• HOME
 • »
 • NEWS
 • »
 • explained
 • »
 • സ്വർണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിങ് ഉപഭോക്താക്കളെ ഏതൊക്കെ രീതിയിൽ ബാധിക്കും? അറിയാം

സ്വർണാഭരണങ്ങളുടെ നിർബന്ധിത ഹാൾമാർക്കിങ് ഉപഭോക്താക്കളെ ഏതൊക്കെ രീതിയിൽ ബാധിക്കും? അറിയാം

നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സ്വർണത്തിന്റെ ശുദ്ധതയ്ക്കാണ് നിങ്ങൾ പണം നൽകുന്നത് എന്ന് ഹാൾമാർക്കിങ് ഉറപ്പു നൽകുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള ജ്വല്ലറികൾക്ക് സർക്കാർ നിർബന്ധിത ഹാൾമാർക്കിങ് ഏർപ്പെടുത്തിയിട്ട് 50 ദിവസമായി. അടുത്ത തവണ ഒരു ജ്വല്ലറി സന്ദർശിക്കുമ്പോൾ നിങ്ങൾ ഇക്കാര്യം പ്രധാനമായും പരിഗണിക്കണം. നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സ്വർണത്തിന്റെ ശുദ്ധതയ്ക്കാണ് നിങ്ങൾ പണം നൽകുന്നത് എന്ന് ഹാൾമാർക്കിങ് ഉറപ്പു നൽകുന്നു.

  "മുമ്പ് 22 ക്യാരറ്റ് ആഭരണങ്ങൾ ആണെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് ചില ജ്വല്ലറികൾ 18 ക്യാരറ്റിന്റെ ആഭരണങ്ങൾ വിൽക്കുമായിരുന്നു. ആഭരണങ്ങളുടെ ശുദ്ധിയുടെ പേരിൽ നടന്നു വന്നിരുന്ന ഇത്തരം തട്ടിപ്പുകളെ പ്രതിരോധിക്കാൻ നിർബന്ധിത ഹാൾമാർക്കിങിലൂടെ കഴിയും", ഓ ആർ ആർ എ ചീഫ് ഓപറേറ്റിങ് ഓഫീസർ സെസിൽ ഡി സാന്റ മരിയ പറയുന്നു.

  സർട്ടിഫിക്കേഷന് ഫയർ അസ്സേയിങ് മാർഗം അനിവാര്യമാണെങ്കിൽ ആഭരണത്തിന്റെ ചെറിയൊരു ഭാഗം പരിശോധനയ്ക്ക് വിധേയമാക്കാനും ഹാൾമാർക്കിങ് സഹായിക്കുന്നു. എന്നാൽ, പരിശോധനയ്ക്കായി ഉപയോഗിച്ച ഭാഗം ഒഴിച്ച് നിങ്ങൾക്ക് ലഭിക്കുന്ന ആഭരണത്തിന് മാത്രം പണം നൽകിയാൽ മതിയാകും. ഇതും സർട്ടിഫിക്കേഷനോടു കൂടിയാണ് ലഭിക്കുക.

  വിവിധ ലോഗോകളുടെ സഹായത്തോടെ ആഭരണങ്ങൾ കൃത്യമായും ഹാൾമാർക്കിങിന് വിധയമായിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിച്ച് ഉറപ്പു വരുത്താൻ കഴിയും. "ഹാൾമാർക്ക് ചെയ്യപ്പെട്ട ആഭരണങ്ങളിൽ മൂന്ന് ലോഗോകൾ ചേർത്തിട്ടുണ്ടാകും. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബി ഐ എസ്) ലോഗോ, ശുദ്ധതയുടെ അളവ്, ആറ് ഡിജിറ്റുകളുള്ള ഹാൾമാർക്കിങ് യുണീക് ഐ ഡി എന്നീ ലോഗോകൾ ഹാൾമാർക്ക് ചെയ്യപ്പെട്ട ആഭരണങ്ങളിൽ കാണാൻ കഴിയും. ജ്വല്ലറിയുടെ ലോഗോ അതിൽ ഉണ്ടാകില്ല", ഇന്ത്യ ബുള്ളിയൺ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ ദേശീയ സെക്രട്ടറിയായ സുരേന്ദ്ര മേത്ത പറയുന്നു.

  ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾക്ക് വില കൂടും

  ഹാൾമാർക്ക് ചെയ്യപ്പെട്ട ആഭരണങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. നിലവിലുള്ള ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാൻ ഇന്ത്യയിലുടനീളം 933 ലബോറട്ടറികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇത് ഏതാണ്ട് അഞ്ച് കോടിയോളം ആഭരണങ്ങൾ വരും. ഈ ആഭരണങ്ങൾ ഹാൾമാർക്ക് ചെയ്യാനായി അവർ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. അതിനായി ആവശ്യമായ യന്ത്രങ്ങൾക്ക് വേണ്ടി അവർ വലിയ തുകയുടെ നിക്ഷേപം നടത്തുന്നുണ്ട്. ഒപ്പം വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും സ്വയം സുരക്ഷ ഉറപ്പു വരുത്താനായി അവർ ഇൻഷുറൻസ് പരിരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കൾ വഹിക്കേണ്ടി വരും.

  ഹാൾമാർക്കിങിന് വേണ്ടിയുള്ള ചെലവിൽ ഏതാണ്ട് മൂന്നിരട്ടി വർദ്ധനവ് ഉണ്ടായേക്കുമെന്ന് പോപ്പ്ലി ഗ്രൂപ്പ് ഡയറക്റ്റർ രാജീവ് പോപ്പ്ലി കണക്കാക്കുന്നു. "ലാബുകൾ അവരുടെ ഇൻഷുറൻസ് പരിരക്ഷയുടെ പരിധി വരെയുള്ളത്രയും ആഭരണങ്ങൾ സംഭരിച്ചു കഴിഞ്ഞതിനാൽ പുതുതായി ആഭരണങ്ങൾ സ്വീകരിക്കുന്നില്ല", അദ്ദേഹം കൂട്ടിച്ചേർത്തു. അത് കൂടാതെ, ഹാൾമാർക്ക് ചെയ്യാതെ ആഭരണ വ്യാപാരികൾക്ക് ആഭരണങ്ങളുടെ വിൽപ്പന നടത്താൻ കഴിയില്ല എന്നതിനാൽ അവർക്കും ഈ ഘട്ടത്തിൽ നഷ്ടം സഹിക്കേണ്ടി വരും. ആഭരണങ്ങളുടെ വിലവർദ്ധനവിന് ഇതും ഒരു കാരണമാകും. "ചില ആഭരണങ്ങളുടെ ഭാഗങ്ങൾ പരിശോധനയ്ക്കായി മുറിച്ചു മാറ്റുന്നതിനാൽ ആഭരണങ്ങളുടെ ഭാരത്തിൽ ഭാഗികമായി നഷ്ടം ഉണ്ടാകുന്നുണ്ട്", മേത്ത പറയുന്നു.

  മേൽസൂചിപ്പിച്ച സാഹചര്യങ്ങൾ മൂലം സെപ്റ്റംബർ മുതൽ ഓരോ ആഭരണത്തിനും ഹാൾമാർക്കിങ് അഥവാ സർട്ടിഫിക്കേഷൻ ഇനത്തിൽ നൂറു രൂപ വീതം അധികമായി ഈടാക്കിയാൽ അത്ഭുതപ്പെടാനില്ല. നിലവിൽ ഈ ഇനത്തിൽ 35 രൂപയാണ് ഓരോ ആഭരണത്തിനും ഈടാക്കുന്നത്.

  ആഭരണങ്ങൾ ഉടനടി മോടി പിടിപ്പിക്കാൻ ഇനി കഴിയില്ല

  2021 ജൂണിന് മുമ്പ് നിങ്ങൾക്ക് 24 ഇഞ്ച് നീളമുള്ള ഒരു മാല 20 ഇഞ്ചായി കുറയ്ക്കണമായിരുന്നെങ്കിൽ ജ്വല്ലറിയിലെ സാങ്കേതിക വിദഗ്ദ്ധന്റെ സഹായത്തോടെ തന്നെ അത് നടത്താൻ കഴിയുമായിരുന്നു. "എന്നാൽ, ഇത്തരം സാഹചര്യങ്ങൾ ഇനി ഉണ്ടായാൽ ആഭരണത്തിൽ മാറ്റങ്ങൾ വരുത്തിയതിന് ശേഷം വീണ്ടും സർട്ടിഫിക്കേഷനായി ലാബിലേക്ക് അയക്കേണ്ടതായി വരും. അടിയന്തരമായി ആഭരണങ്ങളിൽ വരുത്തിയിരുന്ന രൂപമാറ്റങ്ങൾ ഇനി അസാധ്യമാണ്", ആൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഡയറക്റ്റർ ദിനേശ് ജൈൻ പറയുന്നു. പ്രത്യേകം തയ്യാറാക്കിയ ആഭരണങ്ങൾ വേണമെങ്കിൽ ഇനി മുതൽ ഉപഭോക്താക്കൾ മുമ്പ് തന്നെ വ്യക്തമായ ആസൂത്രണം നടത്തണം. "മുമ്പ് 24-48 മണിക്കൂറുകൾ മതിയായിരുന്നെങ്കിൽ ഇപ്പോൾ ഹാൾമാർക്കിങിനായി ലബോറട്ടറികൾ 14 ദിവസത്തിലേറെ സമയം എടുക്കുന്നുണ്ട്", പോപ്പ്ലി പറയുന്നു.

  ഇനി നിങ്ങൾ വഞ്ചിതരാകില്ല എന്നാണോ?

  നിർബന്ധിത ഹാൾമാർക്കിങ് സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇനി മുതൽ അന്ധമായി, ശുദ്ധിയെക്കുറിച്ച് ആലോചിക്കാതെ സ്വർണം വാങ്ങാമെന്ന് അതിന് അർത്ഥമില്ല. കുന്ദൻ, ജഡാവു, പൊൽക്കി ആഭരണങ്ങളുടെ ഹാൾമാർക്കിങിന്റെ കാര്യത്തിൽ ഈ നിയമം ഇളവ് അനുവദിക്കുന്നതായി മേത്ത പറയുന്നു. എന്നാൽ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ഈ ആഭരണങ്ങളുടെ പരിശോധന നടത്താവുന്നതാണ്.

  അതു കൂടാതെ, നിർബന്ധിത ഹാൾമാർക്കിങ് എല്ലാ ജ്വല്ലറികൾക്കും ബാധകമല്ല. പ്രതിവർഷം 40 ലക്ഷത്തിൽ കുറവ് വിറ്റുവരവുള്ള ജ്വല്ലറികൾക്ക് സർക്കാർ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ ഉപഭോക്താക്കൾക്ക് ഹാൾമാർക്ക് ചെയ്യപ്പെടാത്ത ആഭരണങ്ങൾ ലഭിക്കാനുള്ള സാധ്യത പൂർണമായും അടഞ്ഞിട്ടില്ല എന്ന് സാന്റ മരിയ പറയുന്നു. ഇന്ത്യയിൽ ലബോറട്ടറികളുടെ എണ്ണം കുറവായതിനാൽ 715 ജില്ലകളിൽ 256 ജില്ലകളിൽ മാത്രമേ നിർബന്ധിത ഹാൾമാർക്കിങ് ബാധകമാക്കിയിട്ടുള്ളൂ എന്ന പ്രശ്നവുമുണ്ട്.

  വഞ്ചിക്കപ്പെടാതിരിക്കുക

  വഞ്ചിതരാകാതിരിക്കാൻ ബി ഐ എസ് ലോഗോ പുറത്ത് പ്രദർശിപ്പിച്ചിട്ടുള്ള ജ്വല്ലറികളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുന്നതാണ് സുരക്ഷിതമെന്ന് മേത്ത പറയുന്നു. വാങ്ങുന്ന ആഭരണങ്ങളിൽ വ്യക്തമായി കാണത്തക്ക വിധത്തിൽ ഹാൾമാർക്ക് രേഖപ്പെടുത്തണമെന്ന് ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാവുന്നതാണ്. പഴയത് പോലെ ഹാൾമാർക്ക് ഇല്ലാത്ത ആഭരണങ്ങൾ നിങ്ങൾക്ക് തുടർന്നും വിൽക്കാൻ കഴിയും എന്നും ഓർക്കുക. അത്തരം ആഭരണങ്ങൾ ഉരുക്കി പുനർനിർമിക്കാനാണ് ഉപയോഗിക്കുന്നത് എന്നതിനാൽ നിർബന്ധിത ഹാൾമാർക്കിങ് അതിനെ ബാധിക്കില്ല.
  Published by:Rajesh V
  First published: