ഇന്ത്യയുടെ ഉല്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി വാഹന വ്യവസായം, വാഹന-ഘടക വ്യവസായം, ഡ്രോണ്‍ വ്യവസായം എന്നിവയ്ക്ക് ഉല്പാദന-ബന്ധിത ഇന്‍സെന്റീവ് (Production-Linked Incentive -PLI) പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ ബുധനാഴ്ച പറഞ്ഞു.
വാഹന, ഡ്രോണ്‍ വ്യവസായങ്ങളിലെ പിഎല്‍ഐ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഈ രണ്ട് മേഖലകള്‍ക്കും 26,058 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഹന മേഖലയ്ക്ക് 25,938 കോടി രൂപയും ഡ്രോണ്‍ മേഖലയ്ക്ക് 120 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,75,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'ഡ്രോണുകള്‍ക്കുള്ള പിഎല്‍ഐ പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ 5,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങളും 1500 കോടിയിലധികം രൂപയുടെ ഉല്പാദനവും പ്രതീക്ഷിക്കുന്നതായും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി ഒടുവില്‍ 'പരിസ്ഥിതി ശുചിത്വം, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഇന്ധന സെല്‍ വാഹനങ്ങള്‍ എന്നിവയിലേക്ക് കുതിക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കും' സര്‍ക്കാര്‍ പറഞ്ഞു.
ഓട്ടോമൊബൈല്‍ മേഖലയ്ക്കുള്ള PLI സ്കീം 7.6 ലക്ഷത്തിലധികം ആളുകള്‍ക്ക് അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കേന്ദ്രം അറിയിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ 42,500 കോടി രൂപയുടെ നിക്ഷേപ അവസരവും ഇത് സൃഷ്ടിക്കും.
'ഓട്ടോമൊബൈല്‍ വ്യവസായം രാജ്യത്തിന്റെ ഉല്‍പ്പാദന ജിഡിപിയുടെ 35 ശതമാനം സംഭാവന ചെയ്യുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇത് ഒരു മുന്‍നിര മേഖലയാണ്. ആഗോള ഓട്ടോമോട്ടീവ് വ്യാപാരത്തില്‍, ഇന്ത്യയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും,' അനുരാഗ് താക്കൂര്‍ പറഞ്ഞു.
ടെലികോം സെക്ടറും എ.ജി.ആറുംടെലികോം കമ്പനികളുടെ ടെലികോം ഇതര വരുമാനത്തെ നിയമാനുസൃത നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍) കേന്ദ്ര മന്ത്രിസഭ നടപ്പിലാക്കിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നിയമപരമായ കുടിശ്ശിക അടയ്ക്കുന്നതിന് പരിഗണിക്കുന്ന വരുമാനത്തെയാണ് AGR എന്ന് പറയുന്നത്.
'ടെലികോം മേഖലയില്‍ ഒന്‍പത് ഘടനാപരമായ പരിഷ്കാരങ്ങളും അഞ്ച് പ്രോസസ് പരിഷ്കാരങ്ങളും മന്ത്രിസഭ അംഗീകരിച്ചു. ഈ പരിഷ്കാരങ്ങള്‍ മുഴുവന്‍ ടെലികോം മേഖലയുടെ ചട്ടക്കൂടിനെയും മാറ്റും. അവ വ്യവസായത്തെ കൂടുതല്‍ വിപുലീകരിക്കുമെന്നും' അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ സ്പെക്ട്രം ലേലം നടത്തുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഓട്ടോമാറ്റിക് റൂട്ട് വഴി ടെലികോമിലെ 100 ശതമാനം എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) മന്ത്രിസഭ അംഗീകരിച്ചതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.
'ടെലികോം മേഖലയിലെ നിയമപരമായ കുടിശ്ശിക അടയ്ക്കുന്നതിനുള്ള നാല് വര്‍ഷത്തെ മൊറട്ടോറിയത്തിനും മന്ത്രിസഭ അംഗീകാരം നല്കി. മൊറട്ടോറിയം കാലയളവില്‍ പലിശ നല്‍കണം, പലിശ എസ്ബിഐയുടെ എംസിഎല്‍ആര്‍ പ്ലസ് 2 ശതമാനം ആയിരിക്കുമെന്നും,' അശ്വിനി വൈഷ്ണവ് പറഞ്ഞു. മറ്റ് പരിഷ്കാരങ്ങള്‍ക്ക് പുറമേ, കെവൈസിയുടെ ഡിജിറ്റലൈസേഷനും അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
'4G, 5G എന്നിവയ്ക്കുള്ള കോര്‍, റേഡിയോ ആക്സസ് ടെക്നോളജി ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും വരും മാസങ്ങളില്‍ ഇത് ഇന്ത്യയില്‍ വിന്യസിക്കുമെന്നും' അശ്വിനി വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.