• HOME
  • »
  • NEWS
  • »
  • explained
  • »
  • Explained | Covid 19 ആർ മൂല്യം ഡൽഹിയിൽ രണ്ട് കടന്നു; ഇത് അർത്ഥമാക്കുന്നത് എന്ത്?

Explained | Covid 19 ആർ മൂല്യം ഡൽഹിയിൽ രണ്ട് കടന്നു; ഇത് അർത്ഥമാക്കുന്നത് എന്ത്?

ഈ ആഴ്‌ചയിലെ ഡൽഹിയുടെ R- മൂല്യം 2.1 ആണ്. ഇന്ത്യയുടെ മൊത്തത്തിലുള്ള R-മൂല്യം നിലവിൽ 1.3 ആണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
രാജ്യത്ത് അടുത്ത ദിവസങ്ങളിലായി വീണ്ടും കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. പ്രത്യേകിച്ചും രാജ്യ തലസ്ഥാനമായ ഡൽഹി (Delhi) നഗരത്തിലാണ് വീണ്ടും കോവിഡ് വ്യാപനം (Covid 19) കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ഡൽഹിയിൽ കോവിഡ് ആർ മൂല്യം രണ്ട് കടന്നതായി വിദഗ്ദ്ധർ പറയുന്നു. എന്താണ് കോവിഡ് ആർ മൂല്യം? കോവിഡ് വ്യാപനം എത്ര വേഗത്തിലാണ് എന്നതിന്റെ സൂചകമാണ് വൈറസിന്റെ R- മൂല്യം. ഡൽഹിയിൽ ഇത് രണ്ടു കടന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതോടെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദ്ധർ. ഈ ആഴ്‌ചയിലെ ഡൽഹിയുടെ R- മൂല്യം 2.1 ആണ്. രാജ്യ തലസ്ഥാനത്ത് രോഗബാധിതരായ ഓരോ വ്യക്തിയിൽനിന്ന് മറ്റ് രണ്ട് പേർക്ക് രോഗം ബാധിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. അതേസമയം, ഇന്ത്യയുടെ മൊത്തത്തിലുള്ള R-മൂല്യം നിലവിൽ 1.3 ആണ്.

എന്താണ് R-മൂല്യം?

'R' മൂല്യം എന്നാൽ രോഗബാധിതനായ ഒരു വ്യക്തിയിൽനിന്ന് രോഗം പകരാൻ കഴിയുന്ന ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു, ഈ മൂല്യം ഒന്നിൽ താഴെ പോയാൽ ആഗോളതലത്തിൽ ഒരു പകർച്ചവ്യാധി അവസാനിക്കുന്നതായി കണക്കാക്കുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തിന്റെ R-മൂല്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ 12 മുതൽ 18 വരെയുള്ള ആഴ്‌ചയിൽ ഇത് 1.07 ആയിരുന്നുവെന്നും അതിനുമുമ്പുള്ള ഏപ്രിൽ 5-11 ആഴ്‌ചയിൽ ഇത് 0.93 ആയിരുന്നു. ജനുവരി 16 മുതൽ 22 വരെയുള്ള ആഴ്‌ചയിലാണ് അവസാനമായി R-മൂല്യം 1-ന് മുകളിൽ രേഖപ്പെടുത്തിയത്. അന്ന് ആർ മൂല്യം 1.28 ആയിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 18ന് അവസാനിച്ച ആഴ്‌ചയിൽ കണക്കാക്കിയ R-മൂല്യം ഡൽഹിക്ക് 2.12, ഉത്തർപ്രദേശിന് 2.12, കർണാടകത്തിന് 1.04, ഹരിയാനയ്ക്ക് 1.70, മുംബൈയ്ക്ക് 1.13, ചെന്നൈയ്ക്ക് 1.18, ബെംഗളൂരുവിന് 1.04 എന്നിങ്ങനെയാണ്.

ഉയർന്ന R-മൂല്യം എന്താണ് സൂചിപ്പിക്കുന്നത്?

ഈ ആഴ്‌ചയിലെ രാജ്യ തലസ്ഥാനത്തിന്റെ R- മൂല്യം 2.1 ആണ്, ഇത് രോഗബാധിതരായ ഓരോ വ്യക്തിയിൽനിന്ന് ഡൽഹിയിൽ മറ്റ് രണ്ട് പേർക്ക് കൂടി കോവിഡ് ബാധിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു

എന്നിരുന്നാലും, കോവിഡിന്റെ നാലാമത്തെ തരംഗത്തിന്റെ തുടക്കത്തിന്റെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, മറ്റൊരു തരംഗത്തിന്റെ ആരംഭം പ്രഖ്യാപിക്കാൻ ഇപ്പോൾ സമയമായിട്ടില്ലെന്ന് ആർ മൂല്യത്തെക്കുറിച്ച് വിശദമായി പഠിച്ച മദ്രാസ് ഐഐടിയിലെ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത് ഝാ പറഞ്ഞു.

“ഓരോ വ്യക്തിയും മറ്റ് രണ്ട് പേരെ ബാധിക്കുന്നുണ്ടെന്ന് മാത്രമേ ഞങ്ങൾക്ക് ഇപ്പോൾ പറയാൻ കഴിയൂ… പക്ഷേ അടുത്ത തരംഗത്തിന്‍റെ ആരംഭം പ്രഖ്യാപിക്കാൻ അൽപ്പം കാത്തിരിക്കേണ്ടതുണ്ട്… പ്രതിരോധശേഷി നിലയെക്കുറിച്ചും ജനുവരിയിലെ മൂന്നാം തരംഗത്തിൽ ബാധിച്ച ആളുകളെക്കുറിച്ചോ ഞങ്ങൾക്ക് അറിയില്ല" അദ്ദേഹം പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോൾ, കേസുകളുടെ എണ്ണം വളരെ കുറവാണെന്ന് ഝാ പറഞ്ഞു.

നേരത്തെ, ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിലെ ഗവേഷകനായ സിതാഭ്ര സിൻഹ, കോവിഡ് പാതയുടെ ആർ-മൂല്യം വർദ്ധിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ട് വഴികളിലൂടെയും പോകാമെന്ന് പറഞ്ഞിരുന്നു. ഭാവിയിൽ ഇത് കേസുകളുടെ മറ്റൊരു വലിയ വർദ്ധനവിന് കാരണമാകുമോ എന്നത് പൊതുജനങ്ങൾ എടുക്കുന്ന സത്വര നടപടികളെ ആശ്രയിച്ചിരിക്കും, മാസ്ക് ധരിക്കുക, ആൾക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ അടിസ്ഥാന മുൻകരുതലുകൾ സ്വീകരിക്കുന്നത് ഇപ്പോൾ ആളുകൾ നിർത്തിയതായി തോന്നുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത, അടിസ്ഥാന ശുചിത്വം (കൈ കഴുകുക, മുഖത്തും കണ്ണുകളിലും തൊടുന്നത് ഒഴിവാക്കുക), കഴിയുന്നത്ര ശാരീരിക അകലം പാലിക്കൽ തുടങ്ങിയവയുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്. വെള്ളിയാഴ്ച നഗരത്തിൽ 1,042 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി, പോസിറ്റീവ് നിരക്ക് 4.64 ശതമാനം. ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ നിന്നുള്ള ഭൂരിഭാഗം സാമ്പിളുകളിലും ഒമിക്രോൺ സബ്-ലൈനേജ് BA.2.12 എന്ന വകഭേദം കണ്ടെത്തി, ഇത് നഗരത്തിൽ അടുത്തിടെയുള്ള കോവിഡ് -19 കേസുകളുടെ വർദ്ധനവിന് പിന്നിലെ പ്രധാന കാരണമായി അനുമാനിക്കപ്പെടുന്നു.
Published by:Anuraj GR
First published: