• HOME
  • »
  • NEWS
  • »
  • explained
  • »
  • CPM PLANS TO BRING IN THOSE BELOW AGE 75 TO PARTY LEADERSHIP

'ചെറുപ്പമാകാൻ' സിപിഎം; 75 കഴിഞ്ഞവരെ നേതൃനിരയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം പാര്‍ട്ടിക്ക് ഗുണകരമാകുമോ?

തലമുറ മാറ്റം ലക്ഷ്യമിട്ടാണ് സിപിഎം സുപ്രധാന തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റി (സിസി) ഉൾപ്പെടെ പാർട്ടിയുടെ ഒരു സമിതിയിലേക്കും 75 വയസു കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

News18 Malayalam

News18 Malayalam

  • Share this:
    കേന്ദ്ര കമ്മിറ്റി (സി സി) അംഗങ്ങളുടെ പ്രായപരിധി 80ൽ നിന്ന് 75 വയസായി കുറയ്ക്കാൻ സിപിഎം തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അടുത്ത ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിൽ 75 വയസ് പ്രായപരിധി നിശ്ചയിച്ചായിരിക്കും പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കുകയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി. നിലവിൽ 76 വയസുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    തലമുറ മാറ്റം ലക്ഷ്യമിട്ടാണ് സിപിഎം സുപ്രധാന തീരുമാനമെടുത്തത്. കേന്ദ്ര കമ്മിറ്റി (സിസി) ഉൾപ്പെടെ പാർട്ടിയുടെ ഒരു സമിതിയിലേക്കും 75 വയസു കഴിഞ്ഞവരെ പരിഗണിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ സിസിയിലും പൊളിറ്റ്ബ്യൂറോയിലും ഉള്ളവരിൽ എസ്. രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ അടുത്ത വർഷം ഒഴിവാക്കപ്പെടാം. 76 വയസ്സുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ വിവിധ പദവികൾ വഹിക്കുന്നവർക്ക് ഇളവ് അനുവദിക്കുന്ന കാര്യം പാർട്ടി കോൺഗ്രസ് പരിഗണിക്കും.

    പുതിയ പ്രായപരിധി വ്യവസ്ഥ

    2022 ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിലാകും സി സിയിൽ പുതിയ പ്രായപരിധി വ്യവസ്ഥ നടപ്പിൽ വരിക. ഇതോടെ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം ജനിച്ചവരുടെ നേതൃനിരയാകും ഇനി സിപിഎമ്മിൽ രൂപപ്പെടുക. പാർട്ടിയുടെ വളർച്ച മുരടിച്ചെന്നും പുതിയ തലമുറയ്ക്ക് അവസരം നൽകിയില്ലെങ്കിൽ നിലനിൽക്കാനാവില്ലെന്നും വിലയിരുത്തിയാണ് നടപടി.

    ഔദ്യോഗിക പദവി വഹിക്കുകയാണെങ്കിലോ സേവനം പാർട്ടിക്ക് അനിവാര്യമാണെങ്കിലോ പ്രത്യേക സാഹചര്യങ്ങളിൽ ചിലർക്ക് ഇളവ് നൽകുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽനിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ വൈക്കം വിശ്വനും പി കരുണാകരനും 75 കഴിഞ്ഞവരാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ സമയത്ത് തന്നെ എസ് രാമചന്ദ്രൻ പിള്ളയ്ക്ക് 80 കഴിഞ്ഞിരുന്നു. എന്നാൽ, അദ്ദേഹം സിസിയിലും പിബിയിലും തുടരട്ടെയെന്നാണ് തീരുമാനമുണ്ടായത്. ഒഴിവാക്കപ്പെടുന്ന മുതിർന്നവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളായി നിലനിർത്തുകയെന്ന രീതി തുടരും.

    Also Read- സിപിഎം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു; പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തും

    കേന്ദ്ര കമ്മിറ്റിയിൽ മാത്രമല്ല, പാർട്ടിയുടെ എല്ലാ സമിതികളിലും ശരാശരി പ്രായം കുറയ്ക്കാനാണ് ശ്രമം. കീഴ്ഘടകങ്ങളിൽ പുതിയ അംഗങ്ങൾക്കുള്ള പ്രായപരിധി സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാം. ബംഗാളിൽ കഴിഞ്ഞ വർഷംതന്നെ സംസ്ഥാന സമിതിയിൽ 75 വയസ് എന്ന വ്യവസ്ഥ നടപ്പാക്കി. ബംഗാളിൽ ജില്ലാ കമ്മിറ്റി അംഗത്തിന് 72, ഏരിയ കമ്മിറ്റി അംഗത്തിന് 70 എന്നിങ്ങനെയാണ് പ്രായപരിധി നടപ്പാക്കിയത്. കേരളത്തിൽ നിലവിൽ 80 വയസ്സാണ് ഉയർന്ന പ്രായപരിധി.

    ലക്ഷ്യമിടുന്നത് തലമുറമാറ്റവും യുവാക്കൾക്കിടയിലെ സ്വീകാര്യതയും

    2008ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ 80 വയസ് എന്ന പ്രായപരിധി നിശ്ചയിച്ച് നടപ്പാക്കിയത്. ഈ മാറ്റം പുതിയ തലമുറയുടെ പാർട്ടിയിലേക്കുള്ള കടന്നുവരവിനെ ചെറിയ തോതിലെങ്കിലും സഹായിച്ചെന്നാണ് വിലയിരുത്തൽ. 2015ലെ കൊൽക്കത്തയിലെ പാർട്ടി പ്ലീനത്തിൽ തന്നെ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന കേഡർ നയം വേണമെന്നും അംഗത്വത്തിൽ 25 ശതമാനമെങ്കിലും സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്നുമുള്ള നിർദേശം ഉയർന്നിരുന്നു.

    യുവജനങ്ങളെ ആകർഷിക്കാനും വനിതാ, പട്ടികവിഭാഗ പ്രാതിനിധ്യം കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്. ചെറുപ്പക്കാരെ കൂടുതലായി പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കാത്തതാണ് ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടിക്ക് കാരണമായി പറയുന്നത്. ഇതു കൂടി കണക്കിലെടുത്താണ് പ്രായപരിധി കുറയ്ക്കാൻ തീരുമാനിച്ചത്.

    സംസ്ഥാന കമ്മിറ്റിയിൽ 15 പേരെങ്കിലും മാറും

    കേരളത്തിൽ ഇത്തവണ നിയമസഭാ തെര‍ഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപീകരണത്തിലും തലമുറമാറ്റത്തിന് പാർട്ടി ഊന്നൽ നൽകിയിരുന്നു. ഇതിന് ജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് പിന്നാലെ കേരളത്തിലെ പാർട്ടി നേതൃനിരയിലും മാറ്റത്തിന് വഴിയൊരുങ്ങുകയാണ്.

    സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും സംസ്ഥാന കമ്മിറ്റിയിൽനിന്നും 75 വയസ് കഴിഞ്ഞവർ ഒഴിവാകേണ്ടിവരും. സംസ്ഥാന സെക്രട്ടേറിയറ്റിൽ ആനത്തലവട്ടം ആനന്ദൻ, എം എം മണി എന്നിവരും സംസ്ഥാന കമ്മിറ്റിയിൽ പതിനഞ്ചോളം പേരും പുറത്താനാകാനാണ് സാധ്യത. സംസ്ഥാന കമ്മിറ്റിയുടെ പരിധി 75 വയസിലും കുറച്ചാൽ വലിയ വെട്ടിനിരത്തൽ തന്നെ നടത്തേണ്ടിവരും.

    Also Read- കണ്ണൂരില്‍ ആദ്യമായി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കേരളം ആതിഥ്യം വഹിക്കുന്നത് അഞ്ചാം തവണ

    കേരളത്തിലെ മാനദണ്ഡങ്ങളും പാർട്ടി സമ്മേളന നടത്തിപ്പും ചർച്ച ചെയ്യാൻ 16, 17 തീയതികളിൽ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. സെപ്റ്റംബർ മുതൽ സമ്മേളനങ്ങൾ ആരംഭിക്കാനാണ് ആലോചന. ബ്രാഞ്ച് സമ്മേളനങ്ങളിൽ 15 പേർ മാത്രമേ ഉള്ളൂ എന്നതിനാൽ അതു ചേരുന്നതിന് കോവിഡ് മാനദണ്ഡങ്ങൾ തടസമാവില്ല. ബാക്കിയുളളവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ നടത്തണമെന്ന കാര്യം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും. 2022 ജനുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക.
    Published by:Rajesh V
    First published:
    )}