• HOME
  • »
  • NEWS
  • »
  • explained
  • »
  • Kerala State Films Awards 2021| 2022 ൽ റിലീസ് ചെയ്ത ഹൃദയം എങ്ങനെ 2021 ലെ മികച്ച ജനപ്രിയ ചിത്രമായി?

Kerala State Films Awards 2021| 2022 ൽ റിലീസ് ചെയ്ത ഹൃദയം എങ്ങനെ 2021 ലെ മികച്ച ജനപ്രിയ ചിത്രമായി?

കഴിഞ്ഞ വർഷത്തെ സിനിമകൾക്കുള്ള അവാർഡിൽ ഹൃദയം ഇടംനേടി? സ്വാഭാവികമായി തോന്നുന്ന സംശയമാണ്. അതിന്റെ കാരണം അറിയാം

  • Share this:
    2021 വർഷത്തെ മികച്ച കലാമൂല്യമുളള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വിനീത് ശ്രീനിവാസൻ (Vineeth Sreenivasan ) സംവിധാനം ചെയ്ത ഹൃദയത്തിന് (Hridayam ) ലഭിച്ചു. പക്ഷേ ചിത്രം റിലീസ് ചെയ്തത് 2022 ജനുവരി 21 നാണ്. പിന്നെങ്ങനെ കഴിഞ്ഞ വർഷത്തെ സിനിമകൾക്കുള്ള അവാർഡിൽ ഹൃദയം ഇടംനേടി? സ്വാഭാവികമായി തോന്നുന്ന സംശയമാണ്. അതിന്റെ കാരണം അറിയാം,

    ഓരോ വർഷവും (ജനുവരി 1 മുതൽ ഡിസംബർ 31 വരെ) സർട്ടിഫൈ ചെയ്യുന്ന ചിത്രങ്ങളാണ് അതാത് വർഷങ്ങളിലെ അവാർഡിനായി പരിഗണിക്കാറ്. ഹൃദയം 2022 ലാണ് തിയേറ്ററുകളിൽ എത്തിയതെങ്കിലും 2021 ൽ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നേടിയ ചിത്രമാണ്. ഏപ്രിൽ മെയ് മാസങ്ങളിലാണ് സാധാരണഗതിയിൽ അവാർഡ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. അപൂർവമായി ചില വർഷങ്ങളിൽ ഈ രീതിക്ക് മാറ്റമുണ്ടായിട്ടുണ്ട്.

    ഇതാദ്യമായല്ല, ഇത്തരത്തിൽ ചിത്രങ്ങൾക്ക് ജനപ്രിയതയ്ക്കുളള അവാർഡ് ലഭിക്കുന്നത്. എംടി വാസുദേവൻ നായരെഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ 1990 ലെ കലാമൂല്യമുളള ജനപ്രിയ ചിത്രമായിരുന്നു. പക്ഷേ 1991 ജനുവരി 25 നാണ് തീയറ്ററിലെത്തിയത്. നല്ല ജനപ്രീതി നേടിയിരുന്നു. 1996 ലെ കലാമൂല്യമുളള ജനപ്രിയ അവാര്‍ഡ് ചിത്രമായ കുലം തീയറ്ററിലെത്തിയത് 1997 ഫെബ്രുവരി 6 ന്. ലെനിൻ രാജേന്ദ്രനായിരുന്നു സംവിധായകൻ.

    Also Read-Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി

    ഫാസിലിന്റ മഞ്ഞിൽ വിരിഞ്ഞ പൂക്കളും മണിച്ചിത്രത്താഴും ഈ പുരസ്കാരം നേടിയ ചിത്രങ്ങളാണ്. ഫാസിലിന്റ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ1980 ഡിസംബർ 25നാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന് അതേ വർഷത്തെ (1980) മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ലഭിച്ചു. 1993 ഡിസംബർ 25 ന് റിലീസ് ചെയ്ത മണിച്ചിത്രത്താഴിന് അതേ വർഷം(1993)കലാമൂല്യമുളള ജനപ്രിയ ചിത്രത്തിനുള്ള കേന്ദ്ര സംസ്ഥാന അവാര്‍ഡുകൾ ലഭിച്ചിട്ടുണ്ട്.

    അതേസമയം, ബോക്സ് ഓഫീസിൽ വലിയ പരാജയമായ ചിത്രങ്ങൾക്കും ജനപ്രിയ ചിത്രങ്ങൾക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ ചലനമുണ്ടാക്കിയ ചിത്രമായിരുന്നില്ല കുലം. പുതുമുഖങ്ങളെ അവതരിപ്പിച്ച് ഫാസിൽ സംവിധാനം ചെയ്ത 'എന്നെന്നും കണ്ണേട്ടന്റെ' തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും 1984 ലെ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം നേടി. ഇത് അക്കാലത്ത് ഏറെ വിമർശനം നേരിട്ടിരുന്നു.

    1976 മുതലാണ് കലാമൂല്യമുളള ജനപ്രിയവുമായ ചിത്രങ്ങൾക്ക് സംസ്ഥാന അവാർഡ് നൽകി തുടങ്ങുന്നത്. 1997 വരെ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് അവാർഡുകൾ കൈകാര്യം ചെയ്തിരുന്നത്. 1998 മുതൽ, സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നത്.

    Also Read-Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി

    2001 മുതൽ തീയറ്ററിലെത്തി വാണിജ്യപരമായി ഹിറ്റായ ചിത്രങ്ങൾക്ക് മുൻഗണന കിട്ടിത്തുടങ്ങി.ആ വർഷം പുരസ്കാരം നേടിയത് രഞ്ജിത് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം രാവണപ്രഭു ആയിരുന്നു.

    ഈ വിഭാഗത്തിൽ ആദ്യമായി അവാർഡ് നേടിയ ചിത്രം (1976) സ്വാമി അയ്യപ്പനായിരുന്നു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോയായ മെറിലാന്റിന്റെ സ്ഥാപകനായ പി സുബ്രഹ്മണ്യമാണ് ചിത്രം നിർമിച്ചത്. ഇത്തവണ ഇതേ വിഭാഗത്തിൽ അവാർഡ‍് നേടിയ ഹൃദയത്തിന്റെ നിർമാതാവ് വൈശാഖ് സുബ്രഹ്മണ്യം പി സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് എന്നതാണ് കൗതുകകരം.
    Published by:Jayesh Krishnan
    First published: