നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: കോവിഡ് രോഗികളിൽ സൈറ്റോമെഗലോവൈറസ്; രോഗ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം

  Explained: കോവിഡ് രോഗികളിൽ സൈറ്റോമെഗലോവൈറസ്; രോഗ ലക്ഷണങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയാം

  ശരീരത്തിൽ ഈ വൈറസ് ബാധിച്ചു കഴിഞ്ഞാൽ, അത് ജീവിതകാലം മുഴുവൻ ശരീരത്തിൽ നിലനിൽക്കും. വൈറസ് ആരോഗ്യമുള്ള ആളുകളിൽ വളരെ അപൂർവ്വമായി മാത്രമേ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുള്ളൂ. എന്നാൽ രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകളെ വൈറസ് സാരമായി ബാധിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോവിഡിനെ തുടർന്ന് പലതരം അപൂർവ രോഗങ്ങളും കേട്ടു കേൾവി പോലും ഇല്ലാത്ത വിവിധ തരം രോഗാവസ്ഥകളുമാണ് ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോഗം ഭേദമായ ശേഷവും ആളുകൾക്ക് ഉണ്ടാകുന്ന പാർശ്വഫലങ്ങളും നിരവധിയാണ്. ഇതിനിടെ ഗംഗാ റാം ആശുപത്രിയിൽ അഞ്ച് കോവിഡ് രോഗികൾക്ക് സി‌എം‌വി അഥവാ സൈറ്റോമെഗലോവൈറസ് മൂലം മലാശയ രക്തസ്രാവമുണ്ടായതായി പിടിഐ റിപ്പോർട്ട് ചെയ്തു. രോഗികളിൽ ഒരാൾ മരണമടഞ്ഞതായാണ് വിവരം. സൈറ്റോമെഗലോവൈറസ് അല്ലെങ്കിൽ സി‌എം‌വി ഒരു സാധാരണ വൈറസാണെങ്കിലും കോവിഡ് രണ്ടാം തരംഗത്തിനിടയിൽ 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ കോവിഡ് പോസിറ്റീവായ രോഗികളിൽ 20 മുതൽ 30 ദിവസങ്ങൾക്ക് ശേഷമാണ് സിഎംവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   എന്താണ് സൈറ്റോമെഗലോവൈറസ്?
   മയോ ക്ലിനിക്കിന്റെ റിപ്പോർട്ട് അനുസരിച്ച് ശരീരത്തിൽ ഈ വൈറസ് ബാധിച്ചു കഴിഞ്ഞാൽ, അത് ജീവിതകാലം മുഴുവൻ ശരീരത്തിൽ നിലനിൽക്കും. വൈറസ് ആരോഗ്യമുള്ള ആളുകളിൽ വളരെ അപൂർവ്വമായി മാത്രമേ പ്രശ്നങ്ങൾ സൃഷ്ടിക്കുകയുള്ളൂ. എന്നാൽ രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകളെ വൈറസ് സാരമായി ബാധിക്കും. രോഗം ബാധിച്ച വ്യക്തിയുടെ രക്തം, ഉമിനീർ, മൂത്രം അല്ലെങ്കിൽ മറ്റ് ശരീര ദ്രാവകങ്ങൾ എന്നിവയിലൂടെ വൈറസ് എളുപ്പത്തിൽ പടരുകയും ചെയ്യും.

   സി‌എം‌വി ഡബിൾ സ്‌ട്രാൻഡഡ് ഡി‌എൻ‌എ വൈറസും മനുഷ്യ ഹെർപ്പസ് വൈറസ് കുടുംബത്തിലെ അംഗവുമാണ്. രോഗം സ്ഥിരീകരിച്ച ആളുകളുടെ പ്രായവും വംശവും അനുസരിച്ച് ലോകമെമ്പാടുമുള്ള 50 ശതമാനം മുതൽ 100 ​​ശതമാനം വരെ ആളുകളിൽ കണ്ടുവരുന്ന ഒരു സാധാരണ വൈറൽ അണുബാധയാണ് ഇതെന്ന് മുംബൈയിലെ ഭാട്ടിയ ഹോസ്പിറ്റൽ സീനിയർ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ആയ ഡോ. വിപുൽറോയ് റാത്തോഡ് പറയുന്നു.

   ലക്ഷണങ്ങൾ
   ”ആരോഗ്യമുള്ള ആളുകളിൽ വൈറസ് അപൂർവ്വമായി മാത്രം പ്രശ്‌നമുണ്ടാക്കുന്നതിനാൽ, രോഗം ബാധിക്കുന്ന മിക്ക ആളുകൾക്കും ശരീരത്തിൽ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് തിരിച്ചറിയാനാകാറില്ല. സി‌എം‌വിയുടെ പ്രാഥമിക ലക്ഷണങ്ങൾ തൊണ്ടവേദന, പേശിവേദന, ക്ഷീണം, ഗ്രന്ഥീ വീക്കം, പനി എന്നിവയാണ്” ഗുരുഗ്രാം ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ന്യൂറോളജി ഡയറക്ടർ ഡോ. പ്രവീൺ ഗുപ്ത ഇന്ത്യൻ എക്സ്പ്രെസ് ഡോട്ട് കോമിനോട് പറഞ്ഞു. വയറിളക്കം, വയറുവേദന, പനി, മലാശയ രക്തസ്രാവം, ശരീരഭാരം കുറയൽ എന്നിവ ഉൾപ്പെടെ സി‌എം‌വി രോഗികൾക്ക് നിരവധി ലക്ഷണങ്ങളുണ്ടായേക്കാമെന്ന് ഡോ. റാത്തോഡ് വ്യക്തമാക്കി.

   രോഗനിർണയം
   സൈറ്റോമെഗലോവൈറസ് ബാധിച്ച രോഗികളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന ലക്ഷണങ്ങളാണ് ഹെമറ്റോചെസിയയും വയറിളക്കവും. സി‌എം‌വി എന്ന വൻകുടിലുണ്ടാകുന്ന വ്രണം കണ്ടെത്താൻ ലബോറട്ടറി പരിശോധനകൾ അത്യാവശ്യമാണ്. സി‌എം‌വിയുമായി ബന്ധപ്പെട്ട വൻകുടൽ വ്രണം നിർണ്ണയിക്കാൻ കഴിയുന്ന ചില നിർദ്ദിഷ്ട രക്തപരിശോധനകളും കൊളോനോസ്കോപ്പിക് വിലയിരുത്തലുകളും നിലവിലുണ്ട്.

   സൈറ്റോമെഗലോവൈറസ് കോവിഡുമായി ബന്ധപ്പെട്ടുന്നത് എങ്ങനെ?
   ‘നിങ്ങൾ ഗർഭിണിയാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുർബലമാണെങ്കിൽ, സിഎംവി വരാനുള്ള സാധ്യത കൂടുതലാണ്. ഗർഭാവസ്ഥയിൽ സി‌എം‌വി അണുബാധിതരായ സ്ത്രീകളിൽ നിന്ന് അവരുടെ കുഞ്ഞുങ്ങൾക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. കുഞ്ഞുങ്ങൾക്കും രോഗലക്ഷണങ്ങൾ അനുഭവപ്പെടാം. രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾക്ക്, പ്രത്യേകിച്ച് അവയവം, സ്റ്റെം സെൽ അല്ലെങ്കിൽ അസ്ഥി, മജ്ജ എന്നിവ മാറ്റിവയ്ക്കുന്നത് പോലുള്ള ശസ്ത്രക്രിയകൾക്ക് വിധേയരായവർക്ക് സിഎംവി അണുബാധ മാരകമാകാൻ സാധ്യത വളരെ കൂടുതലാണെന്ന് മയോ ക്ലിനിക്ക് മുന്നറിയിപ്പ് നൽകുന്നു.

   രോഗപ്രതിരോധ ശേഷി കുറവുള്ള എയ്ഡ്സ് രോഗ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവർ, ഹൃദ്രോഗം, കാൻസർ എന്നിവയ്ക്ക് ചികിത്സ തേടുന്നവർ, കോർട്ടികോസ്റ്റീറോയിഡ് തെറാപ്പി നടത്തുന്നവർ എന്നിവരിലാണ് സൈറ്റോമെഗലോവൈറസ് കൂടുതലായും കാണപ്പെടുന്നത്. കോവിഡ് രോഗബാധിതരായ ആളുകളിലും ചില സന്ദർഭങ്ങളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പ്രധാന കാരണം ഈ രോഗികൾ സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്നതിനാലാണ്. സ്റ്റിറോയ്ഡ് ഉപയോഗിക്കുമ്പോൾ രോഗികൾക്ക് രോഗപ്രതിരോധ ശേഷി കുറയാൻ സാധ്യതയുണ്ട്.

   ചികിത്സ
   മയോ ക്ലിനിക്ക് റിപ്പോർട്ട് അനുസരിച്ച് ഈ രോഗത്തിന് ചികിത്സയൊന്നുമില്ല. എന്നാൽ രോഗലക്ഷണങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്ന മരുന്നുകളുണ്ട്. സി‌എം‌വി ബാധിച്ച ഭൂരിഭാഗം രോഗികൾക്കും ആൻറിവൈറൽ മരുന്നുകളുപയോഗിച്ചുള്ള ചികിത്സ ആവശ്യമില്ല. ഗാൻസിക്ലോവിർ പോലുള്ള ആൻറിവൈറൽ മരുന്നുകൾക്ക് പാർശ്വഫലങ്ങൾ വളരെ കൂടുതലാണ്. ഈ രോഗികളെ ആൻറിവൈറൽ മരുന്നുകളുപയോഗിച്ച് ചികിത്സിക്കുന്നത് രോഗിയുടെ ഫലങ്ങളിൽ കാര്യമായ വ്യത്യാസമുണ്ടാക്കുമെന്നതിന് തെളിവുകളില്ല. സമയബന്ധിതമായ രോഗനിർണയവും ചികിത്സയും കൂടുതൽ സങ്കീർണതകൾ തടയാൻ സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
   Published by:Naveen
   First published:
   )}