കാനഡയിൽ (Canada) അതിർത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് 19 (COVID-19) വാക്‌സിൻ നിർബന്ധമാക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രക്ക് ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധ പ്രകടനം ജനുവരി അവസാനം മുതൽ തലസ്ഥാനമായ ഒട്ടാവയെ (Ottawa) സ്തംഭിപ്പിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങൾ ഇപ്പോൾ കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്.
കാനഡയിലെ പ്രതിഷേധത്തെ തുടർന്ന് വാക്സിൻ നിയമങ്ങൾക്കെതിരെ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. യുഎസിലെ ട്രക്ക് ഡ്രൈവർമാരും സമാനമായ പ്രതിഷേധ പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ.
പ്രതിഷേധങ്ങൾ ആരംഭിച്ചത് എങ്ങനെ?
അതിർത്തി കടന്ന് യാത്ര ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്കായി കാനഡയും യുണൈറ്റഡ് സ്റ്റേറ്റ്സും ജനുവരിയിൽ ഏർപ്പെടുത്തിയ കോവിഡ് 19 (COVID-19) വാക്സിൻ നിർദ്ദേശങ്ങളാണ് ട്രക്ക് ഡ്രൈവർമാരെ ചൊടിപ്പിച്ചത്. ജനുവരി ആദ്യം പ്രാബല്യത്തിൽവന്ന നിയമത്തിൽ പ്രതിഷേധിച്ച് ഡ്രൈവർമാർ ലോറികളുമായി തലസ്ഥാനമായ ഒട്ടാവയിലേക്ക് ഒരു മാർച്ച് നടത്തി. പൊതു റോഡുകളിലെ പ്രതിഷേധങ്ങളെ എതിർക്കുന്നതായും എന്നാൽ മിക്ക കനേഡിയൻ ട്രക്ക് ഡ്രൈവർമാരും വാക്സിനെടുത്തിട്ടുണ്ടെന്നും കനേഡിയൻ ട്രക്കിംഗ് അലയൻസ് എന്ന വ്യവസായ ഗ്രൂപ്പ് വ്യക്തമാക്കി. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾക്കെതിരെയുള്ള സർക്കാരിന്റെ നിയന്ത്രണങ്ങളെ എതിർക്കുന്നതിനാണ് ഇപ്പോൾ പ്രതിഷേധം വ്യാപകമായിരിക്കുന്നത്.
പ്രതിഷേധങ്ങളുടെ സ്വാധീനം
അതിർത്തി ഉപരോധം കാരണം കാനഡ-യുഎസ് വ്യാപാരത്തിൽ ഇരുരാജ്യങ്ങൾക്കും കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതിഷേധ പ്രകടനക്കാരുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിക്കുകയും ഒട്ടാവയ്ക്ക് പുറത്തുള്ള രഹസ്യ കേന്ദ്രത്തിലേയ്ക്ക് താമസം മാറുകയും ചെയ്തു. പിന്നീട് അദ്ദേഹം ഒട്ടാവയിലേക്ക് തന്നെ മടങ്ങി. പൊതുജനാരോഗ്യ നടപടികൾ പാലിക്കുന്നതാണ് പകർച്ചവ്യാധിക്കെതിരെ പോരാടാനുള്ള ഏറ്റവും നല്ല മാർഗമെന്നും വ്യക്തമാക്കി.
ആൽബർട്ട, സസ്‌കാച്ചെവൻ, ക്യൂബെക്ക് എന്നിവയുൾപ്പെടെ ചില കനേഡിയൻ പ്രവിശ്യകളിൽ പ്രതിഷേധത്തിന്റെ തുടക്കം മുതൽ കോവിഡ് 19 നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിഷേധവുമായി ഇതിന് ബന്ധമില്ലെന്നാണ് സർക്കാരിന്റെ വാദം.
അധികൃതരുടെ ശ്രമം
ഒട്ടാവയിലെ പ്രതിഷേധം നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തി വരുന്നത്. ക്രിമിനൽ കുറ്റം ചുമത്തൽ, ട്രാഫിക് നിയന്ത്രണങ്ങൾ, ഇന്ധന ലഭ്യത നഷ്ടപ്പെടുത്തൽ തുടങ്ങിയ നടപടികൾ ഉപരോധങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഒട്ടാവ ഡൗൺ ടൗണിൽ ആളുകൾ ഹോൺ മുഴക്കുന്നത് തടയാൻ ഈ ആഴ്ച കോടതി ഇടക്കാല വിലക്ക് ഏർപ്പെടുത്തിയിരുന്നു. കൂട്ട അറസ്റ്റുകളും ഉപരോധങ്ങൾ നീക്കാനുള്ള ആക്രമണാത്മക ശ്രമങ്ങളും പോലീസ് ഒഴിവാക്കിയിട്ടുണ്ട്.
പ്രതിഷേധത്തെക്കുറിച്ച് കനേഡിയൻസിന്റെ അഭിപ്രായം
സർവേയിൽ പങ്കെടുത്ത 62% കാനഡക്കാരും "ഫ്രീഡം കോൺവോയ്" യെ എതിർക്കുന്നതായി അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിൽ കണ്ടെത്തി. ഗവൺമെന്റിന്റെ ആരോഗ്യ നടപടികൾ പിന്തുടരുന്നവരാണ് അധികമാളുകളും. ജനസംഖ്യയിലെ യോഗ്യരായ 79% ആളുകളും വാക്‌സിൻ രണ്ട് ഡോസ് വീതം എടുത്തിട്ടുണ്ട്.
എന്നാൽ ചിലർ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്നുണ്ട്. ഗവൺമെന്റിന്റെ അതിരു കടന്ന നിയന്ത്രണത്തിൽ തങ്ങൾ മടുത്തുവെന്ന് ചിലർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Canada, Covid vaccine