ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എം-യോഗ ആപ്പ് പുറത്തിറക്കി. ലോകാരോഗ്യ സംഘടനയും ആയുഷ് മന്ത്രാലയവും സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താല്പര്യമുള്ളവർക്കുമായി വിവിധ പരിശീലന പരിപാടികളും സെഷനുകളും നൽകുന്നതിനാണ് എം-യോഗ ആപ്പ് വികസിപ്പിച്ചത്.
യോഗ പരിശീലനം ആരംഭിക്കുന്നവർക്ക് ആപ്പിലെ ലേണിങ് സെഷനും പരിശീലനം പൂർത്തിയാക്കിയവർക്ക് ആപ്പിലെ പ്രാക്റ്റീസ് സെഷനും തിരഞ്ഞെടുക്കാം. ഉപയോക്താവിന്റെ സമയക്രമം അനുസരിച്ച് 10 മിനിറ്റ്, 20 മിനിറ്റ്, 45 മിനിറ്റ് എന്നിങ്ങനെ വിവിധ സമയ ദൈർഘ്യമുള്ള സെഷനുകൾ ആപ്പിൽ ലഭ്യമാണ്.
ഒരു ലോകം, ഒരു ആരോഗ്യം എന്ന ആപ്തവാക്യം നടപ്പാക്കുന്നതിന് എം യോഗ ആപ്പ് സഹായകരമാകുമെന്ന് അന്താരാഷ്ട്ര യോഗ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോകത്തിലെ എല്ലാ ജനങ്ങൾക്കും യോഗയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആപ്പ് തയ്യാറാക്കിയത്. ആധുനിക ടെക്നോളജിയുടെയും പൗരാണിക ശാസ്ത്രത്തിന്റെയും സംയോജനമാണ് ഇതൊന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗയുടെ നിരവധി ഗുണങ്ങൾ എടുത്ത് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ യോഗക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് പറഞ്ഞു. യോഗ ശാരീരിക ആരോഗ്യം മാത്രമല്ല, മാനസിക ആരോഗ്യവും മെച്ചപ്പെടാൻ സഹായിക്കും. ലോകം കോവിഡ് 19 മഹാമാരിയെ നേരിടുമ്പോൾ ആരോഗ്യ പരിപാലനത്തിൽ യോഗ അഭ്യസിക്കുന്നതിത് പ്രാധാന്യമുണ്ട്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ യോഗ പ്രധാനപ്പെട്ട ഒന്നായ് തുടരുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
എന്താണ് എം യോഗ ആപ്പ്?
യോഗ പരിശീലിക്കുന്നവർക്കും ഇതിൽ താൽപ്പര്യമുള്ളവർക്കും ആവശ്യമായ വീഡിയോ, ഓഡിയോ പരിശീലന സെഷനുകളാണ് എം യോഗ ആപ്പിലൂടെ നൽകുന്നത്. 12 മുതൽ 65 വയസ്സ് വരെയുള്ള ആളുകൾക്കായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. യോഗയിൽ താല്പര്യമുള്ളവർക്ക് തങ്ങളുടെ സൗകര്യമനുസരിച്ച് അവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ സ്മാർട്ട് ഫോണിന്റെ ഉപയോഗിച്ച് യോഗ പരിശീലിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
എം-യോഗ ആപ്പ് വികസിപ്പിച്ചത് എങ്ങനെ?
ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, യോഗയെ സംബന്ധിച്ച ശാസ്ത്രീയ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലും അന്താരാഷ്ട്ര യോഗ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചുമാണ് ഈ ആപ്പ് വികസിപ്പിച്ചത്.
ഈ ആപ്പ് നിർമാണത്തിൽ സഹകരിച്ചത് ആരെല്ലാം?
ലോകാരോഗ്യ സംഘടന, ആയുഷ് മന്ത്രാലയം, ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത സംരംഭമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.
ആപ്പിലെ ഡാറ്റ സുരക്ഷിതമാണോ?
ആപ്പ് ഒരു തരത്തിലും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നില്ല, അതിനാൽ ആപ്പ് സുരക്ഷിതമാണ് എന്നാണ് അവകാശപ്പെടുന്നത്.
ഏതെല്ലാം ഭാഷകളിലാണ് ആപ്പ് ലഭ്യമായത്?
നിലവിൽ എം യോഗ ആപ്പ് ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച് ഭാഷകളിൽ ലഭ്യമാണ്. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഭാഷകളിൽ ആപ്പ് പുറത്തിറങ്ങും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayush ministry, International Yoga Day 2021, PM narendra modi, Who, Yoga