• HOME
  • »
  • NEWS
  • »
  • explained
  • »
  • NEET 2022 | ബ്രാ അഴിപ്പിച്ചത് മുതൽ ചോദ്യപേപ്പറിലെ പിഴവ് വരെ; 2022ലെ നീറ്റ് പരീക്ഷയിലെ വിവാദങ്ങൾ

NEET 2022 | ബ്രാ അഴിപ്പിച്ചത് മുതൽ ചോദ്യപേപ്പറിലെ പിഴവ് വരെ; 2022ലെ നീറ്റ് പരീക്ഷയിലെ വിവാദങ്ങൾ

നീറ്റ് 2022 പരീക്ഷയുടെ നിയമപ്രകാരം വിദ്യാർഥികൾ മെറ്റാലിക് വസ്തുക്കളടങ്ങിയ വസ്ത്രം ധരിക്കാൻ പാടുള്ളതല്ല. ബെൽറ്റുകളുടെ കാര്യത്തിൽ അധികൃതരുടെ നിർദ്ദേശം വന്നിട്ടുണ്ട്. എന്നാൽ ബ്രായുടെയും മറ്റും കാര്യത്തിൽ അത്തരത്തിൽ ഒരു മുന്നറിയിപ്പും നേരത്തെ നൽകിയിരുന്നില്ല.

  • Share this:
    നീറ്റ് പരീക്ഷാ (NEET Exam) നടത്തിപ്പിലെ അപാകതകൾ വലിയ വിവാദമാവുന്നു. പരീക്ഷാ ചോദ്യപേപ്പറിൽ തന്നെ നിരവധി തെറ്റുകൾ ഉണ്ടായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ഇതിന് പുറമെയാണ് പരീക്ഷയ്ക്ക് മുമ്പ് നടത്തിയ ശരീര പരിശോധനക്കിടയിൽ പല വിദ്യാർഥികൾക്കും മോശം അനുഭവങ്ങൾ ഉണ്ടായത്. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളാണ് പുറത്ത് വന്നിരുന്നത്. ഇത്തവണയും മോശം പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പലയിടത്ത് നിന്നും പരാതികൾ ഉയരുന്നുണ്ട്.

    ഡ്രസ് കോഡ് മുതൽ ചോദ്യപേപ്പറിലെ പിഴവുകൾ വരെ 2022 നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പരിശോധിക്കാം:

    ചോദ്യപേപ്പർ പരസ്പരം മാറിപ്പോയി

    രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലുള്ള ഒരു പരീക്ഷാകേന്ദ്രത്തിലാണ് ചോദ്യപേപ്പറുകൾ പരസ്പരം മാറിപ്പോയത് വിദ്യാർഥികളെ വലച്ചത്. ഹിന്ദി, ഇംഗ്ലീഷ് മീഡിയത്തിലുള്ള ചോദ്യപേപ്പറുകളാണ് പരസ്പരം മാറിപ്പോയത്. പരീക്ഷാകേന്ദ്രത്തിൽ ഇത് വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കി. പിഴവ് സ്ഥിരീകരിച്ച് കൊണ്ട് ഒരു എൻടിഎ ഒഫീഷ്യലും രംഗത്ത് വന്നു. ചോദ്യപേപ്പറുകൾ എല്ലാം ഒരുമിച്ചായിപ്പോയത് ആശയക്കുഴപ്പമുണ്ടാക്കി. എങ്കിലും പരീക്ഷ പൂർത്തിയാക്കാൻ വിദ്യാർഥികൾക്ക് അധികസമയം അനുവദിച്ചിരുന്നുവെന്ന് എൻടിഎ അധികൃതർ വ്യക്തമാക്കി.

    പരീക്ഷയ്ക്ക് ശേഷം ശ്രീ ഗംഗാനഗറിലുള്ള ആർമി പബ്ലിക് സ്കൂളിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. വിദ്യാർഥികളും രക്ഷിതാക്കളും ചേർന്നാണ് പ്രതിഷേധം നടത്തിയത്. രണ്ട് മണിക്കാണ് പരീക്ഷ ആരംഭിച്ചത്. എന്നാൽ ചോദ്യപേപ്പറുകൾ പരസ്പരം മാറിപ്പോയത് ഏകദേശം 4.30നാണ് അറിയിച്ചതെന്ന് ഈ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ ഒരു വിദ്യാർഥി പറഞ്ഞു. ഹിന്ദി മീഡിയം വിദ്യാർഥികൾക്ക് നൽകേണ്ടിയിരുന്ന ചോദ്യപേപ്പർ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾക്കും തിരിച്ചുമാണ് നൽകിയത്.

    രണ്ടര മണിക്കൂർ കൊണ്ട് താൻ പരീക്ഷ എഴുതി പൂർത്തിയാക്കിയിരുന്നുവെന്ന് ഒരു വിദ്യാർഥി പറഞ്ഞു. എന്നാൽ പിഴവ് മനസ്സിലാക്കിയപ്പോൾ അധികൃതർ നേരത്തെ നൽകിയ ചോദ്യപേപ്പറിന് പകരം മറ്റൊരു ചോദ്യപേപ്പറുമായി വന്നു. പരീക്ഷ വൈകീട്ട് 6 മണി വരെയാണ് നീണ്ടത്. ഏതായാലും ഗുരുതരമായ വീഴ്ച വന്നതിനാൽ ഈ കേന്ദത്തിൽ നടത്തിയ പരീക്ഷ റദ്ദാക്കി. ഇവിടെ എഴുതിയ വിദ്യാർഥികൾക്ക് മറ്റൊരു അവസരത്തിൽ പരീക്ഷ എഴുതാൻ അനുമതി നൽകും.

    പരീക്ഷയെഴുതാൻ ആൾമാറാട്ടം

    വിദ്യാർഥികൾക്ക് പകരം ആൾമാറാട്ടം നടത്തി പരീക്ഷയെഴുതാൻ ശ്രമിച്ച ഒരു സംഘത്തെ സിബിഐ അറസ്റ്റ് ചെയ്തു. മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് പരീക്ഷയെഴുതാൻ ആൾമാറാട്ടം നടത്തിയതിൻെറ പേരിൽ 11 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇതിൽ 8 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയെഴുതുന്നതിൽ വിദഗ്ദരാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

    പരീക്ഷ എഴുതുന്നതിന് മുൻപ് ലോഗിൻ ഐഡിയും പാസ‍്‍വേ‍ർഡും തങ്ങൾക്ക് കൈമാറാനാണ് സംഘം വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. വ്യാജ അഡ്മിറ്റ് കാർഡ് ഉണ്ടാക്കി ഇവർ പരീക്ഷയെഴുതാനാണ് ശ്രമിച്ചത്. നീറ്റ് പരീക്ഷയിൽ മികച്ച മാർക്ക് നേടി മെഡിക്കൽ കോളേജിൽ സീറ്റ് ഉറപ്പാക്കാൻ ഒരു വിദ്യാർഥിയിൽ നിന്ന് 20 ലക്ഷം രൂപ വരെയാണ് സംഘം ആവശ്യപ്പെടാറുള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നവരും മറ്റുമാണ് വിദ്യാർഥികളെന്ന വ്യാജേന വൻതട്ടിപ്പിന് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.

    കെമിസ്ട്രി പേപ്പറിൽ തെറ്റ്

    കെമിസ്ട്രി ചോദ്യപേപ്പറിലെ ഒരു ചോദ്യം തെറ്റായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു. ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഒന്നും തന്നെ ശരിയായ ഉത്തരം ഇല്ലായിരുന്നുവെന്ന് വിദഗ്ദർ പറഞ്ഞു. കഴിഞ്ഞ വർഷത്തേതിനേക്കാൾ പ്രയാസമേറിയതായിരുന്നു മൊത്തത്തിൽ ഈ വർഷത്തെ പരീക്ഷയെന്നാണ് വിലയിരുത്തൽ. വിഷയത്തെക്കുറിച്ച് അഗാധമായ അറിവുള്ളവർക്ക് മാത്രം ഉത്തരമെഴുതാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു മിക്ക ചോദ്യങ്ങളും. “കെമിസ്ട്രിയിൽ നിന്നും ഇത്തവണ എട്ട് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇവയിൽ ആറെണ്ണവും സ്റ്റേറ്റ്മെൻറ് ചോദ്യങ്ങളായിരുന്നു. നേരിട്ടുള്ള ചോദ്യങ്ങൾ രണ്ടെണ്ണം മാത്രമാണ് ഉണ്ടായിരുന്നത്,” വിദ്യാമന്ദിർ ക്ലാസ്സുകളുടെ ചീഫ് അക്കാദമിക് ഓഫീസറായ സൗരഭ് കുമാർ പറഞ്ഞു.

    വിദ്യാർഥികളെ ഹിജാബ് ധരിക്കാൻ അനുവദിച്ചില്ല

    ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്ന ആരോപണവും നീറ്റ് പരീക്ഷക്കിടയിൽ ഉയർന്ന് വന്നിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ ഇത്തവണത്തെ നിയമപ്രകാരം മതപരമായ വസത്രം ധരിക്കുന്നതിന് വിലക്കൊന്നുമില്ല. എന്നാൽ അവർ രണ്ട് മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ തൻെറ ഹിജാബ് അഴിപ്പിക്കുക മാത്രമല്ല, ഇൻവിജിലേറ്റർ മോശമായി പെരുമാറുകയും ചെയ്തുവെന്ന് വിദ്യാർഥിനി പരാതിപ്പെട്ടു.

    വിദ്യാർഥികളോട് ബ്രാ അഴിക്കാൻ ആവശ്യപ്പെട്ടു

    ദേഹപരിശോധനാ സമയത്ത് കേരളത്തിലെ നൂറോളം വിദ്യാർഥികളോട് ബ്രാ അഴിക്കാൻ ആവശ്യപ്പെട്ടതും വലിയ വിവാദമായി. മെറ്റൽ ഡിറ്റക്ടർ കൊണ്ട് പരിശോധിക്കുന്ന സമയത്ത് ബ്രാ അഴിക്കാൻ ആവശ്യപ്പെട്ടുവെന്നാണ് വിദ്യാർഥികൾ പരാതിപ്പെട്ടത്. കൊല്ലത്തെ പരീക്ഷാകേന്ദ്രത്തിലാണ് അധികൃതരുടെ ഭാഗത്ത് നിന്ന് വിവാദമായ നീക്കം ഉണ്ടായത്.

    നീറ്റ് 2022 പരീക്ഷയുടെ നിയമപ്രകാരം വിദ്യാർഥികൾ മെറ്റാലിക് വസ്തുക്കളടങ്ങിയ വസ്ത്രം ധരിക്കാൻ പാടുള്ളതല്ല. ബെൽറ്റുകളുടെ കാര്യത്തിൽ അധികൃതരുടെ നിർദ്ദേശം വന്നിട്ടുണ്ട്. എന്നാൽ ബ്രായുടെയും മറ്റും കാര്യത്തിൽ അത്തരത്തിൽ ഒരു മുന്നറിയിപ്പും നേരത്തെ നൽകിയിരുന്നില്ല. അടിവസ്ത്രം അഴിച്ച് നടത്തിയ പരിശോധന പരീക്ഷയ്ക്ക് മുമ്പ് തന്നെ മാനസികമായി തങ്ങൾക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് വിദ്യാർഥികൾ പറഞ്ഞു.

    കൊല്ലത്തെ ആയൂരിലെ പരീക്ഷാ കേന്ദ്രത്തിലെ സൂപ്രണ്ട്, സ്വതന്ത്ര നിരീക്ഷകൻ, പരീക്ഷാ നടത്തിപ്പിൻെറ ചുമതല വഹിക്കുന്നയാൾ എന്നിവരെല്ലാവരും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്നാണ് പറഞ്ഞത്. ഒരു പെൺകുട്ടിയുടെ ഷോൾഡറിൽ മെറ്റൽ ബട്ടൺ കണ്ടതായി സൂപ്രണ്ട് പറഞ്ഞിരുന്നുവെന്ന് പരീക്ഷാ നിരീക്ഷകരിലൊരാൾ പറഞ്ഞു. എന്നാൽ എൻടിഎക്ക് നൽകിയ വിശദീകരണക്കത്തിൽ സൂപ്രണ്ട് ഇതെല്ലാം നിഷേധിച്ചു. ഇതെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് സൂപ്രണ്ടിൻെറ വാദം. “പരാതിയിൽ പറയുന്നത് പോലെ അടിവസ്ത്രം അഴിപ്പിക്കുന്ന സംഭവം എൻെറ ശ്രദ്ധയിൽ പെട്ടിട്ടില്ല,” അദ്ദേഹം കത്തിൽ വ്യക്തമാക്കി.

    “പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എൻെറ മേൽനോട്ടത്തിലാണ് നടന്നത്. എൻെറ അറിവിൽ പരീക്ഷാദിവസം ഈ കേന്ദ്രത്തിൽ മോശം സംഭവങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. നിക്ഷിപ്ത താൽപര്യങ്ങളുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് ഈ പരാതിയെന്ന് ഞാൻ കരുതുന്നു,” സൂപ്രണ്ട് കത്തിൽ വ്യക്തമാക്കി. ബ്രാ അഴിപ്പിച്ച് ദേഹപരിശോധന നടത്തിയതിനെതിരെ കേരള പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു വിദ്യാർഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. കേരളത്തിൽ വലിയ പ്രതിഷേധങ്ങളും നടന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ ഐപിസി സെക്ഷൻ 354, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
    Published by:Amal Surendran
    First published: