കൊറോണ വൈറസ് മഹാമാരി പ്രവചനാതീതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വൈറസിന് പലവിധ മ്യൂട്ടേഷനുകൾ സംഭവിക്കുന്നത് നിലവിലെ ആന്റിബോഡികളെ തകർക്കുകയും ചികിത്സയെ വരെ ബാധിക്കുകയും ചെയ്തേക്കാം. വൈറസിനെതിരെ പ്രവർത്തിക്കാനുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരേയൊരു ഘടകം വാക്സിനാണ്. ഇന്ത്യയിൽ ലഭ്യമായ കോവാക്സിൻ, കൊവീഷീൽഡ് വാക്സിനുകൾ ഇടകടലർത്തി സ്വീകരിച്ചാൽ അത് കൂടുതൽ മെച്ചപ്പെട്ട പ്രതിരോധശേഷി വാഗ്ദാനം ചെയ്യുമെന്നാണ് ഇപ്പോൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) കണ്ടെത്തിയിരിക്കുന്നത്.
അബദ്ധത്തിൽ നിന്നുള്ള കണ്ടെത്തൽ
യുപിയിലെ സിദ്ധാർത്ഥ് നഗർ ജില്ലയിലെ 20ഓളം ആളുകൾക്ക് അബദ്ധത്തിൽ രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം നൽകിയിരുന്നു. ഏപ്രിൽ ആദ്യവാരം കോവിഷീൽഡ് ഷോട്ട് സ്വീകരിച്ച ഇവർക്ക് തുടർന്ന് മേയ് 14 ന് കോവാക്സിൻ ഡോസ് നൽകി. അബദ്ധത്തിൽ സംഭവിച്ചതാണെങ്കിലും വാക്സിൻ സ്വീകരിച്ചവർക്ക് പ്രതികൂലമായി ഒന്നും സംഭവിച്ചില്ല. തുടർന്ന് ഐസിഎംആർ ഗവേഷകർ "ഉത്തർപ്രദേശിലെ കോവിഡ് -19 വാക്സിൻ-മിക്സ്" പഠന വിഷയമാക്കുകയായിരുന്നു. രണ്ട് വാക്സിനുകളുടെയും ഓരോ ഡോസ് വീതം സ്വീകരിക്കുന്നത് കോവിഡ് പ്രതിരോധത്തിൽ സഹായകരമാണോ അതോ ദോഷകരമാണോ എന്ന് പരിശോധിക്കുന്നതിനായാണ് പഠനം നടത്തിയത്. എന്തായാലും പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ പോസിറ്റീവ് ആയിരുന്നു.
പഠനത്തിൽ നിന്നുള്ള കണ്ടെത്തൽ
ഐസിഎംആർ ഗവേഷകർ കോവിഷീൽഡ് അല്ലെങ്കിൽ കോവാക്സിൻ ഷോട്ടിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ച 40 പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളുമായി രണ്ട് വ്യത്യസ്ത വാക്സിനുകൾ സ്വീകരിച്ച 18 പേരുടെ പ്രതിരോധശേഷിയുമായി താരതമ്യം ചെയ്യാൻ ശ്രമിച്ചു. മൂന്ന് ഗ്രൂപ്പുകളിലെയും പ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്നുണ്ടായ പ്രതികരണങ്ങൾ പരിശോധിച്ചു. മിശ്രണം മൂലം 18 പേരടങ്ങിയ ഗ്രൂപ്പിൽ അമിതമായ പ്രതികരണങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് "കോമ്പിനേഷൻ വാക്സിന്റെ സുരക്ഷ അടിവരയിടുന്നതായി" പഠന റിപ്പോർട്ടിൽ വ്യക്തമാണ്.
ഇത്തരത്തിൽ ഇടകലർത്തി വാക്സിൻ സ്വീകരിക്കുന്ന കൊറോണ വൈറസിന്റെ ആൽഫ, ബീറ്റ, ഡെൽറ്റ വേരിയന്റുകൾക്കെതിരായ പ്രതിരോധശേഷിയിൽ മികച്ചതാണെന്ന് ഗവേഷകർ വ്യക്തമാക്കി. രണ്ട് കോവിഡ് വാക്സിനും ചേർന്നുള്ള പ്രതിരോധ കുത്തിവയ്പ്പ് സുരക്ഷിതമാണെന്ന് മാത്രമല്ല, മികച്ച രോഗപ്രതിരോധ ശേഷി ഉണ്ടാക്കുകയും ചെയ്തുവെന്ന് ഗവേഷകർ പറയുന്നു.
കൊവീഷീൽഡും കോവക്സിനും
ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ കമ്പനിയായ ആസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ഒരു വൈറൽ വെക്റ്റർ വാക്സിൻ ആണ്. കോവിഷീൽഡിന്റെ കാര്യത്തിൽ ഒരു ചിമ്പാൻസി അഡെനോവൈറസ് ആണ് വാക്സിൻ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ഇത് ഇവയ്ക്കിടയിൽ ജലദോഷം ഉണ്ടാക്കുന്നു. എന്നാൽ ഇത് മനുഷ്യർക്ക് ദോഷകരമല്ല. ജനിതക കോഡിന്റെ വെക്റ്റർ അല്ലെങ്കിൽ കാരിയർ ആയി പ്രവർത്തിക്കാൻ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ മനുഷ്യ കോശങ്ങളിലേക്ക് കുത്തി വയ്ക്കുന്നു. അതിനെത്തുടർന്ന് രോഗപ്രതിരോധവ്യവസ്ഥ വൈറസിനെ നേരിടാൻ സ്വയം പരിശീലിപ്പിക്കുന്നു. സ്പുട്നിക് വി, ജോൺസൺ, ജോൺസൺ വാക്‌സിൻ എന്നിവയും ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവയും വൈറൽ വെക്റ്റർ വാക്സിനുകളാണ്.
അതേസമയം കോവാക്സിൻ ഹോൾ വൈറസ് പ്രതിരോധ കുത്തിവയ്പ്പുകളുടെ വിഭാഗത്തിൽ പെടുന്നു. മനുഷ്യർക്ക് ദോഷകരമല്ലാത്ത വിധത്തിൽ രൂപകൽപ്പന ചെയ്ത ശേഷം യഥാർത്ഥ വൈറസിനെ തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത്.
രണ്ട് വാക്സിനുകളും, മറ്റ് കോവിഡ് വാക്സിനുകൾ പോലെ തന്നെ മനുഷ്യ കോശങ്ങളെ ബാധിക്കുന്ന കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിനെയാണ് ലക്ഷ്യമിടുന്നത്. വ്യത്യസ്ത വാക്സിനുകൾ കലർത്തുന്നത് ഒരു പ്രശ്നമല്ലെന്ന് വിദഗ്ദ്ധർ പറയുന്നതിന്റെ ഒരു കാരണം ഇതാണ്. കാരണം എല്ലാ വാക്സിനുകളുടെയും പ്രവർത്തന രീതി സമാനമാണ്.
മിക്സിംഗ് ഷോട്ടുകളായി നൽകാവുന്ന മറ്റ് വാക്സിൻ കോമ്പിനേഷനുകൾ
യൂറോപ്പിൽ ഇപ്പോൾ നിരവധി പഠനങ്ങൾ ഇത് സംബന്ധിച്ച് നടത്തിയിട്ടുണ്ട്. ഇത് ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ ഫൈസർ-ബയോഎൻടെക് നിർമ്മിച്ച എംആർഎൻഎ വാക്സിനുമായി കലർത്തുന്നതാണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. ഇത് പല വികസിത രാജ്യങ്ങളും ഉപയോഗിക്കുന്ന പ്രധാന വാക്സിനുകളാണ്. ഈ രണ്ട് വാക്സിനുകളും ഇടകലർത്തി ഉപയോഗിക്കുന്നത് കൂടുതൽ രോഗപ്രതിരോധ പ്രതികരണത്തിലേക്ക് നയിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ ശക്തമാണെന്നാണ് കണ്ടെത്തൽ.
ഏതെങ്കിലും രാജ്യം ജനങ്ങൾക്ക് മിക്സ്ഡ് ഷോട്ടുകൾ നൽകുന്നുണ്ടോ?
വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് വാക്സിനുകൾ ഇടകലർത്തി നൽകാൻ തുടങ്ങിയിട്ടുള്ളൂ. കാനഡ, ബഹ്‌റൈൻ, ഭൂട്ടാൻ, തായ്‌ലൻഡ്, ഇറ്റലി, ദക്ഷിണ കൊറിയ മുതലായ രാജ്യങ്ങൾ ഇങ്ങനെ വാക്സിൻ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പ്രതിരോധം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു തന്ത്രമായാണ് ഈ രാജ്യങ്ങൾ വാക്സിൻ മിശ്രണം നടപ്പിലാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് പുതിയ വകഭേദങ്ങൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ.
ഉദാഹരണത്തിന്, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഷോട്ട് ലഭിച്ചവരിൽ അപൂർവ്വമായി രക്തം കട്ടപിടിക്കുന്ന കേസുകൾ ഉണ്ടായതിനെ തുടർന്ന് ഇറ്റലിയും മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളും വാക്സിനുകളുടെ മിശ്രിതത്തിന് അനുമതി നൽകി.
ഇത്തരത്തിലുള്ള ദുർബല വിഭാഗങ്ങൾക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിൽ ആശങ്കാകുലരായ ആരോഗ്യ അധികൃതർ അവർക്ക് മറ്റൊരു വാക്സിൻ രണ്ടാം ഡോസായി നൽകാൻ തീരുമാനിച്ചു.
എന്നാൽ ഡെൽറ്റ വേരിയന്റിന് എതിരായി ജർമ്മനി ഈ രീതി ശുപാർശ ചെയ്തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്കയുടെ ആദ്യ ഡോസിന് ശേഷം മോഡേണയുടെ എംആർഎൻഎ വാക്സിൻ ആണ് രണ്ടാമത്തെ ഷോട്ടായി സ്വീകരിച്ചത്. ഷോട്ടുകൾ മിക്സ് ചെയ്യുന്നതിൽ ആളുകൾ ഭയപ്പെടേണ്ടതില്ലെന്ന സന്ദേശം നൽകാനാണ് മെർക്കൽ ഇങ്ങനെ ചെയ്തത്.
ദേശീയ വാക്സിനേഷൻ കാമ്പെയ്‌നുകളിലെ വാക്സിന്റെ കുറവ് പരിഹരിക്കുക എന്നതാണ് വാക്സിനുകളുടെ മിശ്രിതം നൽകുന്നതിന് പിന്നിലെ മറ്റൊരു ഒരു പ്രധാന ഘടകം.
എന്തുകൊണ്ടാണ് ചിലർ ഷോട്ടുകൾ മിക്സ് ചെയ്യാൻ മടിക്കുന്നത്?
ലോകാരോഗ്യ സംഘടന (WHO) ഷോട്ടുകൾ മിക്സ് ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ലോകാരോഗ്യ സംഘടന എതിർത്തത്. ഉദാഹരണത്തിന്, മിക്സ് ചെയ്ത് വാക്സിനുകൾ ഉപയോഗിക്കുമ്പോൾ രണ്ട് ഡോസുകൾ തമ്മിലുള്ള വിടവ് എന്തായിരിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covaxin, Covid 19, Covishield vaccine