• HOME
  • »
  • NEWS
  • »
  • explained
  • »
  • Perarivalan | പേരറിവാളൻ: രണ്ട് ബാറ്ററികൾ നയിച്ചത് 31 വർഷം ജയിലിലേക്ക്; 50-ാം വയസിലെ മോചനത്തിന്റെ നാൾവഴികൾ

Perarivalan | പേരറിവാളൻ: രണ്ട് ബാറ്ററികൾ നയിച്ചത് 31 വർഷം ജയിലിലേക്ക്; 50-ാം വയസിലെ മോചനത്തിന്റെ നാൾവഴികൾ

പേരറിവാളന്റെ അമ്മ അർപ്പുതം അമ്മാളിന്റെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടു കാലം നീണ്ട പോരാട്ടത്തിനു ശേഷമാണ് കോടതി വിധിയെത്തുന്നത്.

  • Share this:
നീണ്ട 31 വർഷങ്ങൾക്കു ശേഷം രാജീവ് ​ഗാന്ധി വധക്കേസിലെ (Rajiv Gandhi assassination) മുഖ്യപ്രതികളിലൊരാളായ പേരറിവാളൻ (Perarivalan) ജയിൽ മോചിതനായിരിക്കുകയാണ്. പേരറിവാളന്റെ അമ്മ അർപ്പുതം അമ്മാളിന്റെ (Arputham Ammal) നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ടു കാലം നീണ്ട പോരാട്ടത്തിനു ശേഷമാണ് കോടതി വിധിയെത്തുന്നത്. രാജീവ് ​ഗാന്ധിയുടെ 31-ാം ചരമ വാർഷികത്തിനു മൂന്നു ദിവസം മുൻപാണ് ഈ വിധി എന്നതാണ് കേസിലെ യാദൃച്ഛികത.

1991 ൽ, 19-ാം വയസിലാണ് പേരറിവാളൻ രാജീവ് ​ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നത്. കഴിഞ്ഞ 31 വർഷക്കാലയളവിനുള്ളിൽ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നിരവധി ഹർജികളും നിവേദനങ്ങളും സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

കേസിന്റെ പ്രധാന നാൾവഴികൾ നോക്കാം.

1991, മേയ് 21- തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അവിടെ വെച്ച് ധനു എന്ന തേൻമൊഴി രാജരത്‌നം നടത്തിയ ചാവേറാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈളത്തിലെ (LTTE) അം​ഗമായിരുന്നു തേൻമൊഴി. രാജീവ് ഗാന്ധിയും ധനുവും ഉൾപ്പെടെ 16 പേർ സ്‌ഫോടനത്തിൽ മരിച്ചു.

1991 ജൂൺ 10 - അന്ന് വെറും 19 വയസു മാത്രം പ്രായമുണ്ടായിരുന്ന പേരറിവാളന്റെ വീട്ടിൽ പോലീസെത്തി. രാജീവ് ​ഗാന്ധി വധക്കക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം തിരിച്ചയക്കാമെന്ന് അമ്മ അർപുതം അമ്മാളിന് വാക്കു കൊടുത്താണ് പോലീസ് പേരറിവാളനെ കൂട്ടിക്കൊണ്ടുപോയത്. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നതിനായുള്ള തയ്യാറെടുപ്പിലായിരുന്നു പേരറിവാളൻ അപ്പോൾ. പേരറിവാളനും മറ്റ് 41 പേർക്കുമെതിരെ ടെററിസം ആൻഡ് ഡിസ്‌റപ്‌റ്റീവ് ആക്റ്റിവിറ്റീസ് (Terrorism and Disruptive Activities (Prevention) Act (TADA)) നിയമപ്രകാരം സിബിഐ പിന്നീട് കേസെടുത്തു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനും പ്രധാന പ്രതികളിലൊരാളുമായ ശിവരസന് ഒൻപതു വോൾട്ടിന്റെ രണ്ട് ബാറ്ററികൾ നൽകി എന്നു പറഞ്ഞാണ് പേരറിവാളനെതിരെ കേസെടുത്തത്. തെറ്റായ വിലാസത്തിൽ സ്വന്തം പേരിൽ മോട്ടോർ സൈക്കിൾ വാങ്ങിയെന്ന ആരോപണവും ഉയർന്നിരുന്നു.

1991 ​ആ​ഗസ്റ്റ് 23 - രാജീവ് ​ഗാന്ധി വധക്കേസ് അന്വേഷിക്കാൻ കേന്ദ്രസർക്കാർ ജെയിൻ കമ്മീഷൻ രൂപീകരിച്ചു. അന്തരിച്ച ജസ്റ്റിസ് മിലാപ് ചന്ദ് ജെയിൻ ആയിരുന്നു കമ്മീഷന്റെ അധ്യക്ഷൻ.

1998 ജനുവരി 28 - പേരറിവാളൻ ഉൾപ്പെടെ 26 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പൂനമല്ലിയിലെ ടാഡ കോടതി 1000 പേജ് വരുന്ന വിധി പ്രസ്താവിച്ചു. ജയിൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം, സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനും ഒളിവിൽ കഴിയുന്ന പ്രതികളെ നിരീക്ഷിക്കാനും വധക്കേസിൽ ശ്രീലങ്കൻ പൗരൻമാരുടെയും ഇന്ത്യക്കാരുടെയും പങ്ക് കണ്ടെത്താനും സിബിഐയുടെ നേതൃത്വത്തിൽ മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസി രൂപീകരിച്ചു.

1999 മെയ് 11- വധശിക്ഷയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരി​ഗണിച്ച് 19 പേരെ വെറുതെ വിടുകയും നളിനി, മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ, പേരറിവാളൻ എന്നിവർക്ക് വധശിക്ഷ ശരിവെച്ചു. രവിചന്ദ്രൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു. പേരറിവാളനും നളിനിയും മുരുകനും ശാന്തനും അന്നത്തെ തമിഴ്‌നാട് ഗവർണറായിരുന്ന ഫാത്തിമ ബീവിക്ക് ദയാഹർജി നൽകിയെങ്കിലും ആർട്ടിക്കിൾ 161 പ്രകാരം മന്ത്രിസഭയുമായി കൂടിയാലോചിക്കാതെ ഉത്തരവുകൾ പുറപ്പെടുവിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി തള്ളി. ഇതേത്തുടർന്ന് നാലുപേരും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് മദ്രാസ് ഹൈക്കോടതി ഗവർണറുടെ ഉത്തരവുകൾ റദ്ദാക്കി. അതിനുശേഷം അന്നത്തെ മുഖ്യമന്ത്രി എം കരുണാനിധിക്ക് ഇവർ നിവേദനങ്ങൾ അയച്ചു. എന്നാൽ മന്ത്രിസഭ നളിനിയുടെ വധശിക്ഷയിൽ ഇളവ് വരുത്താൻ മാത്രമാണ് ശുപാർശ ചെയ്തത്. 2000-ൽ നളിനി വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ശേഷിക്കുന്ന ഹർജികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. എന്നാൽ, ഏകദേശം 11 വർഷത്തിനു ശേഷം 2011-ൽ അവയെല്ലാം തള്ളുകയാണ് ഉണ്ടായത്. 2011-ൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റി.

2014 ഫെബ്രുവരി 18- മൂന്ന് പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു. 14 വർഷത്തെ നല്ല പെരുമാറ്റത്തിന് ശേഷം പ്രതികളെ വിട്ടയക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിക്കുമെന്നും കോടതി പറഞ്ഞു.

2014 ഫെബ്രുവരി 19 - ഏഴു കുറ്റവാളികളെയും മൂന്ന് ദിവസത്തിനകം സർക്കാർ മോചിപ്പിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ജെ ജയലളിത പ്രഖ്യാപിച്ചു.

2014 ഫെബ്രുവരി 20 - സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി മോചനം സ്റ്റേ ചെയ്തു.

2015 ഡിസംബർ 31- തമിഴ്നാട് ഗവർണർ കൊണിജെതി റോസയ്യയ്ക്ക് പേരറിവാളൻ 47 പേജുള്ള ദയാഹർജി സമർപ്പിച്ചു. ശിക്ഷയിൽ ഇളവ് നൽകുക, ജീവപര്യന്തം തടവ് ശിക്ഷ റദ്ദാക്കുക, അല്ലെങ്കിൽ ഇളവ് ചെയ്യുക എന്നതൊക്കെയായിരുന്നു ഹർജിയിലെ ആവശ്യം.

2017 ആ​ഗസ്റ്റ് 24- രോ​ഗബാധിതനായ പിതാവിനെ സന്ദർശിക്കാൻ പേരറിവാളന് 30 ദിവസത്തെ പരോൾ അനുവ​ദിക്കപ്പെട്ടു. അങ്ങനെ, 26 വർഷങ്ങൾക്കു ശേഷം പേരറിവാളൻ സ്വന്തം വീട്ടിലെത്തി.

2017 ഒക്ടോബർ 27- കേസിലെ പ്രധാന വഴിത്തിരിവുണ്ടായത് ഈ ദിവസമാണ്. ആ രണ്ട് ബാറ്ററികളുടെ ഉദ്ദേശത്തെക്കുറിച്ച് പേരറിവാളന് അറിയില്ലായിരുന്നുവെന്നും പേരറിവാളിന്റെ നിർണായക മൊഴിയുടെ അവസാനഭാ​ഗം താൻ ഒഴിവാക്കിയിരുന്നുവെന്നും മൊഴി രേഖപ്പെടുത്തിയ സിബിഐ ഉദ്യോഗസ്ഥൻ വി ത്യാഗരാജൻ കുറ്റസമ്മതം നടത്തി. പേരറിവാളന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളിൽ തനിക്ക് പശ്ചാത്താപം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററികൾ വാങ്ങിയതായി പേരറിവാളൻ സമ്മതിച്ചെങ്കിലും അതിന്റെ ഉദ്ദേശം അന്ന് അറിയില്ലായിരുന്നു. ഈ മൊഴിയുടെ അവസാനഭാഗമാണ് ത്യാഗരാജൻ ഒഴിവാക്കിയത്.

2018 ഏപ്രിൽ - കുറ്റാരോപിതരുടെ മോചനം ആവശ്യപ്പെട്ട് 2016 ൽ തമിഴ്നാട് സർക്കാർ സമർപ്പിച്ച ഹർജി രാഷ്ട്രപതിക്ക് അയച്ചിട്ടില്ലെന്നും അതിനോട് യോജിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.

2018 ജൂൺ 18- മാനുഷിക പരിഗണന നൽകി പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ അഭ്യർഥന രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപദേശത്തെ തുടർന്നാണ് അപേക്ഷ തള്ളിയത്.

2018 സെപ്റ്റംബർ 9- രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷക്കു വിധിക്കപ്പെട്ട പേരറിവാളൻ ഉൾപ്പെടെ ഏഴു പ്രതികളെ മോചിപ്പിക്കാൻ ശുപാർശ ചെയ്യാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തീരുമാനിച്ചു. ശുപാർശ ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ അംഗീകാരത്തിനായി അയക്കുകയും ചെയ്തു.

2020 ജനുവരി 10 - പ്രതികൾക്ക് യാതൊരുവിധ ഇളവുകളും നൽകില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി

2020 ജൂലൈ 22- കേസിലെ ഏഴു പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട തന്റെ തീരുമാനം തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ഉടൻ വ്യക്തമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. സംസ്ഥാന സർക്കാർ നൽകിയ ശുപാർശ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

2021 ഫെബ്രുവരി 4 - മോചനം സംബന്ധിച്ച് നിവേദനത്തിൽ ഇന്ത്യൻ രാഷ്ട്രപതി ഇടപെടണമെന്ന് ഗവർണർ ബൻവാരിലാൽ പുരോഹിത് ആവശ്യപ്പെട്ടു.

2021 മെയ് 20- കേസിൽ ജീവപര്യന്തം തടവുകാരായ ഏഴുപേരുടെ ജീവപര്യന്തം തടവുശിക്ഷ ഒഴിവാക്കണമെന്നും ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന പേരറിവാളന് ആരോഗ്യ കാരണങ്ങളാൽ 30 ദിവസത്തെ അവധി നൽകാനും ഉത്തരവിട്ടു.

Also Read-31 വർഷങ്ങൾക്ക് ശേഷം പേരറിവാളന് മോചനം; ശിക്ഷയിൽ ഇളവ് നൽകി സുപ്രീം കോടതി

2021 സെപ്റ്റംബർ 10- പുതിയ തമിഴ്നാട് ഗവർണറായി ആർഎൻ രവി നിയമിക്കപ്പെട്ടു. രാജീവ് ഗാന്ധി വധത്തിന് പിന്നിലെ ഗൂഢാലോചനയിൽ പേരറിവാളന് ബന്ധമില്ലെന്നും പേരറിവാളന്റെ വിടുതൽ ഹർജി തമിഴ്നാട് ഗവർണറുമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

2022 മാർച്ച് 9- കേന്ദ്രസർക്കാരിന്റെ കടുത്ത എതിർപ്പുകൾക്കിടെ പേരറിവാളന് ജാമ്യം ലഭിച്ചു

2022 മെയ് 4 - കേന്ദ്രസർക്കാരിന് മറുവാദങ്ങൾ ഇല്ലെങ്കിൽ പേരറിവാളനെ വിട്ടയക്കാൻ തയ്യാറാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനാ ലംഘനം നടക്കുമ്പോൾ കണ്ണടയ്ക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

2022 മെയ് 11- കേന്ദ്രസ‍ർക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. ഗവർണർ സംസ്ഥാനത്തിന്റെ തലവനാണ്. പേരറിവാളന്റെ മാപ്പ് അപേക്ഷയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് പ്രത്യേക അധികാരമുണ്ടെന്നും തമിഴ്‌നാട് ഗവർണർക്ക് അതില്ലെന്നുമുള്ള കേന്ദ്രത്തിന്റെ നിലപാട് ഞെട്ടിച്ചെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

2022 മെയ് 18 - രാജീവ് ഗാന്ധിയുടെ 31-ാം ചരമവാർഷികത്തിന് മൂന്ന് ദിവസങ്ങൾക്കു മുൻപ്, പേരറിവാളന്റെ അൻപതാം വയസിൽ അദ്ദേഹത്തെ മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചു.
Published by:Jayashankar Av
First published: