ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ റെയിൽവേ (Indian Railway). ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്ന പൊതുമേഖലാ സ്ഥാപനവും ഇത് തന്നെയാണ്. സാധാരണക്കാർ ചെറുയാത്രകൾക്കും ദൂരയാത്രകൾക്കുമൊക്കെ എപ്പോഴും തിരഞ്ഞെടുക്കുന്നത് ട്രെയിൻ (Train) തന്നെയാണ്. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്നതും റെയിൽവേ (Railway) വഴി തന്നെയാണ്. റെയിൽവേയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നിരവധി കാര്യങ്ങൾ അറിയുമായിരിക്കും. എന്നാൽ പലർക്കും അറിയാത്ത ചില രസകരവും കൗതുകകരമായ കാര്യങ്ങളുമുണ്ടാവും. അത്തരത്തിൽ റെയിൽവേയെ സംബന്ധിച്ചുള്ള രസകരമായ ഒരു വിശേഷം അറിയാം.
നിങ്ങൾ സ്ഥിരമായി ട്രെയിനിൽ യാത്ര ചെയ്യുന്നയാളാണെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കാതിരിക്കില്ല. ദീർഘദൂര ട്രെയിനുകളുടെ എസി കോച്ചുകൾ (AC Coches) എപ്പോഴും മധ്യഭാഗത്തായാണ് ഉണ്ടാവുക. ഇതെന്തു കൊണ്ടാണ് മധ്യഭാഗത്ത് വരുന്നതെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എഞ്ചിന് തൊട്ടടുത്ത് ജനറൽ കോച്ചുകളാണ് (General Coaches) ഉണ്ടായിരിക്കുക. അതിന് ശേഷം സ്ലീപ്പർ കോച്ചുകൾ (Sleeper Coaches) വരും. പിന്നീട് മധ്യഭാഗത്തായി എസി കോച്ചുകൾ ഉണ്ടാവും. അത് കഴിഞ്ഞ് വീണ്ടും സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉണ്ടായിരിക്കും. പൊതുവിൽ ഇന്ത്യയിലെ ദീർഘദൂര ട്രെയിനുകളുടെയെല്ലാം ഘടന ഇങ്ങനെയാണ്.
Also Read-
ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതാര്? 'അസാനി'യുടെ പേരിടൽ നടത്തിയതാര്? വിശദാംശങ്ങളറിയാം
എസി കോച്ചുകൾ എന്തു കൊണ്ടാണ് മധ്യഭാഗത്ത് വരുന്നതെന്ന കാര്യത്തിൽ റെയിൽവെ ഇത് വരെ ഔദ്യോഗികമായി ഒരു വിശദീകരണവും നടത്തിയിട്ടില്ല. എന്നാൽ, എസി കോച്ചിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ജനറൽ കോച്ചുകളിലും സ്ലീപ്പർ കോച്ചുകളിലും തിരക്ക് കൂടുതലായിരിക്കും. ലഗേജുകളുമായി ധാരാളം പേർ ഇവയിൽ യാത്ര ചെയ്യുകയും ചെയ്യും. ഈ വലിയ തിരക്കിൽ നിന്ന് എസി കോച്ചിൽ യാത്ര ചെയ്യുന്നവരെ രക്ഷിക്കാൻ വേണ്ടിയാണ് റെയിൽവേ ഇങ്ങനെയൊരു സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
Also Read-
എന്താണ് നീറ്റ് വിരുദ്ധ ബില്‍? മെഡിക്കല്‍ പ്രവേശനത്തെ ബാധിക്കുന്നത് എങ്ങനെ?
ട്രെയിനിന്റെ രണ്ട് ഭാഗങ്ങളിലായി സ്ലീപ്പർ, ജനറൽ കോച്ചുകളുണ്ട്. പരമാവധി ആളുകൾ ഈ രണ്ടിടങ്ങളിലേക്ക് പോവുന്നതോടെ എസി കോച്ചിലുള്ളവർക്ക് റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്ക് അനുഭവപ്പെടില്ല. ഇത് മാത്രമല്ല, മറ്റൊരു കാരണം കൂടിയുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ പുറത്തേക്കും അകത്തേക്കമുള്ള വഴി എപ്പോഴും നടുവിലായിരിക്കും എന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കും. എസി കോച്ചുകൾ മധ്യഭാഗത്ത് ആവുന്നതോടെ അതിലേക്ക് കയറാനും അവിടെ നിന്ന് ഇറങ്ങാനും ഉള്ള യാത്രക്കാർക്ക് എളുപ്പമുണ്ടാവും. ലഗേജുകളും താങ്ങി ഇവർക്ക് അധികദൂരം നടക്കേണ്ടി വരില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് സ്റ്റീം എഞ്ചിനുകളാണ് ഉണ്ടായിരുന്നത്. ആ സമയത്ത് എഞ്ചിന് തൊട്ടടുത്തായണ് എസി ബോഗികൾ വെക്കാറുള്ളത്. എന്നാൽ എഞ്ചിനിൽ നിന്നുള്ള ശബ്ദം എസിയിലെ യാത്രക്കാർക്ക് വലിയ ശല്യമുണ്ടാക്കാറുണ്ട്. ഇത് കൂടി പരിഗണിച്ചാണ് എസി കോച്ചുകൾ എഞ്ചിന് തൊട്ടടുത്ത് വെക്കാത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.