• HOME
  • »
  • NEWS
  • »
  • explained
  • »
  • Agnipath | അ​ഗ്നിവീരന്മാർ നാലു വർഷം വിലയിരുത്തപ്പെടും; സേനയിൽ തുടരുന്നത് മെറിറ്റ് ലിസ്റ്റ് പരിശോധിച്ച്: ലഫ്.ജനറൽ ബിഎ

Agnipath | അ​ഗ്നിവീരന്മാർ നാലു വർഷം വിലയിരുത്തപ്പെടും; സേനയിൽ തുടരുന്നത് മെറിറ്റ് ലിസ്റ്റ് പരിശോധിച്ച്: ലഫ്.ജനറൽ ബിഎ

ശാരീരിക ക്ഷമത, ഫയറിംഗ് കഴിവുകൾ, മറ്റ് പ്രകടനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോ വർഷാവസാനത്തിലും അഗ്നിവീരന്മാരുടെ വിലയിരുത്തൽ നടത്തുക

  • Last Updated :
  • Share this:
    കേന്ദ്രസർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിലൂടെ (Agnipath recruitment scheme) ഇന്ത്യൻ സായുധ സേനയിൽ ചേരുന്നവരെ സ്ഥിരം സൈനികരായി തിരഞ്ഞെടുക്കണമെങ്കിൽ 4 വർഷക്കാലം അവർ തുടർച്ചയായി വിലയിരുത്തപ്പെടുമെന്ന് ഇന്ത്യൻ ആർമിയുടെ വൈസ് ചീഫ് ആയ ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു ( Lt Gen BS Raju). ഇതേത്തുടർന്നായിരിക്കും അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജനറൽ ബിഎസ് രാജു ഇക്കാര്യം വെളിപ്പെടുത്തിയത്. അ​ഗ്നിവീരൻമാരിൽ (Agniveers) 25 ശതമാനം പേർക്കും അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ തുടരാമെന്നും അദ്ദേഹം വെളിപ്പെടുത്തി.

    ''സുതാര്യമായ ഒരു പ്രക്രിയയിലൂടെയാണ് താൻ കടന്നുപോയതെന്ന് നാലുവർഷത്തിനൊടുവിൽ അ​ഗ്നിവീരൻമാർ തിരിച്ചറിയും. ഓരോ സേവനങ്ങൾക്കുമായുള്ള റിക്രൂട്ട്മെന്റിന് ഞങ്ങൾ പ്രത്യേകം വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. അവർ തുടർച്ചയായി വിലയിരുത്തപ്പെടും'', ബിഎസ് രാജു പറഞ്ഞു. ആറ് മാസത്തെ പരിശീലന കാലയളവ് അവസാനിക്കുമ്പോഴാകും ആദ്യ വിലയിരുത്തൽ നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ശാരീരിക ക്ഷമത, ഫയറിംഗ് കഴിവുകൾ, മറ്റ് പ്രകടനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഓരോ വർഷാവസാനത്തിലും അഗ്നിവീരന്മാരുടെ വിലയിരുത്തൽ നടത്തുകയെന്നും ബിഎസ് രാജു ന്യൂസ് 18 നോട് പറഞ്ഞു. അ​ഗ്നിവീരൻമാരുടെ പെരുമാറ്റവും മനോഭാവവും നിരീക്ഷിക്കപ്പെടും. പ്ലാറ്റൂൺ കമാൻഡർ, കമ്പനി കമാൻഡർ, കമാൻഡിംഗ് ഓഫീസർ എന്നിവരുമായി എങ്ങനെയാണ് ഇടപഴകുന്നത് എന്നതും വിലയിരുത്തപ്പെടും.

    ''ഈ മാനദണ്ഡങ്ങളെല്ലാം പരിശോധിച്ച് വർഷാവസാനം ഈ വിലയിരുത്തലുകളെല്ലാം ഒരു സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യും. അതിൽ പിന്നീട് യാതൊരു വിധ ഇടപെടലുകളും ഉണ്ടാകില്ല. ഓരോ വർഷാവസാനത്തിലും ഇതേ നടപടിക്രമം പിന്തുടരുകയും നാലാം വർഷത്തിന്റെ അവസാനത്തിൽ മുഴുവൻ ഡാറ്റയും ഒരുമിച്ച് ചേർത്ത് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്യും. ഞങ്ങൾ ഏറ്റവും മികച്ച സൈനികരെ തന്നെയാണ് തിരഞ്ഞെടുക്കുന്നതെന്ന ആത്മവിശ്വാസവും ഇതിലൂടെ ലഭിക്കും'', ബിഎസ് രാജു കൂട്ടിച്ചേർ‌ത്തു. പരിശീലന കാലയളവിലും അഗ്നിവീരൻമാർക്ക് കൗൺസിലിംഗ് നൽകുകയും പ്രകടനങ്ങൾ വിലയിരുത്തി അവരെ അറിയിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന കാലയളവിലെ വിലയിരുത്തലിന് ലഭിക്കുന്ന വെയിറ്റേജും ഓരോ വർഷാവസാനം ലഭിക്കുന്ന വെയിറ്റേജും വ്യത്യസ്തമായിരിക്കും.

    അഗ്നിപഥ് പദ്ധതിയിലൂടെ കോർപ്‌സ് ഓഫ് മിലിട്ടറി പോലീസിൽ ( Corps of Military Police (CMP) ) വനിതകൾക്കും പ്രവേശനം നേടാം. മറ്റ് റിക്രൂട്ട്‌മെന്റുകൾ പോലെ തന്നെയായിരിക്കും സിഎംപിയിലേക്കുള്ള തിരഞ്ഞെടുപ്പും നടത്തുക എന്നും ബിഎസ് രാജു അറിയിച്ചു.

    നാലു വർഷം കൊണ്ട് എന്തു സംഭവിക്കും?

    നാലു വർഷം എന്നത് വളരെ നീണ്ട സമയം തന്നെയാണെന്ന് ബിഎസ് രാജു പറയുന്നു. ആറ് മാസത്തെ തീവ്രമായ പരിശീലനത്തിലൂടെ അഗ്നിവീരൻമാരെ ആവശ്യമുള്ളതെല്ലാം പഠിപ്പിക്കും. ഓരോ വ്യക്തിക്കും വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം ബറ്റാലിയൻ കമാൻഡർ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

    "ബറ്റാലിയന്റെ ആവശ്യകതകൾ നിറവേറ്റാൻ ​അ​ഗ്നിവീരൻമാർക്ക് മതിയായ പരിശീലനം ലഭിക്കും. വെണമെങ്കിൽ ഇവരുമായി യുദ്ധത്തിനു വരെ തയ്യാറാകാം" അദ്ദേഹം പറഞ്ഞു. എന്നാൽ അതിനപ്പുറത്തേക്ക് പോകണമെങ്കിൽ, ഉദാഹരണത്തിന് ഒരു പരിശീലകനൊക്കെ ആകണമെങ്കിൽ ഒരു അഗ്നിവീരൻ ഈ നാല് വർഷത്തിന് ശേഷം കൂടുതൽ പഠിക്കേണ്ടതുണ്ട്.

    അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നത് വളരെ നിയന്ത്രിതമായ രീതിയിലാണ്. അതു കൊണ്ടാണ് ഇതിനെ ഒരു പൈലറ്റ് പ്രോജക്ടായി കണക്കാക്കുന്നതെന്നും ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു പറഞ്ഞു.

    ''പദ്ധതി നന്നായി വിലയിരുത്താനും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താനും ഞങ്ങൾക്ക് സമയം ലഭിക്കും. പെട്ടെന്നു തന്നെ മാറ്റങ്ങളൊന്നും ആവശ്യമായി വരില്ല. പക്ഷേ ഏതെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ അതു ചെയ്‌തിരിക്കും'', ബിഎസ് രാജു പറഞ്ഞു. പദ്ധതിയിൽ എന്തെങ്കിലും മാറ്റം വരുത്താനുള്ള വ്യവസ്ഥ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ചെലവ്

    അ​ഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്ന് ജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിട്ടു പോലും, സായുധ സേനയിൽ ചേരാൻ ആളുകൾ ധാരാളമായി മുന്നോട്ടു വരും എന്ന കാര്യത്തിൽ സംശയമില്ലെന്ന് ബിഎസ് രാജു പറഞ്ഞു. പദ്ധതി മികച്ച പ്രതികരണം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    പദ്ധതിക്ക് കീഴിൽ ഉടനടി റവന്യൂ ചെലവുകളൊന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

    "ആറോ ഏഴോ വർഷത്തിന് ശേഷം പരിശീലന ശേഷി വർദ്ധിപ്പിക്കേണ്ട ആവശ്യകതയുണ്ടാകാം. അപ്പോൾ അന്നത്തെ സാഹചര്യം വിലയിരുത്തി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതായും വന്നേക്കാം" ബിഎസ് രാജു കൂട്ടിച്ചേർത്തു.

    റിക്രൂട്ട്മെന്റുകളുടെ എണ്ണം

    അ​ഗ്നിപഥ് പദ്ധതിയിലൂടെ കരസേനയിലെ മനുഷ്യശേഷിയുടെ കുറവ് നികത്തുമെന്നും ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു ന്യൂസ് 18 നോട് പറഞ്ഞു.''കഴിഞ്ഞ രണ്ട് വർഷമായി ഒരു റിക്രൂട്ട്‌മെന്റും നടന്നിരുന്നില്ല. ഇപ്പോൾ, ഞങ്ങൾ ഒരു എക്‌സിറ്റ് പോളിസി (exit policy) വഴിയാണ് നിശ്ചിത എണ്ണം റിക്രൂട്ട്മെന്റുകൾ നടത്തുന്നത്. വരും വർഷങ്ങളിൽ സൈന്യത്തിന്റെ ശേഷി ആവശ്യമുള്ള തരത്തിൽ നിലനിർത്തുന്നതിനായി ഞങ്ങൾ റിക്രൂട്ട്മെന്റുകളും എണ്ണം വർദ്ധിപ്പിക്കും'', ബിഎസ് രാജു പറഞ്ഞു.

    അഗ്നിവീർ സ്‌കിൽ സർട്ടിഫിക്കറ്റ്

    ഡിപ്ലോമക്കു ശേഷം സേനയിൽ ചേരുന്നവർ പരിശീലനത്തിലൂടെ അവർ നേടുന്ന അധിക കഴിവുകൾ കൂടി കണക്കിലെടുത്ത് ബിരുദ സർട്ടിഫിക്കേറ്റിന് യോഗ്യരാകുമെന്നും ബിഎസ് രാജു ന്യൂസ് 18 നോട് പറഞ്ഞു. അഗ്‌നിവീരൻമാർ സൈന്യത്തിൽ ജോലി ചെയ്യുന്ന കാലത്തെ അവരുടെ ക്രെഡിറ്റ് പോയിന്റുകൾ റെക്കോർഡ് ചെയ്യും. പിന്നീട് ബിരുദം നേടാനായി അത് ഉപയോ​ഗിക്കാം.

    സ്ഥിരമായ ജോലിയും പെൻഷനും ഉറപ്പുനൽകാതെ രാജ്യത്തെ യുവാക്കളെ സേനയിലേക്ക് എങ്ങനെ ആകർഷിക്കുമെന്ന ചോദ്യത്തിന്, യുവാക്കൾക്ക് നാല് വർഷത്തേക്ക് സായുധ സേനയിൽ ചേരാൻ അവസരം നൽകുന്ന രീതിയിലാണ് അ​ഗ്നിപഥ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കഠിനമായ പരിശീലനത്തിലൂടെ കടന്നു പോയി, സൈന്യത്തിൽ സേവനമനുഷ്ഠിച്ച് രാജ്യത്തെ സേവിക്കുന്നതിൽ യുവാക്കൾ ആനന്ദം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

    "നാലു വർഷത്തെ ഈ കാലയളവിനുള്ളിൽ തന്നെ അവർക്ക് മികച്ച വേതനം ലഭിക്കും. കാലാവധി അവസാനിക്കുമ്പോൾ സേവാ നിധി പാക്കേജ് വഴി (Seva Nidhi package) ഒരു തുക ലഭിക്കും. കൂടാതെ നിരവധി തൊഴിൽ അവസരങ്ങളും അവർക്കു മുൻപിലുണ്ടാകും", ലഫ്റ്റനന്റ് ജനറൽ ബിഎസ് രാജു ന്യൂസ് 18 നോട് പറഞ്ഞു.
    Published by:Amal Surendran
    First published: