HOME » NEWS » Explained »

സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു; 38കാരിയായ ആ കുറ്റവാളിയെക്കുറിച്ചറിയാം

ശബ്നത്തിന്‍റെ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ, സഹോദരഭാര്യ, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്, മറ്റൊരു ബന്ധു എന്നിവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: February 18, 2021, 12:46 PM IST
സ്വതന്ത്യ ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് തൂക്കുകയര്‍ ഒരുങ്ങുന്നു; 38കാരിയായ ആ കുറ്റവാളിയെക്കുറിച്ചറിയാം
File photo of Shabnam Ali
  • Share this:
ന്യൂഡൽഹി: സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് ആദ്യമായി ഒരു വനിതയെ തൂക്കിലേറ്റാൻ ഒരുങ്ങുകയാണ്. ഉത്തർപ്രദേശിലെ മഥുര ജയിയില്‍ ഇതിനായുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു. ബവന്‍ഖേരി സ്വദേശിയായ ശബ്നം അലിയെയാണ് തൂക്കിലേറ്റാനൊരുങ്ങുന്നത്. പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് 38കാരിയായ ശബ്നത്തിന് വധശിക്ഷ വിധിച്ചത്. പാലിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം കോടാലി കൊണ്ട് കഴുത്ത് മുറിച്ചായിരുന്നു കൊലപാതകം. പ്രണയബന്ധത്തിനെതിര് നിന്നതിനായിരുന്നു ക്രൂരത എന്നാണ് റിപ്പോർട്ട്.

ആരാണ് ശബ്നം അലി ?

യുപി മൊറാദാബാദ് അമ്രോഹയിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ബവൻഖേരി എന്ന ഗ്രാമവാസിയാണ് ശബ്നം. ഇംഗ്ലീഷിലും ജോഗ്രഫിയിലുമായി ഡബിൾ എംഎ ബിദുദധാരി. അധ്യാപികയായിരുന്നു ഇവർ വിദ്യാർഥികൾക്കെല്ലാം വളരെ പ്രിയപ്പെട്ടവളായിരുന്നു. 'അനുസരണയുള്ള ഒരു മകള്‍' എന്നാണ് ശബ്നത്തെ അവരുടെ അമ്മാവൻ വിശേഷിപ്പിക്കുന്നത്. പ്രണയത്തിന് വേണ്ടി സ്വന്തം കുടുംബത്തെ കൊല്ലാനുള്ള പ്രാപ്തി അവൾക്കുണ്ടെന്ന് ഒരാൾ പോലും ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ശബ്നം-സലീം പ്രണയം

കൃത്യം നടത്തിയ സമയത്ത് രണ്ട് മാസം ഗർഭിണി കൂടിയായിരുന്നു ശബ്നം. കാമുകനായ സലീമിന്‍റെ കുഞ്ഞായിരുന്നു ഇത്. സലീമുമായുള്ള പ്രണയ ബന്ധത്തിന് കുടുംബം എതിര് നിന്നതോടെയാണ് അവരെ ഇല്ലാതാക്കാൻ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്.

സൈഫി മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളായിരുന്നു ശബ്നം. ഗ്രാമത്തിലെ പ്രമുഖ ഭൂവുടമകളുടെ കുടുംബം. എന്നാൽ പത്താനായ സലീം സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. ഏഴാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇയാൾ ദിവസക്കൂലിക്ക് ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് അധ്യാപികയായ ശബ്നവുമായി പ്രണയത്തിലായത്.

ശബ്നത്തിന്‍റെ പിതാവ് ഒരു കോളജ് അധ്യാപകൻ കൂടിയായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ ഉയർന്നു നിന്ന കുടുംബം സലീമും-ശബ്നവും തമ്മിലുള്ള ബന്ധത്തെ എതിർക്കുകയായിരുന്നു.

ശബ്നം, സലീം
ശബ്നം, സലീം


മയക്കുമരുന്ന് നൽകി കൂട്ട കൊലപാതകം

2008 ഏപ്രിൽ 14നാണ് രാജ്യത്തെ തന്നെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. കുടുംബത്തിന് പാലിൽ മയക്കുമരുന്ന് ചേർത്ത് നല്‍കി മയക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്നത്തിന്‍റെ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ, സഹോദരഭാര്യ, ഇവരുടെ പത്തുമാസം പ്രായമായ കുഞ്ഞ്, മറ്റൊരു ബന്ധു എന്നിവരാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്.

ശബ്നത്തിന്‍റെ പ്രണയത്തെച്ചൊല്ലി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാൽ അത് ഇങ്ങനെ അവസാനിക്കുമെന്നും ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

വിചാരണ-കോടതി വിധി

സംഭവത്തിൽ ശബ്നത്തിനും കാമുകനായ സലീമിനും യുപി അമ്രോഹ സെഷൻസ് കോടതി 2010 ൽ വധശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടെ വിവിധ നിയമപോരാട്ടങ്ങൾ ശബ്നം നടത്തിയിരുന്നു. അലഹബാദ് ഹൈക്കോടതി, സുപ്രീം കോടതി എന്നിവരെ സമീപിച്ചെങ്കിലും വധശിക്ഷ റദ്ദാക്കിയില്ല. രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചെങ്കിലും അത് തള്ളപ്പെട്ടു. ഇക്കഴിഞ്ഞ ജനുവരി അവസാനത്തോടെ റിവ്യു ഹർജിയുമായി സുപ്രീം കോടതിയെ വീണ്ടും സമീപിച്ചെങ്കിലും അത് തള്ളപ്പെട്ടതോടെയാണ് തൂക്കു കയർ ഉറപ്പായത്.

എന്നാൽ വധശിക്ഷ തീയതിയടക്കം ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു വിവരങ്ങളും ലഭിച്ചിട്ടില്ലെന്നാണ് ശബ്നത്തിന്‍റെ അഭിഭാഷകൻ പറയുന്നത്.

ജയിലിലെ പ്രസവം/മകൻ

കൊലക്കേസിൽ അറസ്റ്റിലായ ശബ്നം ജയിലിൽ വച്ചാണ് ഒരാണ്‍ കുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ ശബ്ദനത്തിന്‍റെ സുഹൃത്തായി ഉസ്മാൻ സൈഫിയുടെ സംരക്ഷണത്തിലാണ് പന്ത്രണ്ടുകാരനായ ഈ കുഞ്ഞ്. ശബ്നത്തിന്‍റെ ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിൽ തന്‍റെ അമ്മയ്ക്ക് മാപ്പു നൽകണമെന്നാവശ്യപ്പെട്ട് ഈ കുട്ടിയും രാഷ്ട്രപതിക്ക് അഭ്യർഥന നൽകിയിരുന്നു.

വധശിക്ഷ

ഷബ്നം നിലവിൽ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവിൽ കഴിയുന്നത്. എന്നാൽ മഥുരയിലെ ജയിലിൽവെച്ചാകും ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നത്. സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്നത് മഥുരയിലെ ജയിലിലാണ്. 150 വർഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദ് തന്നെയാകും ഷബ്നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി പവൻ രണ്ട് തവണ മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തി. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളിൽ അറ്റക്കുറ്റപ്പണി നടത്തിയിട്ടുണ്ട്. ബക്സറിൽനിന്നുള്ള കയറും മഥുരയിലെ ജയിലിൽ എത്തിച്ചുവെന്നാണ് ഇവിടുത്തെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
Published by: Asha Sulfiker
First published: February 18, 2021, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories