ഇന്ത്യൻ വംശജയായ അറോറ അകാൻക്ഷ അടുത്ത യുഎൻ സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിൽ നിന്ന് തിരഞ്ഞെടുത്ത ഓഡിറ്ററായി ഏകദേശം നാല് വർഷം മാത്രമേ അറോറ അകാൻക്ഷ എന്ന 34കാരി ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചിട്ടുള്ളൂ. നിലവിലെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്റെ (71) പകുതിയിൽ താഴെ പ്രായം മാത്രമേ അകാൻക്ഷയ്ക്കുള്ളൂ എന്നതും ശ്രദ്ധേയമാണ്.
തന്റെ കുടുംബപേരായ അറോറ എന്ന് വിളിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. ഇന്ത്യൻ സ്വദേശിയും കനേഡിയൻ പൗരത്വവുമുള്ള അറോറ 2022-27 കാലാവധിയിലേക്കുള്ള സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്കുള്ള അപേക്ഷ ഇക്കഴിഞ്ഞ ഫെബ്രുവരി 17 നാണ് സമർപ്പിച്ചത്. എന്നാൽ ഒരു രാജ്യവും ഇതുവരെ അറോറയുടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചിട്ടില്ല. പക്ഷെ അറോറയുടെ ധൈര്യം 193 അംഗ സംഘടനയിൽ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഗുട്ടെറസ് രണ്ടാം തവണയും വിജയിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ.
Also Read-ഹോംവർക്ക് ചെയ്യുന്നതിനിടെ ഉറങ്ങി വീണു; കവിളിൽ പല്ലിയുടെ പാടുമായി ഉണര്‍ന്നെഴുന്നേറ്റ് കുട്ടി
യൂട്യൂബിലെ അറോറയുടെ ഒരു കാമ്പെയ്‌ൻ വീഡിയോ പ്രകാരം, യുഎന്നിന്റെ മൊത്തം വാർഷിക വരുമാനമായ ഏകദേശം 56 ബില്യൺ ഡോളറിൽ നിന്ന് ഓരോ ഡോളറിലെയും ഏകദേശം 29 സെൻറ് മാത്രമാണ് യഥാർത്ഥ അവകാശികൾക്ക് എത്തുന്നതെന്ന് അറോറ വ്യക്തമാക്കിയിരുന്നു. കോൺഫറൻസുകൾ നടത്താനും റിപ്പോർട്ടുകൾ എഴുതാനുമാണ് ഐക്യരാഷ്ട്ര സഭ വിഭവങ്ങൾ മുഴുവനും ചെലവഴിക്കുന്നതെന്നും യുഎൻ വികസന പദ്ധതിയുടെ ഓഡിറ്റ് കോർഡിനേറ്ററായ അറോറ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭ ഒരു സ്വകാര്യ കമ്പനിയായിരുന്നുവെങ്കിൽ ഇപ്പോൾ പരാജയപ്പെടുമായിരുന്നുവെന്നും അറോറ ആരോപിച്ചിരുന്നു.
അറോറ ആരെയും ഭയമില്ലാത്തവളാണ് എന്നാണ് 2019 ൽ അറോറയ്‌ക്കൊപ്പം പ്രവർത്തിച്ച യുഎൻ പോപ്പുലേഷൻ ഫണ്ടിലെ സഹപ്രവർത്തകയായ പോളിൻ പമേല പ്രാറ്റ് പറയുന്നത്. സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് അപേക്ഷിക്കാനുള്ള അറോറയുടെ പദ്ധതികളെക്കുറിച്ച് അറിഞ്ഞപ്പോൾ ആദ്യം ആശ്ചര്യം തോന്നിയെന്നും എന്നാൽ പിന്നീട് എന്തുകൊണ്ട് മത്സരിച്ചുകൂടാ എന്ന് തോന്നിയെന്നും പ്രാറ്റ് പറഞ്ഞു.
അസന്തുഷ്ടി പ്രകടിപ്പിക്കാനുള്ള ധീരമായ മാർഗമാണിതെന്ന് 1997 മുതൽ 2006 വരെ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന്റെ മുഖ്യ പ്രസംഗകനായിരുന്ന മുൻ യുഎൻ ഉദ്യോഗസ്ഥനായ എഡ്വേർഡ് മോർട്ടിമർ പറഞ്ഞു. തന്റെ പ്രചാരണത്തിനായി ജോലിയിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ് അറോറ ഇപ്പോൾ. സഹപ്രവർത്തകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് അറോറ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രെസ് റിപ്പോർട്ട് ചെയ്തു. വെല്ലുവിളിയ്ക്കോ മത്സരത്തിനോ താൽപ്പര്യമില്ലെന്നും സത്യസന്ധമായ കാമ്പെയ്‌ൻ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും അറോറ പറഞ്ഞു.
വിജയിച്ചാൽ, ഐക്യരാഷ്ട്രസഭയെ നയിക്കുന്ന ആദ്യ വനിതയായിരിക്കും അറോറ. മാതാപിതാക്കളുമായി ദിവസവും സംസാരിക്കുന്ന, അറോറ വിശ്രമ വേളകളിൽ ഹാരി പോട്ടർ പുസ്തകങ്ങളാണ് വായിക്കുന്നത്. സ്വന്തം അഭയാർഥി കുടുംബ പശ്ചാത്തലമാണ് ഐക്യരാഷ്ട്രസഭയെ നയിക്കാനാുള്ള ആഗ്രഹത്തിന് പിന്നിലെന്ന് അറോറ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Un, United nations