കോട്ടയം: കണ്ണൂർ പയ്യന്നൂർ സ്വദേശി മുഹമ്മദ് ഉനൈസ് സിംഗപൂർ ഡോളറുകൾ ശമ്പളമായി വാങ്ങുന്നത് ചെങ്ങന്നൂരുകാരായ രണ്ടുപേരുടെ നന്മകൊണ്ടാകും. ഉനൈസിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത 2 മണിക്കൂറും 15 മിനിറ്റുമായിരുന്നു ബുധനാഴ്ച കടന്നുപോയത്. ഈ സമയത്തിനിടെ നടന്നത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നു വിശ്വസിക്കാൻ പോലും ഉനൈസിന് ആകുന്നില്ല. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച വിദേശ ജോലി നഷ്ടമാകാതെ കാത്തത് റെയിൽവെ ഉദ്യോഗസ്ഥരുടെയും ടാക്സി ഡ്രൈവർ ബിജുവിന്റെ നല്ല മനസ്സുകളാണ്. ഈ കഥ ഇങ്ങനെ.....
കാത്തുകാത്തിരുന്നു കിട്ടിയ സിംഗപൂർ ജോലി
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലായിരുന്നു മുഹമ്മദ് ഉനൈസ്. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് സിംഗപൂരിൽ ജോലി ശരിയായത്. നാട്ടിൽ നിന്ന് സിംഗപൂരിലേക്കുള്ള യാത്രക്കിടെയാണ് ഇതെല്ലാം സംഭവിച്ചത്.
മലബാർ എക്സ്പ്രസിലെ ബി2 കോച്ച്
നവംബർ 16ന് രാത്രി 8.10നാണ് മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിലെ ബി 2 കോച്ചിൽ ഉനൈസ് അങ്കമാലിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച പുലർച്ചെ 2.40ന് അങ്കമാലി റെയിൽവേ സ്റ്റേഷനിലിറങ്ങി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയി. അവിടെയെത്തി നോക്കുമ്പോൾ പാസ്പോർട്ടും അതുവെച്ച പഴ്സും കാണാനില്ല.
തിരികെ റെയിൽവേ സ്റ്റേഷനിലേക്ക്
കാത്തിരുന്നു കിട്ടിയ സിംഗപൂർ ജോലി കൈവിട്ടുപോകുമെന്ന നിലയായതോടെ ഉനൈസ് ആകെ പരിഭ്രാന്തനായി. തിരികെ അങ്കമാലി റെയിൽവേ സ്റ്റേഷനിലെത്തി. സ്റ്റേഷൻ മാസ്റ്റർ സാജു ജേക്കബിനെ വിവരം അറിയിച്ചു. സാജു ഉടൻ തന്നെ തിരുവനന്തപുരം റെയിൽവേ കൺട്രോൾ റൂമിലേക്ക് വിവരം നൽകി. അപ്പോഴേക്കും മലബാർ എക്സ്പ്രസ് കോട്ടയം എത്താറായിരുന്നു.
സ്റ്റേഷൻ സൂപ്രണ്ട് കെ ജി ഉണ്ണിത്താൻ
കൺട്രോൾ റൂമിൽ നിന്ന് വിവരം കിട്ടിയതോടെ കോട്ടയത്ത് എത്താറായ ട്രെയിനിലെ ടിടിഇ പത്മകുമാർ ബി 2 കോച്ചിൽ നടത്തിയ പരിശോധനയിൽ പഴ്സ് കണ്ടെത്തി. പുലർച്ചെ 5.45 ആയപ്പോഴേക്കും ട്രെയിൻ ചെങ്ങന്നൂരിലെത്തി. ഉനൈസിന്റെ പാസ്പോർട്ടും ഇന്ത്യൻ കറൻസിയും സിംഗപൂർ ഡോളറും അടിങ്ങിയ പഴ്സ് സ്റ്റേഷൻ സൂപ്രണ്ട് കെ ജി ഉണ്ണിത്താൻ ഏറ്റുവാങ്ങി. പിന്നാലെ അങ്കമാലി സ്റ്റേഷനിൽ ബന്ധപ്പെട്ടു. ഉനൈസിനോട് തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങാൻ നിർദേശിച്ചു.
ടാക്സി ഡ്രൈവർ ആർ ബിജു
ചെങ്ങന്നൂർ സ്റ്റേഷൻ വളപ്പിലെ ടാക്സി ഡ്രൈവർ പാണ്ടനാട് കീഴ്വൻമഴി മിഥുൻഭവനത്തിൽ ആർ ബിജുവിനെ പഴ്സ് ഏൽപിച്ച സ്റ്റേഷൻ മാസ്റ്റർ വേഗം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കാൻ പറഞ്ഞു. രാവിലെ 6.05 ഓടെ ബിജു കാറിൽ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു. ജീവിതത്തിൽ ഇത്രയും വേഗത്തിൽ വാഹനം ഓടിച്ചിട്ടില്ലെന്ന് ബിജു പറയുന്നു.
പിന്നെ എല്ലാം ശുഭം!
രാവിലെ 8.22 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം കാത്തിരുന്ന ഉനൈസിനെ കാറിന്റെ ഹെഡ് ലൈറ്റുകൾ തെളിച്ചുകാട്ടി ബിജു വരവ് അറിയിച്ചു. ഓടിയെത്തി ബിജുവിന്റെ കൈയിൽ നിന്ന് പഴ്സ് വികാരനിർഭരനായി ഉനൈസ് ഏറ്റുവാങ്ങി. നന്ദി വാക്കുകൾ അറിയിച്ച് ചെക്ക് ഇൻ ചെയ്യാൻ വിമാനത്താവളത്തിന് അകത്തേക്ക് ഓടി. വിമാനം അരമണിക്കൂർ വൈകിയതും തുണയായി. വിമാനത്താവളത്തിനുള്ളിൽ എത്തിയ ശേഷവും സിംഗപൂരിലെത്തിയശേഷവും ഉനൈസ് ബിജുവിനെയും ഉണ്ണിത്താനെയും വിളിച്ച് നന്ദി അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.