HOME » NEWS » Explained »

Explained| എയ്ഡഡ് സ്കൂൾ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; ഹൈക്കോടതി ഉത്തരവ്

എയ്ഡഡ് അധ്യാപകർക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ രാജിവയ്ക്കേണ്ടിവരും.

News18 Malayalam | news18-malayalam
Updated: February 25, 2021, 7:48 AM IST
Explained| എയ്ഡഡ് സ്കൂൾ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; ഹൈക്കോടതി ഉത്തരവ്
highcourt
  • Share this:
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. അധ്യാപകര്‍ക്ക് മത്സരിക്കാമെന്ന നിലവിലുള്ള ചട്ടം ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയതോടെയാണ് ഇത്. വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് അധ്യാപകര്‍ മത്സരിക്കുന്ന ചട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

1951 ലെ നിയമസഭാ ചട്ടത്തിലാണ് ഹൈക്കോടതി ഇടപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അല്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശം നല്‍കിയിരുന്ന ഉപവകുപ്പ് ഹൈക്കോടതി പൂര്‍ണ്ണമായും റദ്ദാക്കി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മത്സരിക്കാന്‍ സാധിക്കാതെ വരും.

നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ബാധകമാകില്ല

നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് ഈ ഉത്തരവ് ബാധകമാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർക്ക് മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. ഉത്തരവിന് മുൻകാല പ്രാബല്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ച ബുധനാഴ്ച മുതൽ മാത്രമാണ് ഇത് ബാധകമാവുകയെന്നും ഡിവിഷൻബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ചില ഇളവുകളുണ്ടായിരുന്നു. ഈ ഇളവുകൾ പാടില്ലെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിലെ ആവശ്യം. ഇതേ തുടർന്ന് വിശദമായ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

എയ്ഡഡ് അധ്യാപകർക്കുണ്ടായിരുന്ന പരിരക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ രാജിവയ്ക്കേണ്ടിവരും. തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അധികവും സ്ഥാനാർഥികളായി മത്സര രംഗത്ത് എത്താറുള്ളത് എയ്ഡഡ് സ്‌കൂൾ അധ്യാപകരാണ്. പ്രാദേശികമായി ജനങ്ങൾക്കിടയിലുള്ള ബന്ധവും മികച്ച പ്രതിച്ഛായയുമടക്കമുള്ള അനുകൂല ഘടകങ്ങളാണ് ഇവരുടെ സ്ഥാനാർഥിത്വത്തിന് അനുകൂല ഘടകമാകുന്നത്.

പൊതുതാൽപര്യ ഹർജി

സർക്കാർ സ്‌കൂൾ അദ്ധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിലും എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് ഇതു ബാധകമാക്കാത്തത് അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി തോമസ് അടക്കം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. കുട്ടികളെ പഠിപ്പിക്കുകയെന്ന കർത്തവ്യം മാറ്റിവച്ചാണ് എയ്ഡഡ് അധ്യാപകർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നായിരുന്നു ഹർജിക്കാരെന്റെ വാദം.

എന്നാൽ, സർക്കാർ ഹർജിയെ എതിർത്തു. എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനടക്കം രാഷ്ട്രീയ പ്രവർത്തനത്തിന് ചട്ട പ്രകാരം അനുമതിയുണ്ടെന്നായിരുന്നു സർക്കാർ വാദം. സർക്കാറിൽ നിന്ന് പ്രതിഫലം പറ്റുന്നവരെ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അയോഗ്യരാക്കുന്ന നിയമത്തിൽ നിന്ന് എയ്ഡഡ് അധ്യാപകർക്ക് ഇളവുണ്ട്.

Also Read- അത് വാഹനാപകടമല്ല; ഭാര്യാപിതാവിനെ കാറിടിച്ച് കൊന്നത്: നിർണായകമായത് മകന്റെ മൊഴി

1951ലെ കേരള ലെജിസ്ലേറ്റീവ് അസംബ്ലീ റിമൂവൽ ഓഫ് ഡിസ്‌ക്വാളിഫിക്കേഷൻ നിയമത്തിലെ (അയോഗ്യതക്ക് ഇളവ് അനുവദിക്കൽ) 2(iv) വകുപ്പ് പ്രകാരമാണ് ഈ ഇളവ് അനുവദിച്ചിട്ടുള്ളത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റർ 4(എ) തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ എയ്ഡഡ് സ്‌കൂൾ അധ്യാപകർക്ക് അവകാശം നൽകുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സർക്കാർ സ്‌കൂളുകളിലെ നിയമനം സർക്കാറും എയ്ഡഡ് സ്‌കൂളിലേത് മാനേജ്‌മെന്റുകളുമാണ് നടത്തുന്നത്.

എന്നാൽ, സർക്കാറിന്റെ പ്രതിഫലം പറ്റുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാണെങ്കിലും ശമ്പളം നൽകുന്നത് സർക്കാറാണ്. അതിനാൽ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ ഇവർക്ക് അധികാരമില്ല. ഇതിന് വിരുദ്ധമായി കൊണ്ടുവന്ന അയോഗ്യതക്ക് ഇളവ് അനുവദിക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് ഭരണഘടനാനുസൃതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് എയ്ഡഡ് സ്‌കൂൾ അധ്യാപകെര മൽസരിക്കുന്നതിൽ നിന്ന് വിലക്കി കോടതി ഉത്തരവിട്ടത്.

എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകരായ ജനപ്രതിനിധികൾ രാഷ്ട്രീയ പ്രവർത്തനത്തിനായി പോകുന്നതോടെ സ്‌കൂളിന്റെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾ സ്‌കൂൾ ഉപേക്ഷിക്കുകയും എയ്ഡ്ഡ് ഡിവിഷനുകൾ നഷ്ടപ്പെടുന്ന സാഹചര്യവും രൂപപ്പെടുകയും ചെയ്തിരുന്നു. എയ്ഡഡ് മേഖലയിലെ അധ്യാപകർക്ക് പൊതുപ്രവർത്തനത്തിന് എന്ന പേരിൽ കൂടുതൽ അവധികൾ അനുവദിക്കാനുള്ള സർക്കാർ നീക്കം നേരത്തെ വിവാദമായിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്ക് ഒരു വർഷം 200 അക്കാദമിക് ദിവസങ്ങൾ പോലും ലഭിക്കാത്ത സാഹചര്യമുള്ളപ്പോൾ എയ്ഡഡ് അധ്യാപകർക്ക് അവധി നൽകാനുള്ള നീക്കമാണ് വിവാദമായിരുന്നത്.
Published by: Rajesh V
First published: February 25, 2021, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories