• HOME
  • »
  • NEWS
  • »
  • explained
  • »
  • Cyclone Asani | ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതാര്? 'അസാനി'യുടെ പേരിടൽ നടത്തിയതാര്? വിശദാംശങ്ങളറിയാം

Cyclone Asani | ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതാര്? 'അസാനി'യുടെ പേരിടൽ നടത്തിയതാര്? വിശദാംശങ്ങളറിയാം

അസാനിക്ക് ശേഷം രൂപപ്പെടുന്ന ചുഴലിക്കാറ്റിനെ സിത്രാംഗ് (Sitrang) എന്നായിരിക്കും വിളിക്കുക

  • Share this:
    ആന്ധ്രാപ്രദേശിന്റെയും ഒഡീഷയുടെയും തീരദേശമേഖലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലകളില്‍ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റ് (Cyclone Asani). ഈ സീസണിലെ ആദ്യത്തെ ചുഴലിക്കാറ്റാണ് അസാനി. ശ്രീലങ്കയാണ് (Sri Lanka) ഈ പേരിട്ടത്. അസാനി എന്നാൽ സിംഹള ഭാഷയിൽ 'കോപം' എന്നാണർഥം.

    ചുഴലിക്കാറ്റുകൾക്കായുള്ള 169 പേരുകളുടെ പട്ടിക 2020-ൽ പുറത്തിറക്കിയിരുന്നു. 13 രാജ്യങ്ങളിൽ നിന്നുള്ള 13 പേരുകൾ ഇതിൽ ഉൾപ്പെടുന്നു. ഇനി വരാനിരിക്കുന്ന ചുഴലിക്കാറ്റുകളുടെ പേരുകളും ഏതൊക്കെ രാജ്യങ്ങളാണ് അവയ്ക്ക് പേരിടുകയെന്നും നോക്കാം.

    അസാനിക്ക് ശേഷം രൂപപ്പെടുന്ന ചുഴലിക്കാറ്റിനെ സിത്രാംഗ് (Sitrang) എന്നായിരിക്കും വിളിക്കുക. തായ്‌ലൻഡാണ് ഈ പേര് നൽകിയിരിക്കുന്നത്. ഘുർണി (Ghurni), പ്രൊബാഹോ (Probaho), ജാർ (Jhar), മുരസു (Murasu) എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള വരാനിരിക്കുന്ന പേരുകൾ. ബിപാർജോയ് (ബംഗ്ലാദേശ്), ആസിഫ് (സൗദി അറേബ്യ), ദിക്‌സം (യെമൻ), തൂഫാൻ (ഇറാൻ), ശക്തി (ശ്രീലങ്ക) തുടങ്ങിയവയെല്ലാം ചുഴലിക്കാറ്റുകളുടെ മറ്റ് പേരുകളാണ്. ഇന്ത്യ നിർദേശിച്ചതിൽ നിന്ന് ഇതുവരെ ഉപയോ​ഗിച്ച പേരുകളിൽ ഗതി, മേഘ്, ആകാശ് എന്നിവയും ഉൾപ്പെടുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഓഗ്നി, ഹെലൻ, ഫാനി എന്നിവയും പാകിസ്ഥാനിൽ നിന്നുള്ള ലൈല, നർഗീസ്, ബുൾബുൾ എന്നിവയുമെല്ലാം മുൻപ് ഉപയോ​ഗിക്കപ്പെട്ട പേരുകളാണ്.

     Also Read- അമേരിക്കയില്‍ ശക്തമായ ചുഴലിക്കാറ്റ് ; കാന്‍സസില്‍ വന്‍ നാശനഷ്ടം

    ഓരോ ചുഴലിക്കാറ്റിനും പേരിടുന്നതിനു പിന്നിൽ ചില മാനദണ്ഡങ്ങളുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി ആറ് പ്രാദേശിക കാലാവസ്ഥാ കേന്ദ്രങ്ങളും (Regional Specialised Meteorological Centres (RSMCs)) അഞ്ച് പ്രാദേശിക ഉഷ്ണമേഖലാ ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രങ്ങളും ആണുള്ളത് (Tropical Cyclone Warning Centres). ഇവരാണ് ചുഴലിക്കാറ്റുകൾ സംബന്ധിച്ച് ഉപദേശങ്ങൾ നൽകുന്നതും ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതും.

    ആൽഫബറ്റിക് ഓർഡറിലായിരിക്കും പേര് തിരഞ്ഞെടുക്കുക. ലിംഗം, രാഷ്ട്രീയം, മതവിശ്വാസങ്ങൾ, സംസ്കാരങ്ങൾ തുടങ്ങിയവയുമായി ബന്ധമില്ലാത്ത പേരുകളായിരിക്കും തിരഞ്ഞെടുക്കുക. ഒരു ജലാശയത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടന്നുപോകുന്ന കൊടുങ്കാറ്റിന്റെ പേരിൽ മാറ്റമുണ്ടാകില്ല. ഒരിക്കൽ നൽകിയ പേരുകൾ പിന്നീട് ഉപയോ​ഗിക്കില്ല. ഉപയോഗിക്കുന്ന എല്ലാ പേരുകൾക്കും പരമാവധി എട്ടക്ഷരങ്ങൾ വരെ ആകാം. ഏതെങ്കിലും രാജ്യത്തെയോ ആളുകളെയോ ആചാരങ്ങളെയോ വ്രണപ്പെടുത്തുന്ന പേരുകളാകരുത്.

    2004 സെപ്റ്റംബർ മുതലാണ് ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമുള്ള ചുഴലിക്കാറ്റുകൾക്ക് പേരിടാൻ ആരംഭിച്ചത്. ഒരു അം​ഗീകൃത പട്ടികയിലേക്ക് മാറുന്നതിന് മുമ്പ് കൊടുങ്കാറ്റുകൾക്ക് സ്ത്രീലിംഗ പേരുകൾ തിരഞ്ഞെടുത്തിരുന്നു.

    അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ സഞ്ചാരപാത കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നു പരക്കെ മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെ ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നു മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും ആയിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത എന്നാണ് അറിയിപ്പ്. കാറ്റും ഉണ്ടായേക്കും.ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: