• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ?

Explained: കോവിഡ് മഹാമാരി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തൊക്കെ?

അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) നൽകുന്ന കണക്കുകൾ പ്രകാരം 2020-ൽ ആഗോള സമ്പദ് വ്യവസ്ഥ 3 ശതമാനത്തിലധികമായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1930-ൽ ലോകത്തെ ബാധിച്ച മഹാമാന്ദ്യത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാകും ഇത്.

News18

News18

 • Last Updated :
 • Share this:
  കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടഞ്ഞു നിർത്താൻ നിരവധി രാജ്യങ്ങൾക്ക് നിർബന്ധിത ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വന്നു. ലക്ഷക്കണക്കിന് ജനങ്ങളെ വീട്ടിനുള്ളിൽ കഴിയാൻ നിർബന്ധിതരാക്കിയും വാണിജ്യപരവും വ്യവസായികവുമായ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഏറെക്കുറെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവെച്ചുമാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. അന്താരാഷ്ട്ര നാണയനിധി (ഐ എം എഫ്) നൽകുന്ന കണക്കുകൾ പ്രകാരം 2020-ൽ ആഗോള സമ്പദ് വ്യവസ്ഥ 3 ശതമാനത്തിലധികമായി ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 1930-ൽ ലോകത്തെ ബാധിച്ച മഹാമാന്ദ്യത്തിന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തികമാന്ദ്യമാകും ഇത്.

  ചില രാജ്യങ്ങൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തു കളയുകയും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രവർത്തനം പുനരുജ്ജീവിപ്പിക്കാൻ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ലോക സമ്പദ്‌വ്യവസ്ഥയെ ഈ മഹാമാരി ഏതൊക്കെ തരത്തിലാണ് ബാധിച്ചതെന്ന് നമുക്ക് നോക്കാം.

  മഹാമാരി സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം ബാധിച്ചു?
  കോവിഡ് മഹാമാരി ആഗോള സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. അതിന്റെ ഫലമായി സമ്പദ്‌വ്യവസ്ഥ ചുരുങ്ങുകയും സാമ്പത്തിക വളർച്ച നിലയ്ക്കുകയും ചെയ്തു. യു എസിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് തൊഴിലില്ലായ്മാ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ മാത്രം 20.5 ദശലക്ഷം പേരാണ് ഇത്തരത്തിൽ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ തേടിയത്. അമേരിക്കയിലെ തൊഴിൽ വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുന്നതിനനുസരിച്ച് ഈ എണ്ണത്തിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കപ്പെടുന്നു. റോയ്‌റ്റേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ മാർച്ച് 21 മുതൽ 36 ദശലക്ഷത്തിലധികം ആളുകൾ തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചു. ഇത് തൊഴിലെടുത്തു ജീവിക്കുന്ന ജനസംഖ്യയുടെ നാലിലൊന്ന് വരും.

  Also Read കൊറോണ കാലത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ തുടർച്ചയായി ഒരു വർഷം തടാകത്തിൽ ചാടി ബസ് ഡ്രൈവർ

  കൊറോണ വൈറസും ആഗോള സാമ്പത്തിക വളർച്ചയും
  2009-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാൾ മോശം അവസ്ഥയാണ് 2020-ൽ ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ച -3 ശതമാനമായി ചുരുങ്ങിയാൽ ഉണ്ടാവുകയെന്നാണ് ഐ എം എഫ് കണക്കാക്കുന്നത്. യു എസ്, ജപ്പാൻ, യു കെ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകൾ യഥാക്രമം 5.9%, 5.2%, 6.5%, 7%, 7.2%, 9.1%, 8% എന്നീ നിരക്കിൽ ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസിത രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയും തകർച്ച നേരിട്ടിട്ടുണ്ട്. ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയിൽ ആകെ 6 ശതമാനത്തിന്റെ കുറവ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. വികസ്വര രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകളുടെ വളർച്ച 1 ശതമാനം കുറയുമെന്നും കണക്കാക്കപ്പെടുന്നു. ഈ വിഭാഗത്തിൽപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് ചൈനയെ മാറ്റിനിർത്തിയാൽ വളർച്ചയിൽ ഉണ്ടാകുന്ന കുറവ് 2.2 ശതമാനം ആയിരിക്കും.

  Also Read ക്യാമറയും ട്രൈപോഡും സെറ്റ് ചെയ്ത് ടിക് ടോക്ക് വീഡിയോ എടുക്കുന്ന നായ്ക്കുട്ടി; വൈറലായി വീഡിയോ

  ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 2020-ന്റെ ആദ്യപാദത്തിൽ 36.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ദക്ഷിണ കൊറിയയിൽ ഇത് 5.5 ശതമാനം മാത്രമായിരുന്നു. ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിന് പകരം പരിശോധനകളുടെ എണ്ണം കൂട്ടിയും ക്വാറന്റൈൻ ശക്തമാക്കിയുമുള്ള നിയന്ത്രണങ്ങളാണ് ദക്ഷിണ കൊറിയ സ്വീകരിച്ചത് എന്നതാണ് ഇതിനു കാരണം. യൂറോപ്പിൽ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ യഥാക്രമം 21.3, 19.2, 17.5 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

  സാമ്പത്തിക പ്രതിസന്ധിയെ വിവിധ രാജ്യങ്ങൾ നേരിട്ടത് എങ്ങനെ?
  ലോക സാമ്പത്തിക ഫോറത്തിന്റെ (ഡബ്ള്യൂ ഇ എഫ്) കണക്കുകൂട്ടൽ പ്രകാരം തൊഴിൽ സ്ഥിരതയും സാമ്പത്തിക സ്ഥിരതയും നിലനിർത്തണമെങ്കിൽ ചെറുകിട, ഇടത്തരം കച്ചവടങ്ങൾക്കും ബൃഹത്തായ വാണിജ്യ സംരംഭങ്ങൾക്കും പിന്തുണ നൽകണം. ഇടത്തരം, ചെറുകിട, മൈക്രോ വ്യവസായ സംരംഭങ്ങൾക്ക് ആശ്വാസം നൽകാനായി ഇന്ത്യയിൽ ധനകാര്യ മന്ത്രി നിർമല സീതാരാമൻ ആത്മനിർഭർ ഭാരത് അഭിയാൻ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ലോകത്തെ മിക്കവാറും വികസിത രാജ്യങ്ങളെല്ലാം ഇത്തരത്തിലുള്ള സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാമ്പത്തിക ഉത്തേജന പാക്കേജിനായി നീക്കിവെച്ചത് ജി ഡി പിയുടെ 10 ശതമാനമാണെങ്കിൽ ജപ്പാനിൽ ഇത് 21.1 ശതമാനമാണ്. യു എസ് മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 13 ശതമാനവും സ്വീഡൻ 12 ശതമാനവും ജർമനി 10.7 ശതമാനവും ഫ്രാൻസ് 9.3 ശതമാനവും സ്‌പെയിൻ 7.3 ശതമാനവും ഇറ്റലി 5.7 ശതമാനവുമാണ് സാമ്പത്തിക ഉത്തേജന പാക്കേജുകൾക്കായി നീക്കിവെച്ചത്.

  "ഈ പ്രതിസന്ധി നീണ്ടുനിൽക്കാൻ പോകുന്ന കാലയളവ് കണക്കിലെടുത്ത് പരിശോധിക്കുമ്പോൾ ഈ പാക്കേജുകൾ അപര്യാപ്തമാണെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഈ പാക്കേജിന്റെ വിതരണം മന്ദഗതിയിലായിരിക്കുമോ, ലക്‌ഷ്യം വെയ്ക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കുമെല്ലാം സഹായം എത്തിപ്പെടുമോ, ഇത്തരം പദ്ധതികൾ കടമെടുപ്പിനെ അമിതമായി ആശ്രയിക്കുന്നവയാണോ എന്ന് തുടങ്ങിയ ആശങ്കകളും ഉയരുന്നുണ്ട്", ലോക സാമ്പത്തിക ഫോറം നിരീക്ഷിക്കുന്നു.

  ഏഷ്യയിൽ ആകെ കോവിഡ് കേസുകളുടെ 85 ശതമാനവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പൂർ ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലായാണ്. വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ പൂർണമായി നിർത്തലാക്കാത്തതിനാൽ ദക്ഷിണ കൊറിയയുടെ സമ്പദ്‌വ്യവസ്ഥയിൽ കോവിഡ് സൃഷ്‌ടിച്ച ആഘാതം താരതമ്യേന കുറവാണ്. പതിയെ സാമ്പത്തിക പ്രവർത്തനങ്ങൾ പുനഃരാരംഭിച്ചു തുടങ്ങിയാലും സാധാരണ നിലയിലേക്ക് സമ്പദ്‌വ്യവസ്ഥ തിരിച്ചെത്താൻ സമയമെടുക്കും. സാമൂഹ്യ അകലം പോലുള്ള നിയന്ത്രണങ്ങൾ ഉപഭോക്താക്കളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും മഹാമാരിയുടെ ഭാവിയും പോലുള്ള നിരവധി ഘടകങ്ങൾ അതിനെ സ്വാധീനിക്കും. തങ്ങളുടെ ഔട്ട്പുട്ടിന്റെ ആവശ്യകതയെക്കുറിച്ചുള്ള വ്യക്തതക്കുറവ് മൂലം കമ്പനികൾ സാവധാനം മാത്രമേ കൂടുതൽ ആളുകളെ നിയമിക്കുകയും വേതനസംവിധാനം വിപുലപ്പെടുത്തുകയും ചെയ്യുകയുള്ളൂ എന്ന് ഐ എം എഫ് പുറത്തുവിട്ട വേൾഡ് എക്കണോമിക് ഔട്ട്പുട്ട് റിപ്പോർട്ടിൽ പരാമർശിക്കുന്നു. എന്തായാലും ലോക സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കണമെങ്കിൽ ഫലപ്രദമായ രീതിയിൽ വിശാലമായ ധനപരവും സാമ്പത്തികവുമായ ഉത്തേജന പദ്ധതികൾ നടപ്പാക്കുകയും വ്യക്തമായ ആശയവിനിമയത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ അവയുടെ ഏകോപനം സാധ്യമാക്കുകയും വേണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
  Published by:Aneesh Anirudhan
  First published: