കൊതുകുജന്യമായ രോഗബാധയാണ് ഡെങ്കിപ്പനി. ഈഡിസ് ഈജിപ്റ്റി, എയ്. ആല്‍ബോപിക്ടസ് തുടങ്ങിയ വര്‍ഗ്ഗങ്ങളിലെ പെണ്കൊതുകളിലൂടെയാണ് ഡെങ്കി വൈറസ് പരക്കുന്നത്. ഫ്ലവിവിരിഡേ കുടുംബത്തിലെ ഒരു വൈറസാണ് ഡെങ്കിപ്പനിക്ക് കാരണമാകുന്നത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന DENV-1, DENV-2, DENV-3, DENV-4 തുടങ്ങി നാല് വൈറസ് പരമാണുക്കളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അണുബാധയില്‍ നിന്ന് രക്ഷ നേടിയാല്‍ ആജീവനാന്തം ഡെങ്കിപ്പനി വരില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഡെങ്കിപ്പനിയുടെ ദേശവ്യാപനത്തിന് കാരണം യാത്രികരാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഡെങ്കിപ്പനി കൂടാതെ ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക വൈറസ് തുടങ്ങിയ രോഗ ബാധകള്‍ക്കും രോഗാണു കാരണമാകാറുണ്ട്. ഡെങ്കിയുടെ രോഗ വ്യാപനത്തിന് പല ഘടകങ്ങളും കാരണമാകാറുണ്ട്. അതില്‍ മഴക്കാലവും, ചൂടുകൂടിയ കാലവസ്ഥയും, ഉഷ്ണക്കൂടുതലും, ശരിയായി നടത്താത്ത നഗരവത്കരണ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്നു.
അധികം ശ്രദ്ധിക്കപ്പെടാത്ത ചെറിയ പനിമുതല്‍ മാരകമായ പല അവസ്ഥകള്‍ക്കും ഡെങ്കിവൈറസ് കാരണമാകാറുണ്ട്. 1950കളില്‍ കണ്ടെത്തിയ കടുത്ത ഡെങ്കി വൈറസ് ബാധ രോഗിയുടെ മരണത്തില്‍ വരെ കലാശിക്കാമെന്നാണ് ലോകാരോഗ്യ സംഘടന നല്കുന്ന മുന്നറിയിപ്പ്. തായ്ലണ്ടിലും ഫിലിപ്പൈന്‍സിലുമാണ് ഇതാദ്യം കണ്ടെത്തിയതെങ്കിലും ഇന്ന് ഈ വകഭേദങ്ങള്‍ ഏഷ്യയിലും ലാറ്റിനമേരിക്കയിലും കണ്ടു വരാറുണ്ട്.
ഡെങ്കിപ്പനിയുടെ ആഗോള ബാധ്യതയും വ്യാപനവും
ലോകത്താകമാനം പ്രതിവര്‍ഷം 390,000,000 ആളുകളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. 129 രാജ്യങ്ങളിലാണ് ഇതുവരെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്ത രോഗബാധിതര്‍ 70 ശതമാനവും ഏഷ്യാ വന്‍കരയിലാണ്. കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടയില്‍ 8 മടങ്ങാണ് ഡങ്കിപ്പനി കൂടിയത്. 2000 മുതല്‍ 2015 വരെയുള്ള കണക്കെടുപ്പില്‍ ആകെ 960 മുതല്‍ 4032 ആളുകള്‍ വരെയാണ് ലോകത്താകമാനം മരണമടഞ്ഞത്.
1970 വരെ 9 രാജ്യങ്ങളില്‍ മാത്രമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ 2020 ആയതോട് കൂടി, ബംഗ്ലാദേശ്, ഇന്ത്യ, ബ്രസീല്‍, ഇക്വഡോര്‍, ഇന്തോനേഷ്യ, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, സുഡാന്, യെമന്‍, തായ്ലന്റ്, ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ മാരകമായ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021-ല്‍, ബ്രസീല്‍, കുക്ക് ദ്വീപുകള്‍, കൊളംബിയ, ഫിജി, കെനിയ, പരാഗ്വേ, പെറു, റീയൂണിയന് ദ്വീപ്, എന്നീ സ്ഥലങ്ങളില്‍ ഡെങ്കി തന്റെ ആക്രമണം തുടരുകയാണ്. കോവിഡ് 19 രോഗബാധയ്ക്കൊപ്പവും ഡെങ്കിപ്പനി വരാനുള്ള സാധ്യതകള്‍ ഉണ്ട്. അങ്ങനെ സംഭവിച്ചാല്‍ അത് മാരകമായ ഒരവസ്ഥയിലേക്കാവും രോഗിയെ നയിക്കുന്നത്. അതിനാല്‍ വ്യക്തി ശുചിത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക.
അമേരിക്കയില്‍ 310,00,00 ദശലക്ഷം ഡെങ്കിപ്പനിയുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 25000 കേസുകള്‍ മാരകമായ ഡെങ്കിപ്പനിയാണ്. ഏഷ്യയില്‍ ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് ഡെങ്കിപ്പനിയുടെ വ്യാപനം മാരകമായി തുടരുന്നത്.
രോഗ വ്യാപനം
രണ്ട് തരത്തിലാണ് പ്രധാനമായി രോഗം പടരുന്നത്, ഒന്ന് കൊതുകില്‍ നിന്ന് മനുഷ്യനിലേക്കും, മറ്റൊന്ന് മനുഷ്യനില്‍ നിന്നും കൊതുകിലേക്കും. വൈറസ് ബാധിച്ച പെണ് കൊതുകുകളിലൂടെയാണ് ഡെങ്കി മനുഷ്യരിലേക്ക് പകരുന്നത്. ഈഡിസ് ജനുസ്സിലെ മറ്റ് കൊതുകുകള്‍ക്കും രോഗം പരത്താന്‍ സാധിക്കും. ഒരിക്കല്‍ വൈറസ് ബാധിച്ച കൊതുകിന് അതിന്റെ ജീവിതകാലം മുഴുവന്‍ രോഗം പരത്താന്‍ സാധിക്കും. കൊതുകില്‍ നിന്ന് മനുഷ്യനിലേക്ക് മാത്രമല്ല രോഗം പരക്കുന്നത്. രോഗം ബാധിച്ച മനുഷ്യനില്‍ നിന്ന് ചോര കുടിക്കുന്ന കൊതുകിലേക്കും രോഗബാധ പരക്കും. ഇതേക്കൂടാതെ, രോഗം ബാധിച്ച ഗര്‍ഭിണിയായ സ്ത്രീയില്‍ നിന്നും കുട്ടിയിലേക്കും രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗ സ്വഭാവങ്ങള്‍ (അടയാളങ്ങളും ലക്ഷണങ്ങളും)
ഡെങ്കിപ്പനി ശിശുക്കളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കാറുണ്ട്. എന്നാല്‍ അപൂര്‍വ്വമായി മാത്രമേ മരണം സംഭവിക്കാറുള്ളു. രോഗബാധയുള്ള കൊതുകില്‍ നിന്ന് കടിയേറ്റതിന് ശേഷം 4-10 ദിവസം വരെയാണ് പ്രജനന കാലയളവ്. ഗോരലക്ഷണങ്ങള് സാധാരണയായി 2-7 ദിവസം നീണ്ടുനില്‍ക്കും. ലോകാരോഗ്യ സംഘടന ഡെങ്കിപ്പനിയെ 2 പ്രധാന വിഭാഗങ്ങളായി തരംതിരിക്കുന്നു: ഡെങ്കിപ്പനി (മുന്നറിയിപ്പ് അടയാളങ്ങളോടെ / ഇല്ലാതെ), കടുത്ത ഡെങ്കി.
രണ്ട് തരം ഡെങ്കി
വീര്യം കുറഞ്ഞ സാധാരണ ഡെങ്കിപ്പനി എത്തുന്നത് ഉയര്‍ന്ന തോതിലുള്ള പനിയ്ക്കൊപ്പമാണ്. ചില സന്ദര്‍ഭങ്ങളില്‍ മാരകമായി തോന്നുന്ന തലവേദന, കണ്ണിന് പിന്നിലുള്ള വേദന, പേശികളിലും സന്ധികളിലുമുള്ള വേദന, ഓക്കാനം, ഛര്‍ദ്ദി, ഗ്രന്ഥികളിലുണ്ടാകുന്ന വീക്കം, ശരീരത്തിലുണ്ടാകുന്ന തിണിര്‍പ്പ് തുടങ്ങിയ ഏതെങ്കിലും രണ്ട് രോഗ ലക്ഷണങ്ങളും പനിയ്ക്കൊപ്പം ഉണ്ടാകും.
കടുത്ത ഡെങ്കിപ്പനി: കടുത്ത ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍, രോഗ ബാധിച്ച് കഴിഞ്ഞുള്ള മൂന്നാം ദിവസം മുതല്‍ ഏഴാം ദിവസം വരെയാണ് അപകട സ്ഥിതി നിലനില്ക്കുക. ഈ സമയത്ത് രോഗിയില്‍ ശരീരോഷ്മാവ് അടിക്കടി കൂടിയും കുറഞ്ഞുമിരിക്കും. ഈ ഘട്ടത്തില്‍ ഡോക്ടര്‍മാര്‍ രോഗിയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍ കഠിനമായ വയറു വേദന, വിട്ടുമാറാത്ത ഛര്‍ദ്ദില്‍, ത്വരിതമായ ശ്വാസഗതി, മോണകളിലുണ്ടാകുന്ന രക്തസ്രാവം, ക്ഷീണം, അസ്വസ്ഥത, ഛര്‍ദ്ദിലിലെ രക്തത്തിന്റെ പാടുകള്‍ എന്നിവയുണ്ടോ എന്നാണ്. രോഗിയില്‍ രോഗബാധ കൂടിയ സമയത്ത് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍, രോഗിയെ തീര്‍ച്ചായും 24-48 മണിക്കൂര്‍ സമയം നിരീക്ഷിക്കേണ്ടതാണ്.
രോഗ നിര്‍ണ്ണയം
ഡെങ്കിപ്പനി തിരിച്ചറിയാന്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കാറുണ്ട്. രോഗിയുടെ രോഗ പ്രതിരോധ ശേഷിയെ അളക്കുന്ന വൈറോളജി പരിശോധനകളും, സെറം പരിശോധനകളും ഉള്‍പ്പെടുന്നു. ഏത് പരിശോധനാ രീതിയാണ് അവലംബിക്കുന്നത് എന്ന കാര്യം രോഗിയുടെ പരിശോധനാ ഘട്ടത്തിലെ ലക്ഷണങ്ങള്‍ക്ക് അനുസൃതമായായിരിക്കും തീരുമാനിക്കുക. രോഗബാധയുടെ ആദ്യത്തെ ആഴ്ചയില്‍ സാധാരണയായി സെറം പരിശോധനയും വൈറോളജി പരിശോധനയും ഒരുമിച്ച് (RT-PCR) നടത്താറുണ്ട്.
വൈറോളജിക്കല്‍ പരിശോധന
അണുബാധയുടെ ആദ്യ ദിവസങ്ങളില്‍ വൈറസ് രക്തത്തില്‍ നിന്ന് ഒറ്റപ്പെട്ട് കാണപ്പെടുന്നു. രോഗസ്ഥിരീകരണത്തിന് വിവിധ ആര്‍ടി-പിസിആര്‍ രീതികള്‍ ലഭ്യമാണ്. പൊതുവേ, ആര്‍ടി-പിസിആര്‍ പരിശോധനകള്‍ പെട്ടന്ന് ഫലം കണ്ടെത്താറുണ്ട്. എന്നാല്‍ പരിശോധന നടപ്പിലാക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക ഉപകരണങ്ങളിലും സാങ്കേതിക പരിശീലനവും ആവശ്യമാണ്, അതിനാല്‍ എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങളിലും ഈ പരിശോധന ലഭ്യമല്ല
NS1 എന്ന വൈറസ് ഉത്പന്നമായ പ്രോട്ടീനിന്റെ സാന്നിധ്യം വഴിയും വൈറസ് സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും. ഇത് ലഘുവായ പരിശോധനാ ഉപകരണം ഉപയോഗിച്ച് സ്വയം രോഗ നിര്‍ണ്ണയം നടത്താന്‍ സഹായിക്കും. 20 മിനിറ്റില്‍ ഫലം ലഭ്യമാകും, പരിശോധനാ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടതുമില്ല.
സെറം പരിശോധന
എന്‍സൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോര്‍ബന്റ് പരിശോധനയായ (ELIZA) സെറം പരിശോധനാ മാരര്ഗ്ഗങ്ങളിലൂടെയും രോഗ നിര്‍ണ്ണയം നടത്താന്‍ സാധിക്കും. ആന്റി-ഡെങ്കി ആന്റിബോഡികളായ IgM, IgG എന്നിവയുടെ തിരിച്ചറിയലിലൂടെയാണ് ഇത് സാധ്യമാകുന്നത്. രോഗം ബാധിച്ചതിന് ഒരാഴ്ചയ്ക്കുള്ളിലാണ് IgM തിരിച്ചറിയാന്‍ സാധിക്കുന്നത്. തുടര്‍ന്ന് 2-4 ആഴ്ച വരെ ഇതിന്റെ സാന്നിധ്യം ഉയര്‍ന്ന തോതില്‍ പ്രകടമാകും. രോഗം ബാധിച്ച് മൂന്നു മാസം വരെ ഇത് ശരീരത്തില്‍ തുടരും. IgG രോഗം ബാധിച്ചു കഴിഞ്ഞാല്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ തുടരും. മുന്‍ രോഗബാധകള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കും.
ചികിത്സാ രീതികള്‍
ഡെങ്കിപ്പനിയ്ക്ക് കൃത്യമായൊരു ചികിത്സാമുറ ഇല്ല. പനി കുറയ്ക്കുന്നതിനുള്ള മരുന്നുകളും വേദന സംഹാരികളുമാണ് സാധാരണ ഉപയോഗിക്കുന്നത്. അസിറ്റാമിനോഫെനോ, പാരസെറ്റാമോള്‍ ഗുളികളോ ആണ് സാധാരണ ഉപയോഗിക്കുന്നത്. സ്റ്റിരോയിഡിന്റെ സാന്നിധ്യമില്ലാത്ത ആന്റി ഇന്‍ഫ്ലമേറ്ററി മരുന്നുകളായ (NSAID) ആസ്പിരിന്‍, ഐബുപ്രോഫന്‍ തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല. ഇവ രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും ആന്തരിക രക്തസ്രാവത്തിലേക്ക് നയിക്കുന്നതിനും കാരണമാകും.
കടുത്ത ഡെങ്കിപ്പനി ബാധിച്ചാല്‍ മരണ സാധ്യത കൂടുതലാണ് എന്നാണ് പൊതുവേ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ സാഹചര്യങ്ങളില്‍ സേവനമനുഷ്ടിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായത്തില്‍ മരണ നിരക്ക് 20 ശതമാനം വരെ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ്. ഈ രോഗാവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം രോഗിയിലെ ദ്രാവകത്തിന്റെ അളവ് കൃത്യമായി പരിപാലിക്കണമെന്നാണ്.
ഡെങ്കിപ്പനിയ്ക്കെതിരായ വാക്സിനും ലോകാരോഗ്യ സംഘടനയുടെ പ്രതികരണവും
ഡെങ്കിവാക്സിയ വാക്സിന് എന്ന CYD-TDV വാക്സിന് ലോകാരോഗ്യ സംഘടന അംഗീകരിച്ചതാണ്. അതിന്റെ ക്ലിനിക്കല്‍ ട്രയലുകളും വിജയം കണ്ടിട്ടുണ്ട്. വാക്സിന് എടുത്തവരില്‍ ഡെങ്കികെതിരെ എടുക്കാത്തവരെ അപേക്ഷിച്ച് രോഗപ്രതിരോധ ശേഷി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്. 20 രാജ്യങ്ങളില്‍ അംഗീകരിച്ച CYD-TDV വാക്സിന് 2015ലാണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വാക്സിന് ലൈസന്‍സ് സനോഫി പാസ്റ്ററാണ് നേടിയിരിക്കുന്നത്. രോഗബാധ പ്രദേശത്ത് താമസിക്കുന്ന 9 മുതല്‍ 45 വയസ്സ് വരെ പ്രായമുള്ള ആളുകളില്‍ വാക്സിന് എടുക്കുന്നത് രോഗ വ്യാപനം കുറയ്ക്കാന്‍ സഹായകമാണ് എന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധവും നിയന്ത്രണവും
ഡെങ്കിപ്പനി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ആദ്യ ഒരാഴ്ച കൊതുകു കടിയേക്കാനുള്ള സാധ്യതകള്‍ ഒഴിവാക്കുക. കൊതുകു മുട്ടയിട്ട് പെരുകാനുള്ള സാധ്യതകള്‍ ഒഴിവാക്കുക, പരിസരത്തെ വെള്ളം കെട്ടി നില്ക്കുന്ന പ്രവണതകള്‍ ഇല്ലാതാക്കുക, ആഴ്ചയില്‍ ഒരിക്കലെങ്കിലും ചുറ്റുവട്ടത്തുള്ള ജല സ്രോതസ്സുകള്‍ വൃത്തിയാക്കുക, വെളിപ്രദേശങ്ങളിലെ ജലസംഭരണികള്‍ അനുയോജ്യമായ കീടനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുക. ഇതിനുപരി വ്യക്തി ശുചിത്വം പാലിക്കുന്നതും ഡെങ്കിപ്പനി തടയുന്നതിനുള്ള അത്യാവശ്യ ഘടകമാണ്.
ജനലുകള്‍ വല കൊണ്ട് മൂടുക, കൊതുകുതിരികള്‍ ഉപയോഗിക്കുക, വീടിനുള്ളില്‍ പുകയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ അഭികാമ്യമാണ്. ഇത് പകലും രാത്രിയും പിന്തുടരാവുന്നതാണ്. കാരണം പ്രാഥമികമായി വൈറസ് ബാധ പടര്‍ത്തുന്ന കൊതുകുകള്‍ പകലും രാത്രിയും സജീവമാണ്. ഒപ്പം തന്നെ ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും കൊതുകുകടിയില്‍ നിന്ന് രക്ഷിക്കും.
ഇതിനൊപ്പം സമൂഹത്തിന് ഡെങ്കിപ്പനിയെക്കുറിച്ച് അവബോധം നല്‍കുന്നതും പ്രധാനപ്പെട്ട നടപടിയാണ്. ഡെങികിപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂട്ടായി നടത്തുന്നത് രോഗവ്യാപനം കുറയാന്‍ സഹായിക്കും. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ഡെങ്കി കൊതുകുകളുടെ ഉറവിടങ്ങളില്‍ കീടനാശിനികള്‍ കൊണ്ട് ശുദ്ധീകരിക്കേണ്ടതാണ്. ഡെങ്കിപ്പനി തടയുന്നതിന് സജീവമായ ശ്രദ്ധ അത്യന്താപേക്ഷികമാണ്. ഇടവേളകളിട്ട് കൊതുക് പെറ്റുപെരുകുന്ന ആവാസ വ്യവസ്ഥകള്‍ തിരഞ്ഞ് നശിപ്പിക്കേണ്ടതാണ്.
ഇതുകൂടാതെ, ഡെങ്കിപ്പനിയും മറ്റ് കൊതുകുജന്യ രോഗങ്ങളും തടയുന്നതിനുള്ള ആഗോള ശ്രമങ്ങളില്‍ സംഭാവന ചെയ്യുന്ന നൂതന ഉപകരണങ്ങളും നൂതനമായ തന്ത്രങ്ങളും കണ്ടെത്താനായി ആന്താരാഷ്ട്ര രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. സുസ്ഥിരവും ഫലപ്രദവുമായ പ്രാദേശികമായി പൊരുത്തപ്പെടുന്ന രോഗ വ്യാപന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം.
ലോകരാഷ്ട്രങ്ങളോടുള്ള ലോകരോഗ്യ സംഘടനയുടെ സമീപനം
ഡെങ്കിപ്പനിയോട് ലോകാരോഗ്യ സംഘടനയുടെ സമീപനങ്ങള്‍ ഇപ്രകാരമാണ്:ലബോറട്ടറികളുടെ സഹകരണ ശൃംഖലയിലൂടെ പകര്‍ച്ചവ്യാധികള്‍ സ്ഥിരീകരിക്കുന്നതില്‍ രാജ്യങ്ങള്‍ക്ക് പിന്തുണ നല്കുന്നു.
ഡെങ്കിപ്പനി പുറപ്പെടുന്ന രാജ്യങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങളും രോഗത്തെ പ്രതിരോധിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
രോഗ വ്യാപ്തിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള രാജ്യങ്ങളുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അത് വഴി രോഗ ബാധ നല്കുന്ന ഭാരം തിരിച്ചറിയാന്‍ സാധിക്കുന്നു.
ക്ലിനിക്കല്‍ മാനേജ്മെന്റ് സംവിധാനത്തിനും, രോഗം തിരിച്ചറിയുന്നതിനും, രോഗബാധ നിയന്ത്രിക്കുന്നതിനുമുള്ള പരിശീലനങ്ങള്‍ നല്കുന്നു. ഇത് അവരുടെ ചില കേന്ദ്രങ്ങളുടെ സഹായത്തോടെ രാജ്യ തലങ്ങളിലും പ്രാദേശിക തലങ്ങളിലും സാധ്യമാക്കുന്നു.
ആഗോള രോഗാണുവാഹക നിയന്ത്രണ സംവിധാനത്തിന്റെ (2017-2030) ഭാഗമായി ഡെങ്കി പ്രതിരോധ, നിയന്ത്രണ കാര്യങ്ങളില്‍ രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക.
കീടനാശിനി ഉല്പന്നങ്ങളും പ്രായോഗികതയും സാങ്കേതികവിദ്യകളും ഉള്‍പ്പെടെയുള്ള പുതിയ ഉപകരണങ്ങളുടെ വികസനപ്രക്രിയകള്‍ അവലോകനം ചെയ്യുന്നു.
നൂറോളം വരുന്ന അംഗ രാജ്യങ്ങളില്‍ നിന്നും ഡെങ്കിപ്പനിയുടെ ഔദ്യോഗികകണക്കുകള്‍ ശേഖരിക്കുന്നു.
അംഗ രാജ്യങ്ങള്‍ക്കായി രോഗം നിയന്ത്രിക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും, ഡെങ്കിപ്പനി പ്രതിരോധം സൃഷ്ടിക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൈപ്പുസ്തകങ്ങളും വിതരണം ചെയ്യുന്നു.
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.