• HOME
 • »
 • NEWS
 • »
 • explained
 • »
 • Lucknow Lulu Mall Row | ലഖ്‌നൗ ലുലുമാൾ വിവാദം: കർശന നടപടിയ്ക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

Lucknow Lulu Mall Row | ലഖ്‌നൗ ലുലുമാൾ വിവാദം: കർശന നടപടിയ്ക്ക് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ജൂലൈ 11 നാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. തൊട്ടടുത്ത ദിവസം മാളിന്റെ അകത്ത് ഒരു സംഘം ആളുകൾ നിസ്കരിക്കുന്ന വീഡിയോ വൈറലാകുകയായിരുന്നു.

 • Last Updated :
 • Share this:
  ലഖ്നൗവില്‍ (Lucknow) കഴിഞ്ഞ ജൂലൈ 10 ന് ഉദ്ഘാടനം ചെയ്ത ലുലു മാള്‍ (Lulu Mall) അന്നുമുതല്‍ വിവാദത്തിലാണ്. മാളില്‍ ഒരു സംഘം ആളുകൾ നിസ്കരിക്കുന്ന വീഡിയോ വൈറലായത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇതേതുടര്‍ന്ന് മാളിന്റെ മറവില്‍ ലവ് ജിഹാദ് (love jihad) നടക്കുന്നതായി ആരോപിച്ചും ചില വലതുപക്ഷ സംഘടനകൾ രംഗത്ത് എത്തി.

  അതേസമയം, മാള്‍ അധികൃതർ ആരോപണങ്ങള്‍ തള്ളി. എന്നാല്‍ മാള്‍ പരിസരത്തിന് പുറത്ത് ഹനുമാന്‍ ചാലിസയും സുന്ദരകാണ്ഡും പാരായണം ചെയ്തുകൊണ്ട് അഖില ഭാരതീയ ഹിന്ദു മഹാസഭയുടെയും (എബിഎച്ച്എം) കര്‍ണി സേനയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇതേത്തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ തടയുകയും ചെയ്തു.

  സംഭവ വികാസങ്ങളെ തുടര്‍ന്ന് സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നവരെയും സാമൂഹ്യ വിരുദ്ധരെയും തടയണമെന്ന് ജില്ലാ, സംസ്ഥാന പോലീസ് ഭരണകൂടങ്ങള്‍ക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതോടെ വിവാദങ്ങള്‍ ആളിക്കത്തി. അതേസമയം, വിവാദങ്ങള്‍ക്ക് കാരണമായ സംഭവങ്ങളെ കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാം.

  മാള്‍ ഉദ്ഘാടനവും നിസ്കാര വീഡിയോയും

  മലയാളിയായ കോടീശ്വരന്‍ എം.എ യൂസഫ് അലിയുടെ ഉടമസ്ഥതതയിലുള്ള അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ലഖ്നൗവില്‍ ആരംഭിച്ച മാള്‍ ജൂലൈ 10 ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ഗോള്‍ഫ് സിറ്റിയിലെ അമര്‍ ഷഹീദ് റോഡിലാണ് ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അഞ്ചാമത്തെ മാള്‍ സ്ഥിതി ചെയ്യുന്നത്. കൊച്ചി, തൃശൂര്‍, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് മുമ്പ് ലുലു ഗ്രൂപ്പ് മാളുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

  ലഖ്നൗവിലെ മാളിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ പങ്കെടുത്തിരുന്നു. ഉദ്ഘാടന വേളയില്‍ പ്രയാഗ്രാജിലും വാരണാസിയിലും പുതിയ മാള്‍ തുറക്കുന്നതിനെക്കുറിച്ച് യൂസഫ് അലി വ്യക്തമാക്കുകയും ചെയ്തു.

  ജൂലൈ 11 നാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത്. തൊട്ടടുത്ത ദിവസം മാളിന്റെ അകത്ത് ഒരു സംഘം ആളുകൾ നിസ്കരിക്കുന്ന വീഡിയോ വൈറലാകുകയായിരുന്നു. ഇതിനെ തുടര്‍ന്ന്, മാളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ പ്രകടനങ്ങള്‍ നടത്തിയും സുന്ദരകാണ്ഡം വായിച്ചും പ്രതിഷേധിക്കുമെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ (എബിഎച്ച്എം) മുന്നറിയിപ്പ് നല്‍കിയതായി ദി വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

