• HOME
  • »
  • NEWS
  • »
  • explained
  • »
  • ചൈനയിലെ ആനക്കൂട്ടം ഒടുവിൽ കാട്ടിലേയ്ക്ക് മടങ്ങുന്നു; 17 മാസത്തെ ഇതിഹാസ യാത്രയെക്കുറിച്ച്

ചൈനയിലെ ആനക്കൂട്ടം ഒടുവിൽ കാട്ടിലേയ്ക്ക് മടങ്ങുന്നു; 17 മാസത്തെ ഇതിഹാസ യാത്രയെക്കുറിച്ച്

വിവിധ വലുപ്പത്തിലും പ്രായത്തിലുമുള്ള 14 ഏഷ്യന്‍ ആനകളാണ് ആനക്കൂട്ടത്തിലുണ്ടായിരുന്നത്.

News18 Malayalam

News18 Malayalam

  • Share this:
അന്താരാഷ്ട്ര തലക്കെട്ടുകളില്‍ ഇടം പിടിച്ച ചൈനയിലെ പ്രശസ്തമായ ആനക്കൂട്ടം ഒടുവില്‍ സ്വന്തം വാസസ്ഥലത്തേയ്ക്ക് മടങ്ങുന്നു. 17 മാസത്തെ ഇതിഹാസ യാത്രയ്ക്ക് ശേഷമാണ് ആനക്കൂട്ടം കാട്ടിലേയ്ക്ക് മടങ്ങുന്നതിന്റെ സൂചനകള്‍ ലഭിച്ചത്. വിവിധ വലുപ്പത്തിലും പ്രായത്തിലുമുള്ള 14 ഏഷ്യന്‍ ആനകളാണ് ആനക്കൂട്ടത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി യുനാനിലെ യുവാന്‍ജിയാങ് നദി കടന്ന ഇവര്‍ ഷിഷുവാങ്ബന്ന ദായ് ഓട്ടോണമസ് പ്രിഫെക്ചറിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് മടങ്ങുന്നതായാണ് സൂചനയെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആനക്കൂട്ടത്തിന്റെ യാത്രയിലേയ്ക്ക് ഒരു തിരഞ്ഞുനോട്ടം.

ഞായറാഴ്ച രാത്രി വരെ ആനക്കൂട്ടം യുവാന്‍ജിയാങ് കൗണ്ടിയിലായിരുന്നു. റിസര്‍വില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (125 മൈല്‍) അകലെയാണ് ഇത്. രാജ്യത്തെ ചുറ്റി 500 കിലോമീറ്ററിലധികം നടന്നതിന് ശേഷമാണ് ആനകള്‍ മടക്ക യാത്ര നടത്തുന്നത്. യാത്രയ്ക്കിടെ നവംബറില്‍ പ്യൂവറില്‍ വച്ച് ഒരു ആനക്കുട്ടി ജനിച്ചത് വലിയ വാര്‍ത്തയായിരുന്നു. സി.ജി.ടി.എന്നിന്റെ കണക്കുകള്‍ പ്രകാരം ആനകള്‍ 6.8 മില്യണ്‍ യുവാന്‍ (1.07 മില്യണ്‍ ഡോളര്‍) നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

24 മണിക്കൂറും നിലത്തും ഡ്രോണിലുമായി എട്ട് പേരടങ്ങുന്ന സംഘം ആനകളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇവരെ ജനവാസ മേഖലകളില്‍ നിന്ന് അകറ്റുന്നതിന് വേണ്ടിയായിരുന്നു ഇത്.

ആനകളുടെ എണ്ണത്തിലെ വര്‍ദ്ധനവും ആവാസവ്യവസ്ഥയും
1990 കള്‍ക്ക് ശേഷം ചൈനയിലെ കാടുകളിലെ ആനകളുടെ എണ്ണം ഇരട്ടിയായി. ഏകദേശം 300 ലധികം ആയി. എന്നാല്‍ അതേ കാലയളവില്‍ അവയുടെ ആവാസവ്യവസ്ഥ മൂന്നില്‍ രണ്ട് ഭാഗവും കുറഞ്ഞു. ആവാസ വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളാകാം ആനകളുടെ ഇത്തരം സഞ്ചാരത്തിന് കാരണം. ഈ സംഭവത്തെ തുടര്‍ന്ന് പരിസ്ഥിതിവാദികള്‍ ജീവികളുടെ ആവാസവ്യവസ്ഥ നഷ്ട്ടപ്പെടുന്നതിനെക്കുറിച്ച് കൂടുതല്‍ പൊതു അവബോധം സൃഷ്ടിക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

''വന്യജീവി ആവാസവ്യവസ്ഥയുടെ നാശത്തില്‍ പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള വികസനത്തിന്റെ ഫലം നമുക്ക് അവഗണിക്കാന്‍ കഴിയില്ല ' ഏഷ്യന്‍ ആനകളുടെ നാടുചുറ്റലിനെക്കുറിച്ച് എഴുതിയ ബീജിംഗ് നോര്‍മല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഷാങ് ലി പറയുന്നു. 'ആരോഗ്യകരവും സമ്പൂര്‍ണ്ണവുമായ ഒരു ആവാസവ്യവസ്ഥയാണ് സുസ്ഥിര സാമ്പത്തിക വികസനത്തിന്റെ ആധാരമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ ആന സംരക്ഷണത്തിന്റെ ഭാവി
ചൈനയിലെ ഈ ആനക്കൂട്ടത്തിന്റെ യാത്രയുടെ ലക്ഷ്യം ആര്‍ക്കും വ്യക്തമല്ല. പാരിസ്ഥിതിക തകര്‍ച്ചയാണ് ആനകളെ ഇതിന് പ്രചോദിപ്പിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റുള്ളവര്‍ വിശ്വസിക്കുന്നത് അവര്‍ വഴി തെറ്റി സഞ്ചരിക്കുന്നതാണെന്നാണ്. മാട്രിയാര്‍ക്കല്‍ ഫാമിലി ഗ്രൂപ്പുകളായാണ് ആനകള്‍ താമസിക്കുന്നത്. അതായത് പ്രായമായ, പരിചയസമ്പന്നയായ പെണ്‍ ആനകളായിരിക്കും സംഘത്തെ നയിക്കുന്നത്. ചൈനയിലെ ഈ ആനക്കൂട്ടത്തിലെ മുതിര്‍ന്ന ആന തന്നെയാകും അവരുടെ വാസസ്ഥലം വിടാന്‍ തീരുമാനമെടുത്തിട്ടുണ്ടാകുക. അല്ലെങ്കില്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അവരെ സ്വാധീനിച്ചിരിക്കാം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 16 ഓളം ആനകള്‍ ഒരുമിച്ചാണ് അവരുടെ വാസസ്ഥലത്ത് നിന്ന് 25 ലക്ഷം ആളുകള്‍ താമസിക്കുന്ന പ്യൂയറിലേക്ക് നീങ്ങുന്നത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ അവര്‍ ഏകദേശം 230 മൈല്‍ വടക്ക് യുവാന്‍ജിയാങ് കൗണ്ടിയിലെത്തി. അതിനുശേഷം, ചിലര്‍ വീട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങി. ഒരു ആന പ്രസവിച്ചു.

വര്‍ദ്ധിച്ചു വരുന്ന മനുഷ്യരുടെ കടന്നു കയറ്റം ആനകളുടെ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത കുറയാന്‍ ഇടയാക്കിരിക്കാമെന്നും ആനകള്‍ക്ക് പ്രതിദിനം 200 കിലോഗ്രാം ഭക്ഷണം വരെ കഴിക്കാമെന്നും ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയിലെ ഹണ്ടര്‍ കോളേജിലെ ആന മനശാസ്ത്ര വിദഗ്ദ്ധനായ പ്രൊഫ. ജോഷ് പ്ലോട്ട്‌നിക് പറഞ്ഞു. ആനകളുടെ വാസസ്ഥലമായ ഷിഷുവാങ്ബന്നയ്ക്ക് സമീപമുള്ള പരമ്പരാഗത ആവാസവ്യവസ്ഥയുടെ ഭൂരിഭാഗവും റബ്ബര്‍ തോട്ടങ്ങളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Published by:Karthika M
First published: