതു ഗിരി പറയുന്നു. കുട്ടികൾ നിറങ്ങൾ വളരെ ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ അവർക്ക് പല നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും നൽകുക. അവരുടെ ആരോഗ്യത്തിന് ഗുണകരമായ പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ നൽകണം. ചിപ്സ്, ജങ്ക് ഫുഡ്, ചോക്ലേറ്റ് എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുക. ഇവ കുട്ടികൾക്ക് വളരെ ദോഷകരമാണ്.

      പൊണ്ണത്തടിക്ക് കാരണം

      ജനിതക പ്രശ്നങ്ങൾ, ജീവിതശൈലി, തുടങ്ങിയ പല ഘടകങ്ങളും പൊണ്ണത്തടിക്ക് കാരണമാകുന്നു. ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ കലോറി കഴിക്കുന്ന കുട്ടികളിൽ സാധാരണയായി പൊണ്ണത്തടി ഉണ്ടാകുന്നു. കൂടാതെ, അവർ ഒരു തരത്തിലുള്ള വ്യായാമവും ചെയ്യാറുണ്ടാകില്ല.

      വ്യായാമത്തിന്റെ അഭാവം: ഇന്നത്തെ കാലത്ത് കുട്ടികൾ കൂടുതൽ സമയവും ടിവി കാണാനാണ് സമയം ചെലവഴിക്കുന്നത്. ഇക്കാരണത്താൽ, അവർക്ക് ശാരീരിക ചലനം കുറവായിരിക്കും. ടിവി കാണുമ്പോൾ ജങ്ക് ഫുഡും കഴിക്കുന്നവരാണ് മിക്ക കുട്ടികളും. അതുകൊണ്ട് അവരുടെ ഭാരം അതിവേഗം വർദ്ധിക്കുന്നു.

      ജങ്ക് ഫുഡ്: ജങ്ക് ഫുഡ് ഭക്ഷണപാനീയങ്ങളിൽ പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ സ്ഥാനമാണ് തട്ടി മാറ്റിയിരിക്കുന്നത്. അതായത്, രുചി വർദ്ധിച്ചു, പക്ഷേ പോഷക ഗുണം അപ്രത്യക്ഷമായി. ഇതിന്റെ ഫലമായി നമ്മുടെ ആരോഗ്യം ക്ഷയിക്കുകയും ഭാരം കൂടുകയും ചെയ്യുന്നു.

      ആരോഗ്യ പ്രശ്നങ്ങൾ: എൻഡോക്രൈൻ അല്ലെങ്കിൽ ന്യൂറോളജിക്കൽ രോഗങ്ങൾ പോലുള്ളവയും പൊണ്ണത്തടിക്ക് കാരണമാകുന്നു. ചില മരുന്നുകളും അമിതവണ്ണത്തിന് കാരണമാകുന്നു.

      അമിതമായ സമ്മർദ്ദം: മാതാപിതാക്കളുടെ വിവാഹമോചനം,കുടുംബത്തിലെ വഴക്കുകൾ എന്നിവയും കുട്ടികളുടെ അമിതവണ്ണത്തിന് കാരണങ്ങളാണ്.
      Published by:Naseeba TC
      First published:
      )}