• HOME
 • »
 • NEWS
 • »
 • explained
 • »
 • DOCTORS ADVICE TO CONTROL THE SPREAD OF COVID DURING ONAM SEASON

ഓണക്കാലത്ത് സൂക്ഷിച്ചില്ലെങ്കിൽ കോവിഡ് വ്യാപനം കൂടും; ഈയാഴ്ച ചെയ്യേണ്ട കാര്യങ്ങൾ ഡോക്ടർമാർ പറയുന്നു

കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഒക്ടോബറിൽ ആയിരുന്നു.  2020 ഓഗസ്റ്റ് മാസത്തേക്കാൾ  6 മടങ്ങായിരുന്നു ഒക്ടോബറിലെ സംഖ്യ.

News18 Malayalam

News18 Malayalam

 • Share this:
  സൂക്ഷിച്ചില്ലെങ്കിൽ ഓണക്കാലത്ത് കോവിഡ് വ്യാപനം കഴിഞ്ഞ വർഷത്തേക്കാൾ കൂടാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കൊച്ചി ഘടകം. മനുഷ്യ കോശങ്ങളെ കൂടുതൽ ശക്തമായി ബാധിക്കാൻ ശേഷിയുള്ള ഡെൽറ്റ വകഭേദം അതിവേഗ വ്യാപനത്തിന് ഇടയാക്കുമെന്നും ഐ എം എ മുന്നറിയിപ്പ് നൽകുന്നു.

  ഐഎംഎ കൊച്ചിൻ മുൻ പ്രസിഡന്റുമാരായ ഡോ. രാജീവ് ജയദേവൻ, ഡോ. സണ്ണി പി. ഓരത്തേൽ, പ്രസിഡന്റ് ഡോ. ടി വി രവി എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.

  കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉണ്ടായത് ഒക്ടോബറിൽ ആയിരുന്നു.  2020 ഓഗസ്റ്റ് മാസത്തേക്കാൾ  6 മടങ്ങായിരുന്നു ഒക്ടോബറിലെ സംഖ്യ.

  താഴെ നൽകിയിട്ടുള്ള  ചിത്രങ്ങൾ നോക്കൂ

  ഈ ഓണക്കാലത്ത് നാം സൂക്ഷിച്ചില്ലെങ്കിൽ അതിലും കൂടുതൽ വ്യാപന സാധ്യത കാണുന്നുണ്ട്. കാരണം, ഇപ്പോൾ തന്നെ കേരളത്തിൽ വ്യാപനം സജീവമാണ്. മാത്രവുമല്ല, കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ഉണ്ടായിരുന്നതിനേക്കാൾ (1569) പന്ത്രണ്ട് ഇരട്ടിയാണ് ഇപ്പോഴത്തെ രോഗികളുടെ സംഖ്യ (20,000).

  പഴയ വൈറസിനെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമതയോടു കൂടി മനുഷ്യ കോശങ്ങളെ ബാധിക്കാൻ കഴിവു സിദ്ധിച്ചിട്ടുള്ളതാണ് ഡെൽറ്റാ വേരിയൻറ്. അത് അതിവേഗം പടർന്നു പിടിക്കുന്നു, കൂടുതൽ വൈറസുകൾ കൂടുതൽ കാലം രോഗിയിൽ നിന്നും പുറത്തു വരുന്നു, മുൻപത്തേക്കാൾ നേരെത്തേ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.

  വീടുകളിൽ ആണ് പ്രധാനമായും ഇപ്പോൾ വ്യാപനം; അതിനാൽ ഓണക്കാലമാണെങ്കിലും ഈ വർഷം കുടുംബ സംഗമങ്ങൾ ഒഴിവാക്കുക അത്യാവശ്യമാണ്. ഓരോരുത്തരുടെയും "സോഷ്യൽ ബബിൾ" (social bubble) എത്രയും ചുരുക്കിയാൽ മറ്റു ബബിളുകളിൽ നിന്നും ഉള്ള വൈറസ് വ്യാപനം കുറയ്ക്കാം.  സോഷ്യൽ ബബിൾ എന്നു വച്ചാൽ നാം നിത്യേന കാണുന്ന വ്യക്തികൾ എന്നർത്ഥം. എന്നാൽ കുടുംബ സംഗമങ്ങളിൽ അനേകം ബബിളുകൾ ഒന്നിക്കുന്നു, അതിനാൽ വൈറസ് വ്യാപനം അതിവേഗം നടക്കുന്നു.

  അടുത്ത ഓണത്തിന് നാം ഇതിനേക്കാൾ ഏറെ സുരക്ഷിതമായുള്ള അവസ്ഥയിൽ ആയിരിക്കും എന്ന് ഉറപ്പാണ്. കാരണം വാക്‌സിൻ എല്ലാവരിലേക്കും അതിനകം എത്തിയിരിക്കും, തന്മൂലം വൈറസ് ബാധ ഉണ്ടായാൽ പോലും കെടുതികൾ നന്നേ കുറഞ്ഞിരിക്കും.

  വാക്‌സിനേഷൻ എടുത്തവരിലും ചിലരിൽ പിൽക്കാലത്ത് നേരിയ വൈറസ് ബാധ ഉണ്ടാവുന്നു. ഇതിന് breakthrough infection എന്നാണ് പറയുക. ഇവരിലും മറ്റുള്ളവരുടെ അത്രയും വൈറൽ ലോഡ് ഉണ്ട്; എന്നാൽ മിക്കവരിലും ലക്ഷണങ്ങൾ കുറവാണ്.

  "വാക്‌സിൻ എടുത്തിട്ടുണ്ടല്ലോ ഇനി എന്തു വരാൻ?" എന്ന തെറ്റായ ചിന്തയിൽ നിന്നും ഉടലെടുക്കുന്ന ശ്രദ്ധക്കുറവ്, ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ ഒരു കാരണമാവുന്നുമുണ്ട്.

  വാക്സിനേഷൻ എടുത്തിട്ടുള്ള ബഹുഭൂരിപക്ഷവും കോവിഡിൽ നിന്ന്  സുരക്ഷിതരാണെന്നിരിക്കേ, ഇവരിൽ പിൽക്കാലത്ത് കോവിഡ് വരാനിടയായാൽ അപൂർവമായെങ്കിലും ചിലരിൽ ഗുരുതരം ആവുന്നുണ്ട്, പ്രത്യേകിച്ചും പ്രായാധിക്യം, പ്രമേഹം എന്നിവ ഉള്ളപ്പോൾ. മറ്റു രാജ്യങ്ങളിലും ഈ നിരീക്ഷണമുണ്ട്. എന്നാൽ, വാക്സിനേഷൻ എടുക്കാത്ത സമപ്രായക്കാരെ അപേക്ഷിച്ച് വളരെ കുറവാണ് ഇതിനുള്ള സാധ്യത എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

  ഈ വാസ്തവങ്ങൾ ജനങ്ങൾ അറിഞ്ഞിരിക്കണം

  പ്രത്യേകിച്ചും വീടുകളിൽ മാസ്‌ക് മുതലായ മുൻകരുതലുകൾ കുറവായതിനാൽ, പുറത്തു പോയി വരുന്നവരിൽ കൂടി വൈറസ് എത്തുന്നതായും, ഒരുമിച്ചിരുന്നു സംസാരിക്കുമ്പോഴും മറ്റും വാക്‌സിൻ എടുക്കാതെ വീട്ടിൽ ഇരിക്കുന്നവരിലേയ്ക്ക് ഇതു പകരുന്നതായും കണ്ടു വരുന്നു.

  അതിനാൽ വാക്‌സിൻ എടുത്തവരും എടുക്കാത്തവരെ പോലെ തന്നെ എല്ലാ മുൻകരുതലുകളും ഏറെക്കാലം എടുക്കേണ്ടതുണ്ട്. കാരണം, ഇവർക്കു ലക്ഷണമില്ലാത്ത കോവിഡ് ബാധ ഉണ്ടായാൽ, അവർ അറിയാതെ രോഗവാഹകരാവുകയും, തന്മൂലം ഒപ്പമുള്ളവരിലേക്ക്  വൈറസ് പകരുകയും ചെയ്യാം.

  ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഗുരുതര രോഗം, മരണം ഇവ തടയുന്നതിൽ 90% - ൽ അധികം ഫലപ്രാപ്‌തി എല്ലാ വാക്‌സിനുകൾക്കും ഉണ്ട് എന്നുള്ളതാണ്. ഇപ്പോൾ തീവ്ര പരിചരണത്തിൽ കഴിയുന്ന ഭൂരിപക്ഷം കോവിഡ് രോഗികളും വാക്‌സിൻ എടുക്കാത്തവരാണ് എന്നുള്ളത് ഇതിനു തെളിവാണ്.

  കേരളത്തിൽ ദിവസവും ഇരുപതിനായിരത്തോളം കോവിഡ് രോഗികൾ ഉണ്ടാവുന്നു. എന്നാൽ വാക്‌സിനേഷൻ കവറേജ് നന്നായി ഉള്ളതിനാൽ ആനുപാതികമായി മുൻപത്തെയത്രയും പേർക്ക് ഗുരുതര രോഗം ഇക്കുറി ഉണ്ടാവുന്നില്ല. എങ്കിലും ആശുപത്രികളിൽ ക്രമേണ തിരക്ക് കൂടുന്നുണ്ട്. ആശുപത്രികൾ നിറഞ്ഞു കവിയാതെ നോക്കണം. ഇപ്പോൾ സ്വയം നിയന്ത്രിച്ചാലേ ഓണക്കാലത്തിനു ശേഷവും കാര്യങ്ങൾ വഷളാകാതെ ഇരിക്കുകയുള്ളു.

  ഇനി ഒരിക്കലും ലോക്കഡൗൺ ഉണ്ടാവരുത്. ആരോഗ്യ മേഖല തകർന്നു പോകുമോ എന്നുള്ള ആശങ്ക ഉണ്ടാവുമ്പോൾ മറ്റു മാർഗ്ഗമില്ലാതെ ചെയ്യുന്ന അടിയന്തിര നടപടിയാണ് ലോക്കഡൗൺ, ഒരിക്കലും ഒരു പരിഹാര നടപടിയായി ഇതിനെ കാണാൻ പാടില്ല.

  അടച്ചിടുക പ്രവർത്തികമല്ല, ഉപജീവനം നടക്കുക തന്നെയാണ് വേണ്ടത് എന്ന് എല്ലാ ഡോക്ടർമാരും ഒരേ സ്വരത്തിൽ പറയുന്നു. എന്നാൽ തിരക്ക് ഉണ്ടാവാനും പാടില്ല. നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള കോമ്പിനേഷൻ ആണിത്. കഴിവതും കടകൾ പരമാവധി സമയം തുറന്നു വയ്ക്കാൻ നടപടി ഉണ്ടാവണം. അപ്പോൾ ഒരു സമയത്തുള്ള തിരക്ക് പരമാവധി കുറയ്ക്കാം. ജനങ്ങൾക്ക് തിരക്കു കുറഞ്ഞ സമയത്തു കടയിൽ വന്നു പോവുകയും ആവാം.

  തുറസ്സായ സ്ഥലങ്ങളിൽ രോഗ വ്യാപന സാധ്യത കുറവാണ്

  ഇത് പ്രയോജനപ്പെടുത്തണം. അകത്തളങ്ങളിൽ ventilation അഥവാ വായുസഞ്ചാരം പരമാവധി വർദ്ധിപ്പിക്കാനുള്ള ക്രമീകരണങ്ങൾ അതിൽ വൈദഗ്ദ്ധ്യമുള്ളവരുടെ സഹായത്തോടു കൂടി പ്രൊഫെഷണൽ ആയി ചെയ്യണം.

  ഇനി എത്ര കാലം എന്ന് ചോദ്യം സ്വാഭാവികം.  വൈറസ് ഏറെ നാൾ ഇവിടെത്തന്നെ ഉണ്ടാകും.  ഇനിയും തരംഗങ്ങൾ ഉണ്ടാവും; ഈ വൈറസിൻറെ രീതിയാണിത്.  എല്ലായിടത്തും ഒരുപോലെയല്ല വ്യാപനവും. എന്നാൽ അതു മൂലമുള്ള കെടുതികൾ കുറയ്ക്കുക എന്നുള്ളതാണ് നമുക്കു ചെയ്യാൻ സാധിക്കുന്നത്. കോവിഡ് ഇതര രോഗങ്ങളെയും മറന്നു കൂടാ.

  സ്വാഭാവിക രോഗ ബാധ മൂലവും വാക്സിനേഷൻ വഴിയും പ്രതിരോധ ശക്‌തി ഏറെപ്പേരിൽ ഉണ്ടായിക്കഴിഞ്ഞാൽ, ഭാവി തരംഗങ്ങൾ ഉണ്ടാവുമ്പോൾ പോലും പഴയതു പോലെ ഒരു ഭീകരവസ്ഥയിലേക്ക് പോകാതെയിരിക്കും.

  അതാത് സ്ഥലത്തുള്ള ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിക്കുകയും (ഉദാ. ഓക്സിജൻ beds കരുതി വയ്ക്കുക) ഒരു കാരണവശാലും അവ നിറഞ്ഞു കവിയാതെ സ്വയം നിയന്ത്രിക്കുകയുമാണ് ഇനിയങ്ങോട്ട് വേണ്ടത്.
  Published by:Rajesh V
  First published:
  )}