  "പൊതു ഇടങ്ങളില്‍ നിസ്‌കരിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, ഇത് ആവര്‍ത്തിച്ചാല്‍ ഞങ്ങള്‍ പ്രതിഷേധിക്കും"എബിഎച്ച്എം പ്രസ്താവനയില്‍ വ്യക്തമാക്കി. മാളിലെ 70 ശതമാനം ജീവനക്കാരും ഒരു മതത്തില്‍ പെട്ടവരാണെന്നും മാള്‍ 'ലൗ ജിഹാദ്' പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

  ഇതിന് പുറമെ, മാളിനെതിരെ മഹാസഭയിലെ അംഗങ്ങള്‍ ലഖ്നൗവിലെ ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ദി വയര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാളിലെ ജീവനക്കാരില്‍ 70 ശതമാനം മുസ്ലീങ്ങളും 30 ശതമാനം ഹിന്ദു സ്ത്രീകളുമാണെന്നാണ്പരാതിയില്‍ പറയുന്നത്. മാളില്‍ 'സുന്ദരകാണ്ഡം' ചൊല്ലാനുള്ള അനുവാദവും അവര്‍ തേടിയിരുന്നു.

  സർക്കാരിന്റെ പ്രതികരണവും എഫ്‌ഐആറും

  എബിഎച്ച്എമ്മിന്റെപരാതിയെത്തുടര്‍ന്ന്, ലുലു മാള്‍ അഡ്മിനിസ്‌ട്രേഷന്‍ അതേ ദിവസം തന്നെ മറ്റൊരു പരാതി നല്‍കി. മാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മത സംഘടനകളുടെ ഇടയില്‍ ശത്രുത വളര്‍ത്തുന്നുവെന്ന് ആരോപിച്ച് മാളില്‍ നിസ്‌ക്കരിച്ചവർക്കെതിരെ യുപി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ദി വയര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഐപിസി 341, 505, 295 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

  സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്പോലീസ് സംഭവം അന്വേഷിക്കുകയാണ് എന്ന്-സൗത്ത് ലഖ്നൗ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു. ചൊവ്വാഴ്ച നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു.

  ഇതിന് പിന്നാലെ മതപരമായ പ്രാര്‍ത്ഥനകള്‍ അനുവദനീയമല്ലെന്ന് കാണിച്ച് മാള്‍ അധികൃതര്‍ ജൂലൈ 15 വെള്ളിയാഴ്ച നോട്ടീസ് പതിപ്പിച്ചിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ അഖില ഭാരത ഹിന്ദു മഹാസഭ, അതേ ദിവസം തന്നെ മാളില്‍ ആളുകള്‍ നിസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ പുറത്തിറക്കുകയും മാളിനെ ലുലു മസ്ജിദ് എന്ന് വിളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന്, തൊട്ടടുത്ത ദിവസമായ വെള്ളിയാഴ്ച മാളില്‍ പ്രവര്‍ത്തകര്‍ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഹിന്ദു സമാജ് പാര്‍ട്ടിക്കാരെ മാളിന്റെ പ്രവേശന കവാടത്തില്‍ തടഞ്ഞുവച്ചതായും മൂന്ന് പേരെ മാളില്‍ നിന്ന് ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

  അതേസമയം, നിലവില്‍ സമാധാനപരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ലഖ്നൗ സൗത്ത് എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

  പ്രതിഷേധത്തെ തുടര്‍ന്ന് ലുലു മാള്‍ അധികൃതര്‍ വെള്ളിയാഴ്ച ഹിന്ദു മഹാസഭാ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദിയെ നേരിട്ട് കാണുകയും മാളിനുള്ളില്‍ ഇനി നമസ്‌കാരം ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. മാളിലെ ജീവനക്കാരാണ് നിസ്‌ക്കരിച്ചതെന്നാണ് ഹിന്ദു സംഘടന അവകാശപ്പെട്ടത്. എന്നാല്‍ തങ്ങളുടെ അന്വേഷണത്തില്‍ സ്റ്റാഫ് അംഗങ്ങളാരും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി മാള്‍ അധികൃതര്‍ പറഞ്ഞു.

  പ്രകടനങ്ങള്‍ തുടരുന്നു

  പ്രതിഷേധത്തില്‍ അറസ്റ്റ് ഉണ്ടായിട്ടും, ഹിന്ദു സംഘടനകളും വലതുപക്ഷ പ്രവര്‍ത്തകരും മാളില്‍ പ്രകടനം തുടരുകയാണ്. കര്‍ണി സേനയുടേതുള്‍പ്പെടെ നിരവധി വലതുപക്ഷ അനുഭാവികള്‍ മാളിനുള്ളില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ എത്തിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാല്‍ മാളിന്റെ പരിസരത്ത് വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തകര്‍ മാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് അറസ്റ്റ് ചെയ്ത് നീക്കി.

  കര്‍ണി സേന തങ്ങളുടെ അനുയായികളോട് മാളിലെത്തി സുന്ദരകാണ്ഡം പാരായണം ചെയ്യാന്‍ ആഹ്വാനം ചെയ്തു. ഇതേ തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും മാളിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍144 പ്രഖ്യാപിക്കുകയും ചെയ്തു. വിവിധ സംഗഘടനകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചതിനും നിരവധി വലതുപക്ഷ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  അവകാശവാദങ്ങളെ തള്ളി

  പോലീസിന്റെ അനേഷണത്തില്‍ മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തിയാണിതെന്ന് കണ്ടെത്തിയതായി നാഷണല്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വീഡിയോയിലുള്ളവര്‍ക്ക് നമസ്‌കാരം എങ്ങനെ അര്‍പ്പിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അറിവും ഇല്ലെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതായി അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സൗത്ത്) രാജേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

  80 ശതമാനം ജീവനക്കാരും ഹിന്ദുക്കളാണെന്ന എബിഎച്ച്എം ഉന്നയിച്ച അവകാശവാദങ്ങള്‍ തള്ളി മാള്‍ അധികൃതരും രംഗത്തെത്തി. ജാതി, വര്‍ഗ്ഗം, മതം എന്നിവ അടിസ്ഥാനമാക്കിയല്ല, കഴിവുകളുടെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് തങ്ങളുടെ ജീവനക്കാരെ നിയമിക്കുന്നതെന്ന് മാളിന്റെ പ്രസ്താവനയില്‍ പറയുന്നു. 'ഞങ്ങളുടെ സ്ഥാപനത്തെ ലക്ഷ്യമിടാന്‍ ശ്രമിക്കുന്ന ചിലരുടെ സ്വാര്‍ത്ഥത സങ്കടകരമാണ്,''എന്ന് മാള്‍ വ്യക്തമാക്കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ ജീവനക്കാരില്‍ 80 ശതമാനവും ഹിന്ദുക്കളും ബാക്കിയുള്ളവര്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും മറ്റ് വിവിധ സമുദായങ്ങളില്‍ നിന്നുള്ളവരുമാണെന്നും മാള്‍ അധികൃതര്‍ വ്യക്തമാക്കി.

  പ്രതിഷേധം ശക്തം

  എന്നാല്‍ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും ഞായറാഴ്ചയും തുടര്‍ന്നു. ഒരു സംഘടനയിലെ നിരവധി പേര്‍ മാളിന് പുറത്ത് പ്രതിഷേധിക്കാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. ലുലു മാള്‍ ബഹിഷ്‌ക്കരണത്തെ അനുകൂലിക്കുന്ന പോസ്റ്ററുകള്‍ പതിച്ച അഞ്ച് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തടഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് പ്രവര്‍ത്തകര്‍ പിന്മാറാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

  കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ മാളിന് പുറത്ത് സുരക്ഷ ശക്തമാക്കി. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച മാളിനെതിരെയുള്ള പ്രതിഷേധത്തില്‍ ലഖ്നൗ ഭരണകൂടത്തോട് വിശദീകരണം തേടി.

  'വിഷയം ഗൗരവമായി കാണണം, ഇത്തരം വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ല. മാളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന അക്രമികളെ കര്‍ശനമായി നേരിടണം, മുഖ്യമന്ത്രി പറഞ്ഞതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. 'ചില ആളുകള്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തുകയും മാളിലെത്തുന്ന ആളുകളുടെ സഞ്ചാരം തടസ്സപ്പെടുത്തി പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥനകളോ മറ്റ് പരിപാടികളോ സംഘടിപ്പിച്ച് റോഡില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്നും' അദ്ദേഹം നിര്‍ദ്ദേശിച്ചു.

  Keywords: Lulu Mall, Lucknow, Namaz video, Yogi Adityanath, ലഖ്‌നൗ, ലുലു മാള്‍, നമസ്‌ക്കരിക്കുന്ന് വീഡിയോ, യോഗി ആദിത്യനാഥ്

  LInks: https://www.news18.com/news/india/cm-yogi-in-action-more-detained-as-sundarkand-vs-namaz-row-deepens-news18-explains-lulu-mall-row-5582047.html
  Published by:Amal Surendran
  First published: