നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?

  Explained: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?

  2020 ലെ കണക്കനുസരിച്ച്, ഏകദേശം 28 ലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ വിദേശ രാജ്യങ്ങളിലുണ്ട്

  • Share this:
   ആഗസ്റ്റ് 15ന് കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ നൂറുകണക്കിന് അഫ്ഗാനികൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടി. കാബൂളിൽ നിന്ന് പുറപ്പെടുന്ന ഒരു വിമാനത്തിന്റെ ചക്രങ്ങളിൽ സ്വയം കൈകൾ കയറുകൊണ്ട് ബന്ധിച്ച് പോലും ചിലർ രക്ഷപ്പെടാൻ ശ്രമം നടത്തി. ഇങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചവർ ദാരുണമായി വിമാനത്തിൽ നിന്ന് വീണ് മരിക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനായി എയർപോർട്ടിലൂടെ ഓടുന്ന നിരവധിയാളുകളുടെ വീഡിയോകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

   ഈ സാഹചര്യത്തിൽ ചില രാജ്യങ്ങൾ അഫ്ഗാൻ അഭയാർത്ഥികളെ എറ്റെടുക്കുന്നതിനുള്ള ചില നയങ്ങൾ പ്രഖ്യാപിച്ചു. ഈ നയങ്ങളിൽ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.

   ലോകമെമ്പാടുമുള്ള അഭയാർത്ഥികൾ
   2020 ലെ കണക്കനുസരിച്ച്, ഏകദേശം 28 ലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ വിദേശ രാജ്യങ്ങളിലുണ്ട്. യുഎൻഎച്ച്‌സി‌ആർ അനുസരിച്ച്, സിറിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് വിദേശത്ത് ഏറ്റവും കൂടുതൽ താമസിക്കുന്നത്. 68 ലക്ഷത്തോളം വരും സിറിയൻ അഭയാർത്ഥികളുടെ എണ്ണം.

   "പീഡനം, യുദ്ധം അല്ലെങ്കിൽ അക്രമം കാരണം സ്വന്തം രാജ്യം വിട്ട് പോകാൻ നിർബന്ധിതനായ വ്യക്തി"യാണ് അഭയാ‌‍ർത്ഥി. ഒരു അഭയാർത്ഥി വംശം, മതം, ദേശീയത, രാഷ്ട്രീയ അഭിപ്രായം അല്ലെങ്കിൽ ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം തുടങ്ങിയ കാരണങ്ങളാൽ പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവരോ ഭീഷണി നേരിടുന്നവരോ ആയിരിക്കും. മിക്കവാറും, അവർക്ക് സ്വന്തം വീട്ടിലേക്കോ നാട്ടിലേയ്ക്കോ മടങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ അവ‍‍ർ ഭയപ്പെടുന്നു. യുദ്ധവും വംശീയവും മതപരവുമായ അക്രമങ്ങളാണ് അഭയാർത്ഥികൾ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങൾ എന്ന് UNHCR പറയുന്നു.

   സിറിയ, വെനിസ്വേല, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, മ്യാൻമർ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 68 ശതമാനം ആളുകളും ഇത്തരത്തിൽ പാലായനം ചെയ്തിട്ടുള്ളവരാണ്.

   മൊത്തത്തിൽ, 2020 അവസാനത്തോടെ, പീഡനം, സംഘർഷം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം ലോകമെമ്പാടുമായി 82.4 മില്യൺ ആളുകളെ ഇത്തരത്തിൽ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തുർക്കിയാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. സിറിയയിൽ നിന്നുള്ള അഭയാ‌‍ർത്ഥികളാണ് രാജ്യത്ത് കൂടുതലുമുള്ളത്. 40 ലക്ഷത്തോളം സിറിയൻ അഭയാ‍ർത്ഥികൾ തു‌‍‍ർക്കിയിലുണ്ട്.

   അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ

   യുഎസ്: ഓഗസ്റ്റ് 2ന്, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുൻഗണന 2 (പി -2) പദവി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് യുഎസ് അഭയാർത്ഥി പ്രവേശന പദ്ധതി (USRAP) വഴി ചില അഫ്ഗാൻ പൗരന്മാർക്കും അവരുടെ യോഗ്യതയുള്ള കുടുംബാംഗങ്ങൾക്കും രാജ്യത്ത് പ്രവേശനം അനുവദിക്കും.

   “അമേരിക്കയുടെ ലക്ഷ്യം സമാധാനം നിലനിൽക്കുന്നതും സുരക്ഷിതവുമായ ഒരു അഫ്ഗാനിസ്ഥാനായിരുന്നു. എന്നാൽ, താലിബാൻ അക്രമങ്ങൾ വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കയോടൊപ്പം പ്രവർത്തിച്ചവർ ഉൾപ്പെടെയുള്ള ചില അഫ്ഗാനികൾക്ക് അമേരിക്കയിലേക്ക് അഭയാർഥി പുനരധിവാസത്തിനുള്ള അവസരം നൽകാൻ യുഎസ് സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് ”സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രസ്താവനയിൽ പറഞ്ഞു.

   റിപ്പോർട്ടുകൾ പ്രകാരം, പതിനായിരത്തിലധികം അഫ്ഗാൻ പൗരന്മാരെ യുഎസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ കൂടുതലും സർക്കാരിനെ സഹായിച്ച ആളുകളാണ് ഉൾപ്പെടുന്നത്.

   യുകെ: ആഗസ്റ്റ് 18ന്, താലിബാൻ വീടുകളിൽ നിന്ന് ഇറക്കി വിടുകയോ പീഡന ഭീഷണി നേരിടുകയോ ചെയ്യുന്നവ‍ർക്ക് യുകെയിൽ സ്ഥിരമായി താമസിക്കാനുള്ള വഴി വാഗ്ദാനം ചെയ്യുമെന്ന് യുകെ സർക്കാർ പ്രഖ്യാപിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും മതന്യൂനപക്ഷങ്ങൾക്കും മുൻഗണന നൽകുന്ന പുനരധിവാസ പദ്ധതിയുടെ ആദ്യ വർഷത്തിൽ നിലവിലെ പ്രതിസന്ധി മൂലം അപകടസാധ്യതയുള്ള 5,000 അഫ്ഗാൻ പൗരന്മാരെ സർക്കാർ പുനരധിവസിപ്പിക്കും. മൊത്തത്തിൽ, ഈ പദ്ധതിയിലൂടെ 20,000 അഫ്ഗാൻ പൗരന്മാരെ പുനരധിവസിപ്പിക്കാനാണ് യുകെ ലക്ഷ്യമിടുന്നത്.

   കാനഡ: 20,000 അഫ്ഗാൻ പൗരന്മാരെ എറ്റെടുക്കുമെന്ന് കാനഡയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

   യൂറോപ്പ്: 2015 ലെ കുടിയേറ്റ പ്രതിസന്ധി ആവർത്തിക്കുമെന്ന് ഭയന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും അഫ്ഗാൻ അഭയാർഥികളെ ഏറ്റെടുക്കുന്നതിൽ ജാഗ്രത പുലർത്തുന്നുണ്ട്. മൂന്ന് വയസ്സുള്ള സിറിയൻ ബാലൻ അലൻ കുർദിയുടെ മൃതദേഹം തുർക്കിയിലെ ബോഡ്രമിനടുത്തുള്ള ഒരു കടൽത്തീരത്ത് കിടക്കുന്ന ചിത്രം അഭയാർഥി പ്രതിസന്ധിയുടെ പ്രതീകമായി മാറിയിരുന്നു.

   2015ൽ 9 ലക്ഷത്തിലധികം അഭയാർഥികളും കുടിയേറ്റക്കാരും യൂറോപ്യൻ തീരങ്ങളിൽ എത്തിയതായി യുഎൻഎച്ച്‌സി‌ആർ കണക്കുകൾ വ്യക്തമാക്കുന്നു. അതിൽ ഏകദേശം 3,500 പേർക്ക് യാത്രയിൽ ജീവൻ നഷ്ടപ്പെട്ടു. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സംഘർഷങ്ങളിൽ നിന്നും പീഡനങ്ങളിൽനിന്നും പലായനം ചെയ്തവരാണ് 75 ശതമാനം ആളുകളും.

   സ്റ്റാറ്റിസ്റ്റയുടെ അഭിപ്രായത്തിൽ, ഓസ്ട്രിയ, ഫ്രാൻസ്, സ്വീഡൻ എന്നിവയാണ് യൂറോപ്പിലെ അഫ്ഗാൻ അഭയാർത്ഥികളുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. യൂറോപ്യൻ യൂണിയൻ റിപ്പോർട്ട് അനുസരിച്ച്, 2021ന്റെ ആദ്യ പാദത്തിൽ ഏകദേശം 7,000 അഫ്ഗാൻ പൗരന്മാർക്ക് യൂറോപ്യൻ യൂണിയനിൽ സ്ഥിരമായ അല്ലെങ്കിൽ താൽക്കാലിക പദവി നൽകിയിരുന്നു. ഇതിൽ കുറഞ്ഞത് 2,200 പേർ ഗ്രീസിലും, 1,800 ഫ്രാൻസിലും, 1,000 പേ‍‍ർ ജർമ്മനിയിലും 700ഓളം പേ‍ർ ഇറ്റലിയിലുമാണുള്ളത്.

   ഇന്ത്യ: ഇന്ത്യക്ക് അഭയാർത്ഥികൾക്കായി ഒരു പ്രത്യേക നിയമമില്ല. വിവിധ കേസുകളായാണ് അഭയാർത്ഥികളെ കൈകാര്യം ചെയ്യുന്നത്. 1951ലെ അഭയാർഥി കൺവെൻഷനിലോ 1967 ലെ അഭയാർത്ഥികളുടെ നിലയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിലോ ഇന്ത്യ ഒപ്പിട്ടിട്ടില്ല. 2011ൽ, കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അഭയാർഥികളാണെന്ന് അവകാശപ്പെടുന്ന വിദേശ പൗരന്മാരെ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർ​ഗനി‍ർദ്ദേശം പ്രചരിപ്പിച്ചിരുന്നു.

   അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം പരിഗണിച്ച്, അഫ്ഗാൻ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷകൾ വേഗത്തിലാക്കുന്നതിന് ഇന്ത്യ ഒരു പുതിയ ഇ-വിസ അവതരിപ്പിച്ചിട്ടുണ്ട്. ഈ വിസകൾക്ക് ആറുമാസത്തേക്ക് മാത്രമേ സാധുതയുള്ളൂ, ഈ കാലയളവ് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് വ്യക്തമല്ല.
   Published by:Karthika M
   First published: