• HOME
 • »
 • NEWS
 • »
 • explained
 • »
 • താലിബാനുമായുള്ള കരാർ; ചില ഭാഗങ്ങൾ അമേരിക്ക രഹസ്യമാക്കിവെച്ചതെങ്ങനെ? രഹസ്യധാരണകൾ ഇന്ത്യയെ അസ്വസ്ഥമാക്കുന്നത് എന്തുകൊണ്ട്?

താലിബാനുമായുള്ള കരാർ; ചില ഭാഗങ്ങൾ അമേരിക്ക രഹസ്യമാക്കിവെച്ചതെങ്ങനെ? രഹസ്യധാരണകൾ ഇന്ത്യയെ അസ്വസ്ഥമാക്കുന്നത് എന്തുകൊണ്ട്?

അഫ്ഗാനിസ്ഥാന്‍ യു എസിന്റെ നിയന്ത്രണത്തിലായിരിക്കുന്ന കാലഘട്ടത്തില്‍ അഫ്ഗാന്റെ പുനര്‍നിര്‍മാണ പ്രക്രിയയെ സഹായിക്കാന്‍ ഇന്ത്യ മുന്നോട്ട് വരികയും വലിയ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

 • Share this:
  അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകള്‍ക്ക് അടിവരയിട്ടുകൊണ്ട്, കഴിഞ്ഞ വര്‍ഷം ഒപ്പു വെച്ച യു എസ്-താലിബാന്‍ സമാധാന ഉടമ്പടിയുടെ രഹസ്യ ഭാഗങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പരാമര്‍ശിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ അമേരിക്കയുടെ അധിനിവേശം അവസാനിപ്പിക്കാന്‍ വഴിയൊരുക്കിയത് ഈ കരാറായിരുന്നു. പക്ഷേ, യു എസ് പിന്‍വാങ്ങലിന്റെ സാഹചര്യവും കാബൂളിലെ ജനാധിപത്യ സര്‍ക്കാരിന്റെ പെട്ടെന്നുള്ള പതനവും ഉത്തരങ്ങള്‍ നല്‍കുന്നതിലേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

  ഇന്ത്യയുടെ ആശങ്കയ്ക്ക് പിന്നിലെ കാരണമെന്ത്?

  അഫ്ഗാനിസ്ഥാന്‍ യു എസിന്റെ നിയന്ത്രണത്തിലായിരിക്കുന്ന കാലഘട്ടത്തില്‍ അഫ്ഗാന്റെ പുനര്‍നിര്‍മാണ പ്രക്രിയയെ സഹായിക്കാന്‍ ഇന്ത്യ മുന്നോട്ട് വരികയും വലിയ നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യു എസ് പിന്‍വാങ്ങലോടെ അഫ്ഗാനിസ്ഥാനിലെ 3 ബില്യണ്‍ ഡോളറോളം വരുന്ന ഇന്ത്യന്‍ നിക്ഷേപങ്ങള്‍ അപകടത്തിലാകുന്നതോടൊപ്പം, പാകിസ്ഥാന്‍ താലിബാന് മേലുള്ള തങ്ങളുടെ സ്വാധീനം ഉറപ്പിക്കുകയും ചൈന ഇസ്ലാമിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പുതിയ വഴികള്‍ തേടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ പാതയില്‍ പുതിയ നയതന്ത്ര വെല്ലുവിളികള്‍ രൂപപ്പെടുകയും ചെയ്യുന്നു.

  യു എസിന് അഫ്ഗാനിസ്ഥാനില്‍ നയതന്ത്രപരമായ സ്വാധീനം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. മാത്രമല്ല, ഐക്യ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന അമേരിക്കയുടെ നിലപാടിനെ സര്‍ക്കാര്‍ സേനകള്‍ക്കും പഞ്ചശീര്‍ പ്രതിരോധത്തിനുമെതിരെയുള്ള താലിബാന്‍ നീക്കം അപ്രസക്തമാക്കുകയും ചെയ്യുന്നു.

  ഇസ്ലാമിസ്റ്റ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് താലിബാന്‍ പ്രവേശിക്കുന്നത് ഇന്ത്യയ്ക്ക് നയതന്ത്രപരമായ വെല്ലുവിളി സൃഷ്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാകിസ്ഥാന്‍ അനുകൂല നിലപാടിന്റെ പേരിലും ഇന്ത്യന്‍ വിരുദ്ധതയുടെ പേരിലും ശ്രദ്ധേയരായ ഹഖാനി ശൃംഖലയുടെ നേതാവ് സിറാജുദ്ദീന്‍ ഹഖാനി ഉള്‍പ്പെടെയുള്ള താലിബാന്റെ ഉന്നത നേതൃത്വം അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. അതിനാല്‍, അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ പ്രതീക്ഷിച്ചിരുന്ന മെച്ചപ്പെട്ട സാഹചര്യത്തില്‍ നിന്ന് എത്രയോ അകലെയാണ് താലിബാന്‍ ഭരണം പിടിച്ചെടുത്തതിലൂടെ ഉടലെടുത്ത പുതിയ യാഥാര്‍ഥ്യം. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയ രീതിയും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്.

  ''ദോഹയില്‍ (ഖത്തറിന്റെ തലസ്ഥാനം) താലിബാന്‍ ചില കാര്യങ്ങള്‍ക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ വിവിധ വശങ്ങളുടെ കാര്യത്തില്‍ നമ്മളെ വിശ്വാസത്തിലെടുത്തിട്ടില്ല.'', യു എസില്‍ വെച്ച് അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ജയശങ്കര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യു എസ് - താലിബാന്‍ സമാധാന ഉടമ്പടിയുടെ രഹസ്യഭാഗങ്ങളെ ഉദ്ധരിച്ചാണ് ജയശങ്കറിന്റെ പരാമര്‍ശം.

  യു എസ് - താലിബാന്‍ ധാരണയുടെ വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു?

  2020 ഫെബ്രുവരി 29ന് ദോഹയില്‍ വെച്ച് ഒപ്പുവെച്ച രേഖയുടെ തലക്കെട്ട് സൂചിപ്പിക്കുന്നത്, ഒരു ഭരണകൂടമായി അമേരിക്ക അംഗീകരിക്കാത്തതും താലിബാന്‍ എന്ന് അറിയപ്പെടുന്നതുമായ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനും യു എസും തമ്മില്‍ അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ഏര്‍പ്പെടുന്ന കരാര്‍ എന്നാണ്. വര്‍ഷാവസാനം നടക്കാനിരുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനിലെ യുഎസ് അധിനിവേശം അവസാനിപ്പിക്കണം എന്ന ലക്ഷ്യത്തോടെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പാണ് ഈ കരാറിന് മുന്‍കൈയെടുത്തത്.

  തെരഞ്ഞെടുപ്പിന് മുമ്പ് യുഎ സ് സൈനികരെ പിന്‍വലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, യുഎസ് സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതിനായി കരാര്‍ ഒപ്പിട്ടതിന് ശേഷം 14 മാസത്തെ സമയപരിധി നിശ്ചയിച്ചു. അഫ്ഗാന്റെ മണ്ണ് 'അമേരിക്കയുടെയും അതിന്റെ സഖ്യകക്ഷികളുടെയും സുരക്ഷയ്ക്കെതിരെ ഉപയോഗിക്കാന്‍ ഏതെങ്കിലും ഒരു ഒരു വ്യക്തിയെയോ ഗ്രൂപ്പിനെയോ അനുവദിക്കില്ല' എന്ന് താലിബാന്‍ സമ്മതിച്ചതാണ് അമേരിക്കയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ നേട്ടം.

  ശ്രദ്ധേയമായ കാര്യം, ഈ കരാറില്‍ അഷ്റഫ് ഗനി നേതൃത്വം നല്‍കിയിരുന്ന ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നതാണ്. എന്നാല്‍, അഫ്ഗാനിസ്ഥാന്റെയുള്ളില്‍ വിവിധ കക്ഷികളുമായി ചര്‍ച്ചയ്ക്ക് താലിബാന്‍ തയ്യാറാകും എന്നത് കരാറിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നായിരുന്നു. അഫ്ഗാനിനുള്ളിലെ ചര്‍ച്ചകളുടെ പ്രധാന അജണ്ട എന്ന നിലയില്‍ എന്നെന്നേക്കുമായുള്ള വെടിനിര്‍ത്തലിനെക്കുറിച്ചും കരാറില്‍ സംസാരിക്കുന്നുണ്ട്.

  യുദ്ധത്തടവുകാരെയും രാഷ്ട്രീയ തടവുകാരെയും ജയില്‍ മോചിതരാക്കും എന്നതും അമേരിക്കയും ഐക്യരാഷ്ട്ര സംഘടനയും താലിബാന്‍ നേതാക്കള്‍ക്ക് മേല്‍ ചുമത്തിയ ഉപരോധങ്ങള്‍ നീക്കം ചെയ്യും എന്നതും കരാറിന്റെ ഭാഗമായി ഉരുത്തിരിഞ്ഞുവന്ന ധാരണയായിരുന്നു. യു എസ് പിന്‍വാങ്ങലിന് മുമ്പ്, അമേരിക്കയിലെ നിയമനിര്‍മ്മാതാക്കള്‍ ഈ കരാറിന്റെ ഭാഗമായി കൂട്ടിച്ചേര്‍ത്ത രണ്ടു വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു, എന്നാല്‍ അവ എന്താണെന്ന് ഇതുവരെ പരസ്യമാക്കുകയോ യുഎസ് സഖ്യകക്ഷികളുമായി പങ്കുവെയ്ക്കുകയോ ചെയ്തിട്ടില്ല.

  രഹസ്യമായി കൂട്ടിച്ചേര്‍ത്ത ആ വ്യവസ്ഥകള്‍ എന്തിനെക്കുറിച്ചുള്ളതാണ്?

  അടുത്ത പതിനെട്ട് മാസങ്ങള്‍ക്കുള്ളില്‍ ഏത് സംഭവിക്കും (2020 ഫെബ്രുവരി 20-നു ശേഷം), ഏതു തരത്തിലുള്ള ആക്രമണങ്ങളാണ് ഇരു ഭാഗങ്ങളും നിരോധിച്ചിരിക്കുന്നത് എന്നിവയെ സംബന്ധിച്ചതും, ഏറ്റവും പ്രധാനമായി, തങ്ങളുടെ സൈന്യത്തിന്റെ സ്ഥാനങ്ങളെക്കുറിച്ച് താലിബാന് എങ്ങനെയാണ് അമേരിക്ക വിവരങ്ങള്‍ നല്‍കുക എന്നതിനെക്കുറിച്ചുമുള്ള വിവരങ്ങളാണ് കരാറില്‍ രഹസ്യമായി കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൂട്ടിച്ചേര്‍ക്കലുകള്‍ രഹസ്യമാക്കി വെക്കാന്‍ തീരുമാനിച്ചതിനെ യുഎസ് നിയമനിര്‍മാതാക്കള്‍ ചോദ്യം ചെയ്തതോടെ ട്രമ്പ് ഭരണകൂടം അവര്‍ക്ക് വേണ്ടി മാത്രം ആ വിവരങ്ങള്‍ ലഭ്യമാക്കി. പൊതുജനങ്ങള്‍ക്ക് അപ്പോഴും ഈ വിവരങ്ങള്‍ ലഭ്യമാക്കിയില്ല.

  കരാറിന്റെ രഹസ്യ നിബന്ധനകളില്‍ ട്രംപ് ഭരണകൂടം വിമര്‍ശനം നേരിട്ടതോടെ, സൈനികരുടെ നീക്കവും തീവ്രവാദികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളും വളരെ സെന്‍സിറ്റീവ് ആയ വിഷയങ്ങളായതിനാലാണ് രഹസ്യമാക്കി വെയ്ക്കുന്നത് എന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചത്. എന്നാല്‍ രഹസ്യ രേഖകള്‍ അവലോകനം ചെയ്ത നിയമനിര്‍മ്മാതാക്കള്‍ പറയുന്നത്, കരാറിന്റെ ഭാഗമായി താലിബാന്‍ തങ്ങളുടെ വാക്ക് പാലിക്കുന്നുണ്ടോ എന്ന് യുഎസ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ഒരു സംവിധാനവും ഈ കരാര്‍ വിഭാവനം ചെയ്തിട്ടില്ല എന്നാണ്.

  താലിബാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സുശക്തമായ സംവിധാനം ഉണ്ടെന്നാണ് ഇത്തരം ആശങ്കകളെ തള്ളിക്കളഞ്ഞുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിക്കുന്നത്. പക്ഷേ, രഹസ്യരേഖകള്‍ പരിശോധിച്ച നിയമനിര്‍മാതാക്കള്‍ പറയുന്നത് യു എസിന് ഏതെങ്കിലും വിധത്തിലുള്ള സ്വാധീനം നിലനിര്‍ത്താന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം തോന്നുംവിധം അവ്യക്തമാണ് കരാറിലെ വ്യവസ്ഥകള്‍ എന്നാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
  Published by:Jayashankar AV
  First published: