• HOME
 • »
 • NEWS
 • »
 • explained
 • »
 • കേരളത്തിലെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് അധികാരവികേന്ദ്രീകരണം സഹായിച്ചത് എങ്ങനെ ?

കേരളത്തിലെ ആരോഗ്യമേഖലയിലെ മുന്നേറ്റത്തിന് അധികാരവികേന്ദ്രീകരണം സഹായിച്ചത് എങ്ങനെ ?

കേരളത്തിൽ തൊണ്ണൂറുകളുടെ ആദ്യം തൊട്ട് ആരംഭിച്ച ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഒരു വഴിത്തിരിവായി മാറിയത് 96ലെ ജനകീയാസൂത്രണം ആണെന്നതിൽ സംശയമില്ല. പക്ഷേ ഇനിയും നിരവധി ചുമതലകൾ നിർവഹിക്കാൻ ഉണ്ട്.

News18 Malayalam

News18 Malayalam

 • Share this:
  ഡോ. ബി. ഇക്ബാൽ

  "കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായത് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളര്‍ത്തിയെടുത്ത ജനകീയ പിന്‍ബലവും, അവരില്‍ ജനങ്ങള്‍ക്കുള്ള ഉയര്‍ന്ന വിശ്വാസവും മൂലമാണ്," ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെ.

  1996 ലെ ഇടത് ജനാധിപത്യ മുന്നണി ഭരണകാലത്താരംഭിച്ച ജനകീയാസൂത്രണ പരിപാടിയുടെ രജതജൂബിലി ആഘോഷിക്കപ്പെടുന്നതിന്റെ ഭാഗമായി വിവിധമേഖലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ചുവരുന്ന പങ്ക് ഇത്തരത്തിൽ വിലയിരുത്തപ്പെട്ടുവരികയാണ്. മറ്റ് നിരവധി മേഖലകളോടൊപ്പം ആരോഗ്യമേഖലക്കും പഞ്ചായത്ത് രാജ് സംവിധാനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ച് കൊണ്ടിരിക്കുന്ന മികവിന് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനത്തോടൊപ്പം ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുമാണെന്നത് ഈ വസ്തുത സ്ഥിരീകരിക്കുന്നുണ്ട്. .

  കേരളമാതൃകയുടെ ആരോഗ്യം പോയ കാലം

  കേരളത്തിലെ വിജയകരമായ ആരോഗ്യമാതൃകയെ കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യപ്പെട്ടുവരുന്നുണ്ട്. . ദേശീയ സാർവദേശീയ രംഗത്തുള്ള വിദഗധരുടെ അഭിപ്രായത്തില്‍ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രത്യേകത സാഹ്യനീതിയിയിലും തുല്യതയിലും അധിഷ്ടിതമായ മികച്ച ആരോഗ്യ നിലവാരമാണ്. പക്ഷെ 1980 കളുടെ അവസാനത്തിൽ കേരളം ആരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധികളെ നേരിട്ട തുടങ്ങിയിരുന്നു.. കേരളത്തിലെ ആയുർദൈർഘ്യം വർധിച്ചതു കൊണ്ട് തന്നെ ജീവിതശൈലി രോഗങ്ങൾ (പകർച്ചേതര രോഗങ്ങൾ) ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചു. പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രതീക്ഷയിലേറെ വർധിച്ചു. അതോടൊപ്പം നിയന്ത്രിച്ച് കഴിഞ്ഞു എന്ന് കരുതിയിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവരികയും പുതിയവ പ്രത്യക്ഷപ്പെടുകയും ചെയ്തു. ജപ്പാന്‍ ജ്വരം, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, തുടങ്ങിയ രോഗങ്ങൾ അന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പൂർണമായും നിർമാർജനം ചെയ്തു എന്ന് പ്രഖ്യാപിച്ച മലേറിയ തിരിച്ചുവന്നു. വര്‍ദ്ധിച്ച രോഗാതുരതയുള്ള രണ്ടു തരത്തിലുള്ള രോഗഭാരം നേരിടുന്ന പകർച്ചേതര രോഗങ്ങളും പകർച്ചവ്യാധികളും നിലനിൽക്കുന്ന സംസ്ഥാനമായി കേരളം മാറി. പക്ഷേ വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയർന്നു ആരോഗ്യ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത സ്ഥിതിയുണ്ടായി. സ്വാഭാവികമായും സാമൂഹ്യനീതിയിലും തുല്യതയും അധിഷ്ഠിതമായ കേരള ആരോഗ്യ മാതൃക വലിയൊരു പ്രതിസന്ധി നേരിടാൻ തുടങ്ങി. ഈ സന്നിഗദഘട്ടത്തിലാണ് 1996 ലെ ജനകീയാസൂത്രണം ആരോഗ്യമേഖലയിൽ വമ്പിച്ച പരിവർത്തനം സൃഷ്ടിക്കാൻ തുടക്കം കുറിച്ചത്.

  ആരോഗ്യമേഖലയിലെ അധികാരവികേന്ദ്രീകരണം

  ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭരണപരമായ അധികാര വികേന്ദ്രീകരണത്തോടൊപ്പം ധനപരമായ വികേന്ദ്രീകരണവും നടത്തി. സംസ്ഥാന ബഡ്ജറ്റിന്റെ 26 ശതമാനം ഇപ്പോൾ പഞ്ചായത്തുകൾക്കാണ് നൽകുന്നത് അതിനോടൊപ്പം പദ്ധതി വിഹിതം പ്രാദേശിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവിടാനുള്ള ആസൂത്രണം നടത്താനുള്ള അവകാശവും പഞ്ചായത്തുകൾക്ക് നൽകി. ഭരണപരമായ അധികാരവികേന്ദ്രീകരണത്തോടൊപ്പം ധനപരവും ആസൂത്രണപർവുമായ അധിക്കാരങ്ങൾ കൂടി വികേന്ദ്രീകരിച്ചു എന്നതാണ് കേരളത്തിലെ പഞ്ചാ‍യത്ത് രാജ് സംവിധാനത്തിന്റെ പ്രത്യേകത.

  വികസ്വരരാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കില്‍ ഒരു മുന്നുപാധി സാമൂഹിക പങ്കാളിത്തം (Community Participation) ഉറപ്പാക്കുക എന്നതാണെന്ന് 1991 ൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച രേഖയിൽ .പറയുന്നുണ്ട്. സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തണമെങ്കില്‍ ആരോഗ്യമേഖലയിൽ ധനപരവും ഭരണപരവും ആസൂത്രണപരവുമായ വികേന്ദ്രീകരണം ഉറപ്പാക്കണമെന്നും രേഖയിൽ പറഞ്ഞിട്ടുണ്ട്. കേരളം നടപ്പിലാക്കിയതും ഇതേ നിർദ്ദേശങ്ങളാണ്.

  ആരോഗ്യമേഖലയിൽ ഏറ്റവും അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശം കേരളമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലേക്ക് കൈമാറി. പഞ്ചായത്തുകളിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിലേക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, മുൻസിപ്പാലിറ്റി കളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും താലൂക്ക് ആശുപത്രികൾ., ജില്ലാ പഞ്ചായത്തിന് കീഴിൽ ജില്ലാ ആശുപത്രികൾ എന്നിങ്ങനെ വികേന്ദ്രീകരിച്ചിരിക്കുന്നു.

  ചുമതല മാറ്റത്തിന്റെ ഗുണം കിട്ടിയത് എങ്ങിനെ ?

  തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ചുമതല താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നൽകിയതോടെ ഉയർന്ന തലത്തിലുള്ള മെഡിക്കൽ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യസ്ഥാപനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുക ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ആരോഗ്യ ജീവനക്കാരെ അവശ്യാനുസരണം താൽക്കാലികമായി നിയമിക്കുക തുടങ്ങി താഴെ തട്ടിൽ നടത്തേണ്ട ഒട്ടനവധി പൊതുജനാരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് പഞ്ചായത്തുകളാണ്. ഒരേസമയം ആരോഗ്യവകുപ്പിന്റെ കീഴിൽ മുകൾതട്ടിലുള്ള ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പഞ്ചായത്തുകളുടെ മേൽ നോട്ടത്തിൽ താഴെതട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളും മെച്ചപ്പെടാൻ തുടങ്ങി. 2016 ൽ ആരംഭിച്ച ആർദ്രം മിഷൻ സർക്കാർ ആശുപത്രികൾ അടിസ്ഥാന സൌകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉറപ്പാക്കി മെച്ചപ്പെടുത്തി വിസ്മയകരം എന്ന് വിശേഷിപ്പിക്കാവുന്ന പരിവർത്തനങ്ങൾക്ക് വിധേയമാക്കാൻ കഴിഞ്ഞത് പഞ്ചായത്തുകളുടെ പങ്കാളിത്തം കൊണ്ട് കൂടിയാണ്. 1996 ൽ കേവലം 28% ജനങ്ങളാണ് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് പോയിരുന്നത് ഇപ്പോൾ 48 ശതമാനമായി വർധിച്ചിട്ടുള്ളതിൽ പഞ്ചായത്തുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ശിശുമരണനിരക്ക്, മാതൃമരണ നിരക്ക്, ആയുർദൈർഘ്യം, സ്തീ പുരുഷ അനുപാതം എന്നീ അംഗീകൃത ആരോഗ്യസൂചികളിലെല്ലാം കേരളം ഏതാണ്ട് വികസിത രാജ്യങ്ങൾക്ക് തുല്യമായ നേട്ടങ്ങൾ കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്.

  വെള്ളപ്പൊക്ക കാലത്തെ പകർച്ചവ്യാധി നിയന്ത്രണം

  2018 ലെ വെള്ളപ്പൊക്ക കാലത്ത് പകർച്ചവ്യാധി നിയന്ത്രണത്തിൽ പഞ്ചായത്തുകൾ സ്തുത്യർഹമായ പങ്ക് വഹിച്ചു. സാധാരണ വെള്ളപ്പൊക്കമുള്ള സമയത്തെക്കാൾ കൂടുതൽ പേർ മരണമടയുന്നത് വെള്ളപ്പൊക്കത്തിന് ശേഷം പടർന്ന് പിടിക്കാറുള്ള പകർച്ചവ്യാധികൾ മൂലമാണ്. കോളറ, വയറിളക്ക രോഗങ്ങൾ, ടൈഫോയ്ഡ്, ഡങ്കി, ചിക്കുൻ ഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗഗങ്ങൾ, എലിപ്പനി (ലെപ്റ്റോ സ്പൈറോസിസ്), എന്നീ രോഗങ്ങളാണ് പൊതുവേ പേമാരികൾക്ക് ശേഷം പടർന്ന് പിടിക്കാറുള്ളത്. വെള്ളപ്പൊക്ക കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ശുദ്ധജലമെത്തിച്ച് കൊടുക്കുന്നതിലും വൃത്തിയുള്ള ശൌച്യാലങ്ങൾ അവശ്യാനുസരണം ഒരുക്കുന്നതിലും പഞ്ചായത്തുകൾ വലിയ പങ്കാണ് വഹിച്ചത്. കിണറുകളും കുടിവെള്ളവും ക്ലോറിനേറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയും എലിപ്പനി തടയാനുള്ള ഡോക്സിസൈക്ക്ലിൻ പ്രതിരോധത്തെ പറ്റിയും മറ്റും പഞ്ചായത്തുകൾ നടത്തിയ വ്യാപകമായ ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ പകർച്ചവ്യാധികൾ തടയുന്നതിന് സഹായകരമായി.

  കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടന്നു വരുന്ന സമ്പർക്കാന്വേഷണം (കോണ്ടാക്ട് ട്രെയിസിംഗ്), സമ്പർക്ക വിലക്ക്, (ക്വാറന്റൈൻ) സംരക്ഷണ സമ്പർക്ക വിലക്ക് (റിവേഴ്സ് ക്വാറന്റൈൻ), കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ സംഘാടനം എന്നിവയെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്. മാത്രമല്ല കോവിഡ് ലോക്ക്ഡൌൺ കാലത്ത് കുടുംബശ്രീയുമായി സഹകരിച്ച് സാമൂഹ്യ അടുക്കളകൾ സ്ഥാപിച്ച് സാമ്പത്തിക സാമൂഹ്യ പിന്നാക്കവസ്ഥയിലുള്ളവരുടെ പട്ടിണി മാറ്റിയതും അതിഥി സംസ്ഥാന തൊഴിലാളികൾക്ക് താമസ സൌകര്യവും ഭക്ഷണവും നൽകി സംരക്ഷിച്ചതും പഞ്ചായത്തുകളാണ്.

  മുന്നിലുള്ള വെല്ലുവിളികൾ

  കേരളത്തിൽ തൊണ്ണൂറുകളുടെ ആദ്യം തൊട്ട് ആരംഭിച്ച ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഒരു വഴിത്തിരിവായി മാറിയത് 96ലെ ജനകീയാസൂത്രണം ആണെന്നതിൽ സംശയമില്ല. പക്ഷേ ഇനിയും നിരവധി ചുമതലകൾ നിർവഹിക്കാൻ ഉണ്ട്. ഇപ്പോഴും വർധിച്ച് തന്നെ നിൽക്കുന്ന സാഹചര്യത്തിൽ . കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു ചുമതലയാണ് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിര്‍വഹിക്കാനുള്ളത്. അതോടൊപ്പം കോവിഡാനന്തര രോഗങ്ങളുടെ വലിയൊരു വെല്ലുവിളിയും ഏറ്റെടുക്കാനുണ്ട്. അതുപോലെതന്നെ കൊതുകു നശീകരണം, ശുചിത്വസംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഈഡിസ് കൊതുകുകളുടെ സാന്ദ്രത നിയന്ത്രിക്കാൻ കഴിയാതിരുന്നത് കൊണ്ടാണ് സിക വൈറസ് രോഗം കേരളത്തിൽ അടുത്തകാലത്തെത്തിയത്. ഈഡിസ് കൊതുകുകൾ പരത്തുന്ന കൂടുതൽ മാരകമായ മഞ്ഞപ്പനി (Yellow Fever) കേരളത്തിലെത്താനുള്ള സാധ്യത ഗൌരവമായി കണക്കിലെടുക്കേണ്ടതാണ്.

  ലോകാരോഗ്യ സംഘടന 1978 ൽ സംഘടിപ്പിച്ച അൽമ അട്ടാ കോൺഫറൻസിൽ (International Conference on Primary Health Care), മുന്നോട്ട് വച്ച് പ്രാഥമികാരോഗ്യ സേവന പരിപാടി സാക്ഷാത്ക്കരിക്കാൻ ജനകീയാസൂ‍ത്രണത്രത്തിലൂടെ കേരളത്തിന് കഴിഞ്ഞു. 2018 ൽ നടന്ന പ്രാഥമികാരോഗ്യ സേവനത്തെപറ്റിയുള്ള അസ്താന ഉച്ചകോടി (Astana Global Conference on Priary Health Care) വ്യക്തമാക്കിയിട്ടുള്ളത് രോഗപ്രതിരോധം, ആരോഗ്യ വിദ്യാഭ്യാസം, ഉചിതചികിത്സ, സ്വാന്ത്വാന പരിചരണം, പുനരധിവാസം എന്നിവയും പ്രാഥമികാരോഗ്യ തലത്തിൽ ലഭ്യമാക്കണം എന്നാണ്. കേരളത്തിലെ കുടുംബാരോഗ്യകേന്ദ്രങ്ങൾ അസ്താന സമ്മേളനത്തിൽ നിർദ്ദേശിച്ച കാര്യങ്ങളിൽ പലതും ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ട്.

  2018 ൽ നടന്ന പ്രാഥമികാരോഗ്യ സേവനത്തെപറ്റിയുള്ള അസ്താന ഉച്ചകോടി (Astana Global Conference on Priary Health Care) പറയുന്നത് ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ പോഷണവും മാത്രമല്ല രോഗപ്രതിരോധം, ചികിത്സ, സ്വാന്ത്വന പരിചരണം, പുനരധിവാസം എന്നിവയും പ്രാധമികാരോഗ്യ തലത്തിൽ ലഭ്യമാക്കണം എന്നാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അസ്താന സമ്മേളനത്തിൽ നിർദ്ദേശിച്ച കാര്യങ്ങളിൽ പലതും ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്നുണ്ട്. ജനകീയാസൂത്രണ സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തിയാൽ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെ കൂടിയ (Decentralised and Participatory Health Care) പുതിയൊരു ആരോഗ്യ പ്രവർത്തന കർമ്മപരിപാടി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ നമുക്ക് കഴിയും.

  (പൊതുജനാരോഗ്യ പ്രവർത്തകനും ന്യൂറോ സർജനും കോവിഡ് പ്രതിരോധ വിദഗ്ധസമിതി അധ്യക്ഷനുമായ ലേഖകൻ 1996-2001, 2016-2021 കാലഘട്ടങ്ങളിലായി രണ്ടു തവണ സംസ്ഥാന ആസൂത്രണ ബോർഡ്  അംഗവുമായിരുന്നു)
  Published by:Chandrakanth viswanath
  First published: