HOME » NEWS » Explained » HOW AR RAHMAN S SONG GOT IT MINISTER RAVI SHANKAR PRASAD S TWITTER ACCOUNT LOCKED

Explained| കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് തടയാൻ കാരണം എ ആർ റഹ്മാന്റെ പാട്ട്?

റഹ്മാന്റെ 'മാ തുഛേ സലാം..' എന്ന സോണി മ്യൂസിക്സിന്റെ കോപ്പിറൈറ്റുള്ള ഗാനം ട്വീറ്റിൽ ഉപയോഗിച്ചതിന്റെ പേരിലാണ് നടപടിയെന്ന വിവരമാണ് ലഭിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 9:43 AM IST
Explained| കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് തടയാൻ കാരണം എ ആർ റഹ്മാന്റെ പാട്ട്?
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്
  • Share this:
കേന്ദ്ര ഐടിമന്ത്രി രവി ശങ്കർ പ്രസാദിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് കാരണം എ ആർ റഹ്മാന്റെ പാട്ട് ഉപയോഗിച്ചതുകൊണ്ടെന്ന് വിവരം. റഹ്മാന്റെ 'മാ തുഛേ സലാം..' എന്ന സോണി മ്യൂസിക്സിന്റെ കോപ്പിറൈറ്റുള്ള ഗാനം ട്വീറ്റിൽ ഉപയോഗിച്ചതിന്റെ പേരിലാണ് നടപടിയെന്ന വിവരമാണ് ലഭിക്കുന്നത്. ട്വിറ്റര്‍ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസിലെ പകര്‍പ്പവകാശ നിയമമായ ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്ടിന്റെ (ഡിഎംസിഎ) നോട്ടീസ് പ്രകാരമാണ് കേന്ദ്ര മന്ത്രിയുടെ അക്കൗണ്ട് താല്ക്കാലികമായി മരവിപ്പിച്ചതെന്നും പ്രസ്തുത ട്വീറ്റ് നീക്കം ചെയ്തതെന്നും ട്വിറ്റര്‍ വക്താവ് പറഞ്ഞു. ട്വിറ്ററിന്റെ പകര്‍പ്പവകാശ നയമനുസരിച്ച്, ഉടമയോ അവരുടെ അംഗീകൃത പ്രതിനിധികളോ അയക്കുന്ന സാധുവായ പകര്‍പ്പവകാശ പരാതികളോട് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഎസിലെ പകർപ്പാവകാശ നിയമമായ ഡിജിറ്റൽ മിലേനിയം കോപ്പിറൈറ്റ് ആക്ടിന്റെ (ഡിഎംസിഎ) ലംഘനങ്ങൾ രേഖപ്പെടുത്തുന്ന ലുമെൻ എന്ന വെബ് ആർക്കൈവിലും ഇതു സംബന്ധിച്ച വിവരമുണ്ട്. സോണി മ്യൂസിക്സിന് വേണ്ടി ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ദ് ഫോണോഗ്രഫിക് ഇൻഡസ്ട്രി (ഐഎഫ്പിഐ) മേയ് 24ന് നൽകിയ പരാതിയിൽ 2017 ഡിസംബർ 16ന് രവിശങ്കർ പ്രസാദ് കുറിച്ച ഒരു ട്വീറ്റ് തടഞ്ഞുവച്ചിരിക്കുകയാണ്. ഈ പരാതിയിൽ നടപടിയെടുത്തത് ഇന്നലെയാണെന്നും ലുമെൻ വ്യക്തമാക്കുന്നു. ശശി തരൂർ എംപിയുടെ ട്വീറ്റിൽ 'റാ...റാ... റാസ്പുടിൻ ലവർ ഓഫ് ദ റഷ്യൻ ക്വീൻ' എന്ന ബോണി എം ഹിറ്റ് ഗാനം ഉപയോഗിച്ചതിനും സമാനമായ പരാതി നൽകിയത് ഐഎഫ്പിഐ ആണ്. ഡിഎംസിഎ ലംഘനത്തിന്റെ പേരിൽ പരാതികൾ വന്നാൽ നടപടിയെടുക്കുന്നത് സമൂഹമാധ്യമങ്ങളിൽ സാധാരണയാണ്.

റഹ്‌മാന്റെ ഗാനം ഉപയോഗിച്ചതിനേത്തുടര്‍ന്ന് സോണി മ്യൂസിക് എന്റർടെയിന്‍മെന്റിന്റെ അവകാശവാദം മൂലമാണ് രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് നടപടി നേരിട്ടതെന്ന് കമ്പനിയുടെ ട്രാന്‍പെരന്‍സി ഡേറ്റാബേസിലെ വിവരങ്ങളും പറയുന്നു. ഡിഎംസിഎ പ്രകാരം ആരെങ്കിലും പകര്‍പ്പവകാശലംഘനം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പ്രസ്തുത ഉള്ളടക്കം ട്വിറ്റര്‍ നീക്കം ചെയ്യാറുണ്ട്.

അക്കൗണ്ട് മരവിപ്പിച്ചത് ഒരു മണിക്കൂർ നേരം

അക്കൗണ്ട് അല്പനേരത്തേക്ക് ട്വിറ്റര്‍ ബ്ലോക്കുചെയ്ത കാര്യം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിരുന്നു. പുതിയ ഐടി ചട്ടം പാലിക്കാത്തതുമായി ബന്ധപ്പെട്ട് ട്വിറ്ററും കേന്ദ്രവും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മന്ത്രിയുടെതന്നെ അക്കൗണ്ട് ഒരുമണിക്കൂര്‍ നേരത്തേക്ക് ബ്ലോക്ക് ചെയ്യപ്പെട്ടത്. ഒരു മണിക്കൂറിനുശേഷം അക്കൗണ്ടിലേക്ക് ട്വിറ്റര്‍ വീണ്ടും പ്രവേശനം അനുവദിച്ചപ്പോഴാണ് മന്ത്രിതന്നെ സംഭവം ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ ട്വിറ്ററിനോട് വിശദീകരണം തേടുമെന്ന് ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ട്വീറ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ശശി തരൂര്‍ തന്റെ അനുഭവം വ്യക്തമാക്കിയത്. ബോണി എമ്മിന്റെ റാസ്പുടിന്‍ ഗാനത്തിന്റെ പകര്‍പ്പവകാശം ലംഘിച്ചുവെന്നുകാട്ടിയാണ് തന്റെ ട്വീറ്റ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തതെന്ന് തരൂര്‍ പറഞ്ഞിരുന്നു.

ഡിഎംസിഎ നോട്ടിസ്

10 വർഷം മുൻപ് പോസ്റ്റ് ചെയ്ത ഉള്ളടക്കത്തിന്റെ പേരിൽ വരെ ഡിഎംസിഎ നോട്ടിസ് അയയ്ക്കുന്ന രീതിയുണ്ട്. ഒരു വിഡിയോയിലെ പശ്ചാത്തല സംഗീതത്തിന്റെ പേരിൽ പോലും നോട്ടിസ് ലഭിക്കാം. ഒരു തവണ പകർപ്പാവകാശ ലംഘനത്തിന്റെ പേരിൽ നീക്കം ചെയ്യപ്പെട്ട ഉള്ളടക്കം വീണ്ടും അപ്‍ലോഡ് ചെയ്യപ്പെട്ടാൽ തനിയെ നീക്കം ചെയ്യുന്ന ഓട്ടമേറ്റഡ് ടേക്ക് ഡൗൺ രീതിയുമുണ്ട്.

ട്വിറ്റർ നയം അനുസരിച്ച് ഒരാൾ ഡിഎംസിഎ പരാതി നൽകിയാൽ ആ പരാതിയുടെ പൂർണരൂപം എതിർകക്ഷിക്ക് അയച്ചുകൊടുക്കും. ഓട്ടമേറ്റഡ് ടേക്ക്ഡൗൺ അല്ലെങ്കിൽ പരാതിക്കാരൻ ആരെന്ന് ആരോപിതന് അറിയാൻ കഴിയും. പരാതി ഉയരാത്ത കണ്ടന്റിന് ട്വിറ്റർ സ്വയമായി നോട്ടിസ് നൽകാറില്ല. വ്യക്തിഗതമായ പരാതികൾക്ക് പുറമേ വലിയ മ്യൂസിക് സ്ഥാപനങ്ങളും മറ്റും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ അവരുടെ ഉള്ളടക്കത്തിന്റെ പകർപ്പാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന രീതിയുമുണ്ട്.

ട്വിറ്ററിന്റെ നടപടിക്രമം

ഡിഎംസിഎ പരാതി ബോധ്യപ്പെട്ടാൽ നിശ്ചിത ഉള്ളടക്കം വ്യക്തിയെ മുൻകൂറായി അറിയിക്കാതെ ട്വിറ്ററിനു നീക്കം ചെയ്യാനും താൽക്കാലികമായി അക്കൗണ്ട് മരവിപ്പിക്കാനും കഴിയും. ഒട്ടേറെ തവണ ഡിഎംസിഎ നോട്ടിസ് ലഭിക്കുന്ന അക്കൗണ്ട് നീക്കം ചെയ്യാനും വ്യവസ്ഥയുണ്ട്. പരാതി നീതിയുക്തവും സദുദ്ദേശത്തോടെയുമുള്ളതല്ലെങ്കിൽ അതുകൊണ്ടുണ്ടാകുന്ന നഷ്ടം പരാതിക്കാരൻ നികത്തണം. തെറ്റായ ഡിഎംസിഎ നോട്ടീസിന്റെ ഭാഗമായിട്ടാണ് നിങ്ങളുടെ ഉള്ളടക്കം നീക്കിയതെന്ന് തോന്നിയാൽ ട്വിറ്ററിന് തിരിച്ച് നോട്ടീസ് നൽകാനും കഴിയും.

1.7ലക്ഷം നോട്ടീസുകൾ

2020 ജനുവരി മുതൽ ജൂൺ വരെ മാത്രം ട്വിറ്ററിൽ 1.7 ലക്ഷം ഡിഎംസിഎ നോട്ടിസുകളാണ് അയച്ചത്. 2015ൽ ഇതേ കാലയളവിൽ ഇത് വെറും 18,490 എണ്ണായിരുന്നു. 2020 തുടക്കത്തിൽ 16 ലക്ഷത്തോളം മീഡിയ കണ്ടന്റാണ് ഡിഎംസിഎ പ്രകാരം നടപടിക്ക് വിധേയമായത്. ഇതിലെല്ലാമായി ഉൾപ്പെട്ടത് 12 ലക്ഷത്തോളം ട്വിറ്റർ അക്കൗണ്ടുകളും. ഡിഎംസിഎ ടേക്ക് ഡൗൺ നോട്ടിസുകളിൽ 15 ശതമാനത്തിന്റെ വർധനയുണ്ടായപ്പോൾ, നടപടിക്ക് വിധേയമാകുന്ന ട്വീറ്റുകളുടെ എണ്ണത്തിൽ 737 ശതമാനത്തിന്റെ വർധനയാണുണ്ടായത്.
Published by: Rajesh V
First published: June 26, 2021, 9:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